മകന്റെ കല്യാണകാര്യത്തിൽ വലിയ ആശയക്കുഴപ്പത്തിലാണ് ഞങ്ങൾ. അവൻ ഇൻഡ്യയിലെ ഒരു പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എൻജിനീയറിംഗ് ബിരുദം നേടി, ഉടനെ തന്നെ ഒരു കേന്ദ്രസർക്കാർ സംവിധാനത്തിൽ ഉയർന്ന ശമ്പളവും , മറ്റെങ്ങും കിട്ടാത്തത്ര സൌകര്യങ്ങളും ഉള്ള ഒരു ജോലിയും ലഭിച്ചു. ജോലിയിൽ സമർത്ഥനാണ്. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ അവന്റെ ടീം ചെയ്തുതെടുത്തിട്ടുണ്ട്.
പക്ഷേ ജോലിസ്ഥലത്തെ വടംവലികളും, പക്ഷപാതങ്ങളും, അവ്യക്തതകളും അവന് ദുസ്സഹമായിരുന്നു. മകൻ വളരെ സെൻസിറ്റീവ് ആണ്. വളരെ ഉയർന്ന മൂല്യങ്ങളും ആദർശങ്ങളുമാണ് അവന്റേത്. ചില മേലുദ്യോഗസ്ഥരുടെ പെരുമാറ്റം മൂലം രാപകൽ ജോലി ചെയ്യേണ്ടി വന്നതും മറ്റും, പീഠനമായി തേന്നിയപ്പോൾ അവൻ ആ ജോലി രാജി വെച്ചു. ഉടൻ തന്നെ ഒരു എംഎൻസി യിൽ കൂടുതൽ ശമ്പളത്തിൽ മറ്റൊരു ജോലിയും അവന് ലഭിച്ചു. എങ്കിലും ആദ്യത്തെ ജോലിയിൽ ഉണ്ടായിരുന്ന ജീവിത സൌകര്യങ്ങളുടെ ഒരംശം പോലും പുതിയ ജോലിയിൽ ഇല്ല എന്ന തിരിച്ചരിവ് ഇപ്പോൾ അവനെ വിഷമിപ്പിക്കുന്നു.
എന്റെ സാറേ, ആദ്യം ജോലി ചെയ്തിരുന്നിടത്ത് ഉദ്യോഗസ്ഥർക്കുവേണ്ടി നല്ല ഒരു ടൌൺഷിപ്പും, അതിൽ സകല സൌകര്യങ്ങളുമുള്ള ക്വാർട്ടേഴ്സും അവനുണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോൾ അന്ന് അവനോട് ഞാൻ ആവുന്നത് പറഞ്ഞതാണ്, മോനെ ഇനി ഒരു കല്യാണം കഴിച്ച് സ്വന്തം കുടുംബം ഇവിടെ കരുപ്പിടിപ്പിക്കാൻ. അപ്പോൾ പലവിധ പരിഗണനകൾ വെച്ച്, കുറച്ചു കൂടി കഴിയട്ടെ എന്നു പറഞ്ഞ് അവൻ ഒഴിഞ്ഞു. ഇപ്പോൾ നല്ലൊരു തുക വാടക കൊടുത്തങ്കിലേ കൊള്ളാവുന്ന ഒരു താമസ സ്ഥലം പോലും കിട്ടുകയുള്ളൂ. ഹോട്ടലിലെ ഭക്ഷണം കഴിച്ചിട്ട് അവന് ശരിയാകുന്നില്ല., അതുകൊണ്ട് വേണേൽ കല്യാണം കഴിച്ചേക്കാം എന്ന് അരമനസ്സുണ്ട് അവനിപ്പോൾ. പക്ഷേ ഭക്ഷണം ഉണ്ടാക്കാനായിട്ട് മാത്രമായി അവനെ പെണ്ണു കെട്ടിച്ചാൽ പറ്റില്ലല്ലോ.
