അതിബുദ്ധിമാനും സകലകലാ വല്ലഭനുമായ ഒരു മനുഷ്യന്റെ കഥ കേട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ ജയിൽ ശിക്ഷ അനുഭവിക്കാൻ അയാൾക്ക് ഇടയായി.
ജയിലിൽ കിടന്നു കൊണ്ട് അയാളിങ്ങനെ ചിന്തിച്ചു. എന്റെ കഴിവുകളെല്ലാം വിനിയോഗിക്കാതെ ഈ തടവറയിൽ കുറെക്കാലം കഴിഞ്ഞാൽ, കഴിവുകളെല്ലാം മുരടിച്ചു പോകുമല്ലോ, അതുകൊണ്ട് ഇവിടെ കഴിയുന്ന കാലം എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കണം.
അപ്പോഴാണ് തടവുമുറിയിൽ ഒരു ഉറുമ്പിനെ അയാൾ കാണുന്നത്. എനിക്കറിയാവുന്ന വിദ്യകളെല്ലാം ഈ ഉറുമ്പിനെ പഠിപ്പിക്കാം എന്നയാൾ നിശ്ചയിച്ചു.
ഒരു കാലി തീപ്പെട്ടി മുറ്റത്തുനിന്നും കിട്ടി. അതിൽഉറുമ്പിനെ പിടിച്ചിട്ടു, ഓരോരോ വിദ്യകളായി പഠിപ്പിച്ചു തുടങ്ങി. ഒരു തീപ്പെട്ടിയും കയ്യിൽ വെച്ച്, പല ഭാഷകൾ പറഞ്ഞും, നൃത്തം ചെയ്തും മറ്റും കഴിയുന്ന അയാൾക്ക് വട്ടായിരിക്കും എന്നു കരുതി, മറ്റു തടവുകാരും, വാർഡൻമാരും അയാളെ തീരേ ശല്യം ചെയ്തതേയില്ല.
ഏതാനും കാലം കൊണ്ട് ഉറുമ്പിനെ , പതിനാല് ഭാഷകളും , നൃത്തം, സംഗീതം , കരാട്ടെ, കളരിപ്പയറ്റ്, തന്ത്രമന്ത്ര വിദ്യകളും പഠിപ്പിച്ചു. അപ്പോഴേക്കും, അയാളുടെ ശിക്ഷാ കാലവും അവസാനിച്ചു.
ജയിൽശിക്ഷ കഴിഞ്ഞിറങ്ങുന്നവർ ആദ്യം പോകുന്നത് ഏതെങ്കിലും ബാറിലേക്കായിരിക്കും എന്നാണല്ലോ സങ്കല്പം. ഇദ്ദേഹവും ആദ്യം പോയത് ഒരു മുന്തിയ ബാറിലേക്കാണ്. ബാറിലെ നല്ല വെളിച്ചമുള്ള ഒരു ഭാഗത്ത് അയാൾഇരിപ്പിടം കണ്ടെത്തി. നല്ല വൃത്തിയുള്ള ലിനൻ വിരിച്ചിരിക്കുന്ന മേശ. തീപ്പെട്ടി തുറന്ന് ഉറുമ്പിനെ മേശപ്പുറത്ത് വെച്ച്, അയാൾ ഉറുമ്പിനോടായി പറഞ്ഞു.
നമ്മൾ ഇതാ തടവിൽ നിന്നും സ്വതന്ത്രരായിരിക്കുന്നു. ഇനിയുള്ള നാളുകൾ നമ്മുടേതാണ്. ഇത് നമുക്ക് ആഘോഷിക്കാം, നീ ഒരു നൃത്തം ചെയ്യൂ.
ഉറുമ്പ് ഗുരുനാഥന്റെ ഇഷ്ടപ്രകാരം മേശപ്പുറത്ത് നൃത്തം തുടങ്ങി. നൃത്തം അങ്ങിനെ ആസ്വദിച്ച് ഇരിക്കുമ്പോൾ, ഉറുമ്പിന്റെ കഴിവുകളെക്കുറിച്ച് അയാൾക്ക് വളരെ അഭിമാനം തോന്നി. ഒരു ഉറുമ്പിനെ പരിശീലിപ്പിച്ച് ഇങ്ങനെ മാറ്റി എടുക്കാൻ കഴിഞ്ഞ സ്വന്തം കഴിവിനേക്കുറിച്ച് അയാൾക്ക് അഭിമാനവും , അഹങ്കാരവും തോന്നി. ഇതെല്ലാം ആരെയെങ്കിലും ഒന്നു കാണിക്കണമല്ലോ !
