Back to articles

ആകർഷണം എന്നത്, തികച്ചും ആപേക്ഷികമാണ്.

March 06, 2025

ഒരു വിവാഹാലോചന വരുമ്പോൾ അതിൽ നിങ്ങളെ ആകർഷിക്കുന്നത് എന്തെല്ലാമാണ്?

ഇതായിരുന്നു കഴിഞ്ഞ വൈവാഹിക സംഗമത്തിൽ ചർച്ചയ്ക്കെടുത്ത വിഷയം. ബെത്-ലെഹം മാട്രിമോണിയലിലൂടെ ദിവസേന ഇരുനൂറിലധികം പ്രൊപ്പോസലുകൾ കൈമാറപ്പെടുന്നുണ്ട്. ആ പ്രൊപ്പോസലുകളിൽ, മറുപാർട്ടിക്കിഷ്ടപ്പെട്ടു (Like to Proceed) എന്ന മറുപടി ലഭിക്കുന്നത്, ശരാശരി നാലു ശതമാനത്തിനു മാത്രമാണെന്നു ശ്രദ്ധിക്കാനിടയായി.

പ്രൊപ്പോസൽ ഇഷ്ടപ്പെടുന്നതിന്റെയും നിരസിക്കപ്പെടുന്നതിന്റെയും കാരണങ്ങൾ, വിവാഹം അന്വേഷിക്കുന്നവരിൽ നിന്നും നേരിട്ട് കേൾക്കുവാനും ഇതേക്കുറിച്ച് ഒരു പങ്കാളിത്ത ശൈലിയിൽ എല്ലാവരും മനസ്സിലാക്കിയെടുക്കാനും, എന്തെങ്കിലും പരിഹാരമുണ്ടോ എന്നു കൂട്ടായി കണ്ടെത്താനും ഉദ്ദേശിച്ചാണ് ഈ വിഷയം, പാലായിൽ വെച്ചു നടന്ന 288ാമത് ബെത്-ലെഹം വൈവാഹിക സംഗമത്തിൽ ചർച്ചയ്ക്കെടുത്തത്.

24 ആൺകുട്ടികളുടെയും 14 പെൺകുട്ടികളുടെയും പ്രാതിനിധ്യമുണ്ടായിരുന്നു ഈ സംഗമത്തിൽ. വിവാഹാർത്ഥികളുടെ ഒരു ഗ്രൂപ്പും, മാതാപിതാക്കളുടെ നാലു ഗ്രൂപ്പുകളും, ഈ വിഷയം വളരെ സജീവമായി ചർച്ച ചെയ്തശേഷം, ഓരോ ഗ്രൂപ്പിന്റെയും മോഡറേറ്റർ വന്ന് അവരുടെ ഗ്രൂപ്പിന്റെ അഭിപ്രായങ്ങൾ സദസ്സിനോടു വിശദീകരിച്ചു.

വിദ്യാഭ്യാസം, തൊഴിൽ, തൊഴിൽ സ്ഥലം, മതവിശ്വാസം, പ്രായം, ഉയരം, ഭംഗി, വീട്, വീട്ടുപേര്, കുടുംബം, നാട്, സാമ്പത്തിക ഭദ്രത, പഠിച്ചതും വളർന്നതുമായ സ്ഥലങ്ങൾ തുടങ്ങിയ കാര്യങ്ങൾ, തങ്ങളുടെ മനസ്സിലെ ധാരണകൾക്കും, ആഗ്രഹങ്ങൾക്കും, താൽപ്പര്യങ്ങൾക്കും, അനുയോജ്യമാണെന്നു പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെടുകയും, അവരുടെ കുടുംബത്തെക്കുറിച്ച് കേട്ടറിവെങ്കിലും ഉണ്ട്, കൂടുതലന്വേഷിക്കാൻ തങ്ങൾക്ക് പരിചയക്കാരും കുടുംബക്കാരും ഒക്കെ ഉണ്ടെങ്കിൽ മാത്രമേ, ഇഷ്ടമായി എന്നു മറുപടി കൊടുക്കുകയുള്ളു അത്രെ.