ആദ്യത്തെ ജോലിയിൽ ഇരുന്നപ്പോൾ തന്നെ, നിർബന്ധിച്ച് പെണ്ണുകെട്ടിച്ച് അവനെ തളച്ചിടണമായിരുന്നു എന്ന് പലരും ഇപ്പോൾ എന്നെ കുറ്റപ്പെടുത്തുന്നു. എന്റെ അപ്പൻ എന്റെ വിവാഹം നടത്തിയത് അങ്ങിനെ ആയിരുന്നു. അതുകൊണ്ട് എനിക്ക് ദോഷമൊന്നും സംഭവിച്ചില്ല, എന്നാലും സ്വന്തം ഇഷ്ടത്തിന് മതി മകന്റെ കല്യാണം എന്നാണ് ഞാൻ ചിന്തിച്ചത്. അത് ഒരു തെറ്റായിപ്പോയോ? എന്റെ മകൻ ഇനി എന്തുചെയ്യണം എന്നാണ് സാറിന്റെ അഭിപ്രായം.
തനിച്ച് ജീവിക്കാൻ സാദ്ധ്യമല്ലാത്ത ഒരു ജീവിയാണ് മനുഷ്യൻ. ഗുണത്തിനോ ദോഷത്തിനോ ആകട്ടെ, മറ്റ് മനുഷ്യർ കൂടി ഉള്ളതിനാലാണ് നമ്മൾ ജീവിച്ചിരിക്കുന്നത്. ആണും പെണ്ണും ആയിട്ടാണ് തമ്പുരാൻ നമ്മളെ സൃഷ്ടിച്ചത്. അതുകൊണ്ട് മിക്ക മനുഷ്യരും എതിർ ലിംഗത്തിൽ പെട്ട ഒരാളെ കണ്ടുപിടിച്ച്, സ്വന്തം കുടുംബം ഉണ്ടാക്കി, സന്താനങ്ങളെ സൃഷ്ടിച്ച്, കുടുംബം വളർത്തി , അവർക്കുവേണ്ടി ജീവിക്കുകയാണ് ചെയ്യുന്നത്. അവരുടെ ജീവിത ഫലം ആ കുടുംബത്തിൽ തന്നെ പ്രകടവുമാണ്. അതിന്റെ ഒക്കെ കുറെ തൃപ്തിയിലും, കുറെ അതൃപ്തിയിലും ഇഹലോകവാസം വെടിഞ്ഞ് അരങ്ങൊഴിയുകയാണ് തലമുറ തലമുറകളായി മനുഷ്യർ ചെയ്തു വരുന്നത്. ബഹു ഭൂരിപക്ഷം മനുഷ്യർക്കും ഏറ്റവും ഉചിതമെന്ന്, കാലം തെളിയിച്ചിരിക്കുന്ന, ഒരു ജീവനശൈലി ആണ് കുടുംബ ജീവിതം. തൊഴിൽ എന്നത് ജീവനം പരിപാലിക്കാനുള്ള ഉപജീവന മാർഗ്ഗം മാത്രമാണ്.
ടൌൺഷിപ്പിലെ മുന്തിയ വസതിയിലോ, ചേരിയിലോ ചെറ്റക്കുടിലിലോ ആയിക്കോട്ടേ, ഭാര്യയും ഭർത്താവും, കാലക്രമത്തിൽ മക്കളും ചേർന്ന് അദ്ധ്വാനിച്ച് അന്നന്നയപ്പം പങ്കിട്ട് ഒത്തൊരുമയിൽ കഴിയുന്നതാണ് ജീവിതത്തിന്റെ യഥാർത്ഥ തൃപ്തി. ജീവിതസുഖമെന്നാൽ , അദ്ധ്വാനവും, അന്നന്നയപ്പവും, പങ്കിടലും, ഒത്തൊരുമയുമാണ്.
ചില മനുഷ്യർക്ക് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ സെൻസിറ്റിവിറ്റി തമ്പുരാൻ കൊടുത്തിട്ടുണ്ട്. ചുറ്റുമുള്ള അനീതികളോടും, ദുരവസ്ഥകളോടും പോരാടി, സമൂഹത്തിനു നന്മ വരുത്താനുള്ള ദൌത്യം ആണ് ഇക്കൂട്ടർ ഏറ്റെടുക്കുന്നത്. ഇത്തരം ഒരു ദൌത്യം അവനുള്ളതായി തോന്നുന്നുണ്ടോ ?