തന്റെ സാമർത്ഥ്യം ലോകത്തിനു കാട്ടികൊടുക്കാൻ അയാൾക്ക് ധൃതി ആയി. അയാൾ വെയിറ്ററെ വിളിച്ചു വരുത്തി പറഞ്ഞു.
"മിസ്റ്റർ ഇതാ ഈ ഉറുമ്പിനെ ഒന്നു നോക്കു !..."
വെയിറ്റർ ഞെട്ടിപ്പോയി.
ഞൊടിയിടയിൽ ഒരു നാപ്കിനെടുത്ത് കയ്യിൽ ചുറ്റി, ഉറുമ്പിനെ ഒറ്റ അടി.
"ഉറുമ്പ് പ്ളാച്ച്"
ചത്ത ഉറുമ്പിനെ നാപ്കിനിൽ പൊതിഞ്ഞെടുത്ത്, വളരെ ആത്മാർത്ഥമായ വിനയത്തോടെ, വെയിറ്റർ, ബുദ്ധിമാനോടു പറഞ്ഞു;
"ക്ഷമിക്കണം സാർ, സാറിന് വേറൊരു ടേബിൾ ഞാൻ ഇപ്പോൾ റെഡിയാക്കാം. ഏറ്റവും മികച്ച പെസ്റ്റ് കൺട്രോൾ ഉള്ള, എന്നും ഡിസിൻഫെക്ട് ചെയ്ത് വൃത്തിയായി സൂക്ഷിക്കുന്ന ഒരു ബാറാണിത്. എന്നിട്ടും ഇവിടെങ്ങിനെ ഈ ഉറുമ്പ് കയറി എന്നറിയില്ല. My apologies Sir"
ചിത്തഭ്രമം ബാധിച്ചതു പോലെ, എന്തൊക്കെയോ പുലമ്പികൊണ്ട്, ആ ബുദ്ധിമാൻ, ബാറിൽ നിന്നും ഇറങ്ങിപ്പോയി . . . . .
ഈ ബുദ്ധിമാനെക്കുറിച്ച് ഒന്നു ചിന്തിക്കാം. അയാളുടെ നേട്ടം വളരെ വലുതായിരുന്നു, പക്ഷേ, അത് അയാൾക്ക് മാത്രമെ അറിയുമായിരുന്നുള്ളു.
മറ്റുള്ളവരെ അത് വേണ്ട വിധം അറിയിച്ച് അംഗീകാരം നേടി എടുക്കേണ്ടത് ഒരാവശ്യമാണ് എന്ന് അയാൾ ചിന്തിച്ചതേയില്ല.
മിടുക്കനായ ഉറുമ്പിനെ കണ്ടാൽ എല്ലാവർക്കും അതിന്റെ മഹത്വം മനസ്സിലാകുമല്ലോ എന്ന് അയാൾ കരുതി. അയാളുടേതായ പ്രവൃത്തികളുടെ ഒരു ലോകത്തിൽ ആയിരുന്നു അയാൾ കഴിഞ്ഞത്. അതുപോലെ തന്നെ മറ്റുള്ളവരും അവരവരുടെ ലോകത്തിലാണ് കഴിയുന്നത് എന്നു മനസ്സിലാക്കേണ്ടതുണ്ട്.
അവരുടെ ശ്രദ്ധ ആകർഷിച്ച് അയാളുടെ ഉറുമ്പിന്റെ സവിശേഷതകൾ അവരെ ബോദ്ധ്യപ്പെടുത്തി അർഹിക്കുന്ന അംഗീകാരം കൂടി അയാൾ നേടേണ്ടിയിരുന്നു.
എനിക്ക് ആരുടേയും അംഗീകാരം അങ്ങിനെ പിടിച്ചു വാങ്ങേണ്ട കാര്യമില്ല എന്നു പറയുന്ന മിടുക്കൻമാരെയും മിടുക്കികളെയും ഞാൻ കാണാറുണ്ട്. ഇതിൽ ചിലർ വിവാഹം ശരിയാകാതെ വിഷമിക്കുന്നു. മറ്റുള്ളവർ കെട്ടിയ പങ്കാളിയുമായി പൊരുത്തപ്പെടാൻ കഴിയാതെ തത്രപ്പെടുന്നു. നല്ല രീതിയിൽ കുടുംബം നടത്താനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടായിട്ടും, വകതിരിവ് ഇല്ലാത്ത പ്രവൃത്തികളും പെരുമാറ്റവും മൂലം തകർന്നു പോയ ചില ബന്ധങ്ങളെ കുറിച്ചും ഈ കഥ കേട്ടപ്പോൾ ഓർത്തുപോയി.
