മകളെ കാണാൻ വന്നോട്ടെ എന്ന് ഒരു കൂട്ടര് അനുവാദം ചോദിച്ചു. ദൂരെ ജോലിചെയ്യുന്ന മകളെ കഷ്ടപ്പെട്ട് ലീവ് എടുപ്പിച്ചു. ട്രെയിനിലും, ബസ്സിലും റിസർവേഷൻ കിട്ടാത്തതിനാൽ, ഫ്ളൈറ്റിൽ യാത്ര ചെയ്യിച്ച്, അടുത്ത ആഴ്ച തന്നെ വീട്ടിൽ വരുത്തി. ഞായറാഴ്ച കാലത്ത് വരുമെന്നു പറഞ്ഞ പയ്യൻ രാവിലെ വിളിച്ചു പറഞ്ഞു വൈകിട്ടേ എത്താൻ കഴിയൂ എന്ന്. വൈകിട്ട് വിളിച്ചു പറഞ്ഞു വരാൻ ഇനി സമയം കിട്ടില്ല, ഈ പ്രൊപ്പോസൽ ഡ്രോപ് ചെയ്യുകയാണെന്ന്.
എന്തുകൊണ്ടാണ് സാർ ചില ആൾക്കാർ ഇങ്ങനെ മറ്റുള്ളവരെ മാനിക്കാതെ ഒരു മാതിരി ബുൾഡോസർ പോലെ ചുറ്റുമുള്ളവരെ ഇടിച്ചു നിരത്തി തൻകാര്യം മാത്രം നോക്കി പെരുമാറുന്നത്?
അവർക്ക് ഒരു പക്ഷേ രാവിലെ കണ്ട ഏതെങ്കിലും പ്രൊപ്പോസൽ ശരിയായി വന്നിരിക്കാം. എന്നു കരുതി, അവർക്കു വേണ്ടി ഞങ്ങൾ സഹിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ പെരുമാറുന്നത് ശരിയാണോ?
പെണ്ണുകാണൽ എന്നു പറഞ്ഞ് ഞങ്ങളുടെ മകളെ ഇനി എങ്ങനെയാണ് വിളിച്ചു വരുത്തുക?
-0-0-0-
ഇതൊരു അനൗചിത്യമാണ് എന്ന കാര്യത്തിൽ എനിക്ക് സംശയം ഇല്ല. ഗുരുതരമായതോ, പരിഹരിക്കാൻ സാധിക്കാത്തതോ ആയ എന്തെങ്കിലും അവർക്ക് സംഭവിച്ചതു കൊണ്ടായിരുന്നെങ്കിൽ പോലും ആ കാര്യം അവരെ കാത്തിരിക്കുന്ന പെൺകൂട്ടരെ ബോദ്ധ്യപ്പെടുത്തേണ്ട ചുമതല ഈ പയ്യനുണ്ടായിരുന്നു.
പല പ്രൊപ്പോസലുകൾ ഒരേ ദിവസം പോയി കാണാൻ പരിപാടിയിട്ടു, അതിൽ ഒരാളെ കണ്ടു കഴിഞ്ഞപ്പോൾ ഇതു മതി എന്നു തോന്നി പിന്നെ എന്തിനാണ് വെറുതേ മറ്റെല്ലാവരേയും പോയി കാണുന്നത് എന്നു ചിന്തിച്ചായിരിക്കാം അവരിങ്ങനെ ചെയ്തത്. ഫിക്സ് ചെയ്തിരുന്ന അപ്പോയിന്റ്മെന്റുകൾ എല്ലാം പാലിച്ച ശേഷം വേണ്ടിയിരുന്നു ഈ പയ്യൻ ഒരു തീരുമാനം അറിയിക്കേണ്ടിയിരുന്നത്.
നമുക്കു വേണ്ടി, നമ്മുടെ ആവശ്യപ്രകാരം മറ്റൊരാൾ ചെയ്ത അദ്ധ്വാനം വിലമതിച്ചേ മതിയാകൂ.
