Back to articles

എന്നെ ചതിച്ചവനെ ഞാൻ രക്ഷിക്കാനോ?!

July 01, 2013

അങ്കിളെ എന്റെ കല്യാണം ഭയങ്കര ചതിയായിപ്പോയി. കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു. പത്താം ദിവസം മുതൽ എന്നും ഓരോ ഞെട്ടിപ്പിക്കുന്ന ഷോക്കുകളാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്.

ആദ്യത്തെ ഷോക്ക് എന്റെ എ.ടി.എം കാർഡ് വഴിയാണ് വന്നത്.ഞങ്ങൾ ഹണിമൂൺ യാത്രയിലായിരുന്നു. പണമെടുക്കാൻ സൌകര്യത്തിന് കാർഡ് ഭർത്താവിന്റെ കയ്യിലാണ് കൊടുത്തിരുന്നത്. യാത്രകഴിഞ്ഞ് വന്ന് അക്കൌണ്ടിൽ ലോഗ് ഇൻ ചെയ്തു നോക്കുമ്പോൾ വലിയ ഒരു തുക എ.ടി. എം വഴി പിൻവലിച്ചിരിക്കുന്നു. എന്തിനാ ഇത്രയും പണമെടുത്തത് എന്ന് ചോദിച്ചപ്പോൾ പറയുകയാണ് കല്യാണച്ചിലവും തിരക്കും കാരണം വീടിന്റെ ലോൺ തവണ രണ്ടു ഗഡു മുടങ്ങിപ്പോയി അതടയ്ക്കാനാണ് പണമെടുത്തത് എന്ന്.

ലോണിന്റെ രേഖകൾ കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ കാണിച്ചു തന്നു. അത് ഒരു ഡബിൾ ഷോക്കായിരുന്നു. 20 ലക്ഷം രൂപയോളം ഇനിയും ലോണടയ്ക്കാനുണ്ട്. രേഖകളിൽ ഭർത്താവിന്റെ പ്രായം ഞങ്ങളോട് പറഞ്ഞിരുന്നതിലും 6 വയസ്സ് കൂടുതലാണ്. എന്തിനാ എന്നെ പറ്റിച്ചത് എന്ന് ചോദിച്ചപ്പോൾ പറയുകയാണ്,  സത്യം പറഞ്ഞിരുന്നെങ്കിൽ നിയെന്നെ കെട്ടുമായിരുന്നോ എന്ന്.

വീട് ഭർത്താവിന്റെ പേരിലാണ്. അവിടെ ഭർത്താവിന്റെ അപ്പനും അമ്മയും രണ്ട് സഹോദരിമാരും കൂടി താമസിക്കുന്നു. സഹോദരിമാരുടെ വിവാഹം കഴിഞ്ഞതാണെന്നാണ് ഇവർ പറഞ്ഞിരുന്നത്. പക്ഷേ, ഒരു സഹോദരി വിവാഹമോചനം കഴിഞ്ഞതാണ്. മറ്റേ സഹോദരിയെ, കൊടുക്കുമെന്നു പറഞ്ഞ സ്ത്രീധനം കൊടുക്കാത്തതിനാൽ, അവളുടെ ഭർത്താവ് തിരികെ കൊണ്ടു വന്നാക്കിയിരിക്കയാണ്. ഇതിനും ഉത്തരം  മുട്ടിക്കുന്ന മറുപടി - ഞാൻ കള്ളം പറഞ്ഞിട്ടില്ല രണ്ടു പേരുടെയും വിവാഹം ഞാനാണ് നടത്തിയതെന്നാ പറഞ്ഞിരുന്നതത്രെ.

ഭർത്താവിന് വിദേശത്ത് ജോലിയുണ്ടെന്നാണ് പറഞ്ഞിരുന്നത് അതിനി സത്യം എന്തായിരിക്കും എന്നാണ് എന്റെ പേടി.

എന്റെ അപ്പച്ചൻ വിവാഹ സമയത്ത് എന്റെ സ്വത്ത് വിഹിതം എന്നു പറഞ്ഞ് 20 ലക്ഷം രൂപ എനിക്ക് ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു തന്നിരുന്നു. ആ പണം എടുത്ത് ലോണടയ്ക്കാനും ഒരു സഹോദരിയുടെ സ്ത്രീധന ബാക്കി കൊടുക്കാനും വേണമെന്നാണ്  ഇപ്പോൾ എന്റെ ഭർത്താവ് ആവശ്യപ്പെടുന്നത്. വിവാഹമോചനമല്ലാതെ എനിക്കിനി വേറെ മാർഗ്ഗമൊന്നുമില്ല. അങ്കിളിതേപ്പറ്റി എഴുതണം മറ്റുള്ളവർക്കെങ്കിലും ഇതു സംഭവിക്കാതിരിക്കട്ടെ.

