Back to articles

നിലനില്പിന്റെ ആധാരം

September 01, 2011

സ്വഭാവശാസ്ത്രം പഠിക്കുന്ന  കുറച്ച് ശാസ്ത്രജ്ഞന്മാർ ഒരു പരീക്ഷണം നടത്തിയ കഥ കേട്ടിട്ടുണ്ട്. ഒരു  ചിമ്പൻസി കുരങ്ങിന്  ഉപയോഗിക്കാവുന്ന  സകല സൌകര്യങ്ങളും ഉള്ള  പരീക്ഷണമുറി. മുറിയുടെ ഒരു ഭാഗത്ത് സിമന്റില്ല, വെറും  മണ്ണാണ്. അവിടെ  ഏതാനും വാഴകൾ, അവയിൽ പഴുത്തു തുടങ്ങിയ  കുലകളും. മറ്റൊരു ഭാഗത്ത്  കുടിക്കാവുന്ന ശുദ്ധജലമുള്ള ചെറിയൊരു കുളവും, അതിൽ  ഒരു ജലധാരയും. മറ്റൊരു ഭാഗത്ത് ഏതാനും പഴച്ചെടികളും, അതിനു നടുവിൽ  ഒരു ഇരുമ്പു തൂണിൽ  ഒരു വൈദ്യുത വിളക്കും ഘടിപ്പിച്ചിരിക്കുന്നു.

കൂടാതെ കുരങ്ങന്  കളിക്കാനും, ഊഞ്ഞാലാടാനും, ഉറങ്ങാനും, എല്ലാം നല്ല ലക്ഷ്വറി സൌകര്യങ്ങളാണ് മുറിയിലൊരുക്കിയിരിക്കുന്നത്. മുറിക്കു പുറത്തുള്ള ഒന്നും കുരങ്ങന് കാണാനും അറിയാനും സാധിക്കില്ല. ആരോടും ഒരു സമ്പർക്കത്തിനും  വഴിയില്ല. മുറിക്കു വാതിലും ജനലും ഒന്നുമില്ല. പുറത്ത് ഒരു ലോകമുണ്ട് എന്ന തോന്നൽ പോലും ഉണ്ടാകാത്ത സംവിധാനം. അവർ കുരങ്ങനെ ആ മുറിയിൽ കയറ്റി വീഡിയോ ക്യാമറവഴി നിരീക്ഷണം ആരംഭിച്ചു.

പഴവർഗ്ഗങ്ങൾ മൃഷ്ടാന്നം ഭുജിച്ച്, ജലധാരയിൽ  കുളിച്ച്, അതിലെ വെള്ളം കുടിച്ച്, ഊഞ്ഞാലാടി മദിച്ച്, ആദ്യ ദിവസം കുരങ്ങൻ തിമിർത്ത് ആഘോഷിച്ചു. രണ്ടാം ദിനം ഉത്സാഹം അല്പം കുറഞ്ഞു. മൂന്നാം ദിവസം ഭക്ഷണത്തോട് വിരക്തി തുടങ്ങി. ദിനം തോറും കുരങ്ങന്റെ  ആക്ടിവിറ്റികൾ കുറഞ്ഞു കുറഞ്ഞു നിഷ്ക്രിയനായി, ജീവച്ഛവമായി, രണ്ടാഴ്ചകൊണ്ട് കുരങ്ങൻ ചത്തു.

പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം - പഴയ മുറി തന്നെ, പക്ഷേ മുറിയിൽ അവർ ഒരു മാറ്റം വരുത്തി, വൈദ്യുതവിളക്ക് പിടിപ്പിച്ചിരുന്ന ഇരുമ്പ് തൂണിൽ ചെറിയ അളവിൽ വൈദ്യുതി ലീക്ക് ഏർപ്പെടുത്തി. തൊട്ടാൽ അപകടകരമല്ലാത്ത വിധത്തിൽ ഷോക്ക് അടിക്കും. മുറി ശുദ്ധീകരിച്ച്, പുതിയ ഒരു കുരങ്ങിനെ മുറിയിലാക്കി, വീണ്ടും നിരീക്ഷണം ആരംഭിച്ചു....

