Back to articles

"ജനലിൽ കൂടി ഉള്ള കാഴ്ച"

August 01, 2015

പത്താം ക്ളാസ്സിലെ ഇംഗ്ളീഷ് പിരിയഡിൽ, കുട്ടികൾക്ക് രണ്ട് പേജ് ഉപന്യാസം എഴുതാൻ കൊടുത്ത വിഷയം ഇതായിരുന്നു

''A View Through The Window ''

കുട്ടികൾ ഓരോരുത്തരും അവരുടെ അടുത്തുള്ള ജനലുകളിൽ കൂടി പുറത്തേക്ക് നോക്കി, അവരുടെ കണ്ണിൽപ്പെട്ട കാഴ്ചകൾ കോമ്പസിഷൻ ബുക്കിലേക്ക് എഴുതാൻ ആരംഭിച്ചു.

അധികപ്രസംഗി, വായാടി, തലതിരിഞ്ഞവൻ എന്നൊക്കെ പേരുദോഷം കിട്ടിയിട്ടുള്ള ചാക്കോ എന്ന വിദ്യാർത്ഥി മാത്രം പുറത്തേക്ക് നോക്കിയില്ല. പകരം ക്ളാസ്സിനുള്ളിൽ തന്നെ ചുറ്റും നോക്കിയിട്ട്, മനസ്സു കൊണ്ട് പുറത്തിറങ്ങി, ജനലിൽ കൂടി ക്ളാസ്സിനുള്ളിലേക്ക് നോക്കുന്നതായി സങ്കല്പിച്ച് ഉപന്യാസം എഴുതിത്തുടങ്ങി.

[BLURB-VR]

പുറത്തേക്ക് നോക്കിയിരുന്ന് കാഴ്ചകൾ വിവരിച്ച് രണ്ട് പേജ് നിറയ്ക്കാൻ ശ്രമിക്കുന്ന ഏതാനും സഹപാഠികളുടെ പരാക്രമം വിവരിച്ചപ്പോൾ തന്നെ അവന് രണ്ട് പേജ് മാറ്റർ കിട്ടി.
ജനലിൽ കൂടിയുള്ള കാഴ്ച, എഴുതുന്നതിന് പകരം, അത് ഒരു ചിത്രമായി വരച്ച രാജുവിനെ, അദ്ധ്യാപകൻ പിടികൂടുന്ന രംഗം കൂടി വിവരിച്ച് ചാക്കോ ഉപന്യാസം അവസാനിപ്പിച്ചു.

അടുത്ത ദിവസം കോമ്പസിഷൻ ബുക്കുകൾ കറക്ട് ചെയ്ത് അദ്ധ്യാപകൻ എല്ലാവർക്കും തിരിച്ചു കൊടുത്തു.

ചാക്കോയ്ക്ക് 8 മാർക്കും ''Very Good'' ഉം കിട്ടി.  രാജുവിനെ വിളിച്ച് സാറ് പറഞ്ഞു നിന്റെ  ചിത്രം നന്നായിട്ടുണ്ട്. പക്ഷേ ഇത് ഇംഗ്ളീഷ് ക്ളാസ്സ് അല്ലേ? നിന്റെ ഇംഗ്ളീഷ് പരിജ്ഞാനം ആണ് ഇവിടെ പ്രകടിപ്പിക്കേണ്ടത്. ചിത്രത്തിന്റെ അടിയിൽ, ഗ്രാമറും സ്പെല്ലിംഗും തെറ്റാതെ, കുറച്ച് വിവരണം കൂടി എഴുതാൻ പറഞ്ഞത് അതുകൊണ്ടാണ്.

അവനും കിട്ടി 6 മാർക്കും ഒരു ''Good'' ഉം.
ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയത് രമ്യ എന്ന വിദ്യാർത്ഥിനിക്കായിരുന്നു. അവളുടെ വിവരണം മനോഹരമായ ഭാഷയിൽ കൃത്യവും വ്യക്തവും ആയിരുന്നു എന്ന് പറഞ്ഞ് രമ്യയെക്കൊണ്ട് ആ ഉപന്യാസം ക്ളാസ്സിൽ വായിപ്പിച്ചുു.

