പണ്ട് പണ്ട്, പത്തറുപത്തഞ്ചു കൊല്ലം മുമ്പ് നടന്ന ഒരു കല്യാണക്കാര്യമാണിത്. തറവാട്ടിലെ മൂത്ത പുത്രൻ കുഞ്ഞാക്കോച്ചൻ, സകലകലാവല്ലഭൻ - പ്രതിഭാശാലി. ഉന്നതവിദ്യാഭ്യാസ യോഗ്യതകളുള്ള, അതിപ്രഗത്ഭനായ അദ്ദേഹം അന്ന് തിരുവനന്തപുരത്ത് വലിയ പദവികളിൽ ജോലി ചെയ്യുകയാണ്. വീട്ടിലെ പ്രധാന കാര്യങ്ങളിൽ ഇദ്ദേഹത്തിന്റെ അഭിപ്രായം പരിഗണിച്ചിട്ടേ വല്യപ്പച്ചൻ തീരുമാനങ്ങളെടുക്കൂ. സഹോദരങ്ങളുടെ കല്യാണക്കാര്യം ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുകയാണ്. ഇളയ സഹോദരൻ പാപ്പച്ചന്റെ കല്യാണം ഉറപ്പിച്ചിരിക്കയാണ്. രണ്ടാമത്തെ അനുജൻ ചാണ്ടിക്കുഞ്ഞിന് ഇരുപതുവയസ്സായി. അവന്റെ കല്യാണമാണ് അടുത്ത ഉത്തരവാദിത്ത്വം.
ചാക്കോച്ചന്റെ സുഹൃത്താണ് ഓനച്ചൻ, തിരുവനന്തപുരത്തു തന്നെ നല്ല പൊസിഷനിലാണ്. പഠിപ്പും, പ്രാഗത്ഭ്യവും, പ്രതാപവും ഉള്ളതിനാൽ, വീട്ടിലെ ഇളയ പുത്രനാണെങ്കിലും, ചേട്ടന്മാർക്കും നല്ല മതിപ്പാണിദ്ദേഹത്തെ. ചേട്ടന്റെ മക്കളെ തിരുവനന്തപുരത്തു കൊണ്ടു വന്നു പഠിപ്പിക്കാനും മറ്റും ഇദ്ദേഹത്തിനു ഉത്സാഹമാണ്.
രണ്ടുപേരും കൂടി സൌഹൃദസംഭാഷണം നടത്തുന്നതിനിടയിൽ ഓനച്ചൻ പറഞ്ഞു ''ചാക്കോച്ചാ, ചേട്ടന്റെ മകള് കുട്ടിയമ്മയ്ക്ക് ഒരു ചെറുക്കനെ കണ്ടു പിടിക്കണം. അവള് ഹോളി ഏയ്ഞ്ചൽസിൽ ഫോർത്ത് ഫോമിലാണ്. എന്റെ കൂടെ നിന്നാണ് പഠിക്കുന്നത്. ചാക്കോച്ചൻ കണ്ടിട്ടുണ്ട്.''
രോഗി ഇച്ഛിച്ചതും, വൈദ്യൻ കല്പിച്ചതും എന്നു പറഞ്ഞപോലെയായി ചാക്കോച്ചന്. ഓനച്ചാ നമ്മുടെ ചാണ്ടിക്കുഞ്ഞിനെ കൊണ്ടു കെട്ടിച്ചാലോ? ഓനച്ചനും അത് സമ്മതമായിരുന്നു. എനിക്കു താല്പര്യമാണ് ചാക്കോച്ചാ, കുട്ടിയമ്മേടെ അപ്പച്ചൻ കുഞ്ഞു വർക്കിച്ചേട്ടൻ വന്ന് ചാണ്ടിക്കുഞ്ഞിനെ ഒന്നു കണ്ടിട്ട് തീരുമാനിക്കാം - എന്ന് പറഞ്ഞ് അവർ പിരിഞ്ഞു.
