അങ്കിൾ ഞാൻ ബാഗ്ലൂരിൽ ജനിച്ച് വളർന്ന ഒരു പെൺകുട്ടിയാണ് മാതാപിതാക്കൾ മലയാളി കത്തോലിക്കരാണ്. നാട്ടിൽ കുടുംബത്തിൽ എന്തു ചടങ്ങുകൾ വന്നാലും അതിലൊക്കെ മാതാപിതാക്കളോടൊപ്പമോ, തനിച്ചോ ഒക്കെ ഞാനും പോയി പങ്കെടുക്കാറുണ്ട്. നാട്ടിലെ രീതികളൊക്കെ എനിക്ക് ഇഷ്ടമാണ്. പഠിത്തവും, ജോലിയും താമസവും എല്ലാം ബാംഗ്ളൂരിലാണെങ്കിലും ഒരു മലയാളി പെൺകുട്ടി എന്നു തന്നെയാണ് എന്നെ പറ്റി ഞാൻ കരുതിക്കൊണ്ടിരിക്കുന്നത്.
ഇപ്പോൾ മാതാപിതാക്കൾ എനിക്ക് വിവാഹം ആലോചിച്ചു തുടങ്ങി, അങ്ങനെയാണ് ഞാൻ അങ്കിളിനെക്കുറിച്ച് അറിയുന്നത്. അങ്കിളിന്റെ ലേഖനങ്ങൾ അമ്മ എനിക്ക് വായിച്ച് തരാറുണ്ട്. ബാംഗ്ളൂരിൽ ജോലി ചെയ്യുന്ന ഒരു മലയാളി പയ്യൻ എന്നെ പെണ്ണു കാണാൻ വന്നിട്ട് ഇപ്പോൾ ''ഗെറ്റ് ഔട്ട് '' പറഞ്ഞ് വിട്ടതേ ഉള്ളു. എത്ര വൃത്തികെട്ട മനസ്ഥിതിയാണ് ഈ ചെറുക്കന്റേത് എന്ന് ഉടനെ തന്നെ അങ്കിളിനെ അറിയിക്കണം എന്നു തോന്നി, അതുകൊണ്ടാണ് ഞാനീ മെയിലയക്കുന്നത്.
പയ്യൻ പറയുകയാണ്, ബാംഗ്ളൂരിലെ പെൺകുട്ടികളെക്കുറിച്ച് നാട്ടിൽ അഭിപ്രായം മോശമാണ്. മലയാളി പെൺകുട്ടികൾ മറുനാട്ടിൽ ചെന്നാൽ കുത്തഴിഞ്ഞ ജീവിതമാണ് നയിക്കുന്നതെന്ന് ഒക്കെ നാട്ടിൽ പലരും പ്രസംഗിക്കുന്നു. അതൊക്കെ കാരണം അവന് എന്നെ കല്യാണം കഴിക്കാൻ പ്രയാസമാണ്. നമുക്ക് ഫ്രണ്ട്സ് ആയിരിക്കാം, അടുത്തിടപഴകി കഴിയുമ്പോൾ താല്പര്യം തോന്നിയാൽ അപ്പോൾ വിവാഹം കഴിക്കാം എന്ന്. പയ്യന്റെ കണ്ണിൽ നോക്കി 'ഗെറ്റ് ഔട്ട് ' എന്ന് രണ്ട് വാക്കു മാത്രമേ ഞാൻ മറുപടി പറഞ്ഞുള്ളു, പയ്യൻ സ്ഥലം വിട്ടു. അവൻ വായിൽ തോന്നിയത് പറഞ്ഞിട്ട് അങ്ങ് പോയി, ഇവിടെ ഞങ്ങൾ എത്ര മനപ്രയാസം അനുഭവിക്കുന്നു എന്ന് അങ്കിളിനറിയുമോ?
ഇത് സ്ത്രീത്വത്തെ അപമാനിക്കലാണ്, ക്രിമിനൽ കുറ്റമാണ്, ഒരു പരാതി എഴുതിക്കൊടുത്താൽ അവൻ ജയിലിൽ പോകും എന്നൊക്കെ നിയമം അറിയുന്ന ഞങ്ങളുടെ ബന്ധുക്കൾ പറഞ്ഞെങ്കിലും, ഇത് അവന്റെ വിവരക്കേട് എന്നു കരുതി ക്ഷമിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അങ്കിൾ ഈ പയ്യനോടും അവന്റെ മാതാപിതാക്കളോടും സംസാരിക്കണം. അവൻ ചെയ്ത ക്രൂരകൃത്യത്തെക്കുറിച്ച് അവരെ ധരിപ്പിക്കണം. മറ്റാർക്കും ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാൻ സാധിക്കുന്ന ശ്രമമെല്ലാം അങ്കിളിന്റെ ഭാഗത്തു നിന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ......
