Back to articles

അവൻ പിടി തരുന്നില്ല.

October 01, 2009

മകന്  26 വയസ്സായി, കല്യാണം അന്വേഷിക്കാമെന്നു അവനോട് പറഞ്ഞിട്ട്, അവൻ പിടി തരാതെ  ഓരോ ഒഴികഴിവ് പറഞ്ഞ് മാറുകയാ. ആമ്പിള്ളേർക്ക് പറ്റിയ കല്യാണ പ്രായം ഏതാ ?

സ്വന്തമായി ഒരു കുടുംബം സൃഷ്ടിക്കുവാനാണ്  വിവാഹം. അവിവാഹിതരെ സംബന്ധിച്ച് ആ ആൾക്ക് സ്വന്തം കുടുംബം വേണം എന്നു ബോദ്ധ്യമുണ്ടെങ്കിലേ വിവാഹത്തിന് ഒരുമ്പെടാവൂ. ശരീരത്തിന്റെ പ്രായത്തേക്കാൾ മനസ്സിന്റെ പ്രായവും ആളിന്റെ പക്വതയും, കുടുംബം നടത്തിക്കൊണ്ടു പോകാനുള്ള പ്രാപ്തിയും ആണ് പ്രാധാനം.

സ്ത്രീയും പുരുഷനും കാലക്രമത്തിൽ മക്കളും എന്നതാണ് കുടുംബങ്ങളുടെ വളർച്ചാ രീതി. അസാധാരണമായ എന്തെങ്കിലും അവസ്ഥയോ  സാഹചര്യമോ അല്ലാത്ത പക്ഷം, കാലക്രമത്തിൽ മക്കളെ ജനിപ്പിച്ച് വളർത്താൻ ശരീരത്തിനു സാധിക്കണം എന്നതായിരിക്കണ്ടേ കൂടിയ പ്രായം?

വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം അതത് രാജ്യത്തെ നിയമങ്ങൾക്ക് വിധേയമാണ്.

വീട്ടിലെ ഏതെങ്കിലും പ്രത്യേക സാഹചര്യം മൂലം മക്കളെ വിവാഹത്തിന് നിർബന്ധിക്കരുത്. അവർക്ക് സ്വയം തോന്നുമ്പോൾ മതി വിവാഹം. ആ തോന്നലുണ്ടാകാൻ മക്കളോട് വിവാഹക്കാര്യം സംസാരിക്കേണ്ടത് (നിർബന്ധിക്കൽ അല്ല) ആവശ്യമാണ്. അതിന് മക്കൾ മാതാപിതാക്കളോട് നീരസം കാണിക്കേണ്ട. സ്വന്തം നിലപാടും ചിന്തകളും മാതാപിതാക്കളോട് പങ്കു വെക്കുകയാണ് വേണ്ടത്.

മക്കളെ പഠിപ്പിച്ച് പ്രാപ്തരാക്കി വിവാഹം നടത്തുക എന്നത് ഏറ്റവും വലിയ ഒരു കടമയും ദൌത്യവും ആയിട്ടാണ് നമ്മുടെ നാട്ടിലെ  മാതാപിതാക്കൾ ചെയ്തു വരുന്നത്. മക്കൾക്ക് പ്രാപ്തി ആയെന്ന് മാതാപിതാക്കൾക്ക് ബോദ്ധ്യമാകുമ്പോൾ വിവാഹം ആലോചിച്ചു തുടങ്ങിക്കോളൂ.