ഞാനെഴുതാം മോളെ. നിനക്ക് വിവാഹമോചനം ലഭിക്കാൻ ആവശ്യമായ ധാരാളം കാരണങ്ങൾ നീ ഇപ്പോൾ വിവരിച്ചിട്ടുണ്ട്. വിവാഹമോചനം നേടി ഭർത്താവിന്റെ   സഹോദരിമാരെപ്പോലെ നിന്റെ വീട്ടിൽ പോയി കഴിയാനുള്ള എല്ലാ യോഗ്യതകളും നിനക്കും ലഭിച്ചിരിക്കുകയാണ്.

നിന്റെ അപ്പച്ചൻ ഒരുപക്ഷേ ഇത്തരം സാഹചര്യം മുൻകൂട്ടി കണ്ടതു കൊണ്ടാകാം സ്വത്ത് വിഹിതം നിന്റെ പേരിൽ മാത്രമായി ബാങ്കിലിട്ടു തന്നത്. അദ്ദേഹം ഭയപ്പെട്ടതുപോലെ സംഭവിക്കുകയും ചെയ്തു. മുൻകരുതലുണ്ടായിരുന്നതു കൊണ്ട് കാശുപോയില്ല എന്ന് ആശ്വസിക്കുകയും ചെയ്യാം. ഇനി ആ ധനം  മൂലധനമാക്കി ബാക്കികാലം നിനക്ക് ജീവിക്കാം. ഉപജീവനത്തിന് ഒരു തൊഴിലും നിനക്കുണ്ടല്ലോ. പുനർവിവാഹത്തിനും ശ്രമിക്കാം. അത് പെട്ടെന്ന് ഒന്നും നടന്നില്ലെങ്കിൽ പോലും ശ്രമിച്ചു കൊണ്ടിരിക്കാമല്ലോ.

പരിഹസിക്കാനല്ല ഇങ്ങനെഴുതുന്നത്. ധാരാളം വിവാഹമോചനങ്ങളിൽ ഞാൻ കണ്ടുകൊണ്ടിരിക്കുന്ന സ്ഥിരം ഡെവലപ്മെന്റുകളാണ് ഇത്.

സത്യത്തിൽ, കഴിവും സാമർത്ഥ്യവും ഉള്ള ഒരു സ്ത്രീക്ക് , അവളുടെ അവകാശവും  സ്വാതന്ത്ര്യവും അധികാരവും  ഒക്കെ നെഗോഷ്യേറ്റ് ചെയ്തും, സഹകരിച്ചും നേടിയെടുക്കാവുന്ന അവസരങ്ങളായിട്ടാണ്, ഇത്തരം സ്ഥിതിവിശേഷങ്ങളെ ഞാൻ കാണുന്നത്.

നിർഭാഗ്യവശാൽ നമ്മുടെ കുഞ്ഞുങ്ങളെ, കോഴിയെപ്പോലെ കൂട്ടിലിട്ട് തീറ്റകൊടുത്ത് വളർത്തിയിട്ട്, ഡിഗ്രി സർട്ടിഫിക്കറ്റുകളും ഉപജീവന മാർഗ്ഗവും തേടാനുള്ള പ്രാപ്തി മാത്രമേ അവര് നേടിയിട്ടുള്ളു. ജീവിതം നേരിടാനുള്ള യാതൊരു സ്കിൽസും ഇല്ലാത്ത ഒരു തലമുറയാണോ ഇതെന്ന് സംശയിച്ചു പോകുന്നു.

മോളേ, ''Every marriage has grounds for Divorce. But you need to find or create grounds for married life''. ഏതോ മഹാൻ എവിടെയോ പറഞ്ഞതാണിത്.

