രണ്ടു കുരുവി പക്ഷികൾ, മദം പൊട്ടിയ ഒരു കൊമ്പനാനയെ കൊന്ന മുത്തശ്ശിക്കഥ ഏതോ ഗ്രന്ഥത്തിൽ വായിച്ചിട്ടുണ്ട്. ഒരു വലിയ മരത്തിന്റെ ചില്ലയിൽ കൂട്കൂട്ടി , മുട്ടയിട്ട്, അതുവിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകാൻ കാത്തിരിക്കുകയായിരുന്നു കുരുവികൾ. ആന മദമിളകി നടക്കുന്ന വഴിക്ക് ആ മരച്ചില്ല വലിച്ചൊടിച്ച് കളഞ്ഞു. കൂട്ടിലിരുന്ന മുട്ടകൾഎല്ലാം പൊട്ടി. കുരുവികൾക്ക് സങ്കടം സഹിച്ചില്ല, ആനയോട് പകരം വീട്ടാൻ അവർ തീരുമാനിച്ചു.
ഒരു കൊതുകും തവളയുമായിരുന്നു അവരുടെ കൂട്ടൂകാർ. നാലു പേരും കൂടി ആലോചിച്ച് ആനയെ കൊല്ലാൻ ഒരു പ്ളാൻ ഉണ്ടാക്കി. അതുപ്രകാരം ആന, കീഴ്ക്കാം തൂക്കായ ഒരു മലഞ്ചെരുവിൽ കൂടി പോകുന്ന നേരം നോക്കി, കൊതുക് ആനയുടെ ചെവിക്കരുകിൽ പറന്നു ചെന്ന് മൂളിപ്പാട്ടു പാടാൻ തുടങ്ങി. പാട്ട് കേട്ട് ആന ഒന്നു കണ്ണടച്ചു. നിമിഷനേരം കൊണ്ട്, കുരുവികൾ രണ്ടും കൂടി പറന്നു ചെന്ന് ആനയുടെ രണ്ടുകണ്ണിലും കൊത്തി. കണ്ണുകാണാതായ ആന അലറിക്കൊണ്ട് ആ മലഞ്ചെരുവിലൂടെ ഓടി. അപ്പോൾ തവള ഒരു കുഴിയിൽ ഇരുന്ന് ഉറക്കെ കരഞ്ഞു. തവളയുടെ ശബ്ദം കേൾക്കുന്നിടത്തു വെള്ളം ഉണ്ടാകും എന്നു കരുതി ആന അങ്ങോട്ട് ഓടി, ആ കുഴിയിൽ വീണു ചത്തു.
ആനയെ കൊന്ന വിജയം വലിയ വാർത്ത ആയി. ലോകം മുഴുവനും ആ മഹാകാര്യം അറിഞ്ഞു. ഇന്നും പ്രചരിച്ചുകൊണ്ടിരിക്കുന്നു. അനേകർക്ക് നിസ്സഹായാവസ്ഥകൾ തരണം ചെയ്യാൻ ഈ സംഭവം എന്നും പ്രചോദനം ആകുന്നു.
ആനക്ക് മദം പൊട്ടുന്നത് പ്രകൃത്യാ ഉള്ള ഒരു അവസ്ഥയാണ്. കുരുവികളോട് ആനക്ക് വ്യക്തിപരമായി ശത്രുത ഒന്നും ഉണ്ടായിരുന്നില്ല. അവന്റെ പ്രത്യേകത സാഹചര്യത്തിൽ, തന്റെ മുന്നിൽ പെട്ടതിനോട്, സ്വാഭാവികമായി പെരുമാറി. വളരെ നല്ലവർ പോലും അറിയാതെ എത്രയോ ജീവികൾക്ക് നാശം ചെയ്യുന്നുണ്ട്.
