ഞാനും ഭർത്താവും കിടന്നുറങ്ങുന്ന മുറിയുടെ വാതിൽക്കലും, ജനലിന്റടുത്തും ആരോ വന്ന് നിന്ന്, ഞങ്ങളുടെ സംഭാഷണം ഒളിഞ്ഞു കേൾക്കുന്നതായി ഞങ്ങൾക്കു നല്ല സംശയമുണ്ട്. ആരാണെന്നു കണ്ടു പിടിക്കാൻ ഭർത്താവിനോട് പറഞ്ഞപ്പോൾ, അദ്ദേഹം പറയുന്നു, മോളേ ഇത് നമ്മുടെ വീട്ടിലെ ആരെങ്കിലും തന്നെ ആയിരിക്കും. അവരെ കയ്യോടെ പിടികൂടി, എക്സ്പോസ് ചെയ്താൽ നാണക്കേട് നമ്മൾക്ക് തന്നെയല്ലേ എന്ന്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ എന്നൊക്കെ സാറെഴുതാറുണ്ടല്ലോ, അതുകൊണ്ടാ സാറിനെ വിളിച്ച് പറയുന്നത്.
സാറ് എഴുതുന്നത്, ഇവിടെ വീട്ടിൽ എല്ലാവരും വായിക്കാറുണ്ട്. ആരുടെയും അഭിമാനം മുറിപ്പെടുത്താതെ എങ്ങിനെയെങ്കിലും ഇതിനൊരു പരിഹാരം കണ്ടു പിടിക്കാമോ?
മോളേ, ഞാനൊരു കഥയെഴുതാം. വിക്രമാദിത്യൻ വേതാളത്തെ പിടിച്ച കഥ നീ കേട്ടിട്ടുണ്ടോ?.
അജയ്യനാകാൻ മോഹിച്ച ഒരു ദുർമന്ത്രവാദി, അതിനായി വലിയൊരു യാഗം നടത്തിവരികയായിരുന്നു. യാഗം വിജയിക്കണമെങ്കിൽ നൂറ്റിയൊന്നു രാജാക്കന്മാരെ ബലി കൊടുക്കണം. മന്ത്രവാദി വളരെക്കാലം കൊണ്ട് ഓരോരോ സൂത്രങ്ങൾ പ്രയോഗിച്ച് നൂറു രാജാക്കന്മാരെ യാഗവേദിയിൽ എത്തിച്ച് ബലികൊടുത്തു. നൂറ്റിയൊന്നാമതായി കണ്ടുവെച്ചത് വിക്രമാദിത്യ ചക്രവർത്തിയെ ആയിരുന്നു.
ദുർമന്ത്രവാദി സൂത്രങ്ങൾ പ്രയോഗിച്ച് വിക്രമാദിത്യന്റെ ശ്രദ്ധ പിടിച്ചു പറ്റി, ചക്രവർത്തിയെ നേരിൽ കാണാൻ അവസരമുണ്ടാക്കി. എന്നിട്ട് പറഞ്ഞു, അങ്ങ് മഹാനായ ചക്രവർത്തിയാണ്. അങ്ങയെ അജയ്യനാക്കുവാൻ വേണ്ടി ഞാൻ ഒരു യാഗം നടത്തുകയാണ്, അങ്ങ് വന്ന് ഈ യാഗത്തിനു വേണ്ട സഹായങ്ങൾ ചെയ്തു തരണം.
