What is Case Hardening?''- മെറ്റലർജി വൈവാ പരീക്ഷക്ക് എക്സാമിനറുടെ മുന്നിലിരിക്കുന്ന രാജനോട് ചോദിച്ച ചോദ്യമിതായിരുന്നു.''ഒരു സംശയവും ഇല്ലാതെ രാജൻ മറുപടി പറഞ്ഞു
''It is a Bonda, Sir''.
എക്സാമിനർ ഒന്നു ഞെട്ടിയെങ്കിലും അത് പുറമെ കാണിക്കാതെ ഉത്തരം വിശദീകരിക്കാൻ ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരം ആയതുകൊണ്ടാകണം രാജൻ പരീക്ഷ പാസ്സായി, പ്രൊമോഷനും കിട്ടി. ബോണസായിട്ട് ബോണ്ടാ രാജൻ എന്ന ഇരട്ടപ്പേരും സമ്പാദിച്ചു.
കേട്ടാൽ മണ്ടത്തരം എന്നു തോന്നുമെങ്കിലും രാജന്റെ ഉത്തരത്തിൽ കുറച്ച് ശരിയുണ്ടായിരുന്നു. കാരണം ഈ വിഷയം പഠിപ്പിച്ചത്, ബോൾ ബെയറിംഗിന്റെ നിർമ്മാണ രീതിയുമായി ബന്ധപ്പെടുത്തി ആയിരുന്നു. ബെയറിംഗിന് ഉപയോഗിക്കുന്ന ബോൾസ്, കേസ് ഹാർഡൻ ചെയ്തതാണ്. Ball ന്റെ ഉൾവശം soft ഉം പുറംഭാഗം പ്രത്യേകം heat treatment വഴി carbon ചേർത്ത് harden ചെയ്തിരിക്കുന്നതുമാണ്. ബോണ്ട കണ്ടിട്ടില്ലേ ? - പുറം കട്ടിയുള്ളതും അകം മാർദ്ദവമുള്ളതും. അതുപോലെ തയ്യാറാക്കിയ ബോൾസ് ആണ് ബെയറിംഗിൽ ഉപയോഗിക്കുന്നത്. ഇങ്ങനെയായിരുന്നു ക്ളാസ്സിൽ പഠിപ്പിച്ചത്.
[BLURB-VL]ഭാരം താങ്ങുമ്പോൾ ബോൾസ് പൊട്ടിപ്പോകാതിരിക്കാൻ ഈ വിദ്യ ഉപകരിക്കുന്നു. മാത്രമല്ല പെട്ടെന്നു തുരുമ്പ് പിടിക്കാതിരിക്കാനും, ഗ്രീസ്സും മറ്റും ഉണങ്ങിപിടിച്ചാലും ക്ളീൻ ചെയ്യാൻ എളുപ്പമാകും വിധമുള്ള ട്രീറ്റ്മെന്റെുകളും ബെയറിംഗിൽ ചെയ്തിട്ടുണ്ട്.
രാജന്റെ ജോലി ബെയറിംഗ് നിർമ്മിക്കൽ അല്ല, മറിച്ച് അത് സുഗമമായി കറങ്ങാൻ വേണ്ട മെയിന്റെനൻസ് നടത്തുക എന്നതാണ്. അതുകൊണ്ട് രാജന്റെ ജോലിയുടെ പശ്ചാത്തലത്തിൽ ക്ളാസ്സിൽ കേട്ടത് ഓർമ്മയുണ്ട് എന്ന പരിഗണനയും വെച്ച് അവന്റെ ഉത്തരം ശരി എന്നു കണക്കാക്കിയതിൽ തെറ്റുണ്ടോ?.
ഭർത്താവിന്റെ സ്വഭാവം വളരെ പരുക്കനാണ്. തീരെ മയമില്ലാത്ത പെരുമാറ്റമാണ്. ഒരു കാര്യത്തിനും സഹായിക്കുകയില്ല. സൌമ്യമായി സംസാരിക്കില്ല. പുള്ളിക്കാരന്റെ വീട്ടിൽ എല്ലാവരും ഇങ്ങനെ തന്നെയാണ്, എന്നൊക്കെ വിഷമം പറഞ്ഞു വന്ന ഒരു പുതുമണവാട്ടി, മെക്കാനിക്കൽ എൻജിനീയറെ, ആശ്വസിപ്പിക്കാനാണ് ഈ കഥ പറഞ്ഞത്.
മോളേ, ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ ഒന്നുും അനുഭവിക്കാൻ ഇടയാക്കാതെ ആണ് നിന്റെ മാതാപിതാക്കൾ നിന്നെ ഇത്ര കാലം വളർത്തിയത്. ഇപ്പോൾ വിവാഹം കഴിഞ്ഞ് നീ ഒരു കുടുംബനാഥ ആയി മാറിയിരിക്കുകയാണ്. പുതിയ അന്തരീക്ഷവും പുതിയ ആളുകളുമായി ഇടപഴകി പൊരുത്തപ്പെട്ടെങ്കിലേ നിനക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കു.