50 പേരുണ്ടായിരുന്ന ഒരു ക്ളാസ്സിൽ ഈ പാഠത്തിലൂടെ മൂന്ന് വ്യത്യസ്ത പ്രതിഭകളെയാണ് ആ അദ്ധ്യാപകൻ കണ്ടെത്തിയത്, മാത്രമല്ല അവരുടെ പ്രത്യേകതകൾ വിവരിച്ച് ക്ളാസ്സിലുണ്ടായിരുന്ന 50 പേരേയും പ്രതിഭകളാകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു അദ്ദേഹം.

ഇന്ന് ഇത്തരം എത്ര അദ്ധ്യാപകരുണ്ട് എന്നറിയില്ല.

പ്രതിഭകൾ നമ്മുടെ കുടുംബങ്ങളിലും ജനിക്കുന്നുണ്ട്.  പക്ഷേ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ, ആവശ്യകത മനസ്സിലാക്കാത്തതു കൊണ്ടായിരിക്കും പലരും താല്പര്യം കാണിക്കാറില്ല, സമയവും ചിലവഴിക്കാറില്ല.  ഉപജീവനത്തിനും സോഷ്യൽ സ്റ്റാറ്റസിനും മാത്രം പ്രാധാന്യം നൽകിക്കൊണ്ടാണ് പലരും മക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത്.

കവിതയിലും ചിത്രരചനയിലും കഴിവുണ്ടായിരുന്ന ഒരു പെൺകുട്ടിയെ നിർബന്ധിച്ച് പഠിപ്പിച്ച് ഡോക്ടറാക്കി. ഇപ്പോൾ അവൾക്ക് ഭർത്താവായി ഒരു ഡോക്ടറെ തന്നെ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളോട് സംസാരിച്ച് "ഈ ഡോക്ടർ മാനിയയിൽ നിന്നും രക്ഷപ്പെടുത്തണം" എന്നു പറഞ്ഞാണ് ഒരു പെൺകുട്ടി എന്നെ വിളിച്ചിരിക്കുന്നത്.

അവളോട് പറഞ്ഞതാണ് ഈ കഥ.

ഒരു പ്രതിഭാധനന്റെ ജന്മശതാബ്ദി ആഘോഷത്തിൽ അഭിവന്ദ്യ കർദിനാൾ ആലഞ്ചേരി പിതാവ് പ്രസംഗിക്കുന്നതിനിടെ, പ്രതിഭ എന്ന പദത്തിന് അദ്ദേഹത്തിന്റെ ഗുരു പഠിപ്പിച്ച അർത്ഥം വിവരിച്ചത് ഇങ്ങനെ ആയിരുന്നു

- "അപ്പപ്പോൾ ഉടനുടൻ ഉദിച്ചു വരുന്ന ബുദ്ധി" -.

പ്രതിഭ എന്നത് എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഉളവാകുന്ന വിധം തന്നെയാണ് സൃഷ്ടാവ് നമ്മളെയെല്ലാം സൃഷ്ടിച്ചിരിക്കുന്നത്.
ഇതു കൊള്ളാം എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച് കൂടുതൽ Input നൽകി പരിശീലിപ്പിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ പ്രതിഭ വളരാൻ കൂടുതൽ അനുകൂല സാഹചര്യം ഉളവാകും.

പ്രോത്സാഹിപ്പിക്കാൻ ആരുമില്ലെങ്കിലും, "എന്നെ ഇതിനും കൊള്ളാം" എന്ന് അവനവന് ബോദ്ധ്യമുണ്ടെങ്കിൽ, അപ്പപ്പോൾ വേണ്ടത് ചെയ്യാനും പറയാനും തക്ക ബുദ്ധി അപ്പപ്പോൾ ഉള്ളിൽ ഉദിച്ചു വന്നുകൊള്ളും.

പക്ഷേ സ്വയം തീരുമാനമെടുത്ത്, കിട്ടുന്ന അവസരങ്ങളിലെല്ലാം ഉത്സാഹത്തോടെ മുന്നിട്ടിറങ്ങി, ദീർഘനാൾ അദ്ധ്വാനിച്ചെങ്കിൽ മാത്രമേ, ഏതൊരു പ്രതിഭയ്ക്കും പ്രതിഭാധനൻ ആയി അറിയപ്പെടാൻ സാദ്ധ്യതയുള്ളൂ. അതൊരു വിദൂര സാദ്ധ്യത ആണെന്നു തോന്നുന്നതിനാലാണ് മിക്ക മാതാപിതാക്കളും വ്യവസ്ഥാപിത വിദ്യാഭ്യാസ മാർഗ്ഗത്തിൽ മാത്രം സഞ്ചരിക്കാൻ മക്കളെ നിർബന്ധിക്കുന്നത്.

