Back to articles

പറയേണ്ടതു പറയാതെ, ചുമ്മാ സൈലൻസ്

December 01, 2007

''മോളുടെ കല്യാണക്കാര്യം ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല, വീട്ടിൽ ആദ്യത്തെ കല്യാണമാണ്, എങ്ങനെയാണിത് കൈകാര്യം ചെയ്യേണ്ടത് എന്ന് ഞങ്ങൾക്ക് ഒട്ടും പരിചയവും ഇല്ല, സാറൊന്നു പ്രത്യേകം ശ്രദ്ധിക്കണം'' കേരളത്തിനു പുറത്ത് ജനിച്ചു വളർന്ന്, ഇപ്പോൾ കേരളത്തിൽ ജോലി കിട്ടി വന്നിരിക്കുന്ന ഒരു പെൺകുട്ടിയും അമ്മയുമാണ് മുന്നിലിരിക്കുന്നത്.

അതിനെന്താ പെങ്ങളേ, എന്റെ എല്ലാ ശ്രമവും തീർച്ചയായും ഉണ്ടായിരിക്കും. ഇതുവരെ ഇവളുടെ കല്യാണക്കാര്യത്തിൽ നിങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ ആദ്യം നമുക്കൊന്നു ശ്രദ്ധിക്കാം. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ മോൾക്ക് എത്ര ആലോചനകൾ വന്നു?

ധാരാളം പ്രൊപ്പോസലുകൾ വന്നു അങ്കിൾ. പയ്യന്മാർ എല്ലാവരും തന്നെ പുറത്ത് ജോലി ചെയ്യുന്നവരായിരുന്നു. ഇമെയിൽ വഴി നല്ല രീതിയിൽ പരസ്പരം പരിചയപ്പെടുകയും, താൽപര്യം അറിയിക്കുകയും ചെയ്തു. മൂന്നു പേരുടെ പേരന്റ്സ് എന്നെക്കാണാൻ വരികയും ചെയ്തു. വന്നു കണ്ടിട്ടു പോയി, പിന്നെ സൈലൻസ്, പേരന്റ്സും മിണ്ടുന്നില്ല, പയ്യൻസ് ഇമെയിലിനു മറുപടിയും തരുന്നില്ല.

എന്താണെന്ന് വെറുതെ ഊഹാപോഹം നടത്തി നിങ്ങളുടെ സമയം കളയണ്ട, മറുപടി കൊടുക്കാതിരിക്കുന്നത് മര്യാദകേടാണെന്ന് ഞാൻ എഴുതുകയും  പ്രസംഗിക്കുകയും ചെയ്യുന്നതാണ്. മറുപടി തരാത്തവരോട് മറുപടി ചോദിക്കുന്ന ജോലി ഞങ്ങൾക്കു വിട്ടു തന്നേക്കുക. ഞങ്ങൾ വിളിച്ച് ചോദിക്കാം, ഞങ്ങളോടാകുമ്പോൾ വളച്ചുകെട്ടാതെ അവർ ഉള്ള കാര്യം പറയും.

നിങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പെണ്ണുകാണൽ കഴിഞ്ഞ് തീരുമാനം എടുക്കുന്ന പ്രക്രിയയെക്കുറിച്ച് ഒരു ധാരണ ഉണ്ടെങ്കിൽ, ഇനിയുള്ള ആലോചനകളിൽ ഈ സ്ഥിതി വിശേഷം നിങ്ങൾക്ക് ഒഴിവാക്കാം.

മോളേ, നിന്റെയും കുടുംബാംഗങ്ങളുടെയും, രൂപം, നിറം, ഭാവം, പെരുമാറ്റം, സംഭാഷണം, വിദ്യ, ജോലി, ജോലിസ്ഥലം, വീട്, ധനം, കുടുംബം, അന്തരീക്ഷം, പശ്ചാത്തലം, ബന്ധുക്കൾ ഇത്രയും ഘടകങ്ങളെപ്പറ്റി അവർക്ക് മനസ്സിൽ ഉണ്ടായ തോന്നലുകളനുസരിച്ചാണ് പെണ്ണു കാണൽ കഴിഞ്ഞ് അവർ ഒരു തീരുമാനം എടുക്കുന്നത്. യെസ് എന്നു പറയാത്തതിനു കാരണം ഈ ഘടകങ്ങൾ -

* അവരു പ്രതീക്ഷിച്ച അത്രതന്നെ ആവാത്തതു കൊണ്ടായിരിക്കാം.

* അവർക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലാവാത്തതു കൊണ്ടാകാം.

* ഏതെങ്കിലും കാര്യത്തെക്കുറിച്ച് നിങ്ങളുടെ നിലപാടിൽ സന്ദേഹം തോന്നിയതുകൊണ്ടാകാം.

* ഇഷ്ടക്കേടോ, പൊരുത്തക്കേടോ, തോന്നിയതു കൊണ്ടാകാം.

* അവരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമോ, ആശയക്കുഴപ്പമോ, വന്നതുകൊണ്ടാകാം.

* ആരെങ്കിലും പാര പണിതതാകാം.

* അടുത്ത പടി എന്താണെന്ന് അവരോട് ചോദിക്കാതിരുന്നതിന്റെ കമ്യൂണിക്കേഷൻ ഗ്യാപ് ആകാം.

