Back to articles

മക്കളുടെ ഉടമസ്ഥരാണോ?!

February 01, 2010

ഒരു ബോർഡിംഗ് സ്കൂളിലെ പെൺകുട്ടികളുമായി സംവദിക്കുവാൻ ഇടയായി. അപ്പോളവരോടു ചോദിച്ചു നിങ്ങളുടെ മാതാപിതാക്കൾക്ക് എന്തെങ്കിലും നല്ല  കാര്യങ്ങൾ പറഞ്ഞു കൊടുക്കണം എന്ന് സിസ്റ്റർ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഞാനെന്തൊക്കെയാണ് നിങ്ങളുടെ മാതാപിതാക്കളോട് പറയേണ്ടത്.?

എല്ലാവർക്കും ഓരോ പേപ്പർകൊടുത്തു അതിൽ പേരു വെയ്ക്കാതെ പോയിന്റുകൾ മാത്രം എഴുതി തരാൻ ആവശ്യപ്പെട്ടു. പത്തു മിനിറ്റു കൊണ്ട് കുട്ടികൾ കടലാസ്സു നിറച്ച് എഴുതി പേപ്പർ മടക്കി എന്നെ ഏൽപ്പിച്ചു.

കുട്ടികളുടെ നിർദ്ദേശങ്ങൾ തികച്ചും അപ്രതീക്ഷിതമായിരുന്നു. ഏതൊരു മാതാപിതാക്കളുടെയും കണ്ണു തുറപ്പിക്കുന്നതായിരുന്നു.

അവരുടെ ചില ആശകളും, പ്രതീക്ഷകളും ഇവിടെ ചേർക്കുന്നു.

-മക്കളെ അംഗീകരിക്കണം. അവർക്കും അവരുടേതായ വ്യക്തിത്വമുണ്ട്.

-മക്കളിൽ ഒരാളോടു മാത്രം പ്രത്യേകം സ്നേഹം കാണിക്കരുത്, എല്ലാ മക്കളെയും തുല്യരായി കാണണം. ഒരാളെ പുകഴ്ത്തുകയും മറ്റെ ആളെ പുച്ഛിക്കുകയും ചെയ്യരുത്.

-മക്കളോട്, വെളുത്ത കുട്ടി കറുത്ത കുട്ടി എന്നുള്ള വ്യത്യാസം കാണിക്കരുത്.

-മക്കളെ അനാവശ്യമായി സംശയിക്കരുത്.

-മാതാപിതാക്കളും മക്കളും തമ്മിൽ നല്ലൊരു സുഹൃദ് ബന്ധത്തിൽ ജീവിക്കണം.

-സഹോദരങ്ങൾ തമ്മിൽ പരസ്പരം താങ്ങാകും വിധത്തിൽ പെരുമാറാൻ ഇടയാക്കണം.

-കുട്ടികൾക്ക് അനുയോജ്യമായ വസ്ത്രങ്ങൾ മാത്രം വാങ്ങിക്കൊടുക്കണം

-മക്കളെ കുറിച്ച് മറ്റുള്ളവരോട് കണ്ടമാനം പുകഴ്ത്തി പറയരുത്, വീമ്പിളക്കരുത്, കുറ്റപ്പെടുത്തരുത്, ശപിക്കരുത്.

-നിയന്ത്രണം ആവശ്യമാണ് പക്ഷേ അമിതമാകരുത്.

-മറ്റുള്ളവരുടെ മുന്നിൽ വെച്ച് മക്കളെ ആക്ഷേപിക്കരുത്.

-വഴക്ക് പറയുമ്പോൾ ചീത്ത വാക്കുകൾ ഉപയോഗിക്കരുത്.

-ഒരു പയ്യൻസിനെക്കുറിച്ച് താല്പര്യത്തോടെ സംസാരിച്ചാൽ അത് പ്രേമമാണ് എന്നു പറഞ്ഞ് ഒച്ച വെച്ച് ബഹളം കൂട്ടി അയൽക്കാരെ വിളിച്ചുകൂട്ടരുത്.

(മകളെ പിഴച്ചവൾ ആക്കുന്നത് ബുദ്ധിമോശമാണ്. തിരിച്ചറിവില്ലാത്ത മകൾക്ക്  വരും വരായ്കകൾ പറഞ്ഞു കൊടുക്കണം. തെറ്റുപറ്റിയാൽ തിരുത്താനുള്ള അവസരം ഒരുക്കണം. ചില കുരുക്കുകളിൽ ചെന്നുപെട്ടാൽ അത് അഴിച്ചെടുക്കാൻ ബുദ്ധിപ്പൂർവ്വം പ്രവർത്തിക്കണം, അതിന് സമയം എടുക്കും, ക്ഷമയോടെ പരിശ്രമിക്കുന്നതിനു പകരം വായിട്ടലച്ച് അപമാനം ക്ഷണിച്ച് വരുത്തരുത്.)

-കുട്ടികളുടെ കുറവുകളെ പറ്റി എപ്പോഴും പറഞ്ഞു കൊണ്ടിരിക്കരുത്.

