Back to articles

Who are You? Where you from? What You do?

September 09, 2025

നമ്മള്‍ ആരെയെങ്കിലും പരിചയപ്പെടുമ്പോള്‍ സാധാരണ പരസ്പരം ചോദിക്കാറുള്ള ചോദ്യങ്ങളാണ് ആരാണ്? എവിടെയാണ്?  എന്തു ചെയ്യുന്നു ? !

ഇതിനു ലഭിക്കുന്ന മറുപടികളില്‍  പ്രകടമാകുന്ന (Chemistry) ഊഷ്മളതയും, അറിവും, കഴിവും, സ്ഥാനവും, അവ പരസ്പരം ഉപകാര പ്രദമാക്കാനുള്ള താല്പര്യവും, സന്നദ്ധതയും, ഒക്കെ അനുസരിച്ചാണ്, നമ്മുടെ ബന്ധങ്ങള്‍ വിപുലമാകുന്നതും, നമ്മുടെ ഇടപാടുകള്‍ ഫലപ്രദമാകുന്നതും.

പക്ഷേ, ഇതിലാരുടെയെങ്കിലും സ്വരമോ, ഭാവമോ, ചോദ്യമോ, വാക്കോ, പെരുമാറ്റമോ, ശരീര ഭാഷയോ, പൊരുത്തപ്പെടാതെ പോയാല്‍, മറിച്ചാകാനും സാദ്ധ്യതയുണ്ട്!

നിങ്ങള്‍ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനു, സാധാരണ പറയാറുള്ള ഒരു മറുപടി, നമ്മളുടെ തൊഴില്‍ എന്താണെന്നല്ലേ?

എന്താണ് നമ്മുടെ തൊഴില്‍ എന്നും, എന്താണു നമ്മള്‍ എപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത് എന്നും ആഴത്തില്‍ ചിന്തിച്ചിട്ടുണ്ടോ?

മറ്റു മനുഷ്യരോട്, നേരിട്ടോ പരോക്ഷമായോ ഏതെങ്കിലും വിധത്തില്‍, ഇടപെട്ടു കൊണ്ടിരിക്കുക (Transacting) എന്നതാണ് എല്ലാ മനുഷ്യരും എപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്. തൊഴിലൊന്നും ഇല്ലെങ്കിലും എത്ര തിരക്കു പിടിച്ച തൊഴിലാണെങ്കിലും ഇതിനു മാറ്റമില്ല.

മറ്റു മനുഷ്യരോട് ഇടപെടുക എന്നതാണ് ആത്യന്തികമായി നമ്മുടെ ജീവിതചര്യ. മറ്റു മനുഷ്യരോട് ഇടപെടുമ്പോള്‍, ഏതെങ്കിലും തരത്തിലുള്ള, (നല്ലതോ, മോശമോ ആയ) അനുഭവങ്ങള്‍ ലഭിക്കും.

നല്ല അനുഭവം കിട്ടിയില്ലെങ്കില്‍, മോശം അനുഭവം എങ്കിലും വാങ്ങിയെടുക്കാന്‍ ശ്രമിക്കും എന്നതാണ് മനുഷ്യസ്വഭാവം. ഇതാണ് സ്ഥിരം വഴക്കാളികളുടെ മനഃശ്ശാസ്ത്രം.

ഇടപെടാന്‍ മറ്റു മനുഷ്യരൊന്നും ഇല്ലാതെ വന്നാല്‍, അനുഭവങ്ങളൊന്നും ലഭിക്കാതെ, ജീവിതം തന്നെ വെറുത്തുപോകും.
ജീവിതത്തിലെ തൃപ്തിയും, സന്തോഷവും, അതൃപ്തിയും, ദുഃഖങ്ങളും, എല്ലാം രൂപപ്പെടുന്നത്, നമ്മുടെ ഇടപാടുകളിലെ (Transactions) പ്രത്യേകതകള്‍ അനുസരിച്ചാണ്

മനുഷ്യരുടെ സ്വഭാവ വിശേഷങ്ങള്‍ പഠിച്ച്, ഇടപാടുകളിലെ (Transactions) പ്രത്യേകതകള്‍ വിശകലനം ചെയ്തു, സ്വന്തം ഭാവങ്ങള്‍ മനസ്സിലാക്കി നിയന്ത്രിക്കാനും, ഇടപെടുന്നവരുടെ പെരുമാറ്റം ശ്രദ്ധിച്ച് അവരുടെ ഭാവങ്ങള്‍ മനസ്സിലാക്കി ഉചിതമായി പെരുമാറാനും പഠിച്ചാല്‍, ഇടപാടുകള്‍ തൃപ്തികരമാക്കാന്‍ നിങ്ങള്‍ക്കു സാധിക്കും. നിങ്ങളുടെ കുടുംബത്തിലും ജോലി സ്ഥലത്തും, സമാധാനവും സന്തോഷവും സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.