വന്ന പ്രൊപ്പോസൽ തങ്ങളുടെ താൽപ്പര്യത്തിനു ചേരില്ല, ഒരു കാരണവശാലും ഇതു പരിഗണിക്കേണ്ട, എന്നു തീർച്ചയുണ്ടെങ്കിൽ മാത്രമേ, താൽപ്പര്യമില്ല എന്നു മറുപടി കൊടുക്കുകയുള്ളുവത്രെ.

മറു പാർട്ടിയെ വിഷമിപ്പിക്കേണ്ട എന്നു കരുതി ഒന്നും പറയാതിരിക്കുന്നവരും, വേറെ പറ്റിയതൊന്നും കിട്ടിയില്ലെങ്കിൽ, പിന്നീട് നോക്കാം എന്നു കണക്കാക്കി, തീരുമാനം ഒന്നും പറയാതെ ഒഴിഞ്ഞു മാറുന്നവരും ധാരാളമുണ്ടെന്ന്, സംഗമം കഴിഞ്ഞ് ഒരു രക്ഷകർത്താവ് എന്നെ വിളിച്ചു പറഞ്ഞു.

മാതാപിതാക്കളും മക്കളും തമ്മിൽ അഭിപ്രായ ഐക്യം സംഭവിക്കാത്തതു കൊണ്ടും, രോഗം, സ്ഥലം മാറ്റം, കുടുംബ ചടങ്ങുകൾ തുടങ്ങിയ വീട്ടിലെ താൽക്കാലിക അസൌകര്യങ്ങൾ മൂലം തീരുമാനം എടുക്കാൻ വൈകുന്നവരും ധാരാളം.

മറുപാർട്ടിയെക്കുറിച്ച് അന്വേഷിക്കാൻ പരിചയക്കാരില്ലാത്തത് വലിയ ഒരു പരിമിതിയായി പലരും എന്നോടു പറഞ്ഞിട്ടുണ്ട്. പണ്ടത്തെപ്പോലെ പരസ്പരം അറിയാവുന്ന കുടുംബങ്ങൾ ഇക്കാലത്ത് കുറഞ്ഞു വരുന്നു. ഒരു പ്രൊപ്പോസൽ വന്നാൽ അവരെക്കുറിച്ചോ, ആ വീട്ടുകാരെക്കുറിച്ചോ കേട്ടറിവു പോലും മിക്കവർക്കും ഇല്ല. ഈ അവസ്ഥയ്ക്ക് ഒരു ചെറിയ മാറ്റം വരുത്താൻ നമ്മുടെ സംഗമങ്ങളിലെ പരിചയപ്പെടലും സൌഹൃദവും, ബെത്-ലെഹം അംഗങ്ങളെ സഹായിക്കുന്നുണ്ടല്ലോ എന്നോർത്തപ്പോൾ വളരെ സന്തോഷവും തോന്നി എനിക്ക്.

അനുഭവസ്ഥരുടെ ഈ അഭിപ്രായങ്ങളുടെ വെളിച്ചത്തിൽ ബെത്-ലെഹമിലെ പ്രൊപ്പോസലുകൾ, ഞാൻ വീണ്ടും പരിശോധിച്ചു. ശരാശരി 22 ശതമാനം പ്രൊപ്പോസലുകൾക്കാണ്, ആലോചന തുടരാൻ താൽപ്പര്യമില്ല എന്ന് മറുപടി ലഭിക്കാറുള്ളത്. 4 ശതമാനത്തിനാണ് തുടരാമെന്നു മറുപടി ലഭിക്കുന്നത്. ബാക്കി 74 ശതമാനം പ്രൊപ്പോസലുകൾക്ക് എന്താണു സംഭവിക്കുന്നത് എന്നു ചിന്തിച്ചു ഞാൻ കണ്ടെത്തിയത്, ഇതായിരുന്നു, വന്ന പ്രൊപ്പോസലിനോട് പ്രഥമദൃഷ്ട്യാ ആകർഷണം തോന്നിയില്ല, അത്രമാത്രം.

