പാത്തുമ്മ രാവിലെ ദിവാകരന്റെ കടയിൽപോയി ഒരു പേന വാങ്ങി. അഞ്ചുരൂപയാണ് പേനയുടെ വില. പാത്തുമ്മയുടെ കയ്യിൽ 20 രൂപയുടെ ഒരു നോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊടുത്തപ്പോൾ ദിവാകരൻ പെട്ടി തുറന്നു നോക്കി. അതിൽ 10 - ന്റെ രണ്ട് നോട്ടു മാത്രമേ ഉള്ളു.
5 രൂപ ചില്ലറയുണ്ടോ? ഇല്ലെന്ന്, പാത്തുമ്മ തോളു കുലുക്കി.
ദിവാകരൻ ഉടനെ അപ്പുറത്ത് ജോണിയുടെ കടയിൽ പോയി ചില്ലറ ചോദിച്ചു. 20 രൂപ നോട്ടിന് പകരം നാല് അഞ്ചു രൂപാ നോട്ട് കിട്ടി. അതിൽ മൂന്ന് അഞ്ചുരൂപാ നോട്ടും പേനയും കൊടുത്ത് പാത്തുമ്മയെ പറഞ്ഞു വിട്ടു. ബാക്കി അഞ്ചു രൂപാ ദിവാകരൻ പെട്ടിയിലുമിട്ടു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ, ജോണി വളരെ ക്ഷുഭിതനായി ദിവാകരന്റെ കടയിലേക്ക് പാഞ്ഞു വന്നു. എടാ ദിവാകരാ, നീ ആളെപ്പറ്റിക്കുവാണോ? നീ തന്ന ഈ നോട്ട് എടുക്കത്തില്ലാ, ഇത് കള്ളനോട്ടാ!!!
ദിവാകരൻ വിരണ്ടു പോയി. എന്റെ ജോണീ ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല. ഇപ്പം ഒരു സ്ത്രീ വന്ന് പേന വാങ്ങിയിട്ട് തന്ന നോട്ടാ. അതിങ്ങ് തന്നേക്ക് ഞാൻ അവരെ പിടിച്ചോളാം. എന്നു പറഞ്ഞ് പെട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പത്തു രൂപയും എടുത്ത് ജോണിക്കു കൊടുത്തു.
പിന്നെ ഈ 20 രൂപ നോട്ടുും നോക്കിയിരുന്ന ദിവാകരൻ ആലോചനകൾ തുടങ്ങി. ഇതും കൊണ്ട് പാത്തുമ്മയുടെ പുറകെ പോയാൽ അത് വേറെ പുലിവാലാകുമോ?. ഒരു കള്ളനോട്ട് തന്റെ കൈവശം ഇരിക്കുന്നതായി ജോണിക്കറിയാം, അയാൾ പോലീസിൽ അറിയിച്ചാലോ? എന്നൊക്കെ ചിന്തിച്ച് അസ്വസ്ഥനായി, പരിഹാരം ഒന്നും തോന്നാതെ, അയാൾ ആ നോട്ട് വലിച്ചുു കീറി കത്തിച്ചുു കളഞ്ഞു. നിയമപരമായ കർത്തവ്യം ദിവാകരൻ നിറവേറ്റി.
ഞാന്‍ ക്ളാസ്സ് എടുക്കാന്‍ പോകുന്നിടത്ത്, ഈ കഥ അവതരിപ്പിക്കാറുണ്ട്. കഥ പറഞ്ഞശേഷം ക്ളാസ്സിലുള്ളവരെ പല ഗ്രൂപ്പുകളാക്കി തിരിക്കും. ദിവാകരന് ഈ കഥയിലെ ഇടപാടില്‍ എത്ര രൂപ നഷ്ടം ഉണ്ടായി എന്ന് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് കണ്ടു പിടിക്കാന്‍ ആവശ്യപ്പെടും.
ഇത് ഒരു ബുദ്ധിമുട്ടുള്ള കണക്കാണോ? ഈ കണക്ക് ചെയ്യാന്‍ എത്ര വിദ്യാഭ്യാസം വേണം? നിങ്ങള്‍ക്കുള്ള പഠിപ്പും അറിവും വെച്ച് ഇത് കണ്ടു പിടിക്കാമോ? എന്നൊക്കെ ചോദിക്കുമ്പോള്‍ എല്ലാവരും നല്ല ഉത്സാഹത്തില്‍ യെസ് എന്ന് മറുപടി തരും. പക്ഷേ, ചര്‍ച്ച തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒരു തീരുമാനത്തില്‍ എത്താന്‍ ഗ്രൂപ്പില്‍തന്നെ വലിയ ബുദ്ധിമുട്ടാണ്. ഒടുവില്‍ ഓരോ ഗ്രൂപ്പിനെയും തിരികെ വിളിച്ച്,അവരുടെ ഉത്തരങ്ങള്‍ ചോദിച്ച് ഒരു ബോര്‍ഡില്‍ എഴുതിയിടും. എല്ലാ ഗ്രൂപ്പുകള്‍ക്കും ഒരേ ഉത്തരം ലഭിക്കുന്നത് ഏതാണ്ട് അസാദ്ധ്യം തന്നെ. ഇതിലേതാ ശരിയുത്തരം എന്നു ചോദിച്ചാലോ? ഗ്രൂപ്പുകള്‍ തമ്മില്‍ ഒരിക്കലും തീരാത്ത തര്‍ക്കം തുടങ്ങും.
