ഒരു കല്യാണ ചടങ്ങിൽ മുഹൂർത്തം ആകാനായി അതിഥികൾ ഹാളിൽ കാത്തിരിക്കുകയാണ്. ഏതാണ്ട് ഏഴുവയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു മിടുക്കൻ അതിഥികളുടെ ഇടയിലൂടെ ഓടിനടന്ന് ധാരാളം വികൃതികൾ കാണിക്കുന്നു. ഇടയ്ക്കിടക്ക് അവന്റെ അമ്മ അല്ലെങ്കിൽ അച്ഛൻ വന്ന് പയ്യനെ തൂക്കിയെടുത്ത് കൊണ്ടു പോയി അവരുടെ നടുക്ക് ഇരുത്തും. അവിടെ ഇരിക്കുമ്പോൾ കാണുന്ന എല്ലാത്തിനെക്കുറിച്ചും അവൻ ഓരോരോ സംശയം എന്തെങ്കിലും ചോദിക്കും, എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ അപ്പനും അമ്മയും അവനെ കണ്ണുരുട്ടി അടക്കിയിരുത്താൻ ശ്രമിക്കും. പക്ഷേ അവരുടെ കണ്ണ് തെറ്റിയാൽ പയ്യൻ പിന്നേം പുറത്തു ചാടും. ഒരു തവണ അവന്റെ അച്ഛൻ അവനെ പിടിച്ചു കൊണ്ടുവന്നിരുത്തി സ്വരം ഉയർത്തി അവനെ ശകാരിച്ചു. അതോടെ അച്ഛൻ ചുമയ്ക്കാൻ തുടങ്ങി.
ഉടനെ ആ പയ്യൻ അപ്പനെ നോക്കി ഉച്ചത്തിൽ പറഞ്ഞു, ''പോയി തുപ്പെടാ ശവിയേ''.
ഒരു കൊച്ചു പയ്യന് ഈ പ്രതികരണം എവിടെ നിന്ന് ലഭിച്ചു?
നമ്മൾ കൊടുത്തിട്ടുള്ള പ്രതികരണങ്ങൾ നമ്മൾക്ക് എവിടുന്നൊക്കെ ആണ് ലഭിച്ചിട്ടുള്ളത്? അതിന്റെ ഏതാനും പടി മുകളിലാണ് നമ്മുടെ മക്കൾ. നമ്മൾ പലർക്ക് പലപ്പോഴായി കൊടുത്ത പ്രതികരണങ്ങൾ പലമടങ്ങ് ആക്കി മക്കൾ നമുക്ക് തിരിച്ചു തരുന്നു. അതുകൊണ്ടായിരിക്കണം, മാതാപിതാക്കളോട് മക്കൾ അനീതി കാണിച്ചെന്ന വാർത്തകൾ നാൾതോറും വർദ്ധിച്ചു വരുന്നത്.
ഒരു വൃദ്ധനായ പിതാവിന്റെ സ്വത്ത് എഴുതി വാങ്ങി അധിക നാൾ കഴിയും മുമ്പേ, മകൻ പിതാവിനെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു. പോകാനിടമില്ലാത്ത വൃദ്ധനെ സംരക്ഷിക്കാൻ, ഈ വൃദ്ധന് നീതി നേടിക്കൊടുക്കാൻ, പൊതുജനം നീതിപീഠങ്ങളെ സമീപിക്കുന്നു. സംഭവം വാർത്തയാകുന്നു, സമൂഹ മനസ്സാക്ഷി ഉണരുന്നു. സാമൂഹ്യ പ്രവർത്തകരും, നീതി പാലകരും ഇടപെടുന്നു. ഒരു പിതാവിന് സ്വന്തം മകനിൽ നിന്നും നീതി നേടിക്കൊടുക്കുന്ന ഒരു ഉത്തരവ് വരുന്നതോടെ സമൂഹം സ്വയം ആശ്വസിക്കുന്നതായി ഭാവിക്കുന്നു.
''ഒരു ചെറ്റക്കുടിലിൽ ആരും തുണയില്ലാതെ പട്ടിണി കിടന്ന് മൃതപ്രായമായ അമ്മ. നല്ല നിലയിൽ ജീവിക്കുന്ന മക്കൾ അമ്മയെ തിരിഞ്ഞു നോക്കുന്നില്ല.'' ചരിത്രം വീണ്ടും ആവർത്തിക്കുന്നു.