മോളെ, വളരെ ഹൃദയവേദനയോടും അപമാനഭാരത്തോടും കൂടിയാണ് ഞാനിതു വായിച്ചത്. തീർച്ചയായും ഞാനീ പയ്യനെയും അവന്റെ മാതാപിതാക്കളെയും വിളിച്ച് സംസാരിക്കാം. ഈ അനുഭവത്തെക്കുറിച്ച് എഴുതുകയും ചെയ്യാം.
ഒരു പള്ളിയിൽ വളരെ പ്രായമായ ഒരു വൈദികൻ ഉണ്ടായിരുന്നു. മറ്റൊരു പട്ടണത്തിൽ നിന്നും അവിടേക്ക് താമസം മാറാൻ ഒരുങ്ങുന്ന ഒരാൾ ഈ വൈദികനെ സമീപിച്ചു ചോദിച്ചു,
''അച്ചോ ഇവിടുള്ള മനുഷ്യരൊക്കെ എങ്ങനെയുള്ളവരാ?'.
''അപ്പോൾ വൈദികൻ തിരികെ ഒരു ചോദ്യം ചോദിച്ചു,
നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ മനുഷ്യർ ഏതു തരക്കാരാണ്?''.
''അച്ചോ സകല കൊള്ളരുതായ്മകളും കാണിക്കുന്ന മനുഷ്യരാ അവിടെ, അതാ ഞാനിവിടേക്ക് താമസം മാറുന്നത് ''
അപ്പോൾ വൈദികൻ പറഞ്ഞു ''മകനേ ഇവിടേയും അത്തരക്കാരാണ് ''
പിന്നീടൊരിക്കൽ മറ്റൊരു മനുഷ്യനും ഇതുപോലെ താമസം മാറി വരാൻ വൈദികന്റെ അഭിപ്രായം തേടി വന്നു.
''അച്ചോ ഇവിടുള്ള മനുഷ്യരൊക്കെ എങ്ങനെയുള്ളവരാ?''
അയാളോടും വൈദികൻ തന്റെ ചോദ്യം ആവർത്തിച്ചു, ''നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ മനുഷ്യർ ഏതു തരക്കാരാണ്?''
''എന്റെ അച്ചോ അവിടെ വളരെ നല്ല ആൾക്കാരാ. ഏതു കാര്യത്തിനും അന്യോന്യം സഹായിക്കാൻ മടിയില്ലാത്തവരാ''
അയാളോടും വൈദികൻ പറഞ്ഞു ''മകനേ ഇവിടേയും അത്തരക്കാരാണ്''
കല്യാണക്കാര്യത്തിന് കണ്ടമാനം മുൻവിധികൾ മനസ്സിൽ കൊണ്ടു നടക്കുന്ന ധാരാളം ആളുകളോട് നിത്യേന ഞാൻ ഇടപെടുന്നുണ്ട്. നേഴ്സ് ആണെങ്കിൽ വേണ്ട, ഡിഫൻസ് ആണെങ്കിൽ വേണ്ട, ഐടി ആണെങ്കിൽ വേണ്ട, മലങ്കര, ലാറ്റിൻ, സിറിയൻ, കോട്ടയം, പാലാ, തൃശ്ശൂർ, മലബാർ, ബാംഗ്ളൂർ, ആഫ്രിക്ക.- വേണം, അല്ലെങ്കിൽ വേണ്ട, അതു മാത്രം മതി, ഇതു മാത്രം വേണ്ട.
വിവാഹം ചെയ്യുന്നത് എന്തിനു വേണ്ടിയാണെന്ന് വ്യക്തമായ ഒരു ധാരണയും ഇല്ലാതെ കുറെ മുൻവിധികളുടെ പിന്നാലെ പരക്കം പായുന്നവരോട് എനിക്കു പറയാനുള്ളതും ഇതാണ് - നമ്മുടെ മനസ്സിൽ മുൻതൂക്കം ലഭിച്ചിരിക്കുന്ന തരക്കാരെയാണ് എവിടെയും നമ്മൾക്ക് കാണാൻ കിട്ടുക.
എന്തെങ്കിലും സംഭവിക്കരുത് എന്ന് ഭയപ്പെട്ട്, നിർബന്ധം പിടിച്ച് പ്രയത്നിച്ചു കൊണ്ടിരുന്നാൽ, ഭയപ്പെട്ടതു തന്നെ സംഭവിക്കുന്നതായി കാണാം. അതേ സമയം എന്തെങ്കിലും സംഭവിക്കണം എന്ന് ക്രിയാത്മകമായി ചിന്തിച്ച് അതിനു വേണ്ടി സ്ഥിരമായി പ്രയത്നിക്കുമ്പോൾ അതു സംഭവിക്കുന്നതായി കാണുന്നു. മുൻവിധികൾ കാരണം ജീവിതകാലം മുഴുവൻ പ്രതിരോധത്തിൽ തള്ളിനീക്കുന്നതിനേക്കാൾ ഭേദം ക്രിയാത്മകമായി ജീവിതം മുന്നോട്ട് നയിക്കുന്നതല്ലേ?
