Back to articles

പ്രേമത്തിനു പകരം വെട്ടുകത്തി ? !

February 01, 2012

പ്രേമം എന്ന വാക്കു കേൾക്കുമ്പോൾ എന്തൊക്കെ ചിന്തകളാണ് മനസ്സിൽ വരുന്നത്  എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

ആരോടെങ്കിലും പ്രേമത്തിൽ മുഴുകിയിരിക്കുന്ന ഒരു വ്യക്തി, ഈ വാക്കു കേട്ടാൽ അനുഭവിക്കുന്ന അനുഭൂതി  അല്ല, പ്രേമ നൈരാശ്യം വന്ന ഒരു വ്യക്തിക്ക് ഇതേ പദം കേട്ടാൽ അനുഭവപ്പെടുന്നത്.

വെട്ടുകത്തി എന്ന വാക്ക് കേട്ടാലോ?

പ്രേമം എന്ന വാക്ക് സൃഷ്ടിക്കുന്നതിൽ നിന്നും തീർത്തും വിഭിന്നമായ ചില ചിന്തകളാണ് വെട്ടുകത്തി എന്ന പദം സൃഷ്ടിക്കുന്നത്. പക്ഷേ, പ്രേമത്തിന്റെ പേരിൽ വെട്ടുകത്തി പ്രയോഗം അനുഭവിച്ചിട്ടുള്ള ഒരാളാണെങ്കിലോ? ആരും പ്രതീക്ഷിക്കാത്ത ചില ചിന്തകളായിരിക്കും ഈ പദങ്ങൾ കേൾക്കുമ്പോൾ ഈ ആളുടെ ഉള്ളിലുണ്ടാവുക. ഈ രണ്ടു വാക്കുകളും ഒരുപക്ഷേ, ഒരേ ചിന്തകളായിരിക്കാം ഈ ആളിൽ ഉളവാക്കുന്നത്.

[BLURB-VL]

ഇനി ഒന്നു പുറകോട്ട് ചിന്തിച്ചു നോക്കാം. നിഘണ്ടു കണ്ടുപിടിച്ചപ്പോൾ തന്നെ പ്രേമം എന്ന ആശയത്തിന് വെട്ടുകത്തി എന്നും, വെട്ടുകത്തി എന്ന ആശയത്തിന് പ്രേമം എന്നും ആയിരുന്നു പേരു കൊടുത്തത് എന്നു കരുതുക. അങ്ങനെയെങ്കിൽ പ്രേമം എന്ന വാക്കു ഇപ്പോൾ സൃഷ്ടിക്കുന്ന അതേ വികാരം, വെട്ടുകത്തി എന്ന പദം കൊണ്ട് അന്നു മുതലേ ഉളവാകുമായിരുന്നു.

പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു! അതുപോലെ വെട്ടിമുറിക്കുന്ന ഒരനുഭവത്തെ വെട്ടുകത്തിയെന്ന് വേറെയാരോ വിളിച്ചു.  അങ്ങനെയാണ് ഓരോ വാക്കുകളും  രൂപപ്പെട്ടു വന്നത്. നമ്മുടെ ഉള്ളിലെ ആശയം വ്യക്തമായി പ്രകടിപ്പിക്കാനാണ്, നമ്മൾ ഓരോരോ വാക്കുകൾ ഉപയോഗിക്കുന്നത്. ഞാനുപയോഗിക്കുന്ന വാക്കിന് ഞാൻ ഉദ്ദേശിക്കുന്ന അർത്ഥം തന്നെ അത് കേൾക്കുന്നവർക്കും തോന്നണം. അല്ലെങ്കിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും. അതിനാൽ വാക്കുകളെക്കുറിച്ചും, അതിന്റെ അർത്ഥ വ്യാപ്തിയെക്കുറിച്ചും,  സുനിശ്ചിത ധാരണകൾ എല്ലാവർക്കും ഉണ്ടായേ മതിയാകൂ. ഓരോ ഭാഷയിലും പ്രയോഗത്തിലുള്ള വാക്കുകൾക്ക് വ്യക്തമായ അർത്ഥം നിശ്ചയിച്ച്  നിഘണ്ടുകൾ രൂപപ്പെടുത്തിയിരിക്കുന്നതും, നമ്മൾ ഭാഷകൾ പഠിച്ചതും,  പഠിപ്പിക്കുന്നതും, സാക്ഷരത നൂറു ശതമാനം ആക്കുന്നതും എല്ലാം ഇതിനു വേണ്ടിയാണ്.

ഭാഷാ പണ്ഡിതർ കഠിന പരിശ്രമം നടത്തി എത്ര കുറ്റമറ്റ പദാവലികൾ തയ്യാറാക്കിയാലും ശരി,   അതിന് മാനുഷികമായ ചില പരിമിതികൾ എപ്പോഴും ഉണ്ടാകും. കാരണം, ഏതൊരുവാക്ക് കേട്ടാലും, ഒരോ വ്യക്തിയും, അതിന്റെ നിശ്ചിത അർത്ഥത്തിനും അപ്പുറം, അയാൾ മനസ്സിലാക്കിയിരിക്കുന്ന അർത്ഥമാണ് ആദ്യം ചിന്തയിൽ എടുക്കുന്നത്. കൂടാതെ അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയും, പശ്ചാത്തല സംഭവങ്ങളും കൊണ്ട് ഓരോന്ന് ഊഹിച്ചെടുക്കാറുമുണ്ട്. പ്രാഞ്ചിയേട്ടൻ പത്മശ്രീയുടെ മുതുകത്ത് ചവിട്ടിയത് അങ്ങിനായിരുന്നില്ലേ?.

