രാവിലെ മുതൽ ഡ്രൈവ് ചെയ്യുകയാണ്. കോട്ടയം,പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ സെൻ്ററുകൾ സന്ദർശിച്ച ശേഷം ആലപ്പുഴ വഴി എറണാകുളത്തേക്കു വരികയാണ് ഞാൻ. സമയം വൈകിട്ട് ആറുമണിയായി. ഇനി എറണാകുളത്ത് ഓഫീസിലൊന്നു കയറിയ ശേഷം ഭാര്യയെയും മകളെയും കൂട്ടി പെരുമ്പാവൂരിലെ വീട്ടിലേക്ക് പോകണം. ഇതാണ് മനസ്സിലെ ഇന്നത്തെ ബാക്കി പ്ളാൻ.
ചേർത്തല കഴിഞ്ഞ് അരൂർ എത്താറായി, ഒരു നൂറടി മുന്നിൽ പെട്ടെന്നതാ ഒരു മനുഷ്യൻ എതിർ ദിശയിലെ റോഡിൽ നിന്നും മീഡിയനു മുകളിലൂടെ വലിച്ചെറിയപ്പെട്ടതു പോലെ റോഡിൽ വന്നു വീഴുന്നു.
പിന്നെല്ലാം സ്ലോ മോഷൻ പോലെ ആയിരുന്നു. നാട്ടുകാർ ഓടിക്കൂടുന്നു. വീണ ആളിനെ എടുത്ത് കൊണ്ട് വരുന്നു.....
എറണാകുളം ദിശയിൽ ഏറ്റവും മുന്നിലുണ്ടായിരുന്നത് എന്റെ കാറാണ്. ഇതിൽ മറ്റ് യാത്രക്കാരുമില്ല. നാട്ടുകാർ കാറിന്റെ പിൻ വാതിൽ തുറന്ന് വീണ ആളെ എന്റെ കാറിൽ കയറ്റാൻ തുടങ്ങുന്നു.
ഞാനാകെ അന്ധാളിച്ചു പോയി.
ഇയാളെയും കൊണ്ട് ആശുപത്രിയിൽ ചെന്നാൽ അപകടമുണ്ടാക്കിയത് ഞാനാണ് എന്ന മട്ടിൽ നടപടികൾ ഉണ്ടായാൽ എന്തു ചെയ്യും? അപകടമല്ല ആക്രമണമായിരുന്നു എന്നു ആരെങ്കിലും പറഞ്ഞാൽ വേറെ എന്തെല്ലാം പുലിവാലുണ്ടാകും?
ഇങ്ങനെ ഒരു നൂറായിരം ചിന്തകൾ നിമിഷാർത്ഥം കൊണ്ട് എന്റെ മനസ്സിലൂടെ കടന്നു പോയി. എങ്കിലും എന്റെ മുന്നിൽ വന്നു വീണത് എനിക്കുള്ള ദൈവനിയോഗം തന്നെയാണ് എന്ന് ചിന്തിച്ച്, ഒടുവിൽ മനസ്സിലുണ്ടായിരുന്ന സ്വകാര്യ പ്ളാനുകളെല്ലാം ഡ്രോപ് ചെയ്ത് അത്യാഹിത സേവനത്തിന് ഞാൻ മനസ്സാ സന്നദ്ധനായി. പിന്നെ എല്ലാം കാര്യക്ഷമമായി നടന്നു.
എന്തു ചെയ്താലും എന്തെങ്കിലും ഒരു നടപടി ക്രമം പാലിക്കണമല്ലോ, അതുകൊണ്ട് ഞാൻ നാട്ടുകാരോട് ഇങ്ങനെ പറഞ്ഞു. അപകടം കണ്ട രണ്ടു പേർ ഇയാളുടെ കൂടെ വരുമെങ്കിൽ, എത്രയും വേഗം ഇയാളെ ഞാൻ ആശുപത്രിയിൽ എത്തിക്കാം.
ആരാണ് കൂടെ വരുന്നത്?
ഒരു ബൈക്ക് ഇടിച്ചിട്ടാണ് ഇയാൾ തെറിച്ചു വീണത്. നാട്ടുകാർ ചേർന്ന് ബൈക്ക് ഓടിച്ചിരുന്ന പയ്യനെ കൊണ്ടുവന്ന് കാറിൽ കയറ്റി. അവന്റെ കൈക്കും പരിക്കുണ്ട്, അവന് രോഗിയെ പിടിക്കാൻ പറ്റുന്നില്ല. ഉടനെ കണ്ടു നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ, ഞാൻ കൂടെ വരാം സാർ എന്നു പറഞ്ഞ് വേഗം വണ്ടിയിൽ കയറി. വീണ ആളെ അയാളു മടിയിലേക്ക് കിടത്തി.