നമ്മുടെ യുവജനങ്ങളെ, പ്രത്യേകിച്ച് ബെത്ലെഹമിലെ വിവാഹാര്‍ത്ഥികളെ, അവരുടെയും സഹജീവികളുടെയും സ്വഭാവ വിശേഷങ്ങള്‍ വിശകലനം ചെയ്തു, മറ്റു മനുഷ്യരോട് ഫലപ്രദമായി ഇടപെടാന്‍, കൂടുതല്‍ കഴിവുള്ളവരാക്കുക എന്നതാണ്, ബെത് ലെഹം പുതുതായി ആരംഭിച്ചിരിക്കുന്ന ട്രാന്‍സാക്ഷണല്‍ അനാലിസിസ്സ് ശില്പശാലകളുടെ ഉദ്ദേശം.

ശില്പശാലകളില്‍ പങ്കെടുത്ത വിവാഹാര്‍ത്ഥികള്‍ക്ക്, ബെത് ലെഹം സൈറ്റില്‍, അവരുടെ പ്രൊഫൈലില്‍ ‘‘Shield of Participation''   കൂടി നല്‍കുന്നുണ്ട്. മനുഷ്യരുടെ സ്വഭാവ ശാസ്ത്രം പഠിച്ചിട്ടുണ്ട് എന്നത് അവരുടെ Job application Resume- യില്‍ മാത്രമല്ല, കുടുംബ ജീവിതത്തിലും മൂല്യമുള്ളതാണ്.

കഴിഞ്ഞ ശില്പശാലകളില്‍ പങ്കെടുത്തവരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എപ്പോഴും ചാടിക്കടിക്കാന്‍ വരുന്ന ശീലമുള്ള, ഒരു ടീം-ലീഡറെ, ശാന്തതയോടെ മാനേജു ചെയ്യാന്‍ പഠിച്ചു എന്ന് ഒരാളുടെ അനുഭവം. ഞങ്ങളുടെ മാതാപിതാക്കളേക്കൂടി ഇതില്‍ പങ്കെടുപ്പിക്കാമോ എന്നായിരുന്നു മറ്റൊരു നിര്‍ദ്ദേശം.

തീര്‍ച്ചയായും, അടുത്ത വൈവാഹിക സംഗമം മുതല്‍ ട്രാന്‍സാക്ഷണല്‍ അനലിസിസ് കൂടി സംഗമത്തില്‍ ഒരു വിഷയമായി അവതരിപ്പിക്കുന്നതാണ്. എന്നാല്‍ Shield of Participation  ലഭിക്കാന്‍ വിവാഹാര്‍ത്ഥി കൂടി പങ്കെടുക്കണം.

വൈവാഹിക സംഗമം
വൈവാഹിക സംഗമത്തിന്‍റെ പ്രയോജനം മനസ്സിലാകണമെങ്കില്‍ നമ്മുടെ തിയറി ഓഫ് മാര്യേജ് അലയന്‍സ് ഒന്നു ശ്രദ്ധിക്കണം.

ഒരു വിവാഹാലോചന ആരംഭിക്കണമെങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ക്ക് പറ്റിയ ഒരാള്‍ നിങ്ങളുടെ കണ്ണില്‍ പെടണം. അല്ലെങ്കില്‍, നിങ്ങള്‍ക്കു പറ്റിയ ആളുടെ കണ്ണില്‍, നിങ്ങള്‍ പെടണം. 

നിങ്ങളേ പോലെയുള്ളവര്‍ വിവാഹത്തിന് അന്വേഷിക്കുന്നിടത്ത് നിങ്ങളും ഉണ്ടെങ്കിലേ, നിങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുകയുള്ളു. അവിടെ സമയം ചിലവഴിച്ച് തിരഞ്ഞു നോക്കിയെങ്കിലേ, നിങ്ങളുടെ ശ്രദ്ധയില്‍ ആരെങ്കിലും പെടാന്‍ സാദ്ധ്യതയുള്ളു.

വിവാഹം അന്വേഷിക്കുന്നവര്‍ക്ക് ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ ഒത്തുകൂടി, ഇപ്രകാരം തിരച്ചില്‍ നടത്തി പരസ്പരം കണ്ണില്‍ പെടാനും, ഒരു പെണ്ണു കാണലിന്‍റെ ഔപചാരികതയോ ചമ്മലോ കൂടാതെ ആണിനും പെണ്ണിനും നേരില്‍ കണ്ട് വിലയിരുത്താനുമുള്ള ഏറ്റവും മികച്ച സംവിധാനം ആണ് ബെത്ലെഹം വൈവാഹിക സംഗമം.

ഇനി മുതല്‍ ഇവിടെ സഹജീവികളുടെ സ്വഭാവ ശാസ്ത്രവും കൂടി വിശകലനം ചെയ്യുന്നതായിരിക്കും.അതേ, നിങ്ങളുടെ മാതാപിതാക്കളെയും പങ്കെടുപ്പിക്കുന്നു.

സസ്നേഹം 
ജോര്‍ജ്ജ് കാടങ്കാവില്‍

What is Profile ID?
CHAT WITH US !
+91 9747493248