ആദ്യത്തെ കുരങ്ങിനെപ്പോലെ തന്നെ ആദ്യദിവസം ഈ കുരങ്ങനും തിമിർത്ത് ആഘോഷിച്ചു. പക്ഷേ ഓരോ വികൃതി കാട്ടി നടക്കുന്നതിനിടയിൽ ഇരുമ്പ് തൂണിൽ ഒന്നു പിടിച്ചു. -  നല്ലൊരു ഷോക്ക് കിട്ടിയതോടെ, തൂണിന്റെ  അടുത്തെങ്ങും പോകാതെ  ആയി ബാക്കി  ഘോഷം. രണ്ടാം ദിനം ഉത്സാഹം കുറഞ്ഞു തുടങ്ങിയപ്പോൾ, വേറൊന്നും ചെയ്യാനില്ലാഞ്ഞതിനാൽ, കുരങ്ങൻ പതുക്കെ ഇരുമ്പു തൂണിന്റെ  അടുത്തു ചെന്നു. ചുറ്റും നടന്നു തൂണ് പരിശോധിച്ചു, എന്നിട്ട് മെല്ലെ എത്തിക്കുത്തി  നിന്ന് തൂണിലൊന്നു തൊട്ടു, പ്ധിം - ഷോക്കടിച്ച് കുരങ്ങൻ തെറിച്ചു വീണു. കുരങ്ങൻ വേഗം പോയി കുറച്ച് ഭക്ഷണം കഴിച്ചു, മുറിയിൽ ചുറ്റിക്കറങ്ങി. ബോറടിക്കുമ്പോഴൊക്കെ കുരങ്ങൻ, ഇരുമ്പ് തൂണിൽ  ഒളിച്ചിരുന്ന് തന്നെ ഇടിക്കുന്നത് ഏതു ജീവിയാണെന്നറിയാൻ പലവിധ പരീക്ഷണങ്ങൾ നടത്തി ഷോക്കടി വാങ്ങിക്കൊണ്ടേയിരുന്നു. ആ കുരങ്ങൻ മാസങ്ങളോളം അങ്ങനെ കൂട്ടിൽ കിടന്ന് പരീക്ഷണത്തെ അതിജീവിച്ചതായിട്ടാണ് കഥ.

എന്തെങ്കിലും അനുഭവം കിട്ടുന്നുണ്ടെങ്കിലേ മനുഷ്യർക്ക് സുബോധത്തോടെ ജീവിച്ചിരിക്കാൻ  സാധിക്കൂ. നല്ല അനുഭവങ്ങൾ ലഭിക്കാനും, മോശം അനുഭവങ്ങൾ ഒഴിവാക്കാനുമാണ് എല്ലാ മനുഷ്യരും ആശിക്കുന്നതും, പ്രയത്നിക്കുന്നതും. ഇനി നല്ല അനുഭവം ഒന്നും കിട്ടുന്നില്ലെങ്കിൽ വേണ്ട, എന്തെങ്കിലും മോശം അനുഭവം  കിട്ടിയാലും മതി, Survive  ചെയ്യാൻ സാധിക്കും.

ആകെ ഞാനൊരാൾ മാത്രമേ ഈ ലോകത്തിൽ ജീവിച്ചിരിപ്പുള്ളു എങ്കിൽ ഞാൻ ചെയ്യുന്ന ഒരു പ്രവൃത്തിക്കും പ്രസക്തിയില്ല, അത് ചെയ്യേണ്ട ആവശ്യവുമില്ല. പക്ഷേ എനിക്ക് അങ്ങനെ ഒന്നും ചെയ്യാനില്ലാതെ, അധിക കാലം  ജീവിച്ചിരിക്കാൻ സാധിക്കില്ല. ഒരനുഭവവും ലഭിക്കാതെ ആദ്യത്തെ കുരങ്ങിനെപ്പോലെ നിഷ്ക്രിയനായി, ജീവച്ഛവമായി, ദ്രവിച്ച് മരിച്ച് പോകുകയേ എനിക്കും വഴിയുള്ളു.

എന്റെ സകല പ്രയാസങ്ങളും ബുദ്ധിമുട്ടുകളും, മറ്റ് മനുഷ്യർ കാരണമാണ് ഉണ്ടാകുന്നത്. എങ്കിലും മറ്റ്  മനുഷ്യരോട് ഇടപഴകി ജീവിച്ചെങ്കിലേ എന്തെങ്കിലും ഒക്കെ അനുഭവങ്ങൾ നേടി, പ്രയാസങ്ങളുടെയും, ബുദ്ധിമുട്ടുകളുടെയും ഷോക്ക് കിട്ടിയിട്ടാണെങ്കിൽ പോലും, Survive ചെയ്യാനാവൂ.