അതുകൊണ്ട് മനുഷ്യരുടെ സ്വഭാവ വിശേഷങ്ങൾ നീ മനസ്നിലാക്കണം. അതിന് മനുഷ്യരെ നിരീക്ഷിക്കണം.
പരുക്കനാണ് എന്നു നമ്മൾ കരുതുന്ന മനുഷ്യരെല്ലാം തന്നെ ഇങ്ങനെ കേസ് ഹാർഡനിംഗ് സംഭവിച്ച് രൂപപ്പെട്ട് വന്നവരായിരിക്കും. അനുഭവങ്ങളുടെ തീച്ചൂളയിൽ കിടന്ന് സാഹചര്യങ്ങളുടെ കാർബണും ചേർന്ന് കാഠിന്യം സംഭവിച്ച് പോയിട്ടുണ്ടെങ്കിലും, അവരുടെ ഉള്ള് മിക്കവാറും മൃദുവായിരിക്കും.
അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങായുടെ പുളി അറിയൂ എന്ന് ഒരു പഴഞ്ചൊല്ലുണ്ട്. പുറമേയ്ക്ക് നല്ല മധുര സ്വഭാവം കാണിക്കുമെങ്കിലും അത്യാവശ്യ നേരത്ത് അവർ കാലുമാറുകയോ, കാലു വാരുകയോ, കൈകഴുകുകയോ ഒക്കെ ചെയ്യും.
പുറമേ വളരെ പാവം എന്നു നമ്മൾ കരുതുന്ന ചിലർ അവശ്യ സന്ദർഭങ്ങളിൽ വളരെ Strong Character ആയി മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി മുതൽ ശ്രദ്ധിക്കണം.
മനുഷ്യൻ എന്നത് ഒരു അത്ഭുത പ്രതിഭാസം തന്നെയാണെന്ന് അപ്പോൾ നിനക്ക് മനസ്സിലാകും.
ഒരു മനുഷ്യന്റെ സ്വഭാവം മനസ്സിലാക്കി ഉചിതമായ വിധം പെരുമാറിയാൽ അയാളിൽ നിന്നും അനുകൂലമായ പ്രതികരണം ലഭിക്കേണ്ടതാണ്. ലഭിക്കുന്നില്ല എങ്കിൽ നമ്മുടെ പെരുമാറ്റം കൂടുതൽ ഉചിതമായി വീണ്ടും ശ്രമിക്കാം എന്ന് ചിന്തിച്ചാൽ മതി. മറിച്ച് അയാളെ കുറ്റപ്പെടുത്തിയാൽ, അതോടെ അയാളുമായുള്ള കണക്ഷൻ നഷ്ടപ്പെടും.
എല്ലാ മനുഷ്യർക്കും സംസാരിക്കാൻ താല്പര്യം ഉള്ള ഏതെങ്കിലും വിഷയം ഉണ്ടായിരിക്കാം. നിന്റെ ഭർത്താവിനും ഉണ്ടാകും സംസാരിക്കാൻ താല്പര്യം ഉള്ള ഏതെങ്കിലും. അതേക്കുറിച്ച് അദ്ദേഹത്തെക്കൊണ്ട് സംസാരിപ്പിക്കുക. അതെന്താണെന്ന് നിനക്ക് വല്ല ഗ്രാഹ്യവും ഉണ്ടോ?.
ഉവ്വ് സാർ, പുള്ളിക്കാരന് ഏറ്റവും ഇഷ്ടമുള്ള വിഷയം ആനയാണ്. എന്റപ്പച്ചൻ പറയുന്നത്, ഒരു നസ്രാണിക്കും ഇല്ലാത്തപോലെ ഇവനെന്താ ഇങ്ങനൊരു ആനക്കമ്പം എന്ന്.
എനിക്കാണെങ്കിൽ ഭൂമിയിൽ ഏറ്റവും പേടിയുള്ള ജീവിയാണ് ആന. സ്കൂളിൽ പഠിക്കുന്ന കാലത്ത് ആന കുത്താൻ വരുന്നത് സ്വപ്നം കണ്ട് ഭയന്ന് ഞാൻ ഉറക്കത്തിൽ നിലവിളിച്ചിട്ടുുണ്ട്. ഇപ്പോൾ എനിക്ക് ഭർത്താവിനെ കാണുമ്പോൾ എന്തോ ഒരു തരം ഭയമാണ് ഉള്ളിൽ.
മോളേ നിന്റെ ഈ ഭയത്തിൽ നിന്നും പുറത്തു കടക്കാൻ ആദ്യം സ്വന്തം നിലയിൽ ഒന്നു പരിശ്രമിച്ചുു നോക്കാം. സാധിച്ചില്ലെങ്കിൽ സൈക്കോളജിസ്റ്റിനെ കൺസൽട്ട് ചെയ്യണം.
