''വിവാഹത്തോട് ബന്ധപ്പെട്ട പല കാര്യങ്ങളെക്കുറിച്ചും, Bold & Brilliant ആശയങ്ങൾ ''ബെത് ലെഹമിന്റെ മാസികകളിൽ വായിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ അങ്കിളിനെ വിളിക്കുന്നത്. ''എന്റെ വിവാഹം മനം കുളിർപ്പിക്കുന്നതാകണം'' എന്ന ഒരു ലേഖനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വിവാഹം ഒരു മാമാങ്കം ആകുന്നതിന്റെ അസ്വസ്ഥതകൾ അതിൽ വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു. എന്റെ വിവാഹത്തെക്കുറിച്ചും, വ്യത്യസ്തമായ ചില ആഗ്രഹങ്ങൾ എനിക്കുണ്ട്. അതെക്കുറിച്ച് അങ്കിളിന്റെ അഭിപ്രായം അറിയണം.
[BLURB-VL]എനിക്ക് ബാംഗ്ളൂരിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ നല്ല ജോലിയുണ്ട്. ബി.ടെക് ബിരുദമുണ്ട്. പഠിച്ചതെല്ലാം മെറിറ്റിലായിരുന്നു. അഡ്മിഷനു വേണ്ടി ശുപാർശയുമായി എവിടെയും കയറിയിറങ്ങേണ്ടി വന്നില്ല. ക്യാംപസ് സെലക്ഷനിൽ ജോലിയും ലഭിച്ചു. സ്വന്തം പരിശ്രമം കൊണ്ട് ലഭിച്ചതിനാൽ ആയിരിക്കണം ചെയ്യാനിഷ്ടമുള്ള തൊഴിലാണ് ചെയ്യുന്നതെന്നും, സ്വന്തം അദ്ധ്വാനഫലമാണ് ഭക്ഷിക്കുന്നതെന്നും ഒക്കെ ഒരുപാട് തൃപ്തി എനിക്കുണ്ട്.
നല്ല ബന്ധുബലവും സൽപ്പേരും സാമാന്യം സാമ്പത്തിക ശേഷിയും ഉള്ള കുടുംബത്തിലെ മൂത്ത മകനാണ് ഞാൻ. 28 വയസ്സായി. വീട്ടിൽ ഇപ്പോൾ വിവാഹത്തിന് ആലോചന തുടങ്ങിയിരിക്കുകയാണ്. ഒരു പ്രൊപ്പോസൽ ഏതാണ്ട് തീരുമാനിച്ച പോലെ ആയതാണ്. അവരോട് ഞാൻ വിവാഹത്തെക്കുറിച്ച് എനിക്കുള്ള ആഗ്രഹം പറഞ്ഞു. Wonderful, Great എന്നൊക്കെ അപ്പോൾ പറഞ്ഞെങ്കിലും പിന്നീട് പയ്യൻ നോർമലല്ല, എന്തോ കുഴപ്പമുണ്ടെന്നാ തോന്നുന്നത്, എന്ന മട്ടിൽ അവരാ ആലോചനയിൽ നിന്നും പിന്മാറി''
അത്രക്ക് അബ്നോർമലായിട്ട് മോനെന്താ അവരോട് പറഞ്ഞത്?. ''വിവാഹം ഞങ്ങളുടെ രണ്ടുപേരുടെയും വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച് ഞങ്ങളുടെ സ്വന്തം ചിലവിൽ നടത്തണം എന്നാണ് എന്റെ ആഗ്രഹം എന്നേ പറഞ്ഞുള്ളു. അതുകേട്ടപ്പോഴേക്കും അവർക്ക് എന്റെ മേലുണ്ടായിരുന്ന വിശ്വാസം പോയി. വിവാഹം മാറിപ്പോയതിൽ എനിക്ക് വിഷമമില്ല. പക്ഷേ എന്റെ ആഗ്രഹത്തിന്റെ തെറ്റും ശരിയും കണ്ടെത്തണം എന്നു തോന്നിയതു കൊണ്ടാണ് അങ്കിളിനെ വിളിച്ചത്''
മോനേ, ഇത് വളരെ നല്ല ആഗ്രഹമാണല്ലോ. ഞാനൊക്കെ കരുതിയിരിക്കുന്നത് ഇപ്പോഴത്തെ പിള്ളേർക്ക് കല്യാണം ഏറ്റവും അടിപൊളിയാക്കിയെങ്കിലേ തൃപ്തിയാകൂ എന്ന് എന്തോ ജ്വരം ഉണ്ടെന്നാണ്.