വിക്രമാദിത്യന് വർഷത്തിൽ ആറുമാസം വനവാസത്തിന് പോകുന്ന പതിവുണ്ട്. ഇത്തവണത്തെ വനവാസം ഈ യാഗത്തിനു വേണ്ടി ചിലവഴിക്കാം എന്നു നിശ്ചയിച്ച്, രാജഭരണം സഹോദരനെ ഏല്പിച്ച്, മന്ത്രവാദിയോടൊപ്പം യാഗസ്ഥലത്തേക്ക് പുറപ്പെട്ടു. യാഗവേദിയിലെത്തി, ഇനി എന്തു സഹായമാണ് ഞാൻ ചെയ്യേണ്ടത് എന്നു ചോദിച്ചപ്പോൾ, വനത്തിലുള്ള ഒരു ആൽമരത്തിൽ ഒരു ശവം തൂങ്ങി കിടപ്പുണ്ട്, അതിനുള്ളിൽ ഒരു വേതാളം ഉണ്ട്. ആ വേതാളത്തിനെ പിടിച്ച് ഈ യാഗവേദിയിൽ കൊണ്ടു വന്ന് ബലികൊടുക്കണം, അതോടെ അങ്ങ് അജയ്യനായിത്തീരും എന്നു പറഞ്ഞ്, മന്ത്രവാദി വിക്രമാദിത്യനെ കൊണ്ട് വേതാളത്തെ പിടിക്കും എന്ന് സത്യം ചെയ്യിച്ചു.
സത്യം ചെയ്ത് കിട്ടിയതോടെ മന്ത്രവാദി ഒരു കൌശലം പ്രയോഗിച്ചു. ഒരു പക്ഷേ വേതാളത്തെ പിടിക്കാൻ അങ്ങേക്കു സാധിച്ചില്ല എങ്കിൽ പകരം, അങ്ങ് സ്വയം ബലികൊടുക്കേണ്ടി വരും എന്ന് പറഞ്ഞ് വിക്രമാദിത്യനെ ഊരാക്കുടുക്കിലാക്കി.
വിക്രമാദിത്യൻ വനത്തിലെത്തി വേതാളം തലകീഴായി തൂങ്ങിക്കിടക്കുന്ന മരം കണ്ടുപിടിച്ചു, യുദ്ധം ചെയ്ത് വേതാളത്തെ പരാജയപ്പെടുത്തി പിടിച്ച് കെട്ടി തന്റെ തോളിലിട്ടു കൊണ്ട് യാഗസ്ഥലത്തേക്ക് യാത്രയായി. പോകും വഴിക്ക് വേതാളം പറഞ്ഞു, നിങ്ങളെന്നെ തോല്പിച്ചു, അതുകൊണ്ട് ഞാൻ കൂടെ വരുന്നു, പക്ഷേ നിങ്ങളിനി എന്തെങ്കിലും സംസാരിച്ചാൽ ഞാൻ തിരികെ എന്റെ ആൽമരത്തിലേക്കു പോകും. വിക്രമാദിത്യൻ തലകുലുക്കി അത് സമ്മതിച്ചു. അതുപക്ഷേ അടുത്ത ഊരാക്കുടുക്കായിരുന്നു.
വേതാളം വിക്രമാദിത്യന്റെ തോളിൽകിടന്നു കൊണ്ട് വീണ്ടും സംഭാഷണം തുടങ്ങി, വിക്രമാദിത്യന് തിരിച്ചൊന്നും പറയാൻ പറ്റില്ല, മിണ്ടിപ്പോയാൽ വേതാളം തിരിച്ചു പോകുമല്ലോ, സഹിക്കുക തന്നെ. വേതാളം പിന്നെ ഒരു കഥ പറഞ്ഞു, കഥയുടെ അവസാനം അതിലെ കഥാപാത്രങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചിട്ടു പറഞ്ഞു, ഈ ചോദ്യത്തിന് ശരി ഉത്തരം പറഞ്ഞില്ലെങ്കിൽ നിങ്ങളുടെ തല നൂറു കഷണമായി പൊട്ടിത്തെറിക്കും.
വിക്രമാദിത്യൻ കുഴങ്ങിപ്പോയി, സംസാരിച്ചാൽ വേതാളം തിരികെ പോകും, ഉത്തരം പറയാതിരുന്നാൽ തല പൊട്ടിത്തെറിക്കും. തല രക്ഷിക്കാനായി വിക്രമാദിത്യൻ, ബുദ്ധിപൂർവ്വം ആലോചിച്ച് നീതിയുക്തമായ ഒരുത്തരം കണ്ടെത്തി വേതാളത്തോട് പറഞ്ഞു, പൊട്ടിച്ചിരിച്ചു കൊണ്ട് വേതാളം മരത്തിലേക്ക് മടങ്ങി. വിക്രമാദിത്യൻ വീണ്ടും ചെന്ന് വേതാളത്തെ പിടിച്ചു കെട്ടി യാഗസ്ഥലത്തേക്ക് യാത്ര തുടങ്ങി.