പിരിയാൻ തക്ക കാരണങ്ങൾ എല്ലാ വിവാഹത്തിലും കണ്ടുപിടിക്കാൻ   കഴിയും. അത്  അവഗണിച്ചിട്ട്, കുടുംബജീവിതം സാദ്ധ്യമാക്കാനുള്ള കാരണങ്ങൾ കണ്ടുപിടിക്കണം. ഒന്നും കാണാനില്ലെങ്കിൽ, പുതിയ കാരണങ്ങൾ സൃഷ്ടിച്ചെടുക്കണം. അതിനു കഴിഞ്ഞാൽ നീ അസാധാരണ പ്രാഗത്ഭ്യം ഉള്ള ഒരു കുടുംബിനി ആകും. ഒരു നായികയായി സ്വന്തം  ജീവിതകഥ സൃഷ്ടിക്കണോ, സഹനടിയായി  മറ്റാരുടെയെങ്കിലും കഥയ്ക്ക് അനുബന്ധം ചേർക്കണമോ എന്ന് സ്വയം തീരുമാനിക്കുക.

ഇനി വിവാഹമോചനമല്ലാതെ മറ്റ് മാർഗ്ഗം ഒന്നുമില്ല എന്നു പറഞ്ഞല്ലോ?. നമുക്ക് ഒന്ന് മാറി ചിന്തിച്ചു നോക്കാം.

കള്ളം പറഞ്ഞും, സത്യം സാമർത്ഥ്യപൂർവ്വം മറച്ചു വെച്ചും, നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഈ വിവാഹം നടത്തി എന്നത്, വലിയ ഒരു തെറ്റ് തന്നെ. തീർച്ചയായും, അതിനുള്ള ശിക്ഷ എപ്പോഴെങ്കിലും അയാൾക്ക് അനുഭവിക്കേണ്ടി വരും. അത് പ്രകൃതി നിയമമാണ്. എന്നാൽ, ഡൈവോഴ്സ് ചെയ്തു കൊണ്ട് നീ തന്നെ അയാളെ ശിക്ഷിച്ചാൽ, അതേ ശിക്ഷ, നീയും കൂടി അല്ലേ അനുഭവിക്കേണ്ടി വരുന്നത്? അതുകൊണ്ട് അയാളെ രക്ഷിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നാണ് നോക്കേണ്ടത്. അയാളോട് ക്ഷമിക്കാൻ തക്ക എന്തെങ്കിലും മൂല്യം അയാൾക്കുണ്ടോ എന്ന് ആത്മാർത്ഥമായി വിചിന്തനം നടത്തുക.

എന്തെങ്കിലും കുറെ ഘടകങ്ങൾ തൃപ്തികരമെന്നു തോന്നിയിട്ടല്ലേ ഈ വിവാഹത്തിന് നീ സമ്മതിച്ചത്?. - പ്രായത്തെക്കുറിച്ച് പറഞ്ഞ കള്ളം, പറയാതിരുന്ന കടബാദ്ധ്യത, സഹോദരിമാരുടെ അവസ്ഥ തെറ്റിദ്ധിരിപ്പിച്ചത്, പിന്നെ നിന്നോട് പറയാതെ നിന്റെ പണമെടുത്തത് -  ഇത്രയും അപ്രതീക്ഷിത ഷോക്കുകൾ മാറ്റി വെച്ച് ചിന്തിച്ചിട്ട്, നിന്റെ ഭർത്താവ് മറ്റ് കാര്യങ്ങളിൽ എത്ര യോഗ്യനാണ് എന്ന് വിലയിരുത്തി നോക്കണം. തീർത്തും അയോഗ്യനാണെന്ന് ബോദ്ധ്യപ്പെട്ടാൽ വിവാഹ മോചനത്തിന് തന്നെ ശ്രമിച്ചു കൊള്ളുക.

അയാളെക്കുറിച്ച് ഒരു നല്ല വശം ഞാൻ കാണുന്നത്, അപ്പനെയും അമ്മയെയും സംരക്ഷിക്കുന്ന ഒരു  നല്ല മകനും, സഹോദരിമാരെ വിവാഹം ചെയ്തയക്കാൻ അദ്ധ്വാനിച്ച, അവരുടെ വിവാഹ ബന്ധം തകർന്നപ്പോഴും അവരെ ഉപേക്ഷിക്കാത്ത ഒരു നല്ല സഹോദരനുമല്ലേ ഇദ്ദേഹം എന്നതാണ്. നിവൃത്തികേടു കൊണ്ട് തരികിട കാണിച്ചു പോയെങ്കിലും, നല്ല ഭർത്താവ് ആകാനും ഇയാൾക്ക് കഴിഞ്ഞേക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ?