പ്രിയപ്പെട്ടവരേ, ആകർഷണം എന്നത് - തികച്ചും ആപേക്ഷികമാണെന്നു നമ്മൾ ചിന്തിച്ചിട്ടേയില്ല എന്നു തോന്നുന്നു. അതു കൊണ്ട് ഇതേക്കുറിച്ച് ക്രിയാത്മകമായി, കൂടുതൽ ചിന്തിക്കാനും, നിങ്ങളുടെ സമസ്യ മറികടക്കാനും, ഇനി പറയുന്ന കാര്യങ്ങൾ മനസ്സിരുത്തി ഒന്നു ശ്രദ്ധിക്കണേ.

Learn, Un-Learn and Re-Learn.

ഓരോ മനുഷ്യ ജീവിയും അമ്മയുടെ ഗർഭപാത്രത്തിൽ നിന്നുതന്നെ ഓരോ കാര്യങ്ങൾ പഠിക്കാൻ ആരംഭിക്കുന്നു. പിന്നെ മാതാപിതാക്കളിൽ നിന്നും, വളർത്തുന്നവരിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും, സഹജീവികളിൽ നിന്നും ഒക്കെയായി അനുനിമിഷം ഓരോന്നും പഠിച്ചു കൊണ്ടേയിരിക്കുന്നു. ഇങ്ങിനെ പഠിച്ച അറിവിൽ നിന്നാണ് നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും, നല്ലതും മോശവും, ആകർഷണങ്ങളും വികർഷണങ്ങളും, നിസംഗതയും ഒക്കെ രൂപപ്പെടുന്നത്.

ഒരിക്കൽ പഠിച്ചത് ഇപ്പോൾ പ്രസക്തമാണോ? കാലോചിതമാണോ? എന്നു ചിന്തിക്കാൻ നമ്മൾ പലപ്പോഴും മറന്നു പോകാറുണ്ട്. അതുകൊണ്ടാണ് HR ട്രെയിനിംഗ് പ്രോഗ്രാമുകളിലെല്ലാം Learn, Un-Learn and Re-Learn. എന്ന് മുദ്രാവാക്യം പോലെ ഇടക്കിടയ്ക്ക് ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഏതൊരു കാര്യത്തിലും, നമ്മുടെ ചിന്തയിൽ ഒരു തീരുമാനം വരുമ്പോൾ,  ഇത് തോന്നുന്നത് എന്റെ അറിവിൽ (Learn) നിന്നാണോ, ആ അറിവ് ഇപ്പോൾ ഇക്കാര്യത്തിൽ പ്രസക്തമാണോ, ഇതിനെന്തെങ്കിലും ഗുണവശമുണ്ടോ?  മറുവശമുണ്ടോ എന്നൊക്കെ ചിന്തിക്കാനായി, നമ്മൾ ഇതുവരെ പഠിച്ചത് അല്പനേരത്തേക്കെങ്കിലും മാറ്റി വെക്കുന്നതിനാണ് Un-Learn എന്നു പറയുന്നത്.

ഈ കാര്യത്തിൽ ആനുകാലികവും, പ്രസക്തവും, പ്രായോഗികവുമായ പുതിയ മാർഗ്ഗങ്ങളുണ്ടോ എന്നന്വേഷിച്ചു കണ്ടെത്തി, അതു പഠിച്ച്, പുതിയ കാഴ്ചപ്പാടുണ്ടാക്കി, നമ്മുടെ അപ്പപ്പോഴത്തെ ആവശ്യം ന്യായമായി സാധിച്ചെടുക്കാനുള്ള മാർഗ്ഗം പഠിച്ചെടുക്കുന്നതിനാണ് Re-Learn എന്നു പറയുന്നത്.

പഠിക്കുന്നതും മനസ്സിലാക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം എന്നറിയാമോ?