വേതാളം ഉടനെ അടുത്ത കഥ പറഞ്ഞു, വിക്രമാദിത്യൻ ഉത്തരം പറഞ്ഞു, വേതാളം മരത്തിലേക്കു മടങ്ങി. അങ്ങിനെ 23 കഥകൾ പറഞ്ഞു, ഓരോ കഥയും ഭയങ്കര സസ്പെൻസ് ത്രില്ലർ സമസ്യകളായിരുന്നു. ഓരോ കഥയിലെ സംഭവങ്ങൾക്കും നീതി,ന്യായ,ധർമ്മങ്ങൾ ശരിയായി പാലിക്കുന്ന ഉത്തരങ്ങൾ തന്നെ വിക്രമാദിത്യൻ പറഞ്ഞു. അപ്പേഴെല്ലാം വേതാളം തിരിച്ചു പോകും, വിക്രമാദിത്യൻ പിന്നെയും പിടിച്ചു കെട്ടി തോളിലിട്ടു കൊണ്ടു വരും.
ഒടുവിൽ വേതാളം ഇരുപത്തി നാലാമത്തെ കഥ പറഞ്ഞു, അതിങ്ങനെ ആയിരുന്നു, ഒരു രാജ്യത്തെ രാജാവിനെ ശത്രുക്കൾ ആക്രമിച്ചു കീഴ്പെടുത്തി. ഇതറിഞ്ഞ രാജ്ഞിയും രാജകുമാരിയും ഒരു തുരങ്കം വഴി കൊട്ടാരത്തിൽ നിന്നും രക്ഷപ്പെട്ടു ഒരു കാട്ടിലെത്തി. വഴിയറിയാതെ കാട്ടിലൂടെ ഏതാനും ദിവസം പാലായനം ചെയ്ത്, ഒടുവിൽ എവിടെയോ തളർന്നു വീണു. അത് വേറൊരു രാജ്യമായിരുന്നു, ആ രാജ്യത്തെ രാജാവും രാജകുമാരനും യാദൃച്ഛികമായി അപ്പോളാവഴി വന്നു. വഴിയിൽ ബോധമറ്റ് വീണുകിടക്കുന്ന രണ്ട് സുന്ദരിമാരെ കണ്ടപ്പോൾ രാജാവിന് രാജകുമാരിയോടും, രാജകുമാരന് രാജ്ഞിയോടും കലശലായ മോഹം തോന്നി.
രണ്ടുപേരെയും കൊട്ടാരത്തിൽ കൊണ്ടു വന്ന് പരിചരിച്ച് ആരോഗ്യം വീണ്ടെടുത്തപ്പോൾ രാജാവ് രാജകുമാരിയേയും, രാജകുമാരൻ രാജ്ഞിയേയും (അച്ഛൻ മകളേയും, മകൻ അമ്മയേയും) വിവാഹം ചെയ്തു. ഇവർക്ക് കാലാന്തരത്തിൽ ഓരോ ആൺമക്കൾ ഉണ്ടായി, ഈ കുട്ടികൾ തമ്മിലുള്ള ബന്ധത്തിന് എന്തു പേരു വിളിക്കണം? ഇതായിരുന്നു വേതാളത്തിന്റെ ചോദ്യം. ഇതിന്റെ ഉത്തരം അറിയാതെ വിക്രമാദിത്യൻ അന്ധാളിച്ചു പോയി. തലപോകുന്നെങ്കിൽ പോട്ടെ എന്നു നിശ്ചയിച്ച് അദ്ദേഹം നിശ്ശബ്ദനായി നിന്നു.