നിന്റെ പ്രതിഭ എങ്ങും നഷ്ടപ്പെട്ടു പോയിട്ടില്ല. മാതാപിതാക്കൾ നിർബന്ധിച്ചിട്ടാണെങ്കിലും നീ പഠിച്ച് ഒരു ഡോക്ടറായില്ലേ? എത്രയോ ലക്ഷം പേർ നിന്റെ ഒപ്പം പരിശ്രമിച്ചിട്ടും കിട്ടാതെ പോയ ഒരു നേട്ടമല്ലേ നിനക്ക് നേടാനായത്? നീ ആഗ്രഹിക്കുന്ന ഏതൊരു കഴിവും പോഷിപ്പിച്ചെടുക്കാൻ ഇപ്പോൾ നിനക്ക് കൂടുതൽ എളുപ്പമായില്ലേ? നിന്റെ കവിതയിലും ചിത്രങ്ങളിലും നീ പേരെഴുതുമ്പോൾ ഡോക്ടർ എന്ന ടൈറ്റിൽ കൂടി ഉണ്ടെങ്കിൽ അതിന്റെതായ ശ്രദ്ധക്കൂടുതൽ നിന്റെ പ്രയത്നങ്ങൾക്ക് ലഭിക്കില്ലേ?

"അതൊക്കെ ശരിയാണ് അങ്കിൾ, എനിക്കിഷ്ടമില്ലാത്ത തൊഴിലിൽ എന്നെ നിർബന്ധിച്ച് എത്തിച്ചപോലെ, അതേ തൊഴിൽ ചെയ്യുന്ന ആളെ തന്നെ ഞാൻ വിവാഹവും ചെയ്യണം എന്ന അവസ്ഥയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്".

മോളേ, ഞാൻ തീർച്ചയായും നിന്റെ മാതാപിതാക്കളോട് സംസാരിക്കാം. ബെത് ലെഹമിലെ സകല മാതാപിതാക്കളോടും നിന്റെ ഇക്കാര്യം പറയാം.

നീ ഒരിക്കലും ഒരു ഡോക്ടറെ കല്ല്യാണം കഴിക്കരുത്. നിന്റെ ഹൃദയത്തിന് തൃപ്തി തോന്നുന്ന ഒരു "പുരുഷനെ" വേണം വിവാഹം ചെയ്യാൻ.

നീ എന്ന സ്ത്രീയുടെ പ്രത്യേകതകളിൽ ആകൃഷ്ടനാകുന്ന, ഹൃദയങ്ങൾക്ക് പരസ്പരം ഇമ്പം തോന്നുന്ന, വാക്കുകൾ ഇല്ലാതെ സംസാരിക്കാൻ സാധിക്കുന്ന, നിന്റെ  കഴിവുകൾ കൊള്ളാം എന്ന് കരുതുന്ന, ഒരു പുരുഷനെ കണ്ടു കിട്ടുുമ്പോൾ മാത്രം നീ വിവാഹം ചെയ്താൽ മതി.

പക്ഷേ, അങ്ങനെയൊരു പുരുഷനെ കണ്ടുമുട്ടുമ്പോൾ ഇതൊക്കെ തിരിച്ചറിയണമെങ്കിൽ, നീ ആദ്യം ഒരു സ്ത്രീയുടെ നൈസർഗ്ഗിക ഭാവത്തിൽ സ്വയം എത്തിച്ചേരണം.

ഇപ്പോൾ നീ അസംത്യപ്തയായ ഒരു ലേഡീ ഡോക്ടർ ആയിട്ടാണ് സ്വയം കാണുന്നത്. മാതാപിതാക്കളോട് കടുത്ത എതിർപ്പും നിന്റെ ഉള്ളിലുണ്ട്.  ആ കാഴ്ചപ്പാട് മാറണം. ഒരുത്തമ കുടുംബിനിയാകാൻ തക്ക കഴിവുകളുള്ള, കാണാൻ മിടുക്കി ആയ ഒരു ലേഡി ആയി നിന്നെ സ്വയം കാണണം.  ഒരു ഡോക്ടറുടെ സോഷ്യൽ സ്റ്റാറ്റസും, ആ തൊഴിൽ ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയും നീ കഷ്ടപ്പെട്ട് പഠിച്ച് നേടിയിട്ടുണ്ട് എന്നാണ് മനസ്സിൽ ഉറപ്പിക്കേണ്ടത്.

