ആരെ ആയിരിക്കും ഞാൻ വിവാഹം ചെയ്യുന്നത് ? വിവാഹ പ്രായത്തിലേയ്ക്ക് കടക്കുന്ന യുവതീ യുവാക്കൾ എല്ലാവരും തന്നെ, എപ്പോഴെങ്കിലും ഇങ്ങനെ സ്വയം ചോദിച്ചിട്ടുണ്ടായിരിക്കണം. വിവാഹം അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഏതൊരാൾക്കും, ആരെ വിവാഹം ചെയ്യണം എന്നു ശരിയായ ഒരു തീരുമാനം എടുക്കണമെങ്കിൽ, എന്തിനാണ് വിവാഹം ചെയ്യുന്നത് എന്ന് വ്യക്തമായ ബോധ്യം ഉണ്ടാകേണ്ടതാണ്. ഈ ബോധ്യം ലഭിക്കണമെങ്കിൽ ആദ്യം ഉത്തരം തേടേണ്ട ഒരു ചോദ്യമുണ്ട് - എന്തിനാ ജീവിക്കുന്നത്?
യുക്തിപരമായി പറഞ്ഞാൽ ജനിച്ചു പോയതു കൊണ്ടാണ് നമ്മളെല്ലാവരും അങ്ങു ജീവിച്ചു പോകുന്നത്. സ്വന്തം ഇച്ഛാനുസരണം അല്ല നമ്മളാരും ജനിച്ചത്. അപ്പനും അമ്മയുമാണ് ജന്മം തന്നത്. പക്ഷേ ജീവൻ നിശ്ചയിച്ചത് അവരല്ല. ദൈവഹിതമാണ്.
അവർക്ക് ഒരു കുഞ്ഞ് വേണം എന്നേ ഉണ്ടായിരുന്നുള്ളു. പതിനായിരക്കണക്കിന് ബീജങ്ങളിൽ ഓടി ഒന്നാമതെത്തിയ ബീജത്തിനു ലഭിച്ച സമ്മാനമാണ്, ട്രോഫിയാണ്, എന്റെയും, നിന്റെയും നമ്മളോരോരുത്തരുടെയും ജീവൻ.
ഒരു ജീവൻ മരണ പോരാട്ടത്തിലെ വിജയത്തിന്റെ സമ്മാനമാണ് നമ്മുടെ ജീവൻ.
''You are a symbol of success !''
മറ്റ് ബീജങ്ങളെല്ലാം നശിച്ചു പോയി. ആദ്യമെത്തിയത് മറ്റൊരു ബീജമായിരുന്നെങ്കിൽ ജനിക്കുന്നത് മറ്റൊരു വ്യക്തി ആയിപ്പോകുമായിരുന്നു.
മനുഷ്യന്റെ കഴിവിനും ബുദ്ധിക്കും എത്തിച്ചേരാൻ കഴിയാത്ത, അതിനുമപ്പുറമുള്ള ഒരു ശക്തിയാണ് നമ്മളെ നമ്മളാക്കി നിശ്ചയിച്ച് ഈ ലോകത്തിലേക്ക് വിട്ടിരിക്കുന്നത്. ഈ പ്രപഞ്ച സത്യം നാം വിസ്മരിക്കരുത്, പ്രത്യേകിച്ച് വിവാഹം അന്വേഷിക്കുമ്പോൾ.
എത്രനാളാണ് നമ്മൾ ജീവിക്കാൻ പോകുന്നത്? ഒരു മനുഷ്യനും കൃത്യമായി അതറിഞ്ഞുകൂടാ. ബലം പ്രയോഗിച്ച് അവസാനിപ്പിക്കാൻ ശ്രമിച്ചാലും, ഒരു തീർച്ചയുമില്ലാത്ത സംഭവം ആണ് നമ്മുടെ അന്ത്യം.