ഉടനെ വേതാളം തോളിൻനിന്ന് ഇറങ്ങി വിക്രമാദിത്യന്റെ മുന്നിൽ വന്ന് സാംഷ്ടാംഗം പ്രണമിച്ചു. ഒരായിരം വർഷമായി ഞാൻ അങ്ങയെ കാത്ത്, എന്നെങ്കിലും അങ്ങ് വന്നെത്തുമെന്ന് പ്രതീക്ഷിച്ച്, ആ മരത്തിൽ തൂങ്ങിക്കിടക്കുകയായിരുന്നു. അങ്ങ് വിക്രമാദിത്യ ചക്രവർത്തിയാണ്, ഇനി ഞാൻ അങ്ങയുടെ ദാസനായിരിക്കും.
എന്നിട്ട് വേതാളം തന്റെ സ്വന്തം കഥ പറഞ്ഞു തുടങ്ങി. ഇരുപത്തി അഞ്ചാമത്തെ കഥ.
പണ്ട് ഒരു ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു ഞാൻ, രാത്രി പൂജകഴിഞ്ഞ് നടയടച്ച് വീട്ടിലേക്ക് പുറപ്പെട്ടു. വഴിക്ക് വെച്ച് പെട്ടെന്ന് ഭയങ്കര മഴ വന്നതിനാൽ , തിരികെ ക്ഷേത്രത്തിൽ വന്ന് അവിടെ കിടന്നുറങ്ങി. രാത്രി കുറെ ചെന്നപ്പോൾ, ശ്രീകോവിലിൽ നിന്ന് ഒരു പുരുഷന്റെയും സ്ത്രീയുടെയും ശബ്ദം കേട്ട് ഉണർന്നു. എന്നിട്ട് ഞാൻ ശബ്ദമടക്കി, ഒളിഞ്ഞു നിന്ന്, ആ സംഭാഷണം കേട്ടു. പുരുഷൻ ഓരോരോ കഥകളാണ് ആ സ്ത്രീയ്ക്ക് പറഞ്ഞു കൊടുക്കുന്നത്. ഓരോ കഥയും ഭയങ്കര സസ്പൻസ് ത്രില്ലർ സമസ്യകളാക്കി പറഞ്ഞു നിർത്തും എന്നിട്ട്, സമസ്യയുടെ ഉത്തരവും വിശദീകരിച്ചു കൊടുക്കും.
മനുഷ്യ ജീവിതത്തിലെ അതി സങ്കീർണ്ണമായ ചില അവസ്ഥകളും അതിലുള്ള ന്യായങ്ങളും അന്യായങ്ങളുമായിരുന്നു കഥകളിലൂടെ അയാൾ പറഞ്ഞു കൊടുത്തിരുന്നത്. അങ്ങനെ ഇരുപത്തിനാലു കഥകൾ പറഞ്ഞു ആ പുരുഷൻ. അതെല്ലാം ശ്വാസമടക്കിപ്പിടിച്ചുനിന്നു ഞാൻ കേട്ടു. പക്ഷേ ഇരുപത്തി നാലാമത്തെ കഥയുടെ ഉത്തരം വരുന്നതിന് മുമ്പ്, ഞാൻ എന്തോ ശബ്ദം പുറപ്പെടുവിച്ചു. അതോടെ അകത്തെ സംഭാഷണം നിലച്ചു. ശ്രീകോവിൽ തുറന്ന് ആ പുരുഷനും സ്ത്രീയും പുറത്തേക്കുവന്നു, അവരെകണ്ട് ഞാൻ അസ്തപ്രജ്ഞനായി. സാക്ഷാൽ ശിവനും പാർവ്വതിയും ആയിരുന്നു അവർ.