നിന്റെ സഹകരണം കൂടി കിട്ടിയാൽ രക്ഷപ്പെടാനുള്ള കഴിവും പ്രാപ്തിയും മനസ്സും ഉള്ള ആളാണിതെന്ന് നിനക്കു തോന്നുന്നുണ്ടെങ്കിൽ, ഒരു മാടപ്രാവിന്റെ പരിശുദ്ധിയോടെ അയാളോട് ആത്മാർത്ഥമായി ക്ഷമിക്കണം. എന്നാൽ ഒരു സർപ്പത്തിന്റെ വിവേകത്തോടെ ഒത്തു തീർപ്പിന് വ്യവസ്ഥകൾ  ഉണ്ടാക്കുകയും വേണം. അയാളുടെ പള്ളി വികാരിയെയോ ഏതെങ്കിലും ജുഡീഷ്യൽ അധികാരിയെയോ മദ്ധ്യസ്ഥനാക്കാനും ശ്രമിക്കണം.

കടബാദ്ധ്യതെയക്കുറിച്ച് ചിന്തിക്കാം. 20 ലക്ഷം കടം എന്നത് മാത്രം ചിന്തിക്കാതെ, വീടിന്റെ ആസ്തി മൂല്യം എത്രയെന്നും കൂടി ചിന്തിക്കണം. തീർച്ചയായും അതിന് ബാദ്ധ്യതയെക്കാൾ വളരെ കൂടുതൽ മൂല്യം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ബാങ്ക് കടം കൊടുക്കില്ലല്ലോ. തിരിച്ചടവ് രണ്ട് ഗഡുക്കൾ മാത്രമല്ലേ മുടങ്ങിയിട്ടുള്ളൂ. അപ്പോൾ ക്രെഡിറ്റ് റേറ്റിംഗും തരക്കേടില്ല എന്നു കരുതണം. ബാങ്ക് സ്റ്റേറ്റ്മെന്റും, ചെക്ക് ബുക്കും, ക്രെഡിറ്റ് കാർഡ്  സ്റ്റേറ്റ്മെന്റും, സാലറി സ്ലിപ്പും, പാസ്പ്പോർട്ടും വിസാ സ്റ്റാറ്റസ്സും ഒക്കെ നിനക്ക് കാണണമെന്ന്  ആവശ്യപ്പെടാം. ഇൻവെസ്റ്റ് ചെയ്യുന്നവരുടെ  അവകാശമാണത്.  ഇത് കണ്ട്, ഒരു ഫുൾ തരികിടയല്ല ഇയാൾ എന്ന്  ബോദ്ധ്യപ്പെട്ടിട്ടു മതി അന്തിമ തീരുമാനമെടുക്കുന്നത്.

ഒരു നല്ല വക്കീലിനെ കാണുക. നീ കൊടുക്കുന്ന ധനത്തിന് പകരം ആ വീടിൻമേൽ നിനക്കു കൂടി ഉടമസ്ഥാവകാശം ഉറപ്പു വരുത്തും വിധമുള്ള രേഖകളുണ്ടാക്കിയാൽ, നിനക്ക് പിതൃസ്വത്തായി ലഭിച്ച ധനം ഭർത്താവിന്റെ കുടുംബത്തിനു വേണ്ടി വിനിയോഗിക്കുന്നതിൽ തെറ്റില്ല എന്നാണ് ഞാൻ കരുതുന്നത്. പെനാൽറ്റി, ജപ്തി തുടങ്ങിയ എന്തെങ്കിലും എമർജൻസിയുടെ പേരിൽ രേഖകളുണ്ടാക്കാതെ ഒരു കാരണവശാലും പണം കൈമാറ്റം ചെയ്യുകയുമരുത്.

ദാനമായി കിട്ടിയതും വെച്ചുമാറി ലഭിച്ചതുമായ (Borrowed and Bartered) ആസ്തികൾ മാത്രമെ നമുക്കുള്ളു. എല്ലാ ആസ്തിയും ഏതെങ്കിലും തരത്തിലുള്ള ഊർജ്ജമാണ്. പ്രപഞ്ചത്തിൽ നിന്നും കടം കൊണ്ട ഊർജ്ജത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നെങ്കിലും ഒരിക്കൽ കടം കൊണ്ടതൊക്കെയും തിരികെ കൊടുത്തിട്ട് നമ്മൾ പ്രപഞ്ചത്തിൽ ലയിച്ചു ചേരുകയും വേണം. അതുകൊണ്ട് സ്വത്തിനെക്കുറിച്ച് അധികം വേവലാതിപ്പെടേണ്ട. വിവേകപൂർവ്വം വിനിയോഗിക്കാൻ പഠിച്ചെടുത്താൽ മതി...

George Kadankavil - July 2013

What is Profile ID?
CHAT WITH US !
+91 9747493248