ഇതു മനസ്സിലാക്കി തുറവിയോടെ താൽപര്യ പൂർവ്വം കാര്യങ്ങൾ വ്യക്തമാക്കണം. പയ്യന്റെ പേരന്റ്സ് വന്നു നിന്നെ കണ്ടു, അവരോട് എങ്ങനെയാണ് മോള് ഇടപെട്ടത്? അവരുടെ ചോദ്യങ്ങൾക്കെല്ലാം ഒരു ഇന്റർവ്യുവിന് എന്ന പോലെ ഉത്തരം പറഞ്ഞിട്ടുണ്ടാവും അല്ലേ?

അതേ അങ്കിൾ.

ങും, അതല്ല വേണ്ടത്. നിന്റെ അപ്പനും അമ്മയും ആകാൻ പോകുന്നവരാണ് വന്നിരിക്കുന്നത് എന്ന ബോദ്ധ്യം  ഉള്ളിൽ വേണം. അവരേക്കുറിച്ച് അറിയാനും, അവരെ മനസ്സിലാക്കാനുമുള്ള താൽപര്യം നിനക്ക് തോന്നണം, പ്രകടിപ്പിക്കണം. നിനക്കും അവർക്കും ഒരു തൃപ്തി അനുഭവപ്പെടുന്നുണ്ടോ എന്ന് ഉള്ളിൽ പരതണം. പൊരുത്തപ്പെടാൻ പറ്റുന്നവരാണോ അവരെന്ന് മനസ്സിലാക്കേണ്ട ചുമതല നിനക്കുണ്ട്. മനസ്സു തുറന്ന് ഇടപെടുക, പ്രതികരണം തൃപ്തികരമാണെങ്കിൽ, അടുത്ത പടി എന്തെന്ന് സംസാരിച്ച് തീരുമാനിക്കണം.

വിവാഹ നിശ്ചയം കഴിയും വരെ വലിയ ആശ വെച്ച് സ്വപ്നം കാണരുത്, തമ്പുരാനിൽ വിശ്വാസമർപ്പിച്ചിരിക്കുക. ഒരു പാർട്ടിയുടെ തീരുമാനം അറിയാനുണ്ട് എന്നു കരുതി മറ്റ് ആലോചനകൾ വരുന്നത് പരിഗണിക്കാതെ ഇരിക്കുകയുമരുത്.

അങ്കിളേ പയ്യനില്ലാതെ പേരന്റ്സ് വന്നു കണ്ടിഷ്ടപ്പെടുന്നതിൽ എന്താ അർത്ഥം, പെണ്ണിനും ചെറുക്കനും തമ്മിലിഷ്ടമായെങ്കിലല്ലേ കല്യാണം നടക്കൂ?

ശരിയാണ് മോളേ, ചെറുക്കൻ വന്നു പെണ്ണു കാണുക എന്നതാണ് പ്രധാന ഘടകം, അതാണ് നമ്മുടെ നാട്ടു നടപ്പും. പക്ഷേ ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ ലീവും പരിമിതികളും പരിഗണിച്ച്, മറ്റ് ഘടകങ്ങൾ പ്രഥമദൃഷ്ട്യാ ചേരുന്നതാണെങ്കിൽ, വരുന്ന പാർട്ടിയേക്കുറിച്ച് അന്വേഷിച്ച് അറിഞ്ഞ ശേഷം, വേണമെങ്കിൽ ഒരു വിട്ടു വീഴ്ച ആകാം. അതും വീട്ടിൽ വരുന്നതിനു പകരം ഏതെങ്കിലും ന്യൂട്രൽ സ്ഥലത്തുവെച്ചാകട്ടെ.

അമ്മയോട് ഒരു കാര്യം ചോദിക്കട്ടെ, നമ്മുടെ ഇടയിൽ പെൺമക്കളുടെ അവകാശം വിവാഹ സമയത്തു കൊടുത്തു വിടുന്ന ഒരു നാട്ടു നടപ്പുണ്ട്. ഇവളുടെ സ്വത്തു വിഹിതം സംബന്ധിച്ച് പയ്യന്റെ വീട്ടുകാരോട് വ്യക്തമായി അറിയിച്ചിരുന്നോ?

ഇല്ല, അവരു ചോദിച്ചില്ല, ഒന്നും ആവശ്യപ്പെട്ടുമില്ല. അതുകൊണ്ട് ഞങ്ങൾ അതേക്കുറിച്ച് പറഞ്ഞുമില്ല.

പെങ്ങളേ, സ്വത്തിനേക്കുറിച്ച് അവരെന്തെങ്കിലും നിങ്ങളോട് ചോദിച്ചിരുന്നെങ്കിൽ ആ ഒറ്റ കാരണം കൊണ്ട് നിങ്ങളാ ആലോചന വേണ്ടെന്നു വെക്കുമായിരുന്നു.

ആ വിഷയത്തേക്കുറിച്ച് നിങ്ങൾ മൌനം പാലിച്ചതുകൊണ്ടാകാം അവർ മറുപടി തരാതിരുന്നത്. ഫലപ്രദമായി കൈകാര്യം ചെയ്യാൻ, പലർക്കും സാധിക്കാതെ വരുന്ന ഒരു  വിഷമ വൃത്തമാണിത്.

George Kadankavil - December 2007

What is Profile ID?
CHAT WITH US !
+91 9747493248