കുരുവികൾക്ക് ആദ്യം വേദനയാണ് തോന്നിയത്. ആ വേദന മനസ്സിൽ നിന്നു മാറാനായി, പ്രതികാര ചിന്തയാണ് പകരം അവിടെ നിറച്ചത്. അതുകൊണ്ടാണ് കൊല്ലണം എന്ന് ചിന്തിച്ചത്. (പ്രതികാരം തന്നെ ആയിരുന്നോ അവർ ചെയ്യേണ്ടി ഇരുന്നത്?.) പ്രതികാരം വളരെ തീഷ്ണമായ ഒരു വികാരമാണ്. അതിന്റെ ഊർജ്ജം കൊണ്ട് ആനയെപ്പോലും കൊല്ലാൻ ആ ചെറിയ ജീവികൾക്ക് സാധിച്ചു.
ഏതായാലും കൊന്നതിന് ശിക്ഷ ലഭിച്ചേ മതിയാകു. അത് പ്രകൃതി നിയമമാണ്. അതുകൊണ്ട്, വിജയത്തെക്കുറിച്ച് അവരുടെ ഉള്ളിൽ അഹം എന്ന ഭാവത്തിന് വളർച്ച ഉണ്ടായി. ആ ഭാവം അവരുടെ യോജിപ്പ് നശിപ്പിച്ചു.
വിജയം ആഘോഷിച്ച് നടക്കുമ്പോൾ, ഇതിലൊരാൾ, ങ്ഹൂം , ഞാനില്ലായിരുന്നെങ്കിൽ അപ്പോൾ കാണാമായിരുന്നു എന്നു പറഞ്ഞുപോയി. പിന്നെ എന്തൊക്കെ സംഭവിച്ചിരിക്കാം എന്നു നിങ്ങൾ തന്നെ ആലോചിക്കുക.
നമ്മുടെ മുത്തശ്ശിക്കഥകൾ എല്ലാം അവസാനിക്കുന്നത്, പിന്നീട് അവർ രണ്ടുപേരും കൂടി ദീർഘകാലം സുഖമായി ജീവിച്ചു എന്നാണ്. നമ്മുടെ കഥയും അങ്ങിനെ ശുഭമായി അവസാനിക്കണമെങ്കിൽ , എല്ലാവർക്കും നല്ല അനുഭവങ്ങൾ കിട്ടുന്ന വിധത്തിൽ പ്രതികരിക്കാൻ ശ്രമിക്കണം. പ്രതികാരത്തിന് പകരം സ്നേഹവും, സഹിഷ്ണുതയും നമ്മുടെ ഉള്ളിൽ ഇനിയും വളരണം.
ഈ കുരുവികൾക്ക് ആനയോട് ക്ഷമിക്കാമായിരുന്നു. എങ്കിലും പകരം വീട്ടി ഉള്ളിലെ വേദന മാറ്റാനാണ് അവർക്ക് തോന്നിയത്. അതുകൊണ്ട് ലോകത്തിന് , എെക്യമത്യത്തിന്റെയും, ബുദ്ധിബലത്തിന്റെയും നല്ലൊരു ഉദാഹരണം ലഭിച്ചു. അതായിരുന്നു ദൈവഹിതം.
ഭാര്യയും ഭർത്താവും കൂടിയോജിപ്പിൽ ചെയ്യുന്നതെന്തും മനോഹരമായിരിക്കും, മഹനീയമായിരിക്കും. യോജിപ്പിക്കാനാണ് ദൈവഹിതമെങ്കിലും, അകറ്റണം എന്നതാണ് സാത്താന്റെ ഹിതം. നമ്മുടെ ഉള്ളിൽ അപ്പപ്പോൾ പ്രബലമായിരിക്കുന്ന ശക്തിയുടെ ഹിതമനുസരിച്ചായിരിക്കും നമ്മൾ പ്രതികരിക്കുക. ഓരോ പ്രതികരണത്തിനും അതിന്റേതായ നല്ല അനുഭവങ്ങളും , തിക്താനുഭവങ്ങളും നമുക്കും, ചിലപ്പോൾ ലോകത്തിനു മുഴുവനും ലഭിച്ചു കൊണ്ടുമിരിക്കും.
എങ്കിലും വിഷമിക്കേണ്ട ദൈവഹിതം മാത്രമേ നടപ്പിലാകുകയുള്ളൂ.
George Kadankavil - August 2010