ക്ഷിപ്രകോപിയായ ശിവൻ,നീ ഒരു വേതാളമായി പോകട്ടെ എന്ന്, എന്നെ ശപിച്ചു. ഭർത്താവ് കോപിഷ്ഠനായാൽ തണുപ്പിക്കേണ്ടത് ഭാര്യയുടെ ധർമ്മമാണല്ലോ? പാർവ്വതിക്ക് എന്നോട് അനുകമ്പ തോന്നി ശിവനോട് പറഞ്ഞു, ഇയാൾ ഇത്രനാളും ഇവിടെ നമുക്ക് പൂജ ചെയ്തിരുന്നതല്ലേ, എന്തെങ്കിലും ശാപമോഷം കൊടുക്കണം എന്ന്. അങ്ങനെ ശിവൻ കനിഞ്ഞ് പറഞ്ഞു.
നീ ഈ മരത്തിൽ തൂങ്ങിക്കിടന്നു കൊള്ളുക, നിനക്ക് അമാനുഷിക കഴിവുകൾ ഞാൻ തരുന്നു, ഞാൻ പറഞ്ഞ കഥകൾ നിന്റെ മുന്നിൽ പെടുന്നവരോട് പറയുക. അതിൽ അവസാനത്തേത് ഒഴികെ മറ്റ് എല്ലാ കഥകൾക്കും ശരി ഉത്തരം അറിയുന്ന ആരെയെങ്കിലും കണ്ടെത്തിയാൽ നീ അയാളുടെ ദാസനായിരിക്കുക. അയാൾ നിനക്ക് ശാപമോക്ഷം നൽകും.
ദൈവീക പരിവേഷമുള്ള ഇത്തരം ഐതീഹ്യ കഥകൾ കൊണ്ട് "നീതിയും അനീതിയും", "ന്യായവും അന്യായവും", "ധർമ്മവും അധർമ്മവും", തമ്മിൽ വിവക്ഷിച്ചറിയുവാൻ സമൂഹത്തിന് ഉദാഹരണ സഹിതം സഹായകരമാകണം എന്നതായിരുന്നു അത് എഴുതിയ ജ്ഞാനികളുടെ ഉദ്ദേശം.
മണിയറയിൽ മാത്രമല്ല, എവിടെയാണെങ്കിലും ഒളിഞ്ഞു നോക്കുന്നതും, ഒളിഞ്ഞു കേൾക്കുന്നതും, അധർമ്മമാണ്. ഇത് ഒരുപക്ഷേ മാനസികരോഗം ആയിരിക്കാം. ഏതൊരു ശാപത്തിനും ശാപമോക്ഷം എന്നൊരു ഉപാധിയും ഉണ്ടായിരിക്കും. അതുകൊണ്ട്, ഈ രോഗത്തിന് ഭേദം കാണുന്നില്ല എങ്കിൽ, ചികിത്സിക്കണം.
ആരേ ചികിത്സിക്കണം, എന്നല്ലേ?, അത് കണ്ടു പിടിക്കാൻ ഇക്കാലത്ത് നിരവധി യന്ത്രങ്ങൾ ഉണ്ടല്ലോ. surveillance camera സംവിധാനങ്ങൾ പിടിപ്പിക്കുന്നവരോട് പറഞ്ഞാൽ മതി വലിയ ചിലവില്ലാതെ തന്നെ ഈ വില്ലനെ കണ്ടുപിടിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ കഴിയും.
സംശയം ഉള്ളിൽ വെച്ചു കൊണ്ടിരുന്നാൽ കൂടെയുള്ളവരെ വിശ്വസിക്കാൻ പറ്റാതെ വിഷമിക്കേണ്ടി വരില്ലേ?. ചിലപ്പോൾ വല്ല എലിയോ, പൂച്ചയോ, മറ്റേതെങ്കിലും ജീവികളോ ആണെങ്കിലോ, വെറുതെ സ്വന്തം രക്തത്തെ സംശയിച്ചതായിപ്പോകില്ലേ?
എന്റെ അഭിപ്രായത്തിൽ ഇത് ഇനിയും ആവർത്തിച്ചാൽ, രഹസ്യമായി വെച്ചു കൊണ്ടിരിക്കരുത്. വീട്ടിൽ തുറന്നു പറയണം.
George Kadankavil - December 2015