എന്റെ മകൾ ഒരു പയ്യനുമായി ഇന്റർനെറ്റു വഴി പരിചയപ്പെട്ടു. അവളേക്കാൾ പ്രായവും വിദ്യാഭ്യാസവും കുറവാണ് അവന്. ഇതല്ലാതെ വേറെ ഒരു വിവാഹവും വേണ്ട എന്നാണവൾ പറയുന്നത്. എല്ലാ പരീക്ഷക്കും റാങ്ക് വാങ്ങി ജയിച്ച് നല്ല പൊസിഷനിൽ എത്തിയതാണ് ഞങ്ങളുടെ മകൾ. അവനാണെങ്കിൽ വെറും ഡിഗ്രി കഴിഞ്ഞ് എന്തോ ബിസിനസ്സ് ചെയ്ത് കൊണ്ടിരിക്കുന്നു. ഇതെങ്ങിനെ പൊരുത്തപ്പെടാനാണ് സാറേ, ഞങ്ങൾ ഇനി എന്തു ചെയ്യണം?
വലിയ സങ്കടത്തിലാണ് ഒരമ്മ എന്റെ മുന്നിലിരിക്കുന്നത്.
പെങ്ങളെ, മക്കളെ ജനിപ്പിച്ച് വളർത്തി പഠിപ്പിച്ച്, അവർക്ക് ജീവിക്കാൻ പ്രാപ്തിയുണ്ടാക്കി കൊടുക്കുകയാണ് മാതാപിതാക്കളുടെ ധർമ്മം. എങ്ങനെ ജീവിക്കണം എന്നത് അവരവരല്ലേ നിശ്ചയിക്കേണ്ടത്. നിങ്ങളുടെ അപ്പനും അമ്മയും ആഗ്രഹിച്ചതുപോലെ തന്നെയാണോ നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത്. അവനും അവളും തമ്മിൽ ഉറച്ച സ്നേഹമാണെന്ന് അവർ രണ്ടുപേരും തറപ്പിച്ച് പറയുകയാണെങ്കിൽ അവരെ സംശയിക്കേണ്ട.
വിവാഹം നടത്തികൊടുക്കും മുൻപ് പയ്യനെക്കുറിച്ച് അന്വേഷിക്കേണ്ട ചുമതല നിങ്ങൾക്കുണ്ട്. എന്തു ബിസിനസ്സാണ്, ആസ്തി ബാദ്ധ്യതകൾ, ബന്ധുബലം, കുടുംബ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങൾ അറിയണം. അവൻ വേറെ കല്യാണം കഴിച്ചിട്ടുള്ളതാണോ, ഗുരുതരമായ ക്രമക്കേടുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ, സ്വഭാവ വൈകല്യങ്ങൾ വല്ലതുമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം അന്വേഷിച്ചോളൂ. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം മകളെ അറിയിക്കണം. മറിച്ച്, നല്ല പെരുമാറ്റവും, കാര്യപ്രാപ്തിയും ഉള്ള പയ്യനാണെങ്കിൽ, നിങ്ങളുടെ അടുക്കൽ വന്ന് മകളെ വിവാഹം ചെയ്തു തരണം എന്നാവശ്യപ്പെട്ടാൻ അവന് അവസരം കൊടുക്കണം. എന്നിട്ട് ആ വിവാഹം നടത്തിക്കൊടുക്കുക.
ഇതൊന്നും സാധിക്കുന്നില്ല എങ്കിൽ, കുറഞ്ഞ പക്ഷം മകളുടെ നിർബന്ധത്തിന് എതിരു നിൽക്കാതിരിക്കുക എങ്കിലും ചെയ്യുക.
ഇനി ഇങ്ങനെ ഒരു മകളില്ല, നമ്മൾ തമ്മിലുള്ള ബന്ധം അവസാനിച്ചു,ഞാൻ ചത്തുകളയും, തുടങ്ങിയ പ്രയോഗങ്ങൾ നടത്തി സ്വന്തം ജീവിതവും, മക്കളുടെ ജീവിതവും ദുരിതത്തിലാക്കുന്ന മാതാപിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ പിന്നീടുള്ള പശ്ചാത്താപവും കണ്ടിട്ടുണ്ട്.