പക്ഷേ, നമ്മളെല്ലാവരുടെയും മനസ്സിൽ പലവിധ കരടുകൾ ഓരോരോ മുൻവിധികളായി എവിടുന്നൊക്കെയോ കയറിപ്പറ്റിയിരിക്കുന്നു. ഡോക്ടറെ മാത്രമെ വിവാഹം കഴിക്കൂ എന്ന് വാശിയോടെ എന്റടുത്തു വന്ന ഒരു പെൺകുട്ടി, വർഷങ്ങൾ കാത്തിരുന്ന് ഒടുവിൽ ഡോക്ടറെ തന്നെ വിവാഹം ചെയ്തു. ഇപ്പോൾ ഡിവോഴ്ലിയായി പുനർവിവാഹത്തിന് അന്വേഷിക്കുന്നു. ഒറ്റ കണ്ടീഷനെ ഇപ്പോൾ അവൾക്കുള്ളു. മെഡിക്കൽ ഫീൽഡിൽ ഉള്ള ആളായിരിക്കരുത്. നമ്മുടെ മുൻവിധികൾക്ക് ഇത്രയും സ്ഥിരതയേ ഉള്ളു.
അതിനാൽ ഈ മുൻവിധികൾ മാറ്റാൻ ഒന്നു ശ്രമിച്ചു നോക്കണം. കഴിയുന്നില്ലെങ്കിലും വിഷമിക്കേണ്ട. മനസ്സ് പറയുന്നതനുസരിച്ച് തന്നെ നിങ്ങൾ തീരുമാനം എടുത്തോളൂ. പക്ഷേ, നിങ്ങളുടെ മുൻവിധി വെച്ച് ഒന്നിനേയും അടച്ച് ആക്ഷേപിക്കരുത്. വാക്കുകൾ കൊണ്ട് മറ്റുള്ളവരെ മുറിപ്പെടുത്തുകയും അരുതേ.
കേട്ട പ്രസംഗങ്ങളിലെ സന്ദേശം മുഴുവൻ ഓർത്തിരിക്കുന്ന എത്രപേരുണ്ടാകും. പ്രസംഗം പറയുന്നവരും, കേൾക്കുന്നവരും അവരവരുടെ കാഴ്ചപ്പാടുകൾ ബലപ്പെടുത്തുന്ന ശകലങ്ങളാണ് പലപ്പോഴും ഓർത്തിരിക്കുകയും പുനരാവിഷ്കരിക്കുകയും ചെയ്യാറുള്ളത്. അവനവന്റെ മുൻവിധികളെ സ്ഥിതീകരിക്കാനുള്ള മനസ്സിന്റെ വ്യഗ്രത കൊണ്ടാണിത് സംഭവിക്കുന്നത്.
മക്കൾക്ക് ധാർമ്മിക മൂല്യങ്ങൾ പകർന്നു കൊടുക്കണം എന്ന് മാതാപിതാക്കളെ ബോധവത്കരിക്കുന്ന പ്രസംഗം, മറുനാട്ടിൽ ജോലിചെയ്യുന്നവർ, പ്രത്യേകിച്ച് ബാംഗ്ളൂരിൽ ജോലിചെയ്യുന്നവർ എന്നിങ്ങനെ ഫോക്കസ് ചെയ്ത് വന്നപ്പോൾ, അതും ചിലരുടെ മുൻവിധികൾക്ക് വളംവെച്ച ഫലം ചെയ്തത് കണ്ടില്ലേ?.
നല്ലതു തേടുന്ന ശീലമുള്ളവർ എവിടെയും നല്ലതു കണ്ടെത്തും. ദുഷിച്ചതു തേടുന്ന ശീലമുള്ളവർ അവർക്ക് യോജിച്ചതും കണ്ടുപിടിക്കും.
മോള് വിഷമിക്കേണ്ട, ഈ വിഷമഘട്ടത്തിലും നല്ലത് തേടാനും, ഉചിതമായി പ്രതികരിക്കാനുമാണ് നീ ശ്രമിച്ചിരിക്കുന്നത്. ആ ശീലം തുടർന്നു കൊണ്ടേയിരിക്കുക. ഒരു ബുദ്ധിമുട്ടും കൂടാതെ ഒരു സകല ഗുണസമ്പന്നനെ നിനക്ക് ഭർത്താവായി കിട്ടിയിരുന്നെങ്കിൽ നീ ഒരുപക്ഷേ അയാളെ വിലമതിക്കാതെ നഷ്ടപ്പെടുത്തി കളയുമായിരുന്നു. ഭാവിയിൽ വിവാഹം കഴിഞ്ഞ് എപ്പോഴെങ്കിലും നിന്റെ ഭർത്താവിൽ എത്ര നന്മ ഉണ്ടെന്ന് ബോദ്ധ്യപ്പെടാൻ ഈ തിക്താനുഭവവും നിനക്ക് ഉപകാരപ്രദമായി വന്നു ഭവിയ്ക്കും..
George Kadankavil - September 2013