ഇത്തരം സംഭവങ്ങൾ അറിയുമ്പോൾ നീതിബോധമുള്ള ആരും പ്രതികരിക്കും, പ്രവർത്തിക്കും. അതില്ലാത്തവരും പ്രതികരിക്കും കാരണം, ആ നിരാലംബർ സമൂഹത്തിന് ബാദ്ധ്യതയായി തീർന്നിരിക്കുന്നു. മാത്രമല്ല നാളെ തനിക്കും ഇത് സംഭവിച്ചെങ്കിലോ എന്ന ചിന്ത സമൂഹത്തെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പലവിധത്തിലുള്ള സമ്മർദ്ദം ചെലുത്തി എന്തെങ്കിലും മുട്ടുശാന്തി ഏർപ്പാടുണ്ടാക്കിയിട്ടേ സമൂഹത്തിന് സമാധാനം ആകൂ. അതൊരുപക്ഷേ വലിയ വാർത്തയായി പത്രമാധ്യമങ്ങളിൽ വരുകയും, മക്കളിൽ നിന്നും മാതാപിതാക്കൾക്ക് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമങ്ങൾ നിർമ്മിക്കാൻ മുറവിളി ആയി ഉയരുകയും ചെയ്യാറുണ്ട്.
ഏതെല്ലാെം, എത്രയെല്ലാം നിയമങ്ങൾ സൃഷ്ടിച്ചിരുന്നാലും ശരി, വിതയ്ക്കാത്തത് കൊയ്യാൻ ലഭിക്കും എന്നു ആരും കരുതേണ്ട. നീതിപൂർവ്വം ജീവിച്ച്, മക്കൾക്ക് മാതൃക കാണിച്ചു കൊടുക്കാത്ത മാതാപിതാക്കൾക്ക് നീതി ലഭിക്കാതെ അലയേണ്ടി വരും തീർച്ച.
നിവർത്തികേടു കൊണ്ട് നീതി പ്രവർത്തിക്കാൻ നിർബന്ധിതരാകുന്ന ചിലർ പിന്നീട്, തങ്ങൾ നീതിപൂർവ്വം പെരുമാറിയിട്ടും തനിക്ക് നീതി ലഭിച്ചില്ല എന്നവകാശപ്പെടാറുണ്ട്. മാതാപിതാക്കളുടെ കപടഭാവവും ഇരട്ടത്താപ്പും ആദ്യം തിരിച്ചറിയുന്നത് മക്കൾ തന്നെയെന്ന് മറക്കരുത്.
മക്കളോട്, ഒരു മുലകുടിക്കുന്ന കുഞ്ഞായിരുന്നാൽ പോലും, കാപട്യം കാണിക്കരുത്. അവരുടെ ചോദ്യങ്ങൾ അവഗണിക്കരുത്. ആത്മാർത്ഥമായും സത്യസന്ധമായും വേണം അവരോട് പ്രതികരിക്കാൻ. നിങ്ങളുടെ ലാളനയ്ക്ക് പക്വത ഉണ്ടായിരിക്കണം.
ശാസിക്കേണ്ടിവന്നാൽ, തിരിച്ചറിവില്ല എന്നു നമ്മൾ കരുതുന്ന പ്രായത്തിലുള്ള കുഞ്ഞായിരുന്നാൽ പോലും, എന്തിനാണ് ശാസിച്ചത് എന്ന് വസ്തുനിഷ്ടമായി വിശദീകരിച്ചു കൊടുക്കണം. നിങ്ങൾക്ക് തെറ്റുപറ്റിയാൽ അത് ആത്മാർത്ഥമായി സമ്മതിച്ച് മാതൃക കാണിച്ചു പഠിപ്പിക്കണം.
കൊച്ചു കുട്ടികൾ ചോദിക്കുന്ന സംശയങ്ങൾക്ക് ഉത്തരം കൊടുക്കാനറിയില്ലെങ്കിൽ അത് അന്വേഷിച്ച് പറഞ്ഞു കൊടുക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുകയും, അത് മറക്കാതെ നിറവേറ്റുകയും വേണം. അല്ലാതെ, കുട്ടികളുടെ ജ്ഞാനതൃഷ്ണയെ ബാലിശം, തോന്ന്യവാസം, അനാവശ്യം എന്നൊക്കെ കണക്കാക്കി അവഗണിക്കരുത്. നിർഭാഗ്യവശാൽ അത്തരം മാതാപിതാക്കൾ ഇന്ന് ധാരാളമുണ്ട്.