പഠിക്കുക എന്നാൽ - ഏതെങ്കിലും ഒരു പുതിയ അറിവോ കഴിവോ നേടുക, അഥവാ ആർജ്ജിക്കുക എന്നാതാണ് - പഠനം.

മനസ്സിലാക്കുക എന്നാൽ - ഓരോരോ സാഹചര്യങ്ങൾ വിലയിരുത്താനും, നേടിയ അറിവും  കഴിവും അവിടെ എങ്ങിനെ  പ്രയോഗിക്കാം,  അത് ആ സാഹചര്യത്തെ എങ്ങിനെയെല്ലാം ബാധിക്കുന്നു എന്നൊക്കെയുള്ള, അതിന്റെ വിവിധ വശങ്ങൾ ഗ്രഹിക്കുക എന്നതാണ് - മനസ്സിലാക്കൽ.

ഒരു വൃത്തത്തിന്റെ (Circle) വിസ്തൃതി അളക്കാനുള്ള ഫോർമുല പഠിച്ച്, പരീക്ഷയിൽ അതു സംബന്ധിച്ച ഒരു കണക്കിന്റെ ശരിയുത്തരം എഴുതി മാർക്കു നേടുന്നത് - പഠനം.

എന്തെങ്കിലും ഒരു വസ്തു വൃത്താകൃതിയിൽ നിർമ്മിക്കാനോ, രൂപകല്പന ചെയ്യാനോ, ശ്രമിക്കുമ്പോൾ വൃത്തത്തിന്റെ വിസ്താരം ഉൾപ്പടെയുള്ള പ്രത്യേകതകൾ വിലയിരുത്തി, ആ പദ്ധതിയുടെ ഘടകങ്ങളും സാദ്ധ്യതകളും നിശ്ചയിക്കുന്നത് – മനസ്സിലാക്കൽ.

നമ്മുടെ ആകർഷണം വൃത്താകൃതി ആയിരുന്നു എന്നു കരുതുക. പക്ഷേ വൃത്തം പ്രായോഗികമല്ല എന്ന അവസ്ഥയുണ്ടായാൽ  എന്തു ചെയ്യും. ഇച്ഛാഭംഗം വന്ന് നിഷക്രിയരാകുമോ, എങ്കിൽ നമ്മൾ വിജയം കണ്ടെത്തുകയില്ല.

വൃത്തം നടപ്പാകില്ലെങ്കിൽ ചതുരമോ, ത്രികോണമോ, അതിൽ വൃത്തം കൂടി ചേർത്തുള്ള ഒരു സങ്കലനമോ ഉപയോഗിച്ച്, സമയബന്ധിതമായി, ആവശ്യം നടത്തിയെടുക്കാനുളള മാർഗ്ഗം കണ്ടെത്തുന്ന Re-Learn സ്വഭാവം ശീലിക്കുന്നവരാണ് ജീവിതത്തിൽ എപ്പോഴും വിജയം കണ്ടെത്തുന്നത്.

വിവാഹാലോചനകൾ എന്നു ശരിയാകുന്നില്ല എന്നു വിഷമിക്കുന്നവർ അവരുടെ മനസ്സിൽ ഇപ്പോഴുള്ളത് തൽക്കലത്തേക്ക് ഒന്നു Un-Learn ചെയ്തിട്ടു, ഇനി ഇവിടെ പറയുന്ന കാര്യങ്ങൾ  ഒന്നു Re-Learn ചെയ്തു നോക്കൂ . . . .


എന്തായിരുന്നു നിങ്ങളുടെ ആവശ്യം?, വിവാഹം മാത്രമായിരുന്നോ?.


ഈ പ്രപഞ്ചം സംവിധാനം ചെയ്ത സൃഷ്ടാവിനു നിങ്ങളെക്കൊണ്ട് ഏതോ ആവശ്യമുള്ളതിനാലാണ് നിങ്ങൾ ഒരു പുരുഷനോ സ്ത്രീയോ ആയി ഈ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടത്.