അപ്പോഴാണ് ഞാൻ കാണുന്നത്, വീണ ആളുടെ കാല് വട്ടം ഒടിഞ്ഞ് ''റ'' പോലെ വളഞ്ഞിരിക്കുന്നു. വണ്ടി ഓടിക്കൊണ്ടിരിക്കേ, പിന്നിലിരുന്ന ചെറുപ്പക്കാരൻ വീണ ആളിനോട് പേരും വീടും ഒക്കെ ചോദിച്ചു.
എല്ലാ നമ്പരും മൊബൈലിൽ ഉണ്ട് എന്നു പറഞ്ഞ് അയാൾ ഫോൺ കൊടുത്തു. ചെറുപ്പക്കാരൻ അയാളുടെ വീട്ടിൽ വിളിച്ച് ആളെ ലേക് ഷോറിലേക്ക് കൊണ്ടു പോകുകയാണ് ആരെങ്കിലും ഉടനെ അവിടെത്തണം എന്നറിയിച്ചു. അപ്പോഴും വീണ ആൾക്ക് കാര്യങ്ങൾ മനസ്സിലായിട്ടില്ല. അപകടം പറ്റി നിമിഷങ്ങൾക്കകം ആശുപത്രിയിലേക്ക് യാത്രയാവുകയായിരുന്നല്ലോ. എനിക്കെന്താ പറ്റിയത് എന്നയാൾ ചോദിച്ചു.
ആ ചെറുപ്പക്കാരന് നല്ല വകതിരിവുണ്ടായിരുന്നു. അദ്ദേഹം വളരെ വിശദമായി വീണ ആളിന് കാര്യങ്ങൾ വിവരിച്ചു കൊടുത്തു. ചേട്ടനെ അരൂർ വെച്ച് ഒരു ബൈക്ക് ഇടിച്ചു, ചേട്ടൻ റോഡിൽ തെറിച്ചു വീണു. നാട്ടുകാർ ചേർന്ന് അതുവഴി വന്ന ഈ കാറിൽ കയറ്റി. ഇപ്പോൾ നമ്മൾ ലേക് ഷോർ ആശുപത്രിയിലേക്ക് പോവുകയാണ്. ബൈക്ക് ഓടിച്ചിരുന്ന പയ്യൻ മുൻ സീറ്റിൽ ഉണ്ട്. അയാൾക്കും പരിക്കുണ്ട്. ഞാൻ ബസ്സ് കാത്തു നിൽക്കുകയായിരുന്നു. സംഭവം കണ്ട് ഓടി വന്നതാണ്. ഇനി ചേട്ടനെ ആശുപത്രിയിൽ ആക്കിയിട്ടേ വീട്ടിൽ പോകുന്നുള്ളു.
അയ്യോ വണ്ടി ഇടിച്ചതായിരുന്നോ? എന്റെ കാലു വേദനിക്കുന്നേ എന്നു പറഞ്ഞ് അയാൾ പിടയാനും നിലവിളിക്കാനും തുടങ്ങി. ചേട്ടാ അനങ്ങല്ലേ ഇങ്ങോട്ട് ചാരിക്കിടന്നോ, എല്ല് പുറത്ത് വന്നിരിക്കയാണ്, കാലിൽ പിടിക്കല്ലേ എന്നൊക്കെ ആ ചെറുപ്പക്കാരൻ പറയുന്നുണ്ട്. പക്ഷേ വീഴ്ചയുടെ ആദ്യ മരവിപ്പ് മാറി രോഗിക്ക് വേദന അറിയാൻ തുടങ്ങിയിരിക്കുന്നു. അയാൾ നിലവിളിക്കാനും, കാലിട്ടടിച്ച് പരാക്രമം കാണിക്കാനും തുടങ്ങി. അപ്പോഴാ ചെറുപ്പക്കാരൻ പറഞ്ഞു സാറേ നേരേ മുന്നിൽ കാണുന്നത് ലക്ഷ്മി ഹോസ്പിറ്റലാ വണ്ടി നേരേ കാഷ്വാലിറ്റിയിലേക്ക് കയറ്റിക്കോ, ഫസ്റ്റ് എയിഡ് കൊടുക്കാതെ ഇനി പോകാൻ പറ്റുമെന്ന് തോന്നുന്നില്ല.
