Back to articles

"Lonely Parents Syndrome"

July 01, 2010

ഴു കപ്പൽ നിറയെ പട്ടാളക്കാരുമായി ചക്രവർത്തി ഒരു യുദ്ധതീരത്തെത്തി, അപ്പോഴാണ് രഹസ്യ വിവരം കിട്ടുന്നത്, തങ്ങളേക്കാൾ അനേകം  മടങ്ങ് വരുന്ന സൈന്യമാണ് ശത്രുപക്ഷത്ത്. ചക്രവർത്തി സ്വന്തം കപ്പലുകൾ കത്തിച്ചുകളയാൻ ആഞ് ജ കൊടുത്തു. തുടർന്ന് പട്ടാളക്കാരോടുപറഞ്ഞു തിരികെ പോകാൻ ഇനി കപ്പലുകൾ ഇല്ല, മുന്നോട്ടു പോവുക മാത്രമാണ് ഏക മാർഗ്ഗം, ജയിക്കുക, അല്ലെങ്കിൽ മരിക്കുക.

അദ്ദേഹത്തിന്റെ സൈന്യം, ആ യുദ്ധം പൊരുതി ജയിച്ചു.

മക്കളുടെ പരിശ്രമങ്ങളിൽ ചിലപ്പോഴെങ്കിലും , ഇങ്ങനെ കപ്പൽ കത്തിക്കുന്ന നിലപാട് എടുക്കേണ്ടി വരും. അതിന് മടി വിചാരിക്കരുത്. ജീവിത പോരാട്ടത്തിൽ മക്കൾ വിജയിക്കണമെങ്കിൽ അവർ തന്നെ പോരാടണം. മക്കളുടെ പോരാട്ടം മാതാപിതാക്കൾ ഏറ്റെടുത്ത് ജയിപ്പിക്കുന്നതു കൊണ്ട് മക്കൾക്ക് പ്രാപ്തി ഉണ്ടാവില്ലല്ലോ.

സർവ്വവും നശിപ്പിച്ച് പൊട്ടിപ്പൊളിഞ്ഞിട്ടു പോലും, നിരന്തര പരിശ്രമം കൊണ്ട് രക്ഷപ്പെട്ടവരിൽ പലരും, പിന്മാറാൻ ഇടമോ, അവസരമോ ഇല്ലാതിരുന്നതു കൊണ്ടാണ് ജയിച്ചത്. പിന്തിരിഞ്ഞോടാൻ വഴിയുണ്ടായിരുന്നതു കൊണ്ടാണ്, പൊരുതി ജയിക്കാവുന്ന പലരും, ജീവിതത്തിൽ പരാജയപ്പെട്ടത്.

"എന്റെ കുഞ്ഞിനെ അവർ കൊന്നുകളഞ്ഞാലോ എന്നു പേടിച്ച് ഞങ്ങൾ അവളെ കൂട്ടികൊണ്ടുപോന്നു" എന്നു പറഞ്ഞാണ് ഒരമ്മ എന്നെ വിളിച്ച് ഉപദേശം ചോദിക്കുന്നത്.

ഹിന്ദിയിൽ ഒരു ചൊല്ലുണ്ട് "ജോ, ഡർ ഗയാ - വോ, മർ ഗയാ" , എന്നു വച്ചാൽ - ഭയന്നു പോയവർ മരിച്ചു പോയതായി കണക്കാക്കണമത്രേ. ചെയ്യേണ്ട കർമ്മങ്ങൾ ചെയ്യാതെ , കർമ്മ ഭൂമിയിൽ നിന്ന് ഭയന്നോടിയ ആൾ മരിച്ചതിനു തുല്യം തന്നെയല്ലെ.

നമ്മളാരും ആവശ്യപ്പെട്ടിട്ടല്ലല്ലോ നമ്മൾ ജനിച്ചത് ? മരിക്കുന്നതും അങ്ങിനെ തന്നെ അല്ലേ ? അതിനാൽ കൊല്ലുമെന്നും തല്ലുമെന്നും ഭയന്ന് മകളെ മാറ്റി പാർപ്പിക്കണോ എന്ന് വീണ്ടും ആലോചിക്കുക. കൊല്ലപ്പെടുന്നരേക്കാൾ കഠിനമായ അനുഭവങ്ങളാണ് കൊല്ലുന്നവർക്ക് ഉണ്ടാകുന്നത് എന്ന് ഓർക്കണം.