ഓരോ വാക്കിനോടും അനുബന്ധമായി, കേട്ടിരിക്കുന്നതും, കണ്ടിരിക്കുന്നതും, വായിച്ചിരിക്കുന്നതും, സ്വന്തം  ജീവിതത്തിൽ അനുഭവിച്ചിരിക്കുന്നതും ആയ കാര്യങ്ങളുടെ ഒരു സമ്മിശ്ര വികാരം ആയിട്ടാണ് ഓരോരുത്തരും വാക്കുകൾ മനസ്സിലിട്ട് പ്രോസസ്സ് ചെയ്യുന്നതും, അനുഭവിക്കുന്നതും, പ്രതികരിക്കുന്നതും.

വാക്കുകൾ മാത്രമല്ല, അതിന്റെ സ്വരവും, ഈണവും, പറയുമ്പോഴുള്ള ശരീരഭാഷയും ഒക്കെ, ഒരേ വാക്കിന് പല അർത്ഥങ്ങൾ കൊടുക്കാറുണ്ട്. സദ്യക്കു വന്ന അതിഥിയോട്, ഭക്ഷണം കഴിച്ചോ എന്ന് ആതിഥേയൻ ചോദിക്കുന്നു. ഉത്തരമായി - കഴിച്ചു -, -കഴിച്ചേേ -.- ങും കഴിച്ചു-., - കഴിച്ചുുുു-, - കഴിച്ചു കഴിച്ചു - എന്നൊക്കെ ഓരോ ഈണത്തിലുള്ള മറുപടികൾ കൊണ്ട് ആതിഥേയൻ അതിഥിയുടെ തൃപ്തിയും തൃപ്തികേടും തിരിച്ചറിയുന്നുണ്ട്.

എന്നു വച്ചാൽ, ഉള്ളിലെ വികാരം പ്രകടിപ്പിക്കാൻ വലിയ ഭാഷാപാണ്ഡിത്യം ഒന്നും ആവശ്യമില്ല. അത് യോജിപ്പിന്റേതാണോ, വിയോജിപ്പിന്റേതാണോ - തൃപ്തിയുടേതാണോ, അതൃപ്തിയുടേതാണോ എന്ന് സ്വരം കൊണ്ടും ശരീരഭാഷകൊണ്ടും, പ്രകടിപ്പിക്കാനും, തിരിച്ചറിയാനും സാധിക്കും.

പ്രേമം എന്ന് വെട്ടുകത്തി പോലെ ശബ്ദിക്കാനും, അതേ വായകൊണ്ട് വെട്ടുകത്തി എന്ന് പ്രേമപൂർവ്വം ശബ്ദിക്കാനും സാധിക്കില്ലേ?. മണുക്കൂ എന്ന് വിളിച്ചാലും പക്കീർ വിളികേൾക്കും എന്നൊരു ചൊല്ലുണ്ട്, അങ്ങനെ വിളികേൾക്കണമെങ്കിൽ, അവരുടെ ഹൃദയങ്ങൾ തമ്മിൽ യോജിപ്പ് വേണം. പരസ്പര ധാരണ വേണം. അതില്ലാത്ത ബന്ധങ്ങൾ ബന്ധനങ്ങളാണ്. സുർക്കി ഒലിച്ചു പോയ മുല്ലപ്പെരിയാർ അണക്കെട്ടുപോലെ, ഈ ബന്ധങ്ങൾ എപ്പോൾ വേണമെങ്കിലും തകർന്നേക്കാം എന്ന ഭയം അവരെ വിട്ടു മാറില്ല.

ഒന്നും കൂടെക്കൊണ്ടുവരാതെ ഈ ഭൂമിയിലേക്ക് ജനിച്ചു വീണ മനുഷ്യന്, തിരികെ പോകുമ്പോഴും ഒന്നും കൂടെ കൊണ്ടുപോകാൻ കഴിയില്ലെന്നറിയില്ലേ. തലനാരിഴകീറി വാക്കുകളുടെ അർത്ഥത്തിലെ അപാകതകൾ കണ്ടെത്തി, ഇവിടെ ജീവിക്കാൻ കിട്ടിയ അല്പ സമയം കഷ്ടതയിൽ  നഷ്ടപ്പെടുത്താനിടയാക്കരുതേ. ഹൃദയംകൊണ്ട് തൃപ്തിയും സന്തോഷവും പകർന്നു കൊടുത്ത് ആ സമയം ആസ്വാദ്യകരമാക്കാനുള്ള വിവേകം എല്ലാവർക്കും ലഭിക്കണമേ എന്നു ഞങ്ങളും പ്രാർത്ഥിക്കാം....

George Kadankavil - February 2012

What is Profile ID?
CHAT WITH US !
+91 9747493248