ഞാൻ വണ്ടി നേരേ ലക്ഷ്മി ഹോസ്പിറ്റലിൽ കയറ്റി നിർത്തി. കാഷ്വാലിറ്റിയിലെ ഡോക്ടറെയും നേഴ്സുമാരെയും വിളിച്ചു കൊണ്ടു വന്നു. ഡോക്ടർ എന്തോ വേദന സംഹാരി കൊടുത്തു. ഒരു സ്പ്ളിന്റ് കൊണ്ടുവന്ന് ഒടിവിന്റെ മുകളിലും താഴെയുമായി കാലിൽ കെട്ടി വെച്ചു.
ആ സമയത്താണ് ഞാൻ കാലിലെ മുറിവ് ശരിക്കും കാണുന്നത്. രക്തം കണ്ടിട്ട് എനിക്ക് അസ്വസ്ഥത തോന്നി. ഇനി ആംബുലൻസ് വിളിച്ച് അതിൽ വിട്ടേക്കാം എന്നു കരുതി ആംബുലൻസിന് ഫോൺ ചെയ്യാൻ ശ്രമിച്ചു. അപ്പോൾ ഡോക്ടർ പറഞ്ഞു ഫോൺ ചെയ്യുന്ന സമയമേ എടുക്കുകയുള്ളു ഇവിടുന്ന് ലേക് ഷോറിലെത്താൻ സമയം കളയാതെ നിങ്ങള് നേരേ വിട്ടോളൂ എന്ന്.
കാലിലെ വേദനയ്ക്ക് ഫസ്റ്റ് എയിഡ് കൊണ്ട് ആശ്വാസം കിട്ടിയെങ്കിലും വണ്ടി ഓടാൻ തുടങ്ങിയപ്പോൾ രോഗിക്ക് ശരീരത്തിൽ മറ്റുഭാഗങ്ങളിലെ വേദന അറിയാൻ തുടങ്ങി. ചേട്ടാ ശരീരത്തിൽ ഒരിടത്തും ചേട്ടൻ ശ്രദ്ധിക്കരുത്, ഒന്നേ രണ്ടേ ഒന്നേ രണ്ടേ എന്നു മാത്രം എണ്ണിക്കൊണ്ടിരിക്കണം, നമ്മൾ ദേ ഇപ്പം ആശുപത്രിയിലെത്തും, എന്നൊക്കെ നിർത്താതെ സംസാരിച്ചുകൊണ്ട് ഞങ്ങൾ ഒരു വിധത്തിൽ ലേക് ഷോറിലെത്തി.
നേരേ കാഷ്വാലിറ്റിയുടെ മുന്നിൽ വണ്ടി നിർത്തി, ഓടി അകത്തു ചെന്ന് വിവരം പറഞ്ഞു. വലിയ ചോദ്യം ചെയ്യലും, നിയമ തടസ്സങ്ങൾ പറയലും ഉണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്.
പക്ഷേ ആകെ രണ്ടു ചോദ്യം -
എന്തു പറ്റിയതാ?
"ബൈക്ക് ആക്സിഡൻ്റാണ്."
നിങ്ങൾ വഴിയിൽനിന്ന് എടുത്തു കൊണ്ടു വന്നതാണോ?
"അതേ."
നാലു മിനിറ്റ് സമയം കൊണ്ട് അവർ രോഗിയെ കാറിൽ നിന്നെടുത്ത് സ്ട്രെച്ചറിൽ കിടത്തി ഡോക്ടറുടെ മുന്നിലെത്തിച്ചു. ബൈക്ക് ഓടിച്ച പയ്യനെയും ഡോക്ടറുടെ മുന്നിലാക്കി. കമൻഡബിൾ, റിമാർക്കബിൾ എന്നൊക്കെ മനസ്സിൽ തോന്നിയെങ്കിലും ഒന്നും പറയാൻ അപ്പോൾ പറ്റിയില്ല. പുറത്തു വന്നപ്പോൾ കാഷ്വാലിറ്റിക്കു മുന്നിലുണ്ടായിരുന്ന ഒരാൾ എന്നോടു ചോദിച്ചു.
'നാട്ടുകാർ വണ്ടി തടഞ്ഞ് കയറ്റി വിട്ടതായിരിക്കും അല്ലേ?''