വിവാഹം ആലോചിക്കാൻ മക്കളോട് ഒരു ബ്ളാങ്കറ്റ് പെർമിഷൻ തേടുന്നതിനു പകരം പറ്റിയ ഒരു പ്രൊപ്പോസൽ കണ്ടുപിടിച്ച് ആ ആളുടെ കാര്യം മാത്രം അവരോട് പറയുക. അത് വിലയിരുത്തി വേണമെന്നോ വേണ്ടാ എന്നോ തീരുമാനിക്കാൻ അവരെ അനുവദിക്കണം. ഏതാനും ആലോചനകൾ ഇപ്രകാരം നടത്തിയില്ല എങ്കിൽ മാതാപിതാക്കൾക്ക് പിന്നീട് കുറ്റബോധത്തിനിടയാകും എന്ന് മക്കളും മനസ്സിലാക്കണം, മക്കളോട് ഇത് പറഞ്ഞു കൊടുക്കണം.

ബെത് ലെഹം അംഗങ്ങളിൽ വിവാഹം നടന്നവരുടെ എണ്ണം നോക്കുമ്പോൾ 32 വയസ്സു കഴിഞ്ഞ പുരുഷന്മാരുടെയും, 30 കഴിഞ്ഞ സ്ത്രീകളുടെയും വിവാഹങ്ങൾ വളരെ കുറവാണ് എന്നതാണ് വസ്തുത. ഓരോ വർഷവും നടത്തുന്ന ക്യാൻസലേഷൻസ് വിലയിരുത്തി നോക്കിയാൽ ലേറ്റ് മാര്യേജ് പത്ത് ശതമാനത്തിൽ താഴെയാണെന്ന് കാണുന്നത്. അതിനാൽ കുടുംബ ജീവിതം വേണം എന്നു തോന്നിയാൽ, അത് എത്രയും നേരത്തെ തുടങ്ങുക. താമസിച്ച് വിവാഹം കഴിക്കുന്നവരർക്ക്, അവരുടെ മക്കളെ കെട്ടിക്കാറാകുമ്പോൾ ഓടിനടക്കാനുള്ള ആരോഗ്യം ഇല്ലാതെ പോയാലോ?

എന്റെ അനുഭവത്തിൽ, ഒരു കൃത്യ സംഖ്യയിൽ നിശ്ചയിക്കാവുന്ന ഒന്നല്ല വിവാഹ പ്രായം. 18 വയസ്സുള്ള വിദ്യാർത്ഥിനി മുതൽ 75 വയസ്സുള്ള ഒരു മനശ്ശാസ്ത്രജ്ഞൻ വരെ എന്റടുത്ത് ബെത് ലെഹമിൽ വിവാഹം അന്വേഷിച്ച് വന്നിട്ടുണ്ട്. ഇതിൽ ആദ്യ വിവാഹക്കാരും, പുനർ വിവാഹക്കാരുമുണ്ട്.

75 വയസ്സായ ആളിന് മക്കളെ ജനിപ്പിക്കുന്ന പരിഗണന ഇല്ലെങ്കിൽ കൂടി, പങ്കാളി ഉണ്ടാകുന്നത് നല്ലതാണ്. പക്ഷേ ഇവർക്ക് അറേഞ്ചഡ് മാര്യേജ് പ്രായോഗികമല്ല. അവർക്ക് പരസ്പരം ഇടപഴകാനുള്ള സാമൂഹ്യ സംവിധാനങ്ങൾ ആണ് ഉണ്ടാകേണ്ടത്. അത്തരം കൂട്ടായ്മകളിൽ ഇടപഴകി, പരസ്പരം ഒരു ഇന്റിമസി ഉളവാകുന്ന ആളെ കണ്ടെത്തിയെങ്കിൽ മാത്രം വിവാഹം ആലോചിക്കുന്നതാണ് ഉചിതം.

ഓരോ വിവാഹവും തമ്പുരാന്റെ പദ്ധതി ആണ്. അതിനുള്ള ഓരോ നിമിത്തങ്ങൾ സൃഷ്ടിക്കാനുള്ള തമ്പുരാന്റെ ഉപകരണങ്ങൾ മാത്രമാണ് ഞാനും ഞങ്ങളും, നിങ്ങളും.

George  Kadankavil - October 2009

What is Profile ID?
CHAT WITH US !
+91 9747493248