എന്റെ മകന് പ്രൊപ്പോസലുകൾ വരുന്നുണ്ട്, പലതും പോയി കാണുകയും ചെയ്തു. പോയി കണ്ടു കഴിഞ്ഞാൽ പിന്നെ ഒന്നുകിൽ മറുപടി ഇല്ല, അല്ലെങ്കിൽ റിജക്ടഡ് ആകുന്നു. അവന് കുറച്ച് വണ്ണം കൂടുതലാണ് 87 കിലോയുണ്ട്. രണ്ട് ആൺമക്കളാണ് എനിക്ക്. രണ്ടു പേർക്കും നല്ല ജോലിയും സ്വന്തം വീടും, മറ്റ് ജീവിത സൌകര്യങ്ങളുമുണ്ട്. എനിക്കും ഭാര്യക്കും ജോലിയുണ്ട്. എന്നിട്ടും മകന്റെ വിവാഹം ശരിയാകാത്തതിനാൽ വലിയ അസ്വസ്ഥതയാണ് വീട്ടിൽ. വണ്ണം കൊണ്ട് മാത്രമാണോ സാർ ഇങ്ങനെ ആലോചനകൾ മുടങ്ങിപ്പോകുന്നത്?
നിങ്ങളുടെ പ്രൊപ്പോസൽ റിജക്ട് ആയെങ്കിൽ അതിന്റെ അർത്ഥം നിങ്ങളുടെ യോഗ്യതകൾ അവർക്ക് തൃപ്തികരമായില്ല എന്നാണ്. ഉള്ള യോഗ്യതകൾ അവരെ ബോദ്ധ്യപ്പെടുത്താൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുമുണ്ടാവില്ല.
വണ്ണം കൂടുതൽ ആയതിനാൽ ഇവർക്ക് നമ്മളെ ഇഷ്ടപ്പെടില്ല എന്ന മുൻവിധിയോടെ ആയിരിക്കാം നിങ്ങൾ പെണ്ണു കാണാൻ പോയത് തന്നെ. വണ്ണക്കൂടുതൽ ഉള്ള പയ്യനെ കാണുമ്പോൾ പെൺവീട്ടുകാരുടെ മുഖത്ത് ഇഷ്ടക്കേട് തെളിയുന്നത് വളരെ സ്വാഭാവികമാണ്. അതു കാണുമ്പോൾ പിന്നെ വല്ല വിധവും ചടങ്ങ് തീർത്ത് പോരാനാണ് പയ്യൻ ശ്രമിക്കുന്നത്, അവര് റിജക്ട് ചെയ്യും മുമ്പ് തന്നെ നിങ്ങൾ അറിയാതെ റിജക്ഷൻ സ്വയം ഏറ്റെടുത്തു കഴിഞ്ഞു.
മകനോട് എനിക്ക് പറയാനുള്ളത് ഇതാണ് - വണ്ണം കുറയ്ക്കാനും രൂപം മെച്ചപ്പെടുത്താനും നിങ്ങളാലാവുന്നത് ചെയ്യുക. മാറ്റാൻ കഴിയുന്നത് മാറ്റുക, മാറ്റാൻ സാധിക്കാത്തത് സ്വയം അംഗീകരിക്കുക. കുറവുകളെക്കുറിച്ച് ഓർത്ത് വിഷമിക്കുന്ന സ്വഭാവം, ഇപ്പോൾതന്നെ അവസാനിപ്പിക്കുക.
നിങ്ങൾക്ക് ഉള്ള കഴിവുകളെക്കുറിച്ച് ചിന്തിക്കണം. അത് കൂടുതൽ മെച്ചപ്പെടുത്താൻ പരിശ്രമിക്കുക. ആളുകളോട് നല്ല രീതിയിൽ പെരുമാറാൻ പരിശീലിക്കുക. അപ്പോൾ ആത്മവിശ്വാസം തോന്നിത്തുടങ്ങും.
ഇനി പെണ്ണുകാണാൻ പോകുമ്പോൾ, ഭാര്യയെ സംരക്ഷിക്കാനും, നല്ല രീതിയിൽ ഒരു കുടുംബം പുലർത്താനും, കഴിവും പ്രാപ്തിയുമുള്ള ആളാണ് നിങ്ങൾ എന്ന് മനസ്സിലാകും വിധം, ആ പെണ്ണിനോടും,വീട്ടുകാരോടും പെരുമാറണം.
ആകൃതി, രൂപം, പ്രായം, ആരോഗ്യം, വിദ്യ, ധനം, പെരുമാറ്റം, കൂടുംബം, അന്തസ്സ്, ജാതി, മതം, പൊരുത്തം, ഭാവി സാദ്ധ്യതകൾ തുടങ്ങി ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും ഒക്കെ നോക്കിയാണ് അറേഞ്ച്ഡ് മാര്യേജിന് ഒരു തീരുമാനം ഉണ്ടാവുന്നത്.
ഒരു വീട്ടിൽ തന്നെ അപ്പനും, അമ്മയും, മക്കളും ഇതിലെ വ്യത്യസ്ത ഘടകങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. എല്ലാവരെയും, ഇംപ്രസ്സ് ചെയ്യണം, അതിന് സാധിച്ചില്ല എങ്കിലും, കെട്ടാൻ പോണ ആളെ തീർച്ചയായും ഇംപ്രസ്സ് ചെയ്യണം. എങ്കിലേ ആലോചന വിവാഹം ആവുകയുള്ളു.
നിങ്ങളുടെ മകന് വെയിറ്റ് കൂടുതൽ ഉള്ളതിനാൽ ഫസ്റ്റ് ഇംപ്രഷൻ നെഗറ്റീവ് ആയിപ്പോകാം. പക്ഷേ ഒരു കാര്യം ഓർമ്മിക്കണം, ആത്മവിശ്വാസം, ചുറുചുറുക്ക്, കാര്യപ്രാപ്തി, വകതിരിവ്, നല്ല പെരുമാറ്റം തുടങ്ങിയ പോസിറ്റീവ് ഇഫക്ടുള്ള ഘടകങ്ങൾ കൊണ്ട് നെഗറ്റീവ് ഘടകങ്ങളെ നിഷ്പ്രഭമാക്കാൻ സാധിക്കും.
സ്വന്തം ഇണയെ ആകർഷിക്കേണ്ടത് എല്ലാ ജീവികളുടെയും കടമയും സ്വഭാവവും ആവശ്യവുമാണ്. അതിനുള്ള പാകതയും ആത്മവിശ്വാസവും അവന് ഉണ്ടാകുമ്പോൾ അവന്റെ വിവാഹം ശരിയായി വരും.
George Kadankavil - June 2009