Back to articles

സ്ത്രീസ്വത്ത് ഇല്ലെങ്കിൽ; പിന്നെ കല്യാണച്ചിലവ്?

October 01, 2013

''ഇരുപത് ലക്ഷം രൂപ സ്ത്രീസ്വത്ത് കൊടുത്ത ഒരു സംഭവത്തെ കുറിച്ചെഴുതിയ ലേഖനം വായിച്ചു. എന്റെ ഒരു സുഹൃത്തിന്റെ കാര്യം കൂടി കാടൻകാവിൽ സാർ ഒന്ന് എഴുതാമോ? ഞാൻ ബാംഗ്ളൂരിൽ  നിന്നാണ് വിളിക്കുന്നത്. എന്റെ പേരും ബെത് ലെഹമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അങ്കിളിന്റെ ലേഖനങ്ങൾ ഞങ്ങൾ പിള്ളേരു സെറ്റ് ചിലപ്പോൾ ചർച്ച ചെയ്യാറുണ്ട്.  ഞങ്ങൾ സുഹൃത്തുക്കളിലൊരാളുടെ പ്രശ്നം ചർച്ചചെയ്തപ്പോഴാണ്, അങ്കിളിനെ ഇപ്പോൾതന്നെ വിളിച്ച് സംസാരിക്കണം എന്നു തോന്നിയത്.

സുഹൃത്തിന്റെ വിവാഹം കഴിഞ്ഞിട്ട് 3 മാസമായി. വിവാഹ സമയത്ത് സ്ത്രീധനം ഒന്നും ചോദിച്ചതുമില്ല അവര് കൊടുത്തതുമില്ല. കല്യാണം കഴിഞ്ഞ് ബാംഗ്ളൂരിൽ എത്തിയപ്പോൾ ഭാര്യ അവനോട് പറഞ്ഞു, 20 ലക്ഷം രൂപ അവളുടെ അപ്പച്ചൻ അവൾക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടു കൊടുത്തിട്ടുണ്ട്. ഇനി എത്രയും  പെട്ടെന്ന് ഇവിടെ ഒരു ഫ്ളാറ്റ് വാങ്ങണം. അതിന് അവളുടെ ശമ്പളം മുഴുവനും മിച്ചം പിടിക്കുകയും, അവന്റെ ശമ്പളം കൊണ്ട് വീട്ടു ചിലവുകൾ  നടത്തുകയും ചെയ്യണം എന്ന്. അപ്പോഴാണ്, സ്ത്രീസ്വത്ത് എന്താണെന്ന്  അവനറിയുന്നത്.

പയ്യനാണെങ്കിൽ  അതുവരെ മിച്ചം പിടിച്ച കാശെല്ലാം കല്യാണച്ചിലവിനെന്നു പറഞ്ഞ് അവന്റെ  അപ്പന്റെ  കയ്യിൽ  കൊടുത്തു. അപ്പൻ അതിന്റെ  ഇരട്ടിയോളം  ചിലവഴിച്ച് കല്യാണം കേമമായിട്ട് നടത്തി. പിന്നെ ഒരു ഹണിമൂൺ കഴിഞ്ഞു വന്നപ്പോഴേക്കും  പയ്യന്റെ രണ്ട് ക്രെഡിറ്റ് കാർഡിന്റെയും  ലിമിറ്റ് തീരുവോളം  കടമായി. ഇപ്പോൾ റിക്കവറിക്കാരെ പേടിച്ച് മൊബൈൽ ഓഫാക്കി നടക്കുകയാണ്.

കല്യാണം കഴിഞ്ഞ മറ്റൊരു സുഹൃത്ത് ഞങ്ങൾക്കുണ്ട്. അവന്റെ മനസ്സമ്മതം കഴിഞ്ഞപ്പോൾ കല്യാണച്ചിലവിന്  എന്നു പറഞ്ഞ്  അമ്മായിഅപ്പൻ അഞ്ചു ലക്ഷം രൂപ അവന്  കൊടുത്തിരുന്നു. അതുപോലെ  എന്തെങ്കിലും അവര് തരും എന്ന് ഇവനു പ്രതീക്ഷയുണ്ടായിരുന്നു.