ഇല്ലാ എങ്കിൽ, നിലവിൽ ഉള്ള സൌകര്യങ്ങളും അസൌകര്യങ്ങളും അംഗീകരിച്ചുകൊണ്ട് കൂടെക്കഴിയാൻ മനസ്സുള്ള ഒരു പെൺകുട്ടിയെ കണ്ടെത്തി എത്രയും വേഗം സ്വന്തം കുടുംബ ജീവിതം ആരംഭിക്കട്ടെ.
തെറ്റ് - ശരി, ഗുണം - ദോഷം ഇതെല്ലാം തികച്ചും ആപേക്ഷികമായ കാര്യങ്ങളാണ്.
ഒരാളുടെ ദൃഷ്ടിയിൽ തെറ്റെന്നു കാണുന്നത് , മറ്റൊരാൾക്ക് ശരി ആയി അനുഭവപ്പെടാം. സ്വന്തം ആത്മാവിന്റെ മന്ത്രണം അവഗണിച്ച്, മനസാക്ഷിയെ വഞ്ചിച്ച് , മറ്റാർക്കെങ്കിലും ദ്രോഹം ആയിത്തീരും എന്ന് അറിഞ്ഞിട്ടും അത് പരിഗണിക്കാതെ, ചെയ്യുന്ന പ്രവർത്തികളാണ് അയാളെ സംബന്ധിച്ച തെറ്റ്. നല്ല ഉദ്ദേശത്തോടെ ചെയ്യുന്നതൊക്കെ അയാളെ സംബന്ധിച്ച് ശരി തന്നെയാണ്.
അതുപോലെ തന്നെയാണ് ഗുണവും ദോഷവും. ഗുണമെന്ന് കരുതുന്ന കാര്യങ്ങൾ , യഥാർത്ഥത്തിൽ ഗുണം തന്നെ ആയിരുന്നോ ?
ദോഷം എന്നു കുതിയതെല്ലാം, യഥാർത്ഥത്തിൽദോഷം തന്നെ ആയിരുന്നോ?
ഇതൊക്കെ കാലത്തിനു മാത്രമെ തെളിയിക്കാൻ കഴിയൂ. ദോഷമെന്ന് നമ്മൾ കരുതുന്ന ഓരോ സംഭവങ്ങളുടെയും ഉള്ളിൽ, അതിന്റെ അനേകമടങ്ങ് മൂല്യമുള്ള സാദ്ധ്യതകളും അടങ്ങിയിട്ടുണ്ട്.
ചെയ്യേണ്ടതാണെന്ന് ഉത്തമ ബോദ്ധ്യം ഉള്ള ഒരു കാര്യം ചെയ്യാതിരിക്കുന്നത് തെറ്റാണ്. പക്ഷേ, മകന്റെ കാര്യത്തിൽ അങ്ങനെ ഒരു പൂർണ്ണ ബോദ്ധ്യം ഒരു പിതാവിനും സാദ്ധ്യമല്ലല്ലോ. അതുകൊണ്ട്, അതേച്ചൊല്ലി ആജീവനാന്തം കുറ്റബോധം പേറി നടക്കേണ്ടതില്ല.
ഇനി, കഴിഞ്ഞതിനെപ്പറ്റി വിഷമിക്കാതെ, ഇപ്പോഴത്തെ അവസ്ഥയിൽ ചെയ്യേണ്ടതാണെന്ന് നിങ്ങൾക്ക് ബോദ്ധ്യമുള്ള കാര്യങ്ങൾ , തമ്പുരാനിൽ വിശ്വാസം അർപ്പിച്ച് ചെയ്തു കൊണ്ടിരിക്കുക. ഫലം എന്തു തന്നെ ആയിരുന്നാലും, ഒടുവിൽ അതു നന്മക്കായി തന്നെ വന്നു ഭവിക്കും.
George Kadankavil - Sep 2010