-നടക്കാതെ പോയ കാര്യങ്ങളെക്കുറിച്ച് എണ്ണിപ്പെറുക്കി പതം പറയുന്നതിനാൽ, കിട്ടിയ നന്മകൾ കൂടി ആസ്വദിക്കാൻ പറ്റുന്നില്ല.

-മക്കളോട് കാര്യം പറഞ്ഞു, അവർക്ക് അത് മനസ്സിലായി, ഇനി വീണ്ടും വീണ്ടും അതു തന്നെ പറയുന്നതു കൊണ്ട് എന്താണ് പ്രയോജനം. പറയുന്നവരുടെ വിലപോകുകയല്ലേ ചെയ്യുന്നത്.

-ചെറിയ കാര്യങ്ങൾ ചെയ്താലും അതു നന്നായിട്ടു ണ്ടെങ്കിൽ അവരെ അഭിനന്ദിക്കണം. വലിയ കാര്യങ്ങൾക്കു വേണ്ടി നിർബന്ധം പിടിച്ച് എല്ലാ ദിവസവും ടെൻഷനിൽ കഴിയാനിടയാക്കരുത്.

-സ്നേഹിച്ചാൽ മാത്രം പോരാ അത് മക്കൾക്ക് അനുഭവ പ്പെടുകയും ചെയ്യണം.

-മക്കളുടെ മുഖം ഒന്നു വാടിയാൽ പോലും അതു മനസ്സിലാകുന്നവരാകണം മാതാപിതാക്കൾ.

-മക്കൾ പറയുന്ന കാര്യങ്ങൾ കുറച്ചു സമയമെങ്കിലും നല്ല മനസ്സോടെ കേൾക്കുകയും , മക്കളോടൊപ്പം സമയം ചിലവഴിക്കുകയും വേണം. 

-മക്കളുടെ മനസ്സിലുള്ള വിഷമങ്ങളും ആഗ്രഹങ്ങളും ചോദിച്ചറിയണം. അതിനു വേണ്ടി ഒന്നും ചെയ്യാൻ പറ്റില്ലെങ്കിലും കുഴപ്പമില്ല , മക്കളെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും മനസ്സു കാണിച്ചാൽ മതി

-മക്കൾക്ക് എന്താണ് ലക്ഷ്യം എന്ന് തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കണം.

-മകൾക്ക് അമ്മ ഒരു കൂട്ടുകാരിയെപ്പോലെ ആയി അവളുടെ വിഷമങ്ങളിൽ ആശ്വസിപ്പിക്കണം

-അപ്പുറത്തെ വീട്ടിലെ കൊച്ചിന്റെ മിടുക്കും നേട്ടങ്ങളും വെച്ചല്ല അവനവന്റെ കൊച്ചിനെ അളക്കേണ്ടത്. മറ്റുള്ളവരെ നോക്കി നമുക്ക് ജീവിക്കാനാവില്ല, അവസരങ്ങൾ കിട്ടാൻ പരിശ്രമിക്കണം , കിട്ടുന്ന അവസരങ്ങളിൽ നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് അദ്ധ്വാനിക്കണം.

-സന്തോഷവും സമാധാനവും ലഭിക്കാൻ വേണ്ടിയല്ലേ ജീവിക്കുന്നത്. അപ്പോൾ വീട്ടിൽ സന്തോഷവും സമാധാനവും സൃഷ്ടിക്കാനല്ലേ അപ്പനും അമ്മയും പരിശ്രമിക്കേണ്ടത്. തമ്മിൽ തമ്മിൽ തോൽപ്പിക്കാൻ നോക്കുന്നിടത്ത് എങ്ങനെയാ സന്തോഷം കിട്ടുക.

-മക്കളോടൊപ്പം പ്രാർത്ഥിക്കണം, കുടുംബ പ്രാർത്ഥനവേണം പരസ്പരം സ്തുതി ചൊല്ലുമ്പോഴെങ്കിലും, ഒരു മുത്തം ലഭിക്കണം".

പ്രിയപ്പെട്ടവരെ,

മക്കളെ മനസ്സിലാക്കാതെ അവർക്കു വേണ്ടി വിവാഹം അന്വേഷിച്ച് എങ്ങുമെത്താതെ വിഷമിക്കുന്ന മാതാപിതാക്കൾ നമ്മുടെ ഇടയിലുണ്ട്, എന്നാൽ നിങ്ങൾ അങ്ങനെ ആകരുത്. ഈ കുറിപ്പിലെ അഭിപ്രായങ്ങൾ നിങ്ങളുടെ വീട്ടിൽ എത്രമാത്രം  പ്രസക്തമാണെന്ന് നിങ്ങളുടെ മക്കളോടൊപ്പം ഇരുന്ന് ഒന്നു ചർച്ച ചെയ്യണം. വിയോജിപ്പുള്ള കാര്യങ്ങൾ എനിക്കെഴുതി അയക്കുക.

George Kadankavil - February 2010

What is Profile ID?
CHAT WITH US !
+91 9747493248