അതേ, ഞാൻ സത്യം പറഞ്ഞു.
സീറ്റിൽ നിറയെ രക്തമായിട്ടുണ്ടല്ലോ, ലെതർ സീറ്റല്ലേ വേഗന്ന് തുടച്ചു കളഞ്ഞാൽ കറയാവില്ല. ഷർട്ടിലും രക്തം വീണിട്ടുണ്ട് അത് പോവില്ല'' എന്ന് അയാൾ ഉപദേശിച്ചു. ഞാൻ ഒരു തുണി നനച്ച് സീറ്റുകൾ വൃത്തിയാക്കികൊണ്ട് അല്പ നേരം കൂടി അവിടെ തങ്ങി. പലരും വന്ന് എന്റെ നല്ല മനസ്സിന് നല്ല വാക്ക് പറഞ്ഞു. മറ്റെന്തോ ആവശ്യത്തിന് വന്ന ഒരു പോലീസുദ്യോഗസ്ഥനും അവിടെയുണ്ടായിരുന്നു. അദ്ദേഹം എന്റടുത്ത് വന്നു പറഞ്ഞു "നമ്മളിലാരാ; എപ്പോഴാ; ഇങ്ങനെ വഴിയിൽ കിടക്കേണ്ടി വരുന്നത് എന്നറിയില്ല. നിങ്ങളെടുത്തു കൊണ്ട് വന്നത് ഏതായാലും നന്നായി"
അപ്പോഴേക്കും ബൈക്ക് ഓടിച്ചിരുന്ന പയ്യന്റെ വീട്ടുകാർ അവിടെയെത്തി. ആ ചെറുപ്പക്കാരൻ അപ്പോഴും വീണ ആളിന്റെ വീട്ടുകാരോട് ഫോണിൽ സംസാരിക്കുകയാണ്.
വണ്ടിയിൽ കയറിയപ്പോൾ ഞാൻ എല്ലാവരോടും പേര് ചോദിച്ചിരുന്നു. പേര് കൊണ്ട് നാലുപേരും നാല് തരക്കാരായിരുന്നെങ്കിലും പ്രവർത്തിക്ക് ഒരു തരം മാത്രമെ ഉണ്ടായിരുന്നുള്ളു,
''മനുഷ്യപ്പറ്റ് '.
ഞാൻ ഇതിലിടപെടാൻ സാഹചര്യം കൊണ്ട് നിർബന്ധിതനായതാണ്. എന്നാൽ ആ ചെറുപ്പക്കാരൻ സ്വമനസ്സാലെ ഇതിൽ പങ്കു ചേർന്നു. ബഹളത്തിനിടയിൽ പേരുകളെല്ലാം കൂടി കുഴഞ്ഞു പോയി. അദ്ദേഹത്തിന്റെ പേര് കൃത്യമായി എനിക്ക് ഓർമ്മയില്ല. എല്ലാവരും എന്നോട് പറഞ്ഞ നല്ല വാക്കുകൾ ആ ചെറുപ്പക്കാരന് ഞാൻ സമർപ്പിക്കുന്നു.
പിന്നീട് ഇയാൾക്ക് എന്തു സംഭവിച്ചു എന്നറിയാനായി ലേക് ഷോറിലേക്ക് ഞാനൊരു ഇമെയിൽ അയച്ചു. 'രോഗിക്ക് കാലിനും തോളിനും ഒടിവുണ്ടായിരുന്നു, പരിക്കുകൾ അപായകരമായിരുന്നില്ല, ബന്ധുക്കളെത്തി അന്നു രാത്രി തന്നെ രോഗിയെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി' എന്ന് ലേക് ഷോർ ഹോസ്പിറ്റലിൽ നിന്ന് എനിക്ക് കൃത്യമായ മറുപടി ലഭിച്ചു.
ഫസ്റ്റ് എയിഡ് നൽകിയ അരുർ ബൈപ്പാസിലെ ലക്ഷ്മി ഹോസ്പിറ്റലിനും, മനുഷ്യപ്പറ്റോടെ കാര്യക്ഷമമായി പ്രവർത്തിച്ച ലേക് ഷോർ ഹോസ്പിറ്റലിനും അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
പ്രിയപ്പെട്ടവരേ, എന്റെ ഈ അനുഭവത്തിൽ നിന്നും എനിക്കു തോന്നുന്നു, അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ഇപ്പോൾ ഭയപ്പെടേണ്ട..
George Kadankavil
Sep 2012