അങ്കിളെഴുതിയിരുന്നത് ഓർക്കുന്നു, ഇപ്പോഴത്തെ പിള്ളേർക്ക് ഏതെങ്കിലും  ഒരു ജോലി ചെയ്യാനുള്ള പഠിപ്പു മാത്രമേ ഉള്ളൂ,  ജീവിതം നയിക്കാനുള്ള കാര്യങ്ങൾ പഠിച്ചിട്ടില്ല എന്ന്. ഒരു സുഹൃത്തിന്റെ കാര്യത്തിൽ അത് ശാരിയാണെന്നു പറയാം. പഠിത്തത്തിലും ജോലിയിലും ഇവനോളം  സമർത്ഥനെ ഞാൻ കണ്ടിട്ടില്ല. ഇവനീ കുരുക്ക് എങ്ങനെ അഴിക്കണമെന്നാ അങ്കിളിന്റെ അഭിപ്രായം. ഭാര്യയോട് പണം ചോദിക്കുന്നതിൽ തെറ്റുണ്ടോ?''

മോനേ നിന്റെ സുഹൃത്തിന്റെയും ഭാര്യയുടെയും  ചെയ്തികളിൽ കുറച്ച്  പിടിപ്പു കേടും, മനോഭാവത്തിൽ ചില പൊരുത്തക്കേടുകളും ഞാൻ കാണുന്നു. സ്വർണ്ണം വാങ്ങുന്നതും മറ്റും രണ്ട് വീട്ടുകാരും കൂടി ചർച്ച ചെയ്തല്ലേ തീരുമാനിക്കുന്നത്. പിന്നെ സ്ത്രീസ്വത്ത് എന്താണെന്ന് അവനറിയാതെ പോയത്  എങ്ങനെയാണാവോ.

ഏതായാലും  ഇത്തരം സംഘർഷങ്ങൾ ഉണ്ടാകുന്നത് നല്ലതിനായിരിക്കും എന്നാണ് എന്റെ ചിന്ത. പരസ്പരം മനസ്സിലാക്കി വിട്ടു വീഴ്ചകൾ ചെയ്ത് ദാമ്പത്യത്തിന് അടിവേരുകൾ ഉറപ്പിക്കാൻ ദമ്പതിമാർക്ക് ലഭിക്കുന്ന അമൂല്യ അവസരങ്ങളാണ് ഇത്തരം അവസ്ഥകൾ. നിർഭാഗ്യവശാൽ പല ദമ്പതികളും,  ഇത് സ്ഥിരം കുടുംബ കലഹത്തിനുള്ള കാരണമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആദ്യമായി നീന്താൻ വെള്ളത്തിൽ ചാടുന്ന പലരും കുറച്ച് വെള്ളം കുടിച്ചു പോകാറില്ലേ. ഇതും അങ്ങനെ കരുതിയാൽ മതി.

സ്ത്രീധനം  ചോദിക്കാതിരുന്നതു കൊണ്ട് മാത്രം മിടുക്കനാവില്ല. കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന ചിന്ത ഉള്ളിൽ കിടന്നതുകൊണ്ടായിരിക്കണം, കിട്ടാതെ വന്നപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതു പോലെ  പെരുമാറിയത്. ഏതായാലും ഇങ്ങനെ ഒളിച്ചുകളി നടത്താതെ, പ്രശ്നങ്ങളെ നേരിടാൻ നിങ്ങളുടെ സുഹൃത്തിന് നിങ്ങൾ ധൈര്യം കൊടുക്കുക.