കുട്ടികൾ തേടുന്നത് വീട്ടിൽ കിട്ടാതെ വന്നാൽ അത് കിട്ടുന്നിടത്തു നിന്നും നേടിയെടുക്കാൻ കുട്ടികൾ ശ്രമിക്കും. അങ്ങനെ വല്ലിടത്തു നിന്നും വിവേചനമില്ലാതെ കുട്ടിക്ക് കിട്ടുന്ന അറിവ് അപക്വവും ചിലപ്പോൾ വികലവും ആയിപ്പോയാൽ?.....
അതവരുടെ സ്വഭാവത്തെത്തന്നെ ദോഷകരമായി സ്വാധീനിച്ചാൽ?.... അതിന് മറ്റാരെയും കുറ്റപ്പെടുത്തേണ്ട.
കുട്ടികളുടെ ഉള്ളിൽ കടന്നു കൂടുന്ന സ്വഭാവവിശേഷങ്ങൾ മാതാപിതാക്കളിൽ നിന്നും, കുടുംബങ്ങളിൽ നിന്നും കൂട്ടുകെട്ടിൽ നിന്നും, ചുറ്റുപാടിൽ നിന്നും ഒക്കെ ലഭിക്കുന്നതാണ്. അത് അവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നത്, മാതാപിതാക്കളുടെ പെരുമാറ്റത്തെ ആശ്രയിച്ചാണിരിക്കുന്നത്. എത്ര പ്രതികൂല സാഹചര്യത്തിൽ ജീവിക്കുന്നവരായിരുന്നാലും, കപടഭാവമില്ലാതെ, നീതിപൂർവ്വം പെരുമാറുകയും, അതെക്കുറിച്ച് ആത്മാവിൽ അഭിമാനിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ മക്കൾക്ക് നല്ല മാതൃക പഠിപ്പിച്ചു കൊടുക്കുകയും കൂടിയാണ് ചെയ്യുന്നത്.
അങ്ങനെയുള്ള മാതാപിതാക്കൾക്ക് നീതി തേടി അലയേണ്ടി വരില്ല. അവർക്ക് ആപത്തോ അരിഷ്ടതകളോ സംഭവിക്കില്ല എന്നല്ല. ഏത് അത്യാഹിതത്തിൽ പെട്ടാലും, അത് തരണം ചെയ്യാനുള്ള ശക്തി അവർക്ക് ലഭിച്ചുകൊണ്ടേയിരിക്കും. അത്തരം ഓരോ അനുഭവവും അവരുടെ ആത്മാഭിമാനം ഉയർത്തിക്കൊണ്ടുമിരിക്കും.
പ്രിയപ്പെട്ടവരേ, ഞാൻ എന്റെ മക്കളോടും എന്റെ മാതാപിതാക്കളോടും നീതിപൂർവ്വം ആണോ പ്രവർത്തിക്കുന്നത് എന്ന് ആത്മാർത്ഥമായി ചിന്തിച്ചു കണ്ടെത്തണം. ഞൻ കൊടുക്കുന്ന നീതി തന്നെ എനിക്ക് തിരികെ കിട്ടും എന്ന ബോദ്ധ്യത്തിൽ സ്വന്തം ചെയ്തികൾ നിയന്ത്രിക്കണം. ഇത്തരം ഓരോ സംഭവവും, നമുക്ക് സ്വയം ഇങ്ങനെ ഒരു ആത്മ പരിശോധന നടത്താനുള്ള അവസരം ആയിരിക്കട്ടെ. എങ്കിൽ, നമ്മുടെ ബന്ധങ്ങൾക്ക് നീതി തേടേണ്ടി വരില്ല.
പക്ഷേ ഇത്രയും മാനസിക വളർച്ച നമുക്ക് എല്ലാവർക്കും ഉണ്ടായി വരും എന്നത് വളരെ സുന്ദരമായ വെറും മോഹന സ്വപ്നം മാത്രം. അതിനാൽ, മാതാപിതാക്കളുടെ സംരക്ഷണത്തിന് മക്കൾക്ക് ഉത്തരവാദിത്വം നിശ്ചയിക്കുന്ന നിയമ നിർമ്മാണം ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു..
George Kadankavil - April 2012