നൂറിലധികം ക്ളാസ്സിൽ ഞാൻ ഇതവതരിപ്പിച്ചിട്ടുണ്ട്, ശരി ഉത്തരം എന്താണ് എന്ന് അഭിപ്രായ ഐക്യം ഒരിക്കലും ഒരു ക്ളാസ്സിലും ഉണ്ടായിട്ടില്ല. ഉണ്ടാകുകയുമില്ല. കാരണം വിവേകത്തിനു പകരം, വികാരപരമായി പെരുമാറുക എന്നതാണ് ആള്‍ക്കൂട്ടത്തിന്‍റെ സ്വഭാവം.
കള്ളനോട്ടിനോടുള്ള അമര്‍ഷവും, അതേക്കുറിച്ച് ഗ്രൂപ്പിൽ ആരുടെയെങ്കിലും ഏതെങ്കിലും പരാമര്‍ശത്തോട് ഉള്ള വിയോജിപ്പും മറ്റും, വസ്തുത എന്തെന്നും, ശരി ഏതാണെന്നും മനസ്സിലാക്കുന്നതിൽ നിന്ന് നമ്മളെ തടസ്സപ്പെടുത്തുന്നു. എപ്പോഴെങ്കിലും നമ്മൾ ശരിയുടെ അടുത്തെത്തുമ്പോഴേക്കും, ആരെങ്കിലും ഒരു വികാര പ്രകടനം നടത്തി എല്ലാവരുടെയും ശ്രദ്ധതിരിച്ചു കളയും. ഇത് മനപ്പൂര്‍വ്വം ചെയ്യുന്നതാവണമെന്നില്ല സ്വഭാവികമായി സംഭവിച്ചു കൊള്ളും. ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം അങ്ങനെയാണ്.
ആള്‍ക്കൂട്ടത്തിന്റെ ഈ മനശാസ്ത്രം മനസ്സിലാക്കിയാണ് രാഷ്ട്രീയക്കാർ പൊതുജനത്തെ കഴുതയാക്കുന്നത്. കൃത്യമായി ഉത്തരം കിട്ടുന്ന കാര്യങ്ങളെ ചർച്ച ചെയ്തു വഷളാക്കി,കഴമ്പുള്ളതും ഇല്ലാത്തതുമായ ആരോപണങ്ങളുടെ ചെളിക്കുഴികൾ സൃഷ്ടിച്ച്, മറ്റുള്ളവരേക്കൂടി ആ കുഴിയിലേക്ക് വലിച്ചിടും. എല്ലാവരും ചെളിപുരണ്ടവരായാൽ പിന്നെ ആരോപണം ഉന്നയിക്കാനുള്ള അർഹത നഷ്ടപ്പെട്ടുകൊള്ളുമല്ലോ. ചെളി പുരണ്ടവർ ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഉപയോഗിക്കുന്ന ഈ തന്ത്രം തിരിച്ചറിയപ്പെടുന്നത് അപൂര്‍വ്വം.
ആള്‍ക്കൂട്ടത്തിന്റെ പരിമിതികളും പ്രത്യേകതകളും എല്ലാവരെയും പഠിപ്പിക്കുകയാണ് ഇതിനുള്ള പ്രതിവിധി.വസ്തുനിഷ്ടമായി കാര്യങ്ങൾ പഠിക്കാനും, വിലയിരുത്താനും,തീരുമാനങ്ങളെടുക്കാനും, എടുത്ത തീരുമാനങ്ങള്‍ നടപ്പിൽ വരുത്താനുമുള്ള കഴിവ് പൊതുജനത്തിന് ഉണ്ടാകണം.പക്ഷേ ഇത് എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും നടപ്പിലാക്കാൻ സാധിക്കുന്ന സ്വപ്നമാണിത്. അതിനു വേണ്ടിയാണ് എന്റെ ഈ പരിശ്രമം.
