ബാംഗ്ളൂരിൽ ജോലി ചെയ്യുന്ന ഒരു എൻജിനീയർ ആണ് ഞാൻ. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയുടെ അപ്പച്ചൻ ഫോണിൽ വിളിച്ച് പ്രൊപ്പോസൽ കാര്യം സംസാരിച്ചു. ചെന്നൈയിലാണ് കുട്ടിക്ക് ജോലി. എൻജിനീയറാണ്, ബാംഗ്ളൂരിലേക്ക് മാറ്റം ലഭിക്കും. അപ്പനും അമ്മയും സഹോദരങ്ങളും നല്ല വിദ്യാഭ്യാസം ഉള്ളവർ, കേട്ടിട്ട് നല്ല താല്പര്യം തോന്നി. പെണ്ണുകാണാൻ ചെല്ലാൻ എനിക്ക് എപ്പോഴാണ് സൌകര്യം എന്ന് അദ്ദേഹം തിരക്കി. ലീവെടുത്ത് നാട്ടിൽ വന്ന് പെണ്ണുകാണും മുൻപ് ആ കുട്ടിയോട് ഫോണിൽ ഒന്നു സംസാരിച്ചിട്ട് ബാക്കി ആലോചിക്കാമല്ലോ എന്നു ഞാൻ പറഞ്ഞപ്പോൾ വീട്ടിലെ ഫോൺ നമ്പർ തന്ന് രാത്രി 8 മണിക്ക് വിളിക്കാൻ പറഞ്ഞു. അതുപ്രകാരം ഞാൻ ഫോൺചെയ്തു. അരമണിക്കൂർ സംസാരിച്ചിട്ടും, ആ കുട്ടി - അതെ, അല്ല, ഉം എന്നൊക്കെ ഒറ്റ വാക്കിൽ ഉത്തരം തന്നതല്ലാതെ, ഇങ്ങോട്ട് ഒന്നും സംസാരിച്ചില്ല. ഒടുവിൽ ഫോണിൽ ഒരു ചുമ കേട്ടപ്പോഴാണ് മനസ്സിലാകുന്നത്, അപ്പച്ചൻ പാരലൽ ഫോണിൽ എന്റെ സംഭാഷണം കേൾക്കുകയായിരുന്നു എന്ന്.
പുറത്ത് പറയാൻ കൊള്ളാത്ത ഒന്നും എന്റെ സംഭാഷണത്തിൽ ഉണ്ടായിരുന്നില്ല. പക്ഷേ എന്നെ സംബന്ധിച്ച് ഞാൻ പറഞ്ഞതത്രയും, എന്റെ ഭാവി വധു ആകാനിടയുള്ള ഒരു പെൺകുട്ടിയോട് ഞാൻ പറഞ്ഞ ഏറ്റവും സ്വകാര്യമായ കാര്യങ്ങളാണ്. അത് അവളുടെ അപ്പച്ചൻ ഞാനറിയാതെ ഒളിഞ്ഞു കേൾക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ, പൊതുസദസ്സിൽ വെച്ച് വസ്ത്രം ഉരിയപ്പെട്ടതു പോലെയുള്ള ഒരു അപമാനമാണ് എനിക്ക് തോന്നിയത്. അവരോട് അതുവരെ തോന്നിയിരുന്ന സകല ബഹുമാനവും ഒറ്റയടിക്ക് ഒഴുകിപ്പോയി.
ഒരു പെണ്ണിന്റെ മാതാപിതാക്കളുമായി പ്രൊപ്പോസൽ കാര്യം സംസാരിച്ചു കഴിഞ്ഞാൽ പിന്നെ ഈ ആണിനെയും പെണ്ണിനെയും നിരീക്ഷണ വലയത്തിൽ ആക്കാൻ ശ്രമിക്കുന്നതെന്തിന്. മാതാപിതാക്കൾ ഒന്നു മനസ്സിലാക്കണം, പഠിക്കുമ്പോഴും, പ്രോജക്ടുകൾ ചെയ്യുമ്പോഴും, യാത്ര ചെയ്യുമ്പോഴും, ജോലി ചെയ്യുന്നിടത്തും ഒക്കെ ആണും പെണ്ണും പരസ്പരം ഇടപഴുകി ആണ് ജീവിക്കുന്നത്. പിന്നെ എന്തിനാണ്, കല്യാണക്കാര്യം വരുമ്പോൾ ഓരോരോ സംശയങ്ങളും, നിരീക്ഷണങ്ങളും?
നല്ല വിദ്യാഭ്യാസവും, ഉദ്യോഗവും ഒക്കെ ഉണ്ടായിട്ടുപോലും, എന്തേ സാർ നമ്മുടെ ആളുകൾ ഇങ്ങനെ പെരുമാറുന്നത്? സാമാന്യ മര്യാദ എന്താണെന്ന് സാറെങ്കിലും ഇവരോടൊന്ന് പറഞ്ഞു കൊടുക്കുമോ?