ജനലിൽ കൂടി പുറത്തേയ്ക്ക് നോക്കി പരിതപിക്കുന്ന ശീലം മാറ്റണം, പകരം നിന്റെ ഹൃദയത്തിലേക്ക് നോക്കി ഉള്ളിലെ കാഴ്ചകൾ കാണാൻ തുടങ്ങുക. എന്നിട്ട് അതിനെ ഏറ്റവും ഭംഗിയായി സ്വയം വിവരിക്കണം. മനോഹരമായ ഒരു കവിതയാകട്ടെ ഇനി നിന്നെക്കുറിച്ചുള്ള നിന്റെ വിവരണം.

നിന്റെ മാതാപിതാക്കൾ അവർക്ക് ഇഷ്ടപ്പെട്ട വിവാഹ ആലോചനകൾ കൊണ്ടു വരട്ടെ. അവരുടെ ഉദ്ദേശത്തെക്കുറിച്ചും, പരിഗണനകളെക്കുറിച്ചും നീ ഊഹാപോഹം നടത്തി മുൻവിധികൾ ഒന്നും സൃഷ്ടിക്കരുത്.  അയാൾ ഏതു തൊഴിൽ ചെയ്യുന്ന ആളുമാകട്ടെ, നീ അയാളെ ഒരു പുരുഷനായി മാത്രം കണ്ടാൽ മതി. കൂടിക്കാഴ്ച നടക്കുമ്പോൾ കണ്ണുു കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടു കൂടി കാണണം. നിന്റെ ഹൃദയം കൊണ്ട് അയാളോട് ആത്മാർത്ഥമായി സംസാരിക്കണം. അയാൾക്ക് തുറന്ന് സംസാരിക്കാൻ അനുകൂലമായ അവസരം ഒരുക്കണം.

എന്നിട്ട്, നിനക്ക് വിശ്വസിക്കാനും, ആശ്രയിക്കാനും, മരണം വരെ ഒന്നിച്ച് കഴിയാനും തക്ക അടുപ്പം അയാളോട് അനുഭവപ്പെടുന്നുണ്ടോ എന്നാണ് നീ നോക്കേണ്ടത്.

ഉണ്ടെങ്കിൽ ആ പുരുഷൻ ഇനി ഒരു ഡോക്ടർ ആണെങ്കിൽ പോലും ഒരു മടിയും നീ വിചാരിക്കേണ്ട. കാരണം, ഡോക്ടറുടെ തൊഴിലിനെ അല്ല നിനക്ക് ഇഷ്ടപ്പെടാത്തത്, നിന്റെ മാതാപിതാക്കളുടെ ശൈലികളെയും, നിർബന്ധത്തെയുമാണ് നീ ഇഷ്ടപ്പെടാതിരുന്നത്. നിനക്കുണ്ടായ മോഹഭംഗമാണ് നിന്നെ ഇത്ര നാളും സമ്മർദ്ദത്തിൽ ആക്കി മാതാപിതാക്കളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന ശാഠ്യക്കാരി ആക്കിയിരുന്നത്. ഇനിയത് ആവശ്യമില്ലല്ലോ?.

നീ ഒരു പ്രതിഭയാണ്, അപ്പപ്പോൾ ഉടനുടൻ ഉദിച്ച് ഉദിച്ച് വരുന്ന ബുദ്ധിയും യുക്തിയും നർമ്മവും കൊണ്ട് ഇടപെടുന്ന ഏവർക്കും ഉത്സാഹം പകരാൻ നീ പരിശ്രമിക്കണം. അങ്ങനെ നിന്റെ പുരുഷന്റെ മനം കവരാൻ നിനക്ക് ഇടയാകും.

നിന്റെ പുരുഷനെ കാണുമ്പോൾ തിരിച്ചറിയാനുള്ള വിവേകം നൽകണേയെന്ന് തമ്പുരാനോട് നിത്യവും നീ പ്രാർത്ഥിക്കണം.

ഞാനും ഇത് വായിക്കുന്നവരും നിനക്കു വേണ്ടി പ്രാർത്ഥിക്കും തീർച്ച..

What is Profile ID?
CHAT WITH US !
+91 9747493248