ഭൂമിയിലെ നമ്മുടെ ജീവിതം പല വിധ സ്വപ്നങ്ങളുടെ അടിത്തറയിൽ, നിരവധി സ്വപ്നങ്ങൾ കൊണ്ടാണ് നമ്മൾ കെട്ടി ഉയർത്തുന്നത്. ഒരു സ്വപ്നം തകരാനിടയായാൽ അതിനെ ആശ്രയിച്ചു കണ്ടു വെച്ചിരുന്ന നൂറു കണക്കിനു സ്വപ്നങ്ങളും ഒപ്പം തകരുന്നു, ഒരു ചീട്ടു കൊട്ടാരം പോലെ. പക്ഷേ മനുഷ്യൻ അസാധാരണ സൃഷ്ടിയാണ്, അതിനാൽ നമ്മൾ മറ്റേതെങ്കിലും ഒരു പുതിയ സ്വപ്നം ആലോചിച്ച് കണ്ടു പിടിക്കും. അത് നടക്കുമെന്നു തോന്നിയാൽ, അതിന്മേൽ വീണ്ടും സ്വപ്നങ്ങൾ കൊണ്ട് കോട്ടകൾ കെട്ടും.
എന്നാൽ ചില മനുഷ്യർ മോഹഭംഗം വന്നാൽ പിന്നെ വീണ്ടും സ്വപ്നമേ കാണാതിരിക്കാൻ ശ്രമിക്കും. പക്ഷേ, സ്വപ്നങ്ങളില്ലാത്ത ഒരു ജീവിതം അപ്പോഴും അവർ സ്വപ്നം കാണുന്നുണ്ട്.
നിങ്ങൾക്ക് എന്തൊക്കെ സ്വപ്നം വേണമെങ്കിലും കാണാം. കാണുന്ന സ്വപ്നം യാഥാർത്ഥ്യമാക്കി മാറ്റണമെന്ന ശക്തമായ ആഗ്രഹം നിന്റെ ഉള്ളിലുണ്ടെങ്കിൽ, അതിനു വേണ്ടി പരിശ്രമിക്കണം. അതിൽ യാതൊരു അപാകതയും ഇല്ല. പക്ഷേ, അതിന് മറ്റാരുടെയെങ്കിലും പങ്കാളിത്തം ലഭിക്കണമെങ്കിൽ, നിന്റെ സ്വപ്നത്തിന് കഴമ്പുണ്ടെന്ന് അവർക്കു കൂടി ബോദ്ധ്യം വരണം.
ഇവിടെ നിന്റെ സ്വപ്നം വിവാഹ ചടങ്ങിനെക്കുറിച്ച് ആണല്ലോ. നിനക്ക് തനിച്ച് നടത്തിയെടുക്കാൻ കഴിയാത്ത സ്വപ്നമാണിത്. ഈ സ്വപ്നം വിവരിച്ചാൽ അത് മനസ്സിലാകുന്ന, അതിൽ പങ്കുചേരാൻ ഉത്സാഹമുള്ള ഒരു പെൺകുട്ടിയെക്കൂടി ലഭിച്ചെങ്കിലേ കാര്യം നടക്കൂ. അങ്ങനെയൊരു പങ്കാളിയെ കണ്ടുമുട്ടി നിന്റെ ഈ സ്വപ്നം പങ്കു വെച്ച്, പരസ്പര ധാരണ ആകുമെങ്കിൽ, അതാണ് നിന്റെ ഈ സ്വപ്ന സാക്ഷാത്കാരത്തിനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗം. അതാണ് എളുപ്പ വഴിയും.
അറേഞ്ച്ഡ് മാര്യേജ് ആകുമ്പോൾ സാധാരണ ഗതിയിൽ മാതാപിതാക്കൾ തങ്ങളുടെ മകളുടെ ജീവിതം വെച്ച് ഒരു പരീക്ഷണം നടത്താൻ തയ്യാറാവില്ല. അതിനാൽ കാര്യകാരണ സഹിതം അവരെ നിന്റെ ആഗ്രഹം പറഞ്ഞ് ബോദ്ധ്യപ്പെടുത്തണം. വെറും സ്വപ്ന ജീവി അല്ല, പ്രായോഗികമായാണ് നീ പെരുമാറുന്നത് എന്ന് അവർക്ക് അനുഭവപ്പെടണം.
