Back to articles

മുത്തശ്ശനും മുത്തശ്ശിക്കും?

May 01, 2008

''വീട്ടിൽപിള്ളേരെന്തിനാ എന്ന് ശരിക്കും മനസ്സിലായത് സാറെഴുതിയ ലേഖനം വായിച്ചപ്പഴാ. എന്റെ ജോർജ്ജ് സാറേ, ഒരു മുപ്പതു കൊല്ലം മുമ്പേ ആരെങ്കിലും ഇത് ഒന്നെഴുതിയാരുന്നെങ്കിൽ എന്നോർത്തു പോകുവാ.

ഞങ്ങളുടെ മക്കളു രണ്ടും വലുതായി, ജീവിക്കാനുള്ള ബദ്ധപ്പാടിൽ അങ്ങു ദൂരദേശങ്ങളിൽ നെട്ടോട്ടമോടുകാ, അവരുടെ കല്യാണോം കഴിഞ്ഞു. അവർക്കു മക്കളുമായി. ഇപ്പോൾ ഞങ്ങള് വയസ്സനും വയസ്സീം കൂടി, കണ്ണിൽ- കണ്ണിൽ നോക്കിയും-നോക്കാതെയും, മിണ്ടിയും-മിണ്ടാതേം ഒക്കെ ആയി ദിവസങ്ങൾ നിരക്കി നീക്കുകയാണ് ''.


''അപ്പന്റേം അമ്മേടേം പിള്ളേരുടേം റോളു മാത്രമല്ലേ ജോർജ്ജ് എഴുതിയുള്ളൂ, ഈ വല്യപ്പച്ചനും വല്യമ്മച്ചിക്കും കൂടി എന്തെങ്കിലും ഒരു നല്ല റോളു കണ്ടു പിടിച്ചു തരാമോ മോനേ?''.

ഫോണിൽ കൂടി ആയതിനാൽ അമ്മച്ചിയുടെ സ്വരം കേട്ടിട്ടു കരച്ചിലാണോ, ചിരിയാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഏതായാലും അമ്മച്ചി പറഞ്ഞ കാര്യങ്ങൾ വേദനിപ്പിക്കുന്ന ഒരു സത്യമാണ്.

അമ്മച്ചീ, വളരെ പ്രധാനപ്പെട്ടതും, രസകരവുമായ റോളാണ് മുതിർന്ന തലമുറക്കുള്ളത്. നമ്മളത് കണ്ണടച്ച് കണ്ടില്ല എന്നു വെക്കുകയാണ്.

എന്നെ മോനേ എന്നു വിളിക്കാൻ അമ്മച്ചി തയ്യാറായല്ലോ?, നിങ്ങളു പ്രസവിക്കാത്തവരേയും നിങ്ങൾക്ക് മക്കളെപ്പോലെ കാണാനും കരുതാനും കഴിയുന്നതാണ് ഏറ്റവും മുന്തിയ റോൾ. ഇളം തലമുറക്ക് ധാരാളം അറിവ് നേടാൻ ഇക്കാലത്ത് അവസരം ലഭിക്കുന്നുണ്ട്, പക്ഷേ അനുഭവജ്ഞാനവും പക്വതയും, അവനവന്റെ ജീവിതം കൊണ്ട് കാലക്രമത്തിൽ മാത്രമേ ലഭിക്കുകയുള്ളു. ദീർഘകാലം ജീവിച്ച് സ്വന്തമാക്കിയ അനുഭവങ്ങളാണ് മുതിർന്ന തലമുറയുടെ കൈമുതൽ.

ജീവിത സാഹചര്യങ്ങളും, സംവിധാനങ്ങളും എത്രകണ്ട് പുരോഗമിച്ചാലും, മനുഷ്യ ജീവിതത്തിന്റെ അന്തസ്സത്തക്ക് മാറ്റം വരുന്നില്ല. ജനിച്ച് -വളർന്ന് ജനിപ്പിച്ച്-വളർത്തി, കെട്ടിയും കെട്ടിച്ചും, മരിപ്പിച്ചും-മരിച്ചും ജീവൻ ഒടുങ്ങുന്ന പ്രക്രിയക്കിടയിൽ ഓരോ മനസ്സുകൾക്കും ലഭിക്കുന്ന അനുഭൂതികൾ മാത്രമാണ് അവരുടെ ജീവിതം എത്ര അർത്ഥപൂർണ്ണമായിരുന്നു എന്നതിന്റെ അളവുകോൽ. അതുകൊണ്ട് മുതിർന്നവരുടെ അനുഭവപാഠങ്ങൾ എക്കാലത്തും പ്രസക്തമായിരിക്കും.

ഇളം തലമുറ ആസ്വദിക്കുന്ന കാര്യങ്ങളോട് അതൃപ്തിയോ അസൂയയോ പ്രകടിപ്പിക്കുമ്പോഴാണ്, മുതിർന്ന തലമുറയ്ക്ക് അവരുടെ റോൾ നഷ്ടമാകുന്നത്, പകരം ഇളം തലമുറക്ക് രുചിക്കുന്ന കാര്യങ്ങളിൽ താല്പര്യം എടുക്കുകയും, അവയെക്കുറിച്ച് അറിവ് നേടുകയും, അവരോട് സംവദിക്കുകയും, പങ്കുചേരുകയും, അവരെ ആസ്വദിക്കുകയും, നിർണ്ണായക ഘട്ടങ്ങളിൽ ജീവിത സത്യങ്ങൾ അവർക്കു കാട്ടികൊടുക്കുകയുമാണ് മുതിർന്നവർ എടുക്കേണ്ട റോൾ.