ഭൂമിയുടെ ആയുസ്സുമായി തുലനം ചെയ്താൽ ഒന്നു കണ്ണു ചിമ്മി തുറക്കാനുള്ളത്ര സമയം പോലുമില്ല ഒരു മനുഷ്യന്റെ ആയുസ്സ്. ജനനത്തിനും മരണത്തിനും ഇടയിലുള്ള തീരെ ചെറിയ ഈ കാലത്തിനുള്ളിൽ ഒരു മനുഷ്യൻ എന്തെല്ലാം, എത്രയെല്ലാം, ഏതെല്ലാം അവകാശപ്പെടുത്തിയാലും, അതൊന്നും അവന്റേതു മാത്രമായിരിക്കില്ല. സ്വന്തം എന്ന് അക്ഷരാർഥത്തിൽ അവകാശപ്പെടാവുന്ന ഒരേ ഒരു കാര്യം മാത്രമേ മനുഷ്യനു ലഭിക്കുന്നുള്ളു, അതാണ് അവനവന്റെ അനുഭവങ്ങൾ.
സ്വന്തം അനുഭവങ്ങളിൽ നിന്നും ലഭിക്കുന്ന അനുഭൂതികളാണ് ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ യഥാർഥ അവളുകോൽ. ഇതു നാട്ടുകാർക്കും, വീട്ടുകാർക്കും കൂട്ടുകാർക്കും മറ്റും കാണാനും തൊടാനും കിട്ടുന്നതല്ല. (It is Non Tangible.)
നാട്ടുകാരെയും വീട്ടുകാരെയും കാണിക്കാൻ പറ്റുന്ന അളവുകോലുകൾ (Tangible Indicators) മാത്രം വെച്ചാണ് പലരും വിവാഹം അന്വേഷിക്കുന്നത്. ഇത് സ്വാഭാവികമായും അപൂർണമായിരിക്കും.
ഏതൊരു മനുഷ്യനും, എന്തെങ്കിലും ഒരു പ്രവർത്തി ചെയ്യണമെങ്കിൽ, അതിനു പിന്നിൽ രണ്ടേ രണ്ടു ഉദ്ദേശങ്ങളേ ഉള്ളു - ഒന്ന് - നല്ല അനുഭൂതി ലഭിക്കണം എന്ന മോഹം. രണ്ട് - മോശം അനുഭവം ഒഴിവാക്കണം എന്ന മുൻകരുതൽ. (Carrot & Stick Principle.)
ഇടപെടാൻ മറ്റു മനുഷ്യരും കൂടി ഉണ്ടെങ്കിലേ, എന്തെങ്കിലും അനുഭവം ലഭിക്കുകയുള്ളു. എല്ലാത്തരം അനുഭൂതികളും സൃഷ്ടിക്കണമെങ്കിൽ എതിർ ലിംഗത്തിൽപ്പെട്ട ഒരാളെ പങ്കാളിയായി ലഭിക്കണം. നല്ല അനുഭൂതികൾ സൃഷ്ടിക്കാനും, മോശം അനുഭവങ്ങൾ ഒഴിവാക്കാനും നിങ്ങളോടൊപ്പം പരിശ്രമിക്കുന്ന ഒരാളെയാണ് നിങ്ങൾ വിവാഹം ചെയ്യേണ്ടത്.
അത്തരം ഒരു പങ്കാളിയെ കണ്ടെത്താൻ മക്കൾക്ക് ഇടവരുത്തണേ എന്ന് തമ്പുരാനോട് നിത്യവും പ്രാർഥിക്കണം, വിഷമിപ്പിക്കുന്ന അനുഭവങ്ങളിൽ നിന്നു പോലും നല്ല അനുഭൂതികൾ കണ്ടെത്താൻ കഴിയുന്ന മനോഭാവം വളർത്തിയെടുക്കണം. ഇത്ര ഒക്കെയേ നമ്മുടെ നിയന്ത്രണത്തിലുള്ളൂ. അത് നമുക്ക് ആത്മാർത്ഥമായി തന്നെ ചെയ്യാം. മറ്റേ പാത്തി തമ്പുരാന്നു വിട്ടുകൊടുത്തേക്കുക.
George Kadankavil - June 2011