0-0-0
അനിയാ, താങ്കൾക്കുണ്ടായ മനോവിഷമം എത്രയാണെന്ന് എനിക്ക് മനസ്സിലാകും. ആലോചന ഉപേക്ഷിക്കാൻ വരട്ടെ, ഞാൻ ഇവരെ വിളിച്ച് അവരുടെ പെരുമാറ്റത്തിന്റെ കാണാപ്പുറങ്ങൾ വിശദീകരിക്കാം. മറ്റുള്ളവർക്ക് ഇതൊരു പാഠമായിത്തീരാൻ നമ്മുടെ പംക്തികളിൽ ഇത് പ്രസിദ്ധപ്പെടുത്തുകയും ചെയ്യാം.
ആ പെൺകുട്ടിയുടെ അപ്പച്ചനോട് ഞാൻ സംസാരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മകൾ ഒരു പഞ്ചപാവമാണ്. വാക് ചാതുര്യമുള്ളവർക്ക് അവളെ പറഞ്ഞ് പറ്റിക്കാൻ എളുപ്പത്തിൽ കഴിയും, അതുകൊണ്ടാണ് പാരലൽ ഫോണിൽ സംഭാഷണം കേൾക്കാൻ തുനിഞ്ഞത്. നല്ല മിടുക്കൻ പയ്യനാണ്, അവനെ ഞങ്ങൾക്ക് വളരെ താല്പര്യമാണ്. എന്റെ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നു. ജോർജ്ജ് സാർ ഇടപെട്ട് ഈ മനപ്രയാസം പറഞ്ഞ് തീർത്ത് ഈ കല്യാണം മാറിപ്പോകാതെ ശരിയാക്കണം . ഇതാണ് അപ്പച്ചന്റെ നിലപാട്.
പ്രിയപ്പെട്ടവരെ, ആരുടെ സംഭാഷണമായിരുന്നാലും ശരി, അത് അവരറിയാതെ ഒളിഞ്ഞ് കേൾക്കുന്നത് അപമര്യാദയും, അതിലും കൂടിയതുമാണ്. ഇങ്ങനെ ചെയ്യരുത്. കോൺഫറൻസ് കോളാണ് എന്നു പറയാമായിരുന്നു. അല്ലെങ്കിൽ സ്പീക്കർ ഫോണിലാണ് എന്ന് പറയാമായിരുന്നു. ഈ പ്രവർത്തി വഴി അവിശ്വാസമാണ് ഇദ്ദേഹം പ്രകടിപ്പിച്ചത്. ആ പയ്യനെ മാത്രമല്ല, സ്വന്തം മകളുടെ കഴിവിനെ പറ്റിയും ഇദ്ദേഹത്തിന് വിശ്വാസമില്ലായിരുന്നു. ഇനി വിശ്വാസം വീണ്ടെടുക്കണം. ഒരു പ്രൊപ്പോസൽ വിവാഹ നിശ്ചയത്തിലേക്ക് പുരോഗമിക്കണമെങ്കിൽ, സംഭാഷണത്തിലും, പ്രവർത്തികളിലും, പെരുമാറ്റത്തിലും, പരസ്പരം ഒരു വിശ്വാസം തോന്നണം.
വിവാഹത്തിന്റെ അടിസ്ഥാനം തന്നെ പരസ്പര വിശ്വാസം അല്ലേ?
ഒന്നും അന്വേഷിക്കേണ്ടന്നോ, സംശയിക്കേണ്ടന്നോ അല്ല. അന്വേഷിക്കണം; വേറെ കല്യാണം കഴിച്ചതാണോ? സ്വച്ഛമായ ഒരു വിവാഹ ജീവിതത്തിന് തടസ്സമാകുന്ന എന്തെങ്കിലും പശ്ചാത്തലം മറ്റെ ആൾക്കുണ്ടോ ?എന്നൊക്കെ രണ്ടു കൂട്ടരും അന്വേഷിക്കണം.ഇതിനു സഹായകമായ വിവരങ്ങൾ കൊടുക്കുന്നത് വിശ്വാസം വർദ്ധിപ്പിക്കും. അവ്യക്തതയുള്ള കാര്യങ്ങൾ നേരിട്ടു തന്നെ ചോദിക്കാം, അല്ലാതെ ഒരുതരം സി.ഐ.ഡി പണി കാട്ടിയാൽ അത് ചിലപ്പോൾ ഇങ്ങനെ തിരിഞ്ഞടിച്ചേക്കാം.
ഏതായാലും പയ്യന് അപ്പച്ചന്റെ വിശദീകരണം തൃപ്തിയായി. ഈ വിവാഹം നടക്കുമോ? ഞാനും ആകാംഷയോടെ കാത്തിരിക്കുന്നു.
George Kadankavil - March 2010