എന്റെ അഭിപ്രായത്തിൽ ആ ബുദ്ധിമാൻ വളരെയൊന്നും വിഷമിക്കേണ്ട കാര്യമില്ല. തന്റെ തടവുകാലം അതിവേഗത്തിൽ, അർത്ഥ പൂർണ്ണമായി വിനിയോഗിക്കുവാൻ ആ ഉറുമ്പ് അയാൾക്ക് ഒരു നിമിത്തമായിരുന്നു. ശിക്ഷ കഴിഞ്ഞു ഇനി ആ ഉറുമ്പിനു പ്രസക്തി ഉണ്ടായിരുന്നില്ല. അതു കൊണ്ടാവാം ഇങ്ങിനെ സംഭവിച്ചത്.
പക്ഷേ നിങ്ങളുടെ ഉറുമ്പിന് പ്രസക്തിയുണ്ടെങ്കിൽ ശ്രദ്ധിക്കുക, ബുദ്ധിമാന്റെ പ്രയത്നം അയാൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. അതുപോലെ തന്നെ വെയിറ്ററുടെ പ്രയത്നം വെയിറ്റർക്കും പ്രധാനപ്പെട്ടതായിരുന്നു. ബാറിന്റെ വൃത്തിയും , കസ്റ്റമേഴ്സിനെ പരിചരിക്കലും മറ്റും ആയിരുന്നു വെയിറ്ററുടെ ലോകം. അത് ആത്മാർത്ഥമായി തന്നെയാണ് ആ വെയിറ്റർ ചെയ്തത്. എന്നിട്ടും പാവം ഉറുമ്പ് ചത്തത് , ബുദ്ധിമാന് വകതിരിവ് ഇല്ലാഞ്ഞതു കൊണ്ടല്ലേ?
പ്രിയ മക്കളേ , നിങ്ങളുടെ ജീവിതം ഇങ്ങനെ പ്ളാച്ച് ആകാതിരിക്കാൻ, കൂടുതലൊന്നും ചെയ്യേണ്ട, നിങ്ങളുടെ കാഴ്ച്ചപ്പാടൊന്നു മാറ്റിയാൽ മതി.
നമുക്ക് എത്രയെല്ലാം കഴിവുകൾ ഉണ്ടായിരുന്നാലും ശരി. അത് അസ്ഥാനത്ത് കാണിക്കരുത്. വ്യക്തമായ ഉദ്ദേശം സാധിക്കാനായി , വേണ്ട സമയത്ത് , വേണ്ട വിധം പ്രകടിപ്പിക്കാൻ തയ്യാറായിരിക്കണം. ഉചിതമായ അവസരം കിട്ടുമ്പോൾ അത് ഫലപ്രദമാക്കുക. അതിനാണ് വകതിരിവ് എന്നു പറയുന്നത്.
കുടുംബത്തിൽ ഒരാൾക്കു മാത്രം വകതിരിവുണ്ടായാൽ മതിയോ സാറേ എന്ന ചോദ്യം ഞാൻ സ്ഥിരം കേൾക്കുന്നതാണ്.
മതി - അത്രയെങ്കിലും ആയല്ലോ, വകതിരിവ് ഉള്ള ആൾ, ക്ഷമയോടെ മറ്റേ ആളിനെ പുതിയ കാഴ്ചപ്പാടുകളിലേക്ക് കൊണ്ടു വരണം.
അവനവനെ കുറിച്ച് മാത്രം ചിന്തിച്ചാൽ പോരാ, നമ്മുടെ ചെയ്തികൾ മറ്റുള്ളവരെ എങ്ങിനെ ബാധിക്കും എന്നുകൂടി ചിന്തിക്കണം . മറ്റുള്ളവരില്ലെങ്കിൽ നമ്മളും ഇല്ല എന്ന് മനസ്സിലാക്കണം. അവരെ ആകർഷിച്ച് നിങ്ങളുടെ ഉറുമ്പിനെ അംഗീകരിക്കാൻ ഉചിതമായ പദ്ധതികളിടുക, അതിനു ചേരും വിധം പെരുമാറുക. അല്ലെങ്കിൽ നിങ്ങളുടെ ഉറുമ്പും - Plaach !....
George Kadankavil - Nov 2010.