ഇപ്പോൾ നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നിന്റെ ഭർത്താവ്. അദ്ദേഹം നിനക്ക് ഏറ്റവും പ്രിയപ്പെട്ട ആളായിത്തീരണം, എങ്കിലേ നിന്റെ ജീവിതത്തിന്റെ ബെയറിംഗ് സ്മൂത്ത് ആയി കറങ്ങുകയുള്ളു.
ഒരാളോട് ഉചിതമായി പെരുമാറണമെങ്കിൽ അയാളെ മനസ്സിലാക്കണം. അതിന് അയാളുടെ പശ്ചാത്തലം അറിയേണ്ടത് അത്യാവശ്യമാണ്. അതിന് അയാളോട് സംഭാഷണം നടത്തണം (പ്രഭാഷണമല്ല). അയാളെക്കൊണ്ട് സംസാരിപ്പിക്കുക. അത് മൂളൽ കൊണ്ടോ, തലയാട്ടിയോ, മുഖഭാവം കൊണ്ടോ ശ്രദ്ധ പ്രകടിപ്പിച്ച് കേൾക്കണം. കേൾക്കുന്നത് ഗ്രഹിക്കണം. മനസ്സിലാകാതെ വരുന്നത് ജിജ്ഞാസയോടെ സംശയം ചോദിച്ച് മനസ്സിലാക്കാൻ പരിശ്രമിക്കണം. നിനക്ക് ഇഷ്ടമില്ലാത്തതോ മനസ്സിലാക്കാൻ പറ്റാത്തതോ ആയ വിഷയം ആയിരുന്നാൽ പോലും, താല്പര്യത്തോടെ കേൾക്കണം.
വിഷയം അല്ല, സംഭാഷണം ആണ് ഇവിടെ പ്രധാനം.
നിന്റെ ഭർത്താവിന് ആനക്കമ്പം ആണെന്നല്ലേ പറഞ്ഞത്, ആനയെക്കുറിച്ച് മൂപ്പർക്ക് അറിയാവുന്ന അത്രയും കാര്യങ്ങൾ നീ താല്പര്യത്തോടെ ചോദിച്ച് മനസ്സിലാക്കണം. അതുകൊണ്ട് നിനക്ക് വേറൊരു ഗുണവും കൂടിയുണ്ട്, ആനയോടുള്ള നിന്റെ പേടി മാറിക്കിട്ടും. ഭർത്താവിന് നിന്നോട് താല്പര്യം ഉളവാകുകയും ചെയ്യുും.
ആനയെക്കുറിച്ച് ഒരു SWOT( Strength, Weakness, Opportunity, Threat) Analysis തന്നെ നീ നടത്തിക്കൊള്ളുക. ആനയെ എങ്ങനെയെല്ലാം ഭയപ്പെടണം എന്നല്ല, മറിച്ച് എങ്ങനെയെല്ലാം നിയന്ത്രിക്കാം എന്നാണ് നീ ചിന്തിച്ച് മനസ്സിലാക്കേണ്ടത്.
വേണമെങ്കിൽ, നിനക്ക് ആനപ്പുറത്ത് കേറണം, ആനയുടെ അടിയിലൂടെ നടക്കണം, ആനവാലു മോതിരം ഇടണം എന്നൊക്കെ ഭർത്താവിനോട് കാര്യമായിത്തന്നെ പറയാം. മൂപ്പര് അതിന് അവസരം തന്നാൽ ധൈര്യം സംഭരിച്ച് അതൊക്കെ ചെയ്യാൻ നീ ശ്രമിക്കുകയെങ്കിലും ചെയ്യണം. അഥവാ നീ പേടിച്ചു പോയാലും സാരമില്ല, നിന്റെ പേടി ഭർത്താവിന് നേരിട്ട് ബോദ്ധ്യമാകുമല്ലോ. നിന്നെ മനസ്സിലാക്കാൻ അദ്ദേഹത്തിന് അതും ഒരു നിമിത്തമാകും.
ഒരു വിവാഹ മോചനത്തിന്റെ ബദ്ധപ്പാടിനേക്കാൾ എളുപ്പമാണ് ഒരു ആനയെ മെരുക്കുന്നത്. അങ്ങനെ ചിന്തിക്കാമെങ്കിൽ നിനക്ക് ഇതെല്ലാം ചെയ്യാൻ കഴിയും. നിന്റെ കുടുംബ ജീവിതവും രക്ഷപ്പെടും.
മൂപ്പര് പരുക്കനായതു കൊണ്ട് ഒരു കുഴപ്പവും നീ വിചാരിക്കേണ്ട. നീ സോഫ്റ്റ് ആയി നിന്ന് നിങ്ങളുടെ ബെയറിംഗിലെ ഉണങ്ങിയ ഗ്രീസും,ചെളിയും, തുരുമ്പുമൊക്കെ സ്നേഹത്തിന്റെ സോപ്പും, സഹകരണത്തിന്റെ എണ്ണയും ഇട്ട് ക്ളീൻ ചെയ്ത് എടുക്കാൻ ശ്രമിക്കുക.
A Clean Bearing Makes the Running Smooth . . .