ഇന്റർനെറ്റ് വഴി പരിചയപ്പെട്ടു എന്നതു കൊണ്ട് മാത്രം അത് നല്ലതാണെന്നോ മോശമാണെന്നോ വിധിക്കാൻ കഴിയില്ലല്ലോ. ബിസിനസ്സ് ചെയ്യുന്നു എന്നത് പോരായ്കയാണോ, ബിസിനസ്സ് ചെയ്യാൻ ആളുള്ളതു കൊണ്ടാണ് പഠിപ്പുള്ളവർക്കും ചെയ്യാൻ ജോലി ഉണ്ടാകുന്നത്. ജോലി ചെയ്യുന്നതും, ചെയ്യിപ്പിക്കുന്നതും തമ്മിൽ തീർച്ചയായും വ്യത്യാസമുണ്ട്. ഇതിൽ ഏതാണ് നല്ലത് എന്ന ചോദ്യത്തിന് ഉത്തരം ആപേക്ഷികമാണ്. ചെയ്യുന്ന പ്രവർത്തിയിൽ തൃപ്തി കിട്ടുന്നുണ്ടോ? അദ്ധ്വാനത്തിന് ഫലം കിട്ടുന്നുണ്ടോ? കുടുംബം നോക്കാൻ സമയം കിട്ടുമോ? എന്നൊക്കെയാണ് നോക്കേണ്ടത്.
പ്രായക്കുറവുള്ള പുരുഷനുമായിട്ടുള്ള വിവാഹം സാധാരണമല്ല. പ്രേമമാണ് എന്ന സാഹചര്യത്തിലോ, മറ്റെന്തെങ്കിലും നിർബന്ധിത സന്ദർഭത്തിലോ മാത്രമാണ്, നമ്മുടെ നാട്ടിൽ സ്ത്രീയേക്കാൾ പ്രായക്കുറവുള്ള പുരുഷനുമായി വിവാഹം നടക്കാറുള്ളത്. ഇവിടെ പ്രേമമാണ് എന്നല്ലേ അവരവകാശപ്പെടുന്നത്.
ഇനി ഇക്കാര്യം ചർച്ച ചെയ്ത് ലോകം മുഴുവൻ അറിയിക്കേണ്ട കാര്യമില്ല. മകൾ പ്രേമിച്ച പയ്യന് അവളെ കെട്ടിച്ചു കൊടുക്കുന്നതിന് ആരും നിങ്ങളെ പഴിക്കുകയില്ല. ആർക്ക് കെട്ടിച്ചു കൊടുത്താലും മകൾക്ക് നല്ലതു വന്നാൽ ചിലര് കുശുമ്പുകുത്തും, ചിലര് പ്രശംസിക്കും, കഷ്ടത വന്നാൽ തീർച്ചയായും ചിലര് പഴിക്കും, ചിലര് സഹതപിക്കും. ഇത് ലോകത്തിന്റെ സ്വഭാവമാണ്. നല്ലത് വരണേ എന്ന് തമ്പുരാനോട് നിത്യവും പ്രാർത്ഥിക്കണം.
മകളോട് വഴക്കടിച്ച് നിങ്ങളുടെ മനഃസുഖം നശിപ്പിക്കേണ്ട. നിങ്ങളുടെ എതിർപ്പ് നേരിടാൻ മകൾ ചിലവഴിക്കുന്ന ഊർജ്ജവും സമയവും കൂടി, ഈ ബന്ധം വിലയിരുത്താൻ അവൾക്ക് ലഭിക്കട്ടെ.
മക്കളുടെ ജീവിതം അവരുടെ ഉത്തരവാദിത്വം തന്നെയാണ്. എന്തുവേണം എന്നും, വേണ്ട എന്നും അവർ തന്നെ തീരുമാനിക്കട്ടെ.
"We only need to Stand by Them"
George Kadankavil - July 2009