കുഞ്ഞുവർക്കിച്ചേട്ടൻ - കോട്ടയത്തെ ഒരു നാട്ടിൻപുറത്തുള്ള ഒന്നാന്തരം കൃഷിക്കാരനാണ്. ധാരാളം ഭൂമി - മൂന്ന് മലകളുണ്ട് കുടുംബ സ്വത്തായിട്ട്. അതിൽ റബർ, തെങ്ങ്, കാപ്പി, കപ്പ, വാഴ, നെല്ല്, മാവ്, പ്ളാവ്, തേക്ക് തുടങ്ങിയ കൃഷികളും, പലവിധ മരങ്ങളും, മരങ്ങളിലൊക്കെ കുരുമുളക് കൊടി പടർന്നു കിടന്ന് നല്ല വിളവ് തരുന്നു. എന്നും പത്ത് മുപ്പത് പണിക്കാർ. പാടത്ത് ഉഴവിനും, വണ്ടി വലിക്കാനും മൂന്നാലേർ കാളകളും, പോത്തുകളും. തൊഴുത്തിൽ പശുക്കൾ, എരുമ, കുട്ടക്കൂട്ടിൽ രണ്ടു ഡിവിഷനിലായി നാടൻ പന്നികളും, ശീമ പന്നികളും പെറ്റു പെരുകിക്കൊണ്ടേ ഇരിക്കുന്നു. വളർത്തുന്ന ആട്, കോഴി, താറാവ്. കൂടാതെ, അതിഥികളായി വന്നെത്തിയ ഒരു മയിൽ കൂട്ടവും. മനം കുളിർപ്പിക്കുന്ന ഒരു തറവാട്.
നെൽകൃഷിക്ക് പൂണ്ടൻ എന്നൊരേർപ്പാട് നാട്ടിൽ ഇദ്ദേഹത്തിന്റെ ആശയമായിരുന്നു. അടുത്തടുത്തുള്ള പാടങ്ങളുടെ ഉടമസ്ഥർ എല്ലാവരുടെയും കാളപൂട്ടുകാർ ഒന്നിച്ചിറങ്ങി നിരന്ന്, ഒരറ്റം മുതലുള്ള പാടങ്ങൾ പൂട്ടുക. ട്രാക്ടറിനെക്കാൾ വേഗത്തിൽ കണ്ടം പൂട്ടാൻ സാധിക്കുന്ന ഒരു വിദ്യ ആയിരുന്നു പൂണ്ടൻ.
കഷായം, എണ്ണ, അരിഷ്ടം, ലേഹ്യം, മരുന്ന്, സൂപ്പ് എല്ലാം തന്നത്താനു ണ്ടാക്കാനുള്ള ആയുർവേദവും അറിയാം. സ്വന്തം പണി കൂടാതെ വഴിവെട്ടൽ, പള്ളി പണി, കുടുംബക്ഷേമ കേന്ദ്രം തുടങ്ങിയ നാട്ടിലെ എന്തെങ്കിലും പൊതു ആവശ്യങ്ങൾ വന്നാൽ അതിനും ആളും അർത്ഥവും ഒക്കെ മടി കൂടാതെ കൊടുക്കുന്ന പരോപകാരി. ഏതു പൊതു പണിക്കും അദ്ദേഹം ആദ്യം ഏറ്റെടു ക്കുന്ന ഉത്തരവാദിത്വം - ഭക്ഷണം എന്റെ വക എന്നതാണ്.
അദ്ദേഹത്തിന്റെ ഭാര്യയെ നാട്ടുകാരും വീട്ടുകാരും കുഞ്ഞമ്മയെന്നാണ് വിളിക്കുക. കാരണം, ദിവസം അമ്പതു പേർക്കെങ്കിലും മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നുണ്ട് ഈ അമ്മ. എന്റെ ഒരു ഊഹക്കണക്കിൽ കുഞ്ഞമ്മ തന്റെ ജീവിതകാലത്ത് പത്തു ലക്ഷം ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടു ണ്ടാവണം - അതവിടെ നിക്കട്ടെ....