നമ്മുടെ വീട്ടിൽ ആരെങ്കിലും അതിഥികൾ വരും എന്ന് അറിയിച്ചാൽ, എന്തെങ്കിലും ഒക്കെ തയ്യാറെടുപ്പുകൾ നമ്മൾ എല്ലാവരും നടത്താറില്ലേ. അതിഥികൾക്ക് വേണ്ടി, പല കാര്യങ്ങളും നമ്മൾ മാറ്റി വെക്കാറുണ്ട്. പറഞ്ഞ സമയത്തിന് ഇവർ എത്താതിരുന്നാൽ മനസ്സിൽ പലവിധ ശങ്കകളോടെ നമ്മൾ കാത്തിരിക്കാറുമുണ്ട്. വരുന്ന ആളുകളുടെ പ്രത്യേകതകൾ മാത്രമല്ല, ആതിഥേയരുടെ പ്രത്യേകതകളും അനുസരിച്ച് തയ്യാറെടുപ്പിൽ ഏറ്റക്കുറച്ചിൽ വരും.
ഇവിടെ, മകളെ പെണ്ണുകാണാൻ വരുന്നവർ, വളരെ പ്രാധാന്യമുള്ള അതിഥികളാണ്. ഈ അതിഥികൾക്ക് വേണ്ടി വലിയ തയ്യാറെടുപ്പുകളും നടത്തി. അറിഞ്ഞോ അറിയാതെയോ അതിഥികൾ ഇത് മാനിക്കാതെ പോയത് ദൗർഭാഗ്യകരമെന്നേ വിശേഷിപ്പിക്കാൻ കഴിയൂ.
പെൺവീട്ടുകാരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരുന്നു. അമിത പ്രതീക്ഷയോടെയാണോ ഈ പെണ്ണുകാണലിന് കാത്തിരുന്നത്?
വരുമെന്നു പറഞ്ഞ കൂട്ടരുമായി എത്ര വട്ടം സംസാരിച്ചിരുന്നു?
എന്തൊക്കെ ആശയ വിനിമയങ്ങളാണ് നടന്നത്?
പയ്യനെ കാണാൻ വേണ്ടി മാത്രമാണ് മകളെ വരുത്തുന്നത് എന്ന് അവരോട് പറഞ്ഞിരുന്നുവോ? . . . .
കമ്യൂണിക്കേഷൻ ഗ്യാപ് ആയിരുന്നു എന്നു കരുതി ആശ്വസിക്കണം എന്നേ ഇനി പറയാനുള്ളു. ഇത് മറ്റുള്ളവർക്ക് സംഭവിക്കാതിരിക്കാനായി, ഈ വിഷയം ഞാൻ വൈവാഹിക സംഗമത്തിൽ ചർച്ച ചെയ്യാം. അഭിപ്രായങ്ങൾ പത്രമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യാം.
പെണ്ണുകാണൽ സംബന്ധിച്ച് രണ്ട് വീട്ടുകാരും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം സംഭവങ്ങൾ പലപ്പോഴും ഒഴിവാക്കാൻ കഴിയും. ആണും പെണ്ണും തമ്മിൽ കണ്ട് തൃപ്തിയാണ് എന്ന് ഔപചാരികമായി അറിയിക്കുന്നതുവരെ ഈ വിവാഹം നടക്കും എന്ന് മനസ്സിൽ ഉറപ്പിക്കരുത്. മാതാപിതാക്കൾ തമ്മിൽ പലവട്ടം സംസാരിക്കണം, രണ്ടു കൂട്ടരുടെയും കുശലങ്ങളും വിശേഷങ്ങളും പറയാൻ തക്ക സൗഹൃദം ഈ സംഭാഷണങ്ങളിൽ നിന്നും ഉണ്ടാകണം. ദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരാണെങ്കിൽ കുട്ടികൾ രണ്ടു പേരും ഫോണിലൂടെ ഒന്ന് സംസാരിക്കട്ടെ. അതിനു ശേഷമുള്ള പെണ്ണു കാണലാണെങ്കിൽ വിമാനത്തിൽ വേണമെങ്കിലും വിളിച്ചു വരുത്തി കാണിക്കാമല്ലോ. മകളെ കാണാനുള്ള അമ്മയുടെ ആവേശം, വിവാഹം ശരിയാകാത്തതിന്റെ ടെൻഷൻ, തുടങ്ങിയ ഘടകങ്ങൾ കമ്യൂണിക്കേഷൻ ഗ്യാപിന് നിമിത്തമാകാം എന്നും അറിഞ്ഞിരിക്കണം.
George kadankavil - February 2009