“അങ്കിൾ, ഞാൻ വെറുതെ ജാഡയ്ക്ക് വേണ്ടി അല്ല ഇങ്ങനെ ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ നമ്മുടെ വിവാഹ ആഘോഷ രീതി ഒരുതരം പൊങ്ങച്ച പ്രകടനം ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. രണ്ടു കുടുംബങ്ങളും, കഴിയുന്നത്രെ (വലിയ) ആളുകളെ വിളിച്ചുകൂട്ടി, അയൽക്കാരുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുക്കാരുടെയും മുന്നിൽ ഒരു ശക്തി പ്രകടനം നടത്തുന്നു. ഞങ്ങൾ നിസ്സാരക്കാരല്ല, സൂക്ഷിച്ചോ എന്നൊരു താക്കീതും ചിലപ്പോൾ ഇവിടെ ഒളിഞ്ഞിരിക്കാറുണ്ട്. ഒരു കൊമേഴ്സ്യൽ വാല്യൂ അഡീഷൻ ആണ് ചിലരുടെ ലക്ഷ്യം.
പിന്നെ സ്വന്തം വരുമാനം കൊണ്ട് വിവാഹം നടത്തണം എന്നു ചിന്തിക്കുന്നത്; ഏതായാലും ഭാവി ജീവിതം ചിട്ടപ്പെടുത്തുന്നത് രണ്ടു പേരും കൂടി ചേർന്ന് ആലോചിച്ച് വേണമല്ലോ. എങ്കിലത് സ്വന്തം കല്യാണം നടത്തി എടുക്കുന്നതു മുതൽ തുടങ്ങിയാൽ, പരസ്പരം ഒരു ടീം ബിൽഡിംഗ് പരിശീലനം കൂടി ആകുമല്ലോ എന്നാണ് ഞാൻ കരുതിയത്. എന്റെ ഓർഗനൈസിംഗ് കപ്പാസിറ്റിയിൽ ഒതുങ്ങുന്ന ചടങ്ങ് ആയാൽ ഒരുപാട് കടപ്പാടുകൾ ഒഴിവാക്കുകയും ചെയ്യാം എന്നാണ് ഞാൻ ചിന്തിക്കുന്നത്''
മോനേ, ഇത് വളരെ നല്ല ചിന്തയാണ്. ഇതിൽ, കടപ്പാടിനെക്കുറിച്ച് പറഞ്ഞാൽ - പ്രപഞ്ചത്തിൽ നിന്നും കടം കൊണ്ട ഊർജ്ജം മാത്രമേ നമുക്കുള്ളു. അങ്ങനെ കടം കൊണ്ടതെല്ലാം ഒരിക്കൽ തിരികെ കൊടുക്കുകയോ - തിരികെ എടുക്കപ്പെടുകയോ ചെയ്യും. അതിനാൽ, സകല കടപ്പാടും ഒഴിവാക്കി ജീവിക്കാമെന്ന സ്വപ്നം പ്രപഞ്ച നീതിക്ക് നിരക്കുന്നതല്ല.
നിന്നെ സൃഷ്ടിച്ചതും, നിനക്ക് ഇതുവരെ ആയുസ്സു തന്നതും, ഇനി എപ്പോഴെങ്കിലും അത് തിരികെയെടുക്കാൻ തീരുമാനിക്കുന്നതുമായ ഒരു അനിർവചനീയ ശക്തി, ദാനമായി തന്നതാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം.
അശക്തന്, തന്റെ ഗതികേടു മൂലം ആരോടെങ്കിലും സഹായം ചോദിക്കേണ്ടി വരുമ്പോഴാണ്, ആ കടപ്പാട് അസഹനീയമാകുന്നത്. സ്വന്തം അവസ്ഥക്ക് ഇണങ്ങുന്ന പദ്ധതികൾക്ക് വേണ്ടി, നമ്മുടെ വേണ്ടപ്പെട്ടവരുടെ സഹായവും, സഹകരണവും, പങ്കാളിത്തവും തേടുന്നതും, അതിനു നമുക്കവരോടുള്ള കടപ്പാടും നമ്മുടെ ജീവിതമൂല്യം ഉയർത്തുകയാണ് ചെയ്യുന്നത്. കടപ്പാടുകൾ അല്ല, കടവും, കഴിവിൽ കവിഞ്ഞുള്ള ചിലവും, ആണ് ഒഴിവാക്കേണ്ടത്.