അവന് ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ വേണ്ടിയാണ് അവൻ വിവാഹം ചെയ്തിരിക്കുന്നത് എന്ന വസ്തുത അവൻ ആദ്യം  ഹൃദയത്തിൽ ഉറപ്പിക്കണം. അനുഭവങ്ങൾ മായം ചേർക്കാതെ പങ്കു വെയ്ക്കുമ്പോഴാണ് പങ്കാളിത്തം  ഉളവാകുന്നത്. ഇവിടെ പങ്കാളിയോട് കാര്യങ്ങൾ തുറന്നു പറയാതെ അകൽച്ചയാണ് ഇവൻ കാണിക്കുന്നത്. പകരം പഴയ സുഹൃത്തുക്കളോടാണ് അവൻ ഷെയർ ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളുടെ സഹായം പ്രതീക്ഷിച്ചായിരിക്കുമോ ഇത്?  നിങ്ങൾ സഹായിക്കാൻ തയ്യാറാണെങ്കിൽ പോലും  തത്കാലം വേണ്ട.

ആദ്യം അവൻ ഭാര്യയോട് അവന്റെ  അവസ്ഥ തുറന്നു പറയണം. അവരുടെ നിലപാട് പരസ്പരം വ്യക്തമാകാതെ അവരെ ആർക്കും  രക്ഷപ്പെടുത്താനാവില്ല. രണ്ടുപേരുടെയും  തിരക്കുകൾ ഒഴിവാക്കി, കഴിയുമെങ്കിൽ  ഇന്നു തന്നെ സമയം കണ്ടെത്തി മുഖാമുഖം  ഇരുന്ന്  സംസാരിക്കാൻ പറയുക. ഹൃദയത്തിൽ നിന്നും സംസാരിക്കണം, ഹൃദയം കൊണ്ട് കേൾക്കണം. അവളുടെ  റിയാക്ഷൻ, ചിന്ത ഇതിനെക്കുറിച്ചൊന്നും ഊഹാപോഹം  നടത്തരുത്. കൃത്രിമമോ, ഗൂഡ ലക്ഷ്യങ്ങളോ ഇല്ലാതെ തുറന്നു സംസാരിക്കണം.  അവന്റെ  സാമ്പത്തിക അവസ്ഥ, ആസ്തി, വരുമാനം, ഭാവി സ്വപ്നങ്ങൾ ഇതൊക്കെ പറയണം. അവളോട് മസിലു പിടിച്ച് മിണ്ടാതെ നടന്ന് ഈ മുഖാമുഖം ഇപ്പോൾ നടത്താതെ പോയാൽ ജീവിത കാലം മുഴുവൻ പരിതപിക്കേണ്ടി വരും.

അവളുടെ  ഒരു ആഗ്രഹം അവൾ പറഞ്ഞു, സ്വന്തമായി ഒരു ഫ്ളാറ്റ് വാങ്ങണം എന്ന്. പക്ഷേ പറഞ്ഞ രീതിയും  സമയവും അവന് ഒരു ഷോക്ക് ആയിട്ടുണ്ടാവണം. രണ്ടു പേരും കൂടി കാണേണ്ടിയിരുന്ന ഒരു വലിയ സ്വപ്നം അവൾ ഒറ്റയ്ക്ക് കണ്ടിട്ട്, തീരുമാനവുമെടുത്ത്, അത് അവന്റെ മേൽ  അടിച്ചേല്പിച്ചതു പോലെ  അനുഭവപ്പെട്ടതായിരിക്കണം അവന്റെ ഒരു പ്രധാന വിഷമം. കടം കയറി നിൽക്കുന്നവന് ഇൻവെസ്റ്റ്മെന്റെിനെക്കുറിച്ച് ചിന്തിക്കാൻ പോലും തോന്നില്ല. എന്നു കരുതി അവളുടെ  ആ സ്വപ്നം തകർക്കരുത്. രണ്ടുപേരുടെയും ആവശ്യങ്ങൾ ബലികഴിക്കാതെ സ്വപ്നങ്ങൾ നിറവേറ്റാനുള്ള മാർഗ്ഗങ്ങൾ കണ്ടു പിടിക്കാൻ ബുദ്ധിമാനായ നിങ്ങളുടെ സുഹൃത്തിന് തീർച്ചയായും സാധിക്കും. മനസ്സ് ഒന്നു ശാന്തമാക്കിയാൽ മതി.

സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചും, അവളെയോ, വീട്ടുകാരെയോ കുറ്റപ്പെടുത്തരുത്. അമ്മായി അപ്പന്റെ പക്കൽ നിന്നോ, അവളുടെ കയ്യിൽ നിന്നോ പണം കിട്ടാൻ വേണ്ടിയല്ല ഈ തുറന്നു പറച്ചിൽ. കടം വീടും വരെ  ചിലവ് ചുരുക്കാൻ അവളുടെ സഹകരണത്തിനു വേണ്ടിയാണ് ഇത് ചെയ്യേണ്ടത്. സ്വന്തം ചെയ്തികളുടെ  ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം. അതിനുള്ള പരിഹാരവും താൻ തന്നെ ഉണ്ടാക്കും എന്ന ആത്മവിശ്വാസം പ്രകടമാക്കണം. അതിനുള്ള സാവകാശവും  അവളുടെ സഹകരണവും മാത്രം മതി അവനിത് മറികടക്കാൻ.

മനസ്സിലുള്ളതു മുഴുവൻ തുറന്നു കാട്ടിയ ശേഷം, പരിഹാരമുണ്ടാക്കാൻ അവൾ താല്പര്യം  കാണിച്ചെങ്കിൽ മാത്രം, തൽക്കാലം പിടിച്ചു നിൽക്കാനാവശ്യമായ തുക അവളുടെ സ്വന്തം  നിലയിൽ തരുന്നെങ്കിൽ സ്വീകരിക്കാം. ഇല്ലെങ്കിൽ അവൻ സ്വന്തം വീട്ടിൽ നിന്നും അപ്പച്ചനോടോ, അമ്മച്ചിയോടോ, സഹോദരങ്ങളോടോ കടം വാങ്ങി എത്രയും വേഗം കടക്കെണിയിൽ നിന്നും രക്ഷപ്പെടണം.

ഒരു കാരണവശാലും അവളുടെ  വീട്ടിൽ നിന്നും ഈ ആവശ്യത്തിനു വേണ്ടി പണം കൊണ്ടു വരാൻ ഇടയാക്കരുത്.

പണം കൈകാര്യം ചെയ്യുന്നതിൽ അവൻ കാണിക്കുന്ന വിവേകവും, പ്രാപ്തിയും അവൾക്ക് കൂടി തൃപ്തികരമായാൽ മാത്രമേ എന്റെ പണം നിന്റെ പണം എന്ന വേർതിരിവില്ലാതെ അവർക്ക് ഉപജീവനം നടത്താൻ സാധിക്കു.

ഈ ശ്രമത്തോട് സഹകരിക്കാത്ത നിലപാടാണ് അവളുടേത് എങ്കിൽ, രണ്ടുപേരും കൂടി ഫാമിലി കൌൺസിലിംഗിന് തയ്യാറാകണം. അല്ലെങ്കിൽ മറ്റ് വിദഗ് ദ്ധരുടെ സേവനം തേടണം.

''അങ്കിളേ, ഈ സുഹൃത്ത് അവന്റെ കല്യാണ ചിലവുകൾ കുറയ്ക്കാൻ ആലോചിച്ചപ്പോൾ, അവന്റെ അപ്പനും അമ്മയ്ക്കും സഹോദരങ്ങൾക്കും സമ്മതമായില്ല. കസിൻസിന്റെ  കല്യാണം നടത്തിയതിനെക്കാൾ കേമമായിട്ട് നടത്തിയേ തീരൂ എന്ന് എല്ലാവർക്കും നിർബന്ധമായിരുന്നുവത്രെ. അല്ലാതെ ചുരുങ്ങി നടന്നാൽ ബാക്കി സഹോദരങ്ങൾക്ക്, കൊള്ളാവുന്ന കുടുംബത്തിൽ നിന്നും ഇനി വിവാഹാലോചനകൾ പോലും വരില്ല എന്നാണ് അവരുടെ ഭയം.

