എന്റെ മകൾ ഒരു divorcee ആണ്. നൂറു ശതമാനവും Innocent. പള്ളിയിൽനിന്നും കോടതിയിൽ നിന്നും മോചന ഉത്തരവ് കിട്ടി. പക്ഷേ ഇതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്നം.
ഞങ്ങൾ ഇപ്പോൾ പുനർഃവിവാഹം ആലോചിക്കുകയാണ്. ഏതാനും ആലോചനകൾ വന്നിട്ടുണ്ട്. എല്ലാവരും divorcee തന്നെ പ്രഥമ ദൃഷ്ട്യാ എല്ലാം നല്ല കേസ്സുകൾ.
Teetotaller, Innocent Divorcee, തന്റേതല്ലാത്ത കാരണങ്ങളാൽ, അവൾ തന്റേടക്കാരി, ധിക്കാരി, പറയുന്നതൊന്നും അനുസരിക്കില്ല, മാതാപിതാക്കളെ വക വെക്കില്ല, ഏതു സമയവും മൊബൈൽ സംഭാഷണം, മെന്റൽ, വേറൊരുത്തന്റെ കൂടെ പോയ്ക്കളഞ്ഞു.......... ഇങ്ങനെ പോകുന്നു ആദ്യ വിവാഹത്തെപ്പറ്റി ചോദിച്ചാൽകിട്ടുന്ന മറുപടികൾ.
കുറ്റമെല്ലാം പെൺഭാഗത്ത് !
ഇവയിൽ കുറെയെല്ലാം ശരിയായിരിക്കാം.
പക്ഷേ സത്യമെന്താണെന്നും, ആദ്യ വിവാഹം ശിഥിലമായതിന്റെ യഥാർത്ഥ കാരണം ആരുടെ ഭാഗത്താണെന്നും മറ്റും എങ്ങനെയാണ് അറിയുക?
പുറമേ അന്വേഷിക്കുമ്പോൾ, നല്ല പയ്യൻ, കുഴപ്പമൊന്നുമില്ല, നല്ല ജോലി, നല്ല ആൾക്കാർ എന്നൊക്കെയാണ് അറിവു കിട്ടുന്നത്. എങ്കിൽ പിരിയാൻ കാരണമെന്ത്?
ഞങ്ങൾ ആകെ ആശയക്കുഴപ്പത്തിലാണ്. ഒരു ഭയം, സംശയം. ആദ്യകാല പ്രവണതകൾ വിവാഹാനന്തരം ആവർത്തിക്കപ്പെടുകില്ലേ? ഒരു തീരുമാനത്തിലെത്താൻ കഴിയുന്നില്ല. പായസം കുടിച്ചു ചുണ്ടു പൊള്ളിയവൻ, മോര് ഊതിയേ കുടിക്കൂ എന്നു പറഞ്ഞ അവസ്ഥയിലാണ് ഞങ്ങൾ.
ഇനി മറ്റൊരു കടമ്പ കൂടിയുണ്ട്. വന്ന കേസ്സുകളിൽ ഒരെണ്ണം നല്ല താല്പര്യമായി നിൽക്കുന്നുണ്ട്. പക്ഷേ അവർ മറ്റൊരു സഭക്കാരാണ്. ആൺ പക്ഷക്കാർ എന്ന നിലയിൽ(അങ്ങനെ അവർ പറഞ്ഞിട്ടില്ല എങ്കിലും) പെൺകുട്ടിയെ അവരുടെ സഭയിലേക്ക് ചേർക്കേണ്ടി വരില്ലേ? എക്യൂമെനിസം, സഭകൾ തമ്മിൽ സാഹോദര്യം എന്നൊക്കെ പറയുകയും എഴുതുകയും ചെയ്യുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ അധികാരികളുടെ പ്രതികരണമെന്തായിരിക്കും?
. . . .
Innocent Divorcee എന്നു സ്വയം ആശ്വസിച്ചു ഒരു ആയി കഴിയുന്നവർ ഒന്നു ചിന്തിക്കണം, പങ്കാളിയുടെ (അവസ്ഥ/ സ്വഭാവം/ പെരുമാറ്റം/ സാഹചര്യം)
- ഇവ -
(സഹിക്കാൻ/ അംഗീകരിക്കാൻ)
- (പറ്റുന്നില്ല/ മനസ്സില്ല/ സാദ്ധ്യമല്ല)-
ഇതിലടങ്ങിയിട്ടില്ലേ നിങ്ങളുടെ പരാജയകാരണങ്ങൾ?
സത്യത്തിൽ കുറ്റം മറ്റേ ആളുടേതായിരുന്നെങ്കിലും, പരാജയം അവനവന്റേതു തന്നെയല്ലേ?