ആള്‍ക്കൂട്ടത്തിന്‍റെ മാനസികാവസ്ഥയുടെ ചെറിയ രൂപമാണ് ഓരോ കുടുംബത്തിലും കാണുന്നത്. കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമാണ് മക്കളുടെ വിവാഹം. കല്യാണ ആലോചനയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ ചില കുടുംബങ്ങളില്‍ കാടുകയറിപ്പോകുന്ന സംഭവങ്ങള്‍ പലരും എന്നോട് പങ്കുവെച്ചിട്ടുണ്ട്.
ഒരു പ്രൊപ്പോസൽ വന്ന് താല്പര്യം തോന്നി അതെക്കുറിച്ച് ഭാര്യയോടോ, ഭര്‍ത്താവിനോടോ, മക്കളോടോ, മാതാപിതാക്കളോടോ, അളിയൻ, അമ്മാച്ചൻ, പേരപ്പൻ, ചിറ്റപ്പൻ, അമ്മായി തുടങ്ങിയ ആരോടെങ്കിലും ഒക്കെ ചര്‍ച്ച ചെയ്യുമ്പോൾ വരുന്ന ചില പ്രതികരണങ്ങൾ, നിന്ന നിൽപ്പിൽ തന്നെ ആ ആലോചനയുടെ അന്ത്യം കുറിക്കാറുണ്ട്.
എഴുതാവുന്ന ചില സാമ്പിളുകൾ ഇതാ -"സൂക്ഷിക്കണം അവര് തെക്കരാ'', വടക്കരാ, പടിഞ്ഞാറുകാരാ, കിഴക്കരാ, മലബാറാ,ഹൈറേഞ്ചാ.
"അയ്യോ അവര് ലാറ്റിനാ" ,സിറിയനാ മലങ്കരയാ, ക്നാനായ, യാക്കോബായാ, മര്‍ത്തോമ്മായാ. അയ്യേ നേഴ്സാ, ഡോക്ടറാ അയ്യോ പോലീസാ, വക്കീലാ, സോഫ്റ്റ് വെയറാ, പട്ടാളമാ, മാര്‍ക്കറ്റിംഗാ, ബിസിനസ്സാ, അയ്യേ ഡിഗ്രിപോലുമില്ല, ഡിഗ്രിയേ ഉള്ളു ആ സബ്ജക്ടിന് ജോലിസാദ്ധ്യതയില്ല, ചെറുക്കന് വിദ്യാഭ്യാസം കുറഞ്ഞതിനാൽ കോംപ്ളക്സ് വരും, അയ്യേ കഷണ്ടിയാ, കറുത്തിട്ടാ, അയ്യോ പൊണ്ണതടിയാ,വണ്ണം വെയ്ക്കുന്ന പ്രകൃതമാണ്, മെലിഞ്ഞതാ, പൊക്കമില്ല, ഭയങ്കര പൊക്കമാ, പടം കണ്ടിട്ട് ഒരു കള്ളലക്ഷണമുണ്ട്.
ഇങ്ങനെ മറു പാര്‍ട്ടിയുടെ കുടുംബത്തെക്കുറിച്ചും, മാതാപിതാക്കളെക്കുറിച്ചും, പൂര്‍വ്വികരെപ്പറ്റിയും എല്ലാം ധാരാളം അയ്യോകളും അയ്യേകളും പറയുന്ന സ്വഭാവം നമ്മള്‍ക്കുണ്ട്.
ഇതെല്ലാം വിലയിരുത്തേണ്ടതു തന്നെയാണ്. പക്ഷേ, അവരെക്കുറിച്ചുള്ള വസ്തുതകള്‍ പൂര്‍ണ്ണമായി അറിയാതെ, നമ്മളെക്കുറിച്ച് വസ്തുനിഷ്ഠമായി വിലയിരുത്താതെ, ഓരോരോ മുന്‍വിധികളോടെ, ചര്‍ച്ച നടത്തിയാൽ, അടിസ്ഥാനരഹിതമായ സംശയങ്ങൾ പ്രകടിപ്പിക്കപ്പെടാം, അത് മനസ്സിൽ ഒരു ചെളിക്കുഴിയായി അങ്ങനെ അവശേഷിക്കും. നമ്മൾ സൃഷ്ടിച്ച ഈ ചെളിക്കുഴി മരണം വരെ നമ്മൾ ചുമന്നു കൊണ്ട് നടക്കും. എന്നിട്ട് അതിനെ ജീവിതഭാരം എന്ന ഒരു മുദ്രയും കുത്തും.
അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഒന്നു ശ്രദ്ധിക്കുക, ഏതെങ്കിലും പ്രൊപ്പോസൽ വന്നാൽ ആദ്യം അവരുടെ പോരായ്മകൾ പരിശോധിക്കുന്ന ശീലത്തിനു പകരം, ആ വിവാഹം നടന്നു കഴിയുമ്പോൾ രൂപപ്പെടുന്ന പുതിയ കുടുംബത്തിന്റെ അവസ്ഥ മനഃക്കണ്ണുകൊണ്ട് കാണുക. (വിവാഹ ചടങ്ങ് അല്ല, രണ്ടുപേരും ചേര്‍ന്നുള്ള ജീവിതമാണ് വിഷ്വലൈസ് ചെയ്യേണ്ടത്).
ഇനി നമ്മുടെ മകന്റെ അല്ലെങ്കില്‍ മകളുടെ ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുക. മനസ്സിൽ കണ്ടതിനെക്കുറിച്ച് കടുത്ത അസ്വസ്ഥത തോന്നുന്നുവെങ്കിൽ, പങ്കാളിയോടും, നമ്മുടെ കുട്ടിയോടും അക്കാര്യം പറഞ്ഞശേഷം, ആ ആലോചന മുന്നോട്ട് കൊണ്ട് പോകുന്നില്ല എന്ന് മറുപടി കൊടുത്ത് അവസാനിപ്പിക്കുക.
ഉള്‍ക്കാഴ്ച തരക്കേടില്ല എന്നാണെങ്കിൽ, അവരുടെ മാതാപിതാക്കളോട് നേരിട്ട് സംസാരിക്കുക, അല്ലെങ്കിൽ ആരെയെങ്കിലും കൊണ്ട് ഒന്നു പരിചയപ്പെടുത്തിയ ശേഷം സംസാരിക്കുക. (ഇക്കാര്യത്തില്‍ ബെത് ലെഹം സഹായിക്കും). ഇടപെടാൻ അടുപ്പം തോന്നുന്ന സംഭാക്ഷണമായിരുന്നെങ്കിൽ ഇനിയും ബന്ധപ്പെടാം എന്നു പറഞ്ഞ് കൂടുതൽ അന്യേഷണങ്ങൾ നടത്താനുള്ള സാവകാശം വാങ്ങി തൽക്കാലം നിർത്തുക.
അടുത്ത പടി അവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തരാൻ സാദ്ധ്യതയുള്ള, പക്വതയുണ്ടെന്ന് നമ്മൾ കരുതുന്ന, നമ്മുടെ അടുപ്പക്കാരോട് അന്വേഷിക്കുക എന്നതാണ്. ''seems like an eligible bachelor'' എന്ന് റിപ്പോര്‍ട്ട് കിട്ടിയാൽ, നമ്മുടെ കുട്ടിയോടും ഇക്കാര്യം അറിയിക്കുക. അയാളുമായി ചേര്‍ന്നുള്ള ഭാവി കുടുംബ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുക. വിഷ്വലൈസേഷൻ തരക്കേടില്ല എന്ന് നമ്മുടെ കുട്ടിക്കും തോന്നുന്നുവെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിക്കണം.
യാഥാര്‍ത്ഥ്യത്തിന് മനസ്സിലെ സങ്കൽപ്പവുമായി എത്രകണ്ട് താദാത്മ്യം ഉണ്ടെന്ന് ബോദ്ധ്യപ്പെടാനാണ് കൂടിക്കാഴ്ച. രണ്ടു വീട്ടുകാരും ചേരുമ്പോഴുണ്ടാകുന്ന സിനര്‍ജി എത്ര ഇമ്പകരമാണ് എന്ന് വിലയിരുത്താം.
പക്ഷേ അതിനേക്കാൾ പ്രാധാന്യം പെണ്ണിന്റെയും ചെറുക്കന്റെയും ഹൃദയങ്ങളില്‍ ഉളവാകുന്ന അനുഭൂതിയാണ്. മരിക്കുന്നതു വരെ ഇയാളോടൊത്ത് ജീവിക്കണം എന്ന് നമ്മുടെ കുട്ടിക്ക് തോന്നിയെങ്കിൽ മാത്രം യെസ് പറയുക. എന്തെങ്കിലും സംശയം ആണ് തോന്നുന്നത് എങ്കിൽ ആലോചന ഉപേക്ഷിക്കുക. അര മനസ്സോടെ വിവാഹത്തിന് സമ്മതം പറയരുത്.
വിവാഹം തമ്പുരാന്റെ പദ്ധതിയാണെന്നു വിശ്വസിക്കുക. ആലോചന മുടങ്ങുന്നത് നമ്മളെ പാകപ്പെടുത്താനാണെന്ന ബോദ്ധ്യത്തോടെ പുതിയ തീരുമാനങ്ങളെടുക്കുക.