ഈ ലേഖനത്തിൽ, നിങ്ങൾ രണ്ടു പേരുടെയും  മൂന്നു മാസത്തെ ശമ്പളം  കൊണ്ടാണ് അങ്കിളിന്റെ വിവാഹം നടന്നത് എന്ന് എഴുതിയിരുന്നത് ഞാൻ വായിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് ഒരു ബോധവത്ക്കരണം നടത്താൻ അങ്കിളെങ്കിലും ഒന്നു ശ്രമിക്കുമോ?''

മോനേ, എന്റെ അനുഭവത്തിൽ, വിവാഹം ചെയ്യാനുദ്ദേശിക്കുന്ന ഒരു പുരുഷനും സ്ത്രീയും ചേർന്ന് തങ്ങളുടെ വിവാഹം ഇത്ര ചുരുക്കത്തിൽ മതി എന്നു ആത്മാർത്ഥമായി തീരുമാനിച്ചാൽ  അങ്ങനെ തന്നെ നടത്താനുള്ള സാഹചര്യം ഇവിടെ  നിലവിലുണ്ട്. അതുകൊണ്ട് അവരുടെ  സഹോദരങ്ങളുടെ വിവാഹം മുടങ്ങുകയുമില്ല. എന്നാൽ, സമൂഹത്തെ വെല്ലുവിളിക്കാൻ വേണ്ടി ഇങ്ങനെ ചെയ്താൽ, അതിന്റെ ഭവിഷ്യത്ത് പ്രവചിക്കാനാവില്ല.

എങ്കിലും നമുക്ക് വേണ്ടപ്പെട്ടവരുടെ അമിത പ്രതീക്ഷകൾക്ക് ഒരു മാറ്റം വരുന്നത് തീർച്ചയായും ഉപകാരപ്രദമായിരിക്കും. അതിന് അവരെ ബോധവത്കരിക്കുന്നതിന് കല്യാണപ്പെണ്ണിനും ചെറുക്കനും മാത്രമെ അവകാശമുള്ളു. അവർ തമ്മിൽ  ധാരണയും അഭിപ്രായ ഐക്യവും ഉണ്ടാകാനാണ് പരിശ്രമിക്കേണ്ടത്. ബാഹ്യശക്തികളുടെ പ്രേരണയേക്കാൾ ഫലപ്രദം ബന്ധപ്പെട്ടവരുടെ പരസ്പര ധാരണയാണ്.

ഇതിന്റെ സാമൂഹ്യ വശം പരിഗണിച്ചാൽ, വിവാഹം, ചെറുതല്ലാത്ത (താങ്ങാനാകാത്തതല്ല) ഒരു ചടങ്ങാകുന്നതാണ് സമൂഹത്തിന്  നല്ലത്. മാതാപിതാക്കൾക്ക് ഉത്തരവാദിത്വമേറിയ ഒരു ജീവിത ലക്ഷ്യം ആയി മക്കളുടെ വിവാഹം നിലകൊള്ളുന്നത് കുടുംബങ്ങളുടെ കെട്ടുറപ്പ് വർദ്ധിപ്പിക്കും. മാത്രമല്ല പരസ്പരം ആശ്രയിക്കാൻ വ്യക്തികൾക്ക് ഇതും ഒരു കാരണമാകും. ഒരു കാര്യത്തിനും ആരേയും ആശ്രയിക്കേണ്ടാത്ത മനുഷ്യർ നിറഞ്ഞ  ഒരു സമൂഹം പരസ്പരം മത്സരിച്ച് അകന്നു പോകും.