എന്റെ വിവാഹ ജീവിതം വിജയിപ്പിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു എന്നും, അതിൽ എന്റെ പങ്ക് ഏതൊക്കെ ആയിരുന്നു എന്നും ബോദ്ധ്യം വരികയും, മറ്റേ ആളോട് തോന്നിയ വിരോധം മുഴുവൻ ക്ഷമിക്കുകയും ചെയ്ത, ഒരു വ്യക്തിക്ക് മാത്രമേ പുനർവിവാഹം വിജയിപ്പിക്കാൻ സാധിക്കൂ.
അതുകൊണ്ട്, ഒന്നുകിൽ ഇനി വിവാഹമേ വേണ്ട എന്നു വെയ്ക്കുക, അല്ലെങ്കിൽ കൂടുതൽ തയ്യാറെടുപ്പോടെ അടുത്ത വിവാഹത്തിന് ശ്രമിക്കുക.സാറിന്റെ മകൾ തന്നെ ആയിരിക്കണം ഈ തീരുമാനം എടുക്കേണ്ടത്.
നിങ്ങൾ കാണുന്ന എല്ലാ ദമ്പതികളും അവരുടെ ദാമ്പത്യം വിജയിപ്പിക്കാൻ മരണം വരെയുള്ള നിരന്തര പരിശ്രമത്തിലാണ് ജീവിക്കുന്നത്. ഈ നിത്യ പരിശ്രമത്തിന് മകൾ തയ്യാറായിരിക്കണം. ഒരു മനുഷ്യനും ഗ്യാരന്റി തരാൻ പറ്റാത്ത ഒന്നാണ് സ്വഭാവം. അത് സാഹചര്യമനുസരിച്ച് മാറാം. മനുഷ്യ സ്വഭാവങ്ങളെക്കുറിച്ച് അല്പമൊന്നു പഠിക്കണം.ഇപ്പോൾ ആലോചിക്കുന്ന ആളുമായി ഏതു സാഹചര്യത്തിലും പൊരുത്തപ്പെട്ടു പോകാനുള്ള കഴിവ് ഉണ്ടാക്കാം എന്ന് താങ്കളുടെ മകൾക്ക് ആത്മ വിശ്വാസമുണ്ടെങ്കിൽ, ആ വിവാഹം ആലോചിച്ചു കൊള്ളുക.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, സഭയുടെ ചട്ടങ്ങളല്ല നിങ്ങളുടെ പ്രശ്നം, നിങ്ങൾക്ക് ബോദ്ധ്യം വന്ന പുരുഷനെ കിട്ടാത്തതാണ് താങ്കളുടെ പ്രശ്നം. നിങ്ങളുടെ പ്രശ്നവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ വെറുതെ കൂട്ടികുഴക്കരുത്. ആരുടെ ആലോചന വന്നാലും അത് മകൾക്ക് പറ്റിയതാണെന്ന് ഉറപ്പു തരാൻ ആർക്കും സാധിക്കില്ല, അധികാരികൾക്കും സാധിക്കില്ല.
എന്നാൽ കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഏതു സാഹചര്യത്തിലും ജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്താൻ മകൾക്ക് സാധിക്കും. നിങ്ങളുടെ വിശ്വാസം ഉറച്ചതാണെങ്കിൽ എല്ലാവരും അനുഗ്രഹിക്കും, സഹകരിക്കും.
നല്ലതു സംഭവിക്കും എന്ന് നിങ്ങൾക്കു തന്നെ സംശയമാണെങ്കിൽ പിന്നെ മറ്റുള്ളവർക്ക് എന്തു ചെയ്യാൻ കഴിയും? മോര് തണുത്തതാണോ എന്ന് തൊട്ടു നോക്കാം, തൊട്ടറിഞ്ഞിട്ടും ഊതി കുടിക്കുന്നവർ അവിശ്വാസമല്ലേ പ്രകടിപ്പിക്കുന്നത്?
നിങ്ങളുടെ മകൾക്ക് വിശ്വസിക്കാൻ തോന്നുന്ന, ഒരു പുരുഷനെ ആദ്യം കണ്ടെത്തുക. പിന്നെ വിവാഹത്തിനു വേണ്ട ക്രമീകരണങ്ങൾ ആരംഭിക്കാം. മകളുടെ വിവാഹം സമൂഹത്തിലെ ആചാര പ്രകാരം നടക്കുക എന്നതാണ് നിങ്ങളുടെ ആവശ്യം. നിങ്ങൾക്കു വേണ്ടി ആചാരങ്ങളും ചട്ടങ്ങളും മാറണമെന്ന് ആഗ്രഹിക്കരുത്. ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് നിങ്ങളുടെ സാഹചര്യവും അവസ്ഥയും ആവശ്യവും അറിയിക്കുക, മാനുഷിക പരിഗണനയോടെയുള്ള പ്രതികരണം നിങ്ങൾക്കു ലഭിക്കും.
George Kadankavil - November 2009