മക്കളും കൊച്ചുമക്കളും അന്യദേശത്തായിരിക്കേ, വീട്ടിൽ മുനിഞ്ഞു കുത്തിയിരുന്നു ദിനങ്ങൾ നിരക്കി ജീവിക്കുന്ന ഒരു മുത്തശ്ശനോ മുത്തശ്ശിക്കോ, ഈപ്പറഞ്ഞ ആസ്വാദനം നടത്താൻ ഒരു ഇളം തലമുറ എവിടെ എന്നു ചോദിച്ചേക്കാം. അവിടെയാണ് ഒരു നല്ല വയോജന നയത്തിന്റെ പ്രസക്തി.

നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾക്ക് വർഷത്തിൽ മൂന്ന് അവധിക്കാലം ലഭിക്കുന്നുണ്ട്. കുട്ടികളുടെ പഠനപദ്ധതിയുടെ ഭാഗമായി മുതിർന്നവരോടൊപ്പം ഒരു ദിനം എന്ന ഒരു പ്രോജക്ട് ഏർപ്പെടുത്താം. ഓരോ കുട്ടിയും, അവധിക്കാലത്ത് അവരുടെ ബന്ധത്തിലോ പരിചയത്തിലോ ഉള്ള ഒരു വല്യപ്പച്ചനോടോ, വല്യമ്മച്ചിയോടോ ഒപ്പം  ഒരു ദിവസം ചിലവഴിക്കണം. അവരിൽ നിന്നും എന്തെങ്കിലും ഒരു പുതിയ അറിവ് നേടണം, അവരുടെ ഒരു ദുഖം, ഒരു സന്തോഷം ഇവ കണ്ടെത്തി ഒരു റിപ്പോർട്ട് എഴുതി സ്കൂൾ തുറക്കുമ്പോൾ ടീച്ചറെ ഏൽപ്പിക്കണം. ഏറ്റവും നല്ല റിപ്പോർട്ടുകൾ തിരഞ്ഞെടുത്ത് പ്രസിദ്ധപ്പെടുത്തുകയും, അതിന്റെ ഓരോ കോപ്പി, കുട്ടികൾ പരിചയപ്പെട്ട മുത്തശ്ശനോ മുത്തശ്ശിക്കോ കൊടുക്കണം, അതിന് ഉചിതമായ ഒരു വില നല്കാൻ മുതിർന്നവരും തയ്യാറായാൽ, ഇതു നടപ്പിലാക്കാനുള്ള ചിലവും നടന്നു കിട്ടും. മറ്റനേകം സാദ്ധ്യതകളും ഈ ആശയത്തിനുണ്ട്.

ഇതു നടപ്പിലാക്കാൻ വലിയ നിയമനിർമ്മാണം ഒന്നും വേണ്ട, ഓരോ സ്കൂൾ മാനേജ്മെന്റുകൾക്കും സ്വന്തം നിലയിൽ നടപ്പിലാക്കാവുന്നതേ ഉള്ളൂ. ഒരു പ്രിൻസിപ്പൽ വിചാരിച്ചാൽ മതി, ആ സ്കൂളിൽ പ്രാവർത്തികമാക്കാൻ. അഞ്ചു വർഷം മുമ്പ് സർക്കാരിന്റെ വയോജന നയരൂപീകരണത്തിനുള്ള ഒരു ചർച്ചയിൽ പങ്കെടുത്തപ്പോൾ ഈ ആശയം ഞാൻ അവതരിപ്പിച്ചിരുന്നു. നമുക്ക് അത് വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടുമിരിക്കാം, എന്താ?.

അകാലത്തിൽ മരണം സംഭവിച്ചില്ലാ എങ്കിൽ നമുക്ക് എല്ലാവർക്കും ബാധകമാകുന്ന വാർദ്ധക്യം  എത്രയും ആസ്വാദ്യകരമാക്കി മാറ്റുവാൻ അല്പം  അദ്ധ്വാനിച്ചാൽ മതി, നമുക്ക് കഴിയും, എങ്കിൽ, നമ്മുടെ ചെറുപ്പത്തിൽ തന്നെ അതു തുടങ്ങി വെക്കേണ്ടതല്ലേ?

പിന്നെന്തിനാ മടിക്കുന്നത്?

അമ്മച്ചി എന്തു പറയുന്നു, വയസ്സാംകാലത്ത് ഈ റോളു കൊള്ളാമോ?

എന്റെ ജോർജ്ജൂട്ടീ ഇതുകൊള്ളാമല്ലോ!, അരയും തലയും മുറുക്കി നമ്മക്കങ്ങിറങ്ങാമെടാ മോനേ.

George Kadankavil - May 2008

What is Profile ID?
CHAT WITH US !
+91 9747493248