ആഗോള മാന്ദ്യം വിവാഹത്തിൽ ബാധിച്ചിട്ടുണ്ടോ എന്ന് പലരും ഇപ്പോൾ എന്നോട് ചോദിക്കാറുണ്ട്. ആഗോള നിലവാരം എനിക്ക് അറിയില്ല. വിവാഹം അന്വേഷിച്ച് എന്റയടുത്ത് വരുന്നവരേക്കുറിച്ചല്ലേ എനിക്ക് മനസ്സിലാക്കാൻ കഴിയൂ. അവരുടെ എണ്ണത്തിലല്ല, മനോഭാവത്തിൽ കാര്യമായ മാറ്റം വന്നിരിക്കുന്നു.
ഗ്ളാമർ ജോലിയുള്ള മുന്തിയവരെ മാത്രം മതി എന്ന നിലപാട് പെട്ടെന്ന് മാറി. കുടുംബം പോറ്റാൻ പ്രാപ്തിയുള്ള പയ്യനായാൽ മതി എന്നും, ഏതെങ്കിലും തൊഴിലോ, തൊഴിൽ ലഭിക്കാൻ സാദ്ധ്യതയോ ഉള്ള പെണ്ണായാൽ മതി എന്നും, നമ്മുടെ ആളുകൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതൊരു നല്ല മാറ്റമാണ്.
വിവരം വിരൽ തുമ്പിലാക്കി, ലോകം കൈവെള്ളയിൽ ഒതുക്കി, എല്ലാം വെട്ടിപ്പിടിക്കാനും, കീഴടക്കാനുമുള്ള നെട്ടോട്ടത്തിനിടയിൽ പലർക്കും ജീവിക്കാൻ സമയം ലഭിക്കാതെ പോയിരുന്നു. ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കഴിയുന്ന കുടുംബാംഗങ്ങൾ പോലും അപരിചിതരായി ജീവിക്കുന്ന ഒരു പ്രതിഭാസമായിരുന്നു പരിണിത ഫലം.
മനുഷ്യന്റെ ആർത്തിയുടെയും ആക്രാന്തത്തിന്റെയും സ്വാർത്ഥതയുടെയും പരിണിത ഫലമായി, ഊതിപ്പെരുപ്പിച്ച ഒരു അസാമാന്യ വളർച്ചയുടെ പാരമ്യത്തിൽ, വന്നുഭവിച്ചതാണ് ഇപ്പോഴത്തെ മാന്ദ്യം. സത്യത്തിൽ ഇത് നമ്മുടെ വ്യക്തിബന്ധങ്ങളും, കുടുംബബന്ധങ്ങളും നവീകരിക്കാനായി വീണു കിട്ടിയിരിക്കുന്ന ഒരപൂർവ്വ അവസരമാണ്.
വ്യക്തികളുടെ മാറ്റത്തിന്റെ യഥാർത്ഥ തുടക്കം സ്വന്തം കുടുംബത്തിൽ നിന്നാണ്. പങ്കുവെക്കാൻ അവസരം ലഭിക്കാതെ മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന നൂറുകൂട്ടം കാര്യങ്ങളുണ്ട് ഓരോരുത്തരുടെയും ഉള്ളിൽ, ഇതു പരസ്പരം കണ്ടെത്താൻ ഇതുവരെ സമയം കിട്ടിയിരുന്നില്ലല്ലോ. ഇപ്പോൾ മാന്ദ്യം കൊണ്ടു തന്ന സമയത്തിൽ കുറച്ച് ഇതിനായി ചിലവഴിക്കുക. കമ്പോളത്തിൽ നിന്നും വിലയ്ക്ക് വാങ്ങാൻ കഴിയാത്ത ഒത്തിരി തൃപ്തിയും സന്തോഷവും ആ കൊച്ചു കൊച്ചു കാര്യങ്ങളിൽ നിറഞ്ഞ് കിടപ്പുണ്ട്. കുറേശ്ശെയായി ആസ്വദിക്കാൻ തുടങ്ങിക്കോളൂ.
വിവാഹം കഴിക്കാൻ പോലും സമയം കിട്ടാതെ ഉയരങ്ങളിൽ പറന്ന് നടന്ന് ജോലി ചെയ്തിരുന്ന ചിലർക്ക് ഇപ്പോൾ സമയമുണ്ട്, പക്ഷെ കുടുംബഭാരം ഏറ്റെടുക്കാൻ ഭയമാണത്രേ.
കുടുംബം ഒരു ഭാരമാണ് എന്നു ചിന്തിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ഭയക്കുന്നത്. കുടുംബം ആണ് ജീവിതം, കുടുംബം വളർത്താനുള്ള ഉപജീവനം ആണ് ജോലി.
പരസ്പരം ഭാരം ഇറക്കിവെക്കാവുന്ന ഒരു അത്താണി കൂടിയാണ് കുടുംബം. സുഭിക്ഷതയിലല്ല, വിഷമ ഘട്ടങ്ങളിലാണ് പങ്കാളിയെ മനസ്സിലാകുന്നതും, ആഴമേറിയ ബന്ധം ഉടലെടുക്കുന്നതും.
മാന്ദ്യകാലത്ത് വിവാഹം ആഘോഷമാക്കുന്നത് ശരിയാണോ എന്ന് ചോദിക്കാറുണ്ട്. ഒരു വലിയ മാമാങ്കം ആക്കാതെ ലളിതമായി വേണമെങ്കിലും കല്യാണം നടത്താമല്ലോ. അതിഥികളുടെ എണ്ണം കൊണ്ടോ, സദ്യയുടെ വിഭവങ്ങൾ കൊണ്ടോ, ജാഡ കാട്ടാൻ ശ്രമിക്കാതെ, ബന്ധുമിത്രാദികൾക്ക് ഒത്തുചേരാനും, തമ്മിൽ തമ്മിൽ അടുപ്പം വർദ്ധിപ്പിക്കാനുമുള്ള അവസരങ്ങളാക്കി മാറ്റാമല്ലോ നമ്മുടെ വിവാഹങ്ങൾ.
മാന്ദ്യം വന്നത് സമ്പത്തിനാണ്, കുടുംബം സമ്പത്തിനേക്കാൾ മുഖ്യമാണ്. അവിടെ മാന്ദ്യം കയറാതിരിക്കാൻ നാം തന്നെ തീവ്രമായി പരിശ്രമിച്ചു കൊണ്ടേയിരിക്കണം.
George Kadankavil - April 2009