ഇപ്പോഴും  മത്സരം തന്നെയാണ് പ്രശ്നം. കസിൻസിന്റെ കല്യാണത്തെക്കാൾ കേമമായിട്ട് നടത്തണം എന്നല്ലായിരുന്നോ ഇവന്റെ വീട്ടിലും നിർബന്ധം. മനസ്സിൽ നിന്നും മത്സരം കളഞ്ഞ് അവനവന്റെ ആവശ്യം കഴിയുന്നത്ര ഭംഗിയായി നടക്കണം എന്ന ചിന്ത കൊണ്ടു വന്നാൽ മതി. അമിതാർഭാട വിവാഹ ധൂർത്തുകൾ നിയന്ത്രിക്കാൻ ഇപ്പോഴും  നിയമങ്ങൾ ഉണ്ട്. അത് ക്രമേണ കൂടുതൽ കർശനമാകുമെന്നും പ്രതീക്ഷിക്കാം.

''സ്ത്രീധന സമ്പ്രദായം വേണ്ട. പക്ഷേ അങ്കിളേ, പുതിയ ഒരു കുടുംബം ആരംഭിക്കുമ്പോൾ കയ്യിൽ മൂലധനം വേണ്ടേ?,  അത് പെണ്ണിന്റെയോ ചെറുക്കന്റെയോ വീട്ടുകാർ കൊടുക്കുന്നില്ലെങ്കിൽ പിന്നെ അവരെന്തു ചെയ്യും. സ്ത്രീധനത്തിന് കണക്കു പറയാത്ത പയ്യന്മാർക്ക് ഇത് ഒരു അമളി പറ്റിയപോലെ അല്ലേ അനുഭവപ്പെടുക?. വിവാഹിതരാകുന്ന സ്ത്രീയ്ക്കും പുരുഷനും പുതിയ കുടുംബം രൂപപ്പെടുത്താൻ ഇരു കുടുംബങ്ങളിൽ നിന്നും മൂലധനം നൽകുന്ന ഒരു  നാട്ടുനടപ്പ്  ഉണ്ടാകേണ്ടത് ഇക്കാലത്ത് ആവശ്യമല്ലേ?''

മോനേ, ഒരു വീടു പണിയാൻ തുടങ്ങുമ്പോൾ അത് പൂർത്തിയാക്കാനുള്ള വക തനിക്കുണ്ടോ എന്ന് ആദ്യമേ തന്നെ വിലയിരുത്താതെ മനുഷ്യനെകുറിച്ച് വായിച്ചിട്ടില്ലേ. ഒട്ടു മിക്ക കുടുംബങ്ങളിലും വിവാഹ സമയത്ത് മാതാപിതാക്കളും മക്കളും  തമ്മിൽ ഉപജീവനത്തെക്കുറിച്ചും, മൂലധനത്തെക്കുറിച്ചും തുറന്ന് ചർച്ച ചെയ്യാറുണ്ട്. അല്ലാത്തവർ ഇത് വായിക്കുമ്പോഴെങ്കിലും അത് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

മക്കൾ അപ്പം ചോദിച്ചാൽ പാമ്പിനെ കൊടുക്കുന്ന എത്ര മാതാപിതാക്കളുണ്ട്. മക്കൾക്ക്  നല്ലത് കൊടുക്കണം എന്ന് ദുഷ്ടർക്ക് പോലും  അറിയാം. മാതാപിതാക്കളോട് സാഹചര്യം വിശദീകരിച്ച് ആവശ്യം അറിയിക്കണം. മാതാപിതാക്കൾ അവർക്കാവുന്നതു പോലെ  സഹകരിക്കട്ടെ. ബാക്കി മക്കൾക്കാവുന്നതു പോലെ  ചെയ്താൽ മതി. ചെയ്യാൻ പറ്റാത്തതിനെക്കുറിച്ച് ഒട്ടും പരിതപിക്കേണ്ട. ഇതാണു മോനെ എന്റെ ദൃഷ്ടിയിൽ ഏറ്റവും നല്ല നാട്ടുനടപ്പ്.

''The principles of Honor, Integrity and Affection are the essential prerequisite for enduring success. Any success which comes through Meanness, Trickery, Fraud and Dishonour, is but emptiness and will only be a torment to its possessor''.

George Kadankavil - October 2013

What is Profile ID?
CHAT WITH US !
+91 9747493248