മരണം വേർപ്പെടുത്തും വരെ ഒന്നിച്ച് ജീവിച്ചുകൊള്ളാമെന്ന് ദൈവമുമ്പാകെ പ്രതിജ്ഞ എടുത്ത ദമ്പതികൾക്ക്, തോറ്റോടാൻ സൌകര്യത്തിന് കപ്പലുകൾ ഉണ്ടെങ്കിൽ, അവരത് ഉപയോഗിക്കാനും അവസരം കണ്ടെത്തും. മകളെ കെട്ടിച്ചു വിട്ടിടത്ത് എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായെന്നറിഞ്ഞാൽ ചോദിക്കാനും പറയാനും മാതാപിതാക്കൾ തന്റെേടത്തോടെ  മുന്നിട്ടിറങ്ങണം, പക്ഷേ മകളേ വിളിച്ച് വീട്ടിൽ കൊണ്ടു പോരുന്നതല്ല പരിഹാരം. നിങ്ങൾ ഭാര്യയും ഭർത്താവും കൂടി വേണ്ട പരിഹാരങ്ങൾ കണ്ടുപിടിച്ചേ മതിയാകൂ എന്ന് മകളോടും മകനോടും തറപ്പിച്ച് പറയുക.

"നീ ഇതൊന്നും സഹിക്കേണ്ട കാര്യമില്ല", "ഇങ്ങോട്ട് പോര് മോളേ", "അവൻ മുട്ടുമടക്കി ഇവിടെ വന്നാൽ മാത്രം നീ അവന്റെ കൂടെ പോയാൽ മതി" എന്നൊക്കെ പറഞ്ഞ് മകളെ ഭർത്താവിന്റെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടു പോരുന്ന, അതിന് വെമ്പൽ കൊള്ളുന്ന നിരവധി മാതാപിതാക്കളുണ്ട്.

"Lonely Parents Syndrome " എന്നോ മറ്റോ ഇതിനെ വിളിക്കാം. മനശ്ശാസ്ത്രത്തിൽ ഇങ്ങനെ ഒരു "Term" ഉണ്ടോ എന്നറിഞ്ഞു കൂടാ, പക്ഷേ ഇങ്ങനെ ഒരു സ്ഥിതി വിശേഷം പല കുടുംബങ്ങളിലും ഇപ്പോൾ ഉണ്ട്. ഇത് എല്ലാവരും മനസ്സിലാക്കി ഇരിക്കേണ്ട ഒരു സാമൂഹ്യ വിഷയം കൂടിയാണ്.

മകളെ കെട്ടിച്ചു വിട്ടുകഴിയുമ്പോൾ, അവളുടെ അസാന്നിദ്ധ്യം മാതാപിതാക്കളുടെ ഉള്ളിൽ ഒരു വിടവ് സൃഷ്ടിക്കുന്നുണ്ട്. ആ വിടവ് നികത്താൻ അവരുടെ ഉപബോധമനസ്സ് പലവിധത്തിൽ പരിശ്രമിച്ചുകൊണ്ടേ ഇരിക്കും. അതിനിടയിൽ, ഭർത്താവിന്റെ വീട്ടിൽ അവളനുഭവിച്ച എന്തെങ്കിലും വൈഷമ്യങ്ങൾ കൂടി കേട്ടാൽ, മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണു എന്നു പറഞ്ഞ പോലെ, ഉചിതമല്ലാത്ത എന്തെങ്കിലും കാട്ടി, ചൊറി മാന്തി പുണ്ണാക്കി ബന്ധം പിരിക്കാൻ, ഉപബോധ മനസ്സ് ഈ മാതാപിതാക്കളെ പ്രേരിപ്പിക്കും.

"Heart Understands, Brain and Mind Interprets" എന്ന് ഒരു ചൊല്ലണ്ട്. പെണ്ണായാലും, ആണായാലും, മക്കളുടെ കുടുംബ ജീവിതത്തിൽ മറ്റേ ആളെ കുറിച്ച് എന്തെങ്കിലും ആരോപണം കേട്ടാൽ മാതാപിതാക്കളുടെ "മനസ്സ്":- ഓരോരോ അപകട സാദ്ധ്യതകൾ ചിന്തിക്കും. "ബുദ്ധി":- കേട്ടതും അറിഞ്ഞതുമായ ഓരോന്നിനും  "Interpretations" ഉണ്ടാക്കും. “അവരങ്ങനെ ചെയ്താലോ”, “ഇങ്ങനെ ചെയ്താലോ”, “എന്തും ചെയ്യാൻ മടിക്കാത്തവരാണ് ” - ഓരോ വാക്കുകളും എടുത്ത്  "Interpret" ചെയ്ത് , കണ്ടമാനം കാടുകയറി ചിന്തിച്ച് , ഓരോന്ന് കാട്ടി കൂട്ടരുത്. നമ്മുടെ മക്കളെ , വേരറുത്ത് ചട്ടിയിൽ വളർത്തുന്ന ബോൺസായി ചെടികളാക്കരുതേ.

ഗോതമ്പ് മണി നിലത്ത് വിണ് അഴിയുന്നില്ല എങ്കിൽ, അതിന് ഫലം പുറപ്പെടുവിക്കാൻ കഴിയില്ല.

George Kadankavil - July  2010

What is Profile ID?
CHAT WITH US !
+91 9747493248