ഇത്തരം ഒരു നാട്ടിൻ പുറത്തു നിന്നും, കുഞ്ഞുവർക്കിച്ചേട്ടൻ ഓനച്ചന്റെ കൂടെ, കുട്ടിയമ്മയുടെ ചെറുക്കനെ കാണാൻ, പാലായിലുള്ള ചാക്കോച്ചന്റെ തറവാട്ടിൽ ചെന്നു. അതും ഒരു നല്ല നാട്ടിൻപുറം. അപ്പോഴവിടെ ചാണ്ടിക്കുഞ്ഞും, ഇളയ സഹോദരൻ ദേവസ്യാച്ചനും കൂടി മുറ്റത്ത് ഗോലി കളിക്കുകയാണ്. അവരെ കാണിച്ചു കൊണ്ട് ഓനച്ചൻ, കുഞ്ഞുവർക്കിച്ചേട്ടനോടു പറഞ്ഞു. അതാണ് പയ്യൻ, കൂടെയുള്ളത് ഇളയ ആളാണ്, ദേവസ്യാച്ചൻ.
രണ്ട് വയസ്സ് ഇളയതാണെങ്കിലും, ദേവസ്യാച്ചന്, ചാണ്ടിക്കുഞ്ഞിനെക്കാൾ ദേഹപുഷ്ടിയുണ്ട്. അനിയനെ കണ്ടാൽ ചേട്ടനാണെന്ന് തെറ്റിദ്ധരിക്കും. കുഞ്ഞുവർക്കിച്ചേട്ടനും അങ്ങനെ ധരിച്ചുകൊണ്ടാണ് ബാക്കി കാര്യങ്ങൾ സംസാരിച്ചത്. പെണ്ണുകാണൽ ഒക്കെ അന്ന് അപൂർവ്വമായിരുന്നു. കാർന്നോന്മാർക്ക് തമ്മിൽ ബോധിച്ചതിനാൽ നാലുപേരും കൂടി ആ കല്യാണം അങ്ങ് ഉറപ്പിച്ചു.
മനസ്സമ്മതത്തിന് പള്ളിയിൽ ചെല്ലുമ്പോഴാണ്, കുഞ്ഞുവർക്കിച്ചേട്ടന് ആളു മാറിപ്പോയി എന്ന് മനസ്സിലാകുന്നത്. തീരെ മെലിഞ്ഞ് കൊലുന്നനെ ഒരു കൊച്ചു പയ്യൻ ചാണ്ടിക്കുഞ്ഞും, നല്ല ഒത്ത ശരീരമുള്ള കുട്ടിയമ്മയും.
ആരോ വന്ന് കുഞ്ഞുവർക്കിച്ചേട്ടനോട് ചോദിച്ചു, - ''മരമറിഞ്ഞു വേണ്ടേ ചേട്ടാ കൊടിയിടാൻ?''
- ആദ്യം ഒന്നന്ധാളിച്ചെങ്കിലും, ഒട്ടും മടിക്കാതെ അദ്ദേഹം തിരിച്ചടിച്ചു - ''അതേ, എന്റെ പറമ്പിൽ ഞാൻ കൊടിയിട്ട മരത്തിലൊക്കെ ഫലമുണ്ട്, കൊടിയിലൊക്കെ നല്ലോണം കുരുമുളകുമുണ്ട്. ഞാൻ കെട്ടിക്കൊണ്ടു വന്നപ്പോഴും ആരാണ്ടൊക്കെ എന്റെ അപ്പനോടും ഇങ്ങനെ ചോദിച്ചിട്ടുള്ളതാ. ഇതു തമ്പുരാന്റെ കളിയാണ്, വായിക്കിടക്കണ നാക്കിട്ടടിച്ച് ചുമ്മാ തമ്പുരാനെ പരീക്ഷിക്കല്ലേ''
മുത്തച്ഛന്റെ വാക്കുകൾ അച്ചട്ടായി. ആ മരങ്ങളും കൊടികളും ധാരാളം ഫലം പുറപ്പെടുവിക്കുന്നത് ഞാനറിയുന്നു. പൊരുത്തം ചുഴിഞ്ഞ് നോക്കി ക്ഷീണിച്ചിരിക്കുന്നവരോട് എനിക്കിത്രയേ പറയാനുള്ളു - കല്യാണം - അതു തമ്പുരാന്റെ കളിയാണ്, മനസ്സായിട്ട് അങ്ങ് നിന്നു കൊടുത്തേച്ചാൽ മതി.
Because - Marriage are made in Heaven.
George Kadankavil - August 2011