But, there is a big difference between Surviving and Living. മനുഷ്യന് അനുഭവിക്കാൻ സാധിക്കുന്ന എല്ലാ അനുഭൂതികളും നേടി ജീവിക്കണമെങ്കിൽ എതിർലിംഗത്തിൽ പെടുന്ന ഒരു പങ്കാളിയോടൊപ്പം സഹകരിച്ച് ജീവിക്കണം. കാരണം ആണും പെണ്ണുമായിട്ടാണ് സൃഷ്ടാവ് ജീവജാലങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.

ആണും പെണ്ണും കൂടി ചേർന്നാൽ സൃഷ്ടിക്കാവുന്ന പ്രത്യേക അനുഭവങ്ങളാണ്  Sexual experience - ഉം Procreation ഉം. ഇതിൽ ലൈംഗിക സുഖം കാലക്രമത്തിൽ മറഞ്ഞുപോകും, എന്നാൽ  കുഞ്ഞുങ്ങൾ -  അവർ മാതാപിതാക്കൾക്ക് മരിക്കും വരെ പിടിച്ചു നില്ക്കാനാവശ്യമായ നിരന്തര അനുഭവങ്ങളുടെ നിലയ്ക്കാത്ത സ്രോതസ്സാണ്.

പക്ഷേ,  ആണും പെണ്ണും കൂടി യാതൊരു ആചാരവും, അനുഷ്ഠാനവും കൂടാതെ, ചിട്ടയും നിഷ്ഠയും ഇല്ലാതെ, ഒന്നിച്ചു ജീവിച്ചാൽ  അവരുടെ  ഇടയിലെ  സംഭവവികാസങ്ങളും, അവർക്ക് ജനിച്ചേക്കാവുന്ന കുട്ടികളും സമൂഹത്തിന് ബാദ്ധ്യത ആയി പോകാനിടയുണ്ട്. അതുകൊണ്ട് സമൂഹം നിർബന്ധം പിടിക്കുന്നു, ആണും പെണ്ണും കൂടി ഒന്നിച്ചു ജീവിക്കണമെങ്കിൽ അവർ ഒരു കുടുംബം ആയി ജീവിക്കണം എന്ന്.  അനേകം തലമുറകളിലൂടെ പരീക്ഷിക്കപ്പെട്ട് ഏറ്റവും ഉത്തമം എന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്ന ജീവിത ശൈലി ആണ് കുടുംബ ജീവിതം. രാജ്യങ്ങളുടെ ഭരണഘടനകളിൽ, കുടുംബത്തെ, സമൂഹത്തിന്റെ  അടിസ്ഥാന യൂണിറ്റായി നിർവചിച്ചിരിക്കുന്നു.

വിവാഹം ചെയ്യുന്നതു വരെ, നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ കുടുംബത്തിന്റെ മാത്രം ഭാഗമായിരുന്നു. വിവാഹം ചെയ്യുന്ന നിമിഷം മുതൽ നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം കുടുംബം കൂടി ലഭിക്കുകയാണ്.

ഏറ്റവും പൂർണ്ണതയുള്ള അനുഭൂതി ദൈവാനുഭവം ആണ്. അത് ദൈവവിളിലഭിച്ചവർക്ക് മാത്രമേ അനുഭവിക്കാൻ സാധിക്കൂ.

സന്യസിക്കാൻ ഉദ്ദേശമില്ല, കുടുംബ ജീവിതമാണ് ലക്ഷ്യം എങ്കിൽ, ഒരു പങ്കാളിയെ കണ്ടെത്തി,  സ്വന്തം കുടുംബം രൂപപ്പെടുത്തി, കാലക്രമത്തിൽ മക്കളും ചേർന്ന്, എല്ലാ വിധ അനുഭവങ്ങളും സൃഷ്ടിച്ച്  Vibrant ആയി ജീവിക്കാൻ വേണ്ടിയായിരിക്കണം മനുഷ്യൻ വിവാഹം ചെയ്യേണ്ടത്.

George Kadankavil - September 2011

What is Profile ID?
CHAT WITH US !
+91 9747493248