അടുത്തത് ടീംബിൽഡിംഗ് പരിശീലനം - ഒരു ടീം ആയ ശേഷം വിവാഹം കഴിക്കുന്നതിനാണ് പ്രേമവിവാഹം എന്നു പറയുന്നത്. വിവാഹത്തോടെ ടീം ആയി രൂപപ്പെടുന്നതാണ് അറേഞ്ച്ഡ് മാര്യേജ്. അറേഞ്ച്ഡ് മാര്യേജിന് പ്രേമ വിവാഹത്തിന്റെ ചില ഗുണങ്ങൾ ആണ് നിങ്ങളാഗ്രഹിക്കുന്നത്. ഇതസ്സാദ്ധ്യമൊന്നും അല്ല. പെൺകുട്ടിയുടെ മാതാപിതാക്കളെക്കൂടി Convince ചെയ്ത് എടുത്താൽ മതി.
ഇനി വിവാഹം മാമാങ്കം ആകുന്നു എന്നതാണ് മോന്റെ അടുത്ത വിഷമം. നമുക്കു ചുറ്റും, ഓരോരുത്തർ അവരുടെ നിലയ്ക്കും വിലയ്ക്കും കർമ്മ മണ്ഡലത്തിലെ ഉദ്ദേശങ്ങൾക്കും യോജിച്ച രീതിയിൽ വിവാഹം ആഘോഷിക്കുന്നുണ്ട്. അത് കണ്ടിട്ട് അവരേക്കാൾ കേമന്മാരാണ് തങ്ങൾ എന്ന് കാണിക്കാനായി ആഘോഷം അഹങ്കാരമാക്കുന്നവരും ധാരാളം.
എല്ലാവരും ഇങ്ങനെയൊക്കെ ചെയ്യുന്നു, അതിനാൽ നമ്മളും അതുതന്നെ ചെയ്യണം എന്നു ചിന്തിച്ച്, ആവശ്യത്തിൽ കവിഞ്ഞ ആൾക്കൂട്ടവും ആർഭാടവും കൊണ്ട് ആഘോഷം അപകടമാക്കുന്നവരും,കടം കയറി മുടിയുന്നവരും ഒക്കെ നമുക്കിടയിലുണ്ട്.
ആദ്യ ശ്രമം പാളിപ്പോയെന്നു കരുതി ശ്രമം പാടേ ഉപേക്ഷിക്കേണ്ടതില്ല. നിനക്ക് ബോദ്ധ്യമുള്ള രീതിയിൽ നിന്റെ വിവാഹ ആഘോഷം നിനക്ക് നിയന്ത്രിക്കാം. വിവേകപൂർവ്വം അവതരിപ്പിച്ചാൽ രണ്ട് വീട്ടുകാർക്കും അത് സമ്മതമാകുകയും ചെയ്യും. നിന്നെപ്പോലെ ചിന്തിക്കാനോ, നിന്റെ രീതിയിൽ ഉൾക്കൊള്ളാനോ സാധിക്കാത്തവരുമായി ബന്ധുത സുഖകരമാവില്ല. അല്ലെങ്കിൽ അവരേപ്പോലെ ചിന്തിക്കാനും പെരുമാറാനും നീ പഠിച്ചെടുക്കണം.
വ്യവസ്ഥിതികൾ നിങ്ങൾക്കു വേണ്ടി മറ്റാരെങ്കിലും മാറ്റിത്തരികയില്ല. നിങ്ങളുടെ ബോദ്ധ്യത്തിൽ നിന്നും സ്വയം ഇറങ്ങിത്തിരിച്ചാലേ മാറ്റമുണ്ടാകുകയുള്ളു. ആദ്യത്തെ എതിർപ്പ് കാണുമ്പോഴേ തണുത്തു പോകുന്ന ആവേശം കൊണ്ട് ഒരു മാറ്റവും സൃഷ്ടിക്കാൻ ആർക്കും സാധിക്കില്ല.
Life on earth is made of DREAMS. So the Sages Called it ''MAYA''.