ഇനി നിങ്ങൾ മരിക്കുന്നതു വരെ, ആ സംവിധായകൻ അപ്പപ്പോൾ നിശ്ചയിച്ചു തരുന്ന റോളിൽ, നിങ്ങൾക്കിവിടെ ജീവിച്ചേ മതിയാകൂ. നിങ്ങൾക്കു ലഭിച്ച റോളിനോട് നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥതയും, തീക്ഷണ്തയും, മികവും, അനുസരിച്ച് സംവിധായകൻ കൂടുതൽ മികച്ചതോ, അല്ലാത്തതോ, ആയ റോളുകൾ നിങ്ങൾക്കു തന്നു കൊണ്ടേയിരിക്കും. എല്ലാ റോളും പ്രധാനപ്പെട്ടവ തന്നെയാണ്.

ഇവിടെ ആരും സ്ഥിരം നായകനും നായികയും ആകുന്നില്ല. എല്ലാ മനുഷ്യർക്കും അല്പനേരത്തേക്കു മാത്രം നായകനോ നായികയോ ആകാനവസരം ലഭിക്കും.

Everyone has a day, Even a Dog! അതാണ് പ്രപഞ്ച നീതി.

ഈ ബൃഹത്തായ പ്രപഞ്ച നാടകത്തിനു പുതിയ അഭിനേതാക്കളെ നിരന്തരം ലഭിച്ചു കൊണ്ടിരിക്കേണ്ടതുണ്ട്. അതിനായി, ബഹുഭൂരിപക്ഷം മനുഷ്യർക്കും കൊടുത്തിരിക്കുന്ന റോളുകളിൽ, എതിർലിംഗത്തിൽ പെട്ട ഒരു ഇണയെക്കൂടി വിഭാവനം ചെയ്തിരിക്കുന്നു, സർവ്വ ശക്തനും, സമർത്ഥനുമായ ആ സംവിധായകൻ.

അങ്ങിനെ ആണും പെണ്ണും കൂടി ഇണയും തുണയുമായി മനുഷ്യസാദ്ധ്യമായ എല്ലാ അനുഭവങ്ങളും അനുഭൂതികളും ആസ്വദിച്ച്, പുതിയ അഭിനേതാക്കളാകാൻ മക്കളെ സൃഷ്ടിക്കുന്നു. ആ മക്കളെ വളർത്തി, സൃഷ്ടവിന്റെ നാടകം തുടരാനുള്ള പ്രാപ്തി അവർക്കു ലഭിക്കാൻ, നിങ്ങളാലാവും വിധം അവരെ സഹായിച്ചു, നിങ്ങൾ അരങ്ങൊഴിയുന്നു.

സൃഷ്ടാവു നിശ്ചയിച്ച ഈ ജീവിതചക്രം, എത്രയും അഭികാമ്യമായ രീതിയിൽ, പൂർത്തിയാക്കലായിരുന്നു നമ്മുടെ ആവശ്യം. അതു സ്നേഹത്തിലും സമാധാനത്തിലും, നിങ്ങളുടെ ചുറ്റുമുള്ളവർക്ക് കൂടി പ്രയോജനകരമായ വിധം സാധിച്ചെടുക്കുന്നതാണ് യഥാർത്ഥ തൃപ്തിയും, നിങ്ങളുടെ ജീവിത വിജയവും.

ആണും പെണ്ണും ചേർന്നു, ഒരു ഇണയും തുണയുമായി, മക്കളെ സൃഷ്ടിച്ചു ജീവിക്കാനുള്ള ഒരു സംവിധാനം അതിനാവശ്യമായിരുന്നു. ആ സംവിധാനത്തിനു നിയമസാധുതയും, സാമൂഹ്യ സംരക്ഷണവും, ലഭിക്കാനുള്ള ഒരു നടപടി ആയിരുന്നു, വിവാഹം എന്നത്.

വിവാഹത്തിനായി, ഒരിണയെ ആകർഷിക്കാനുള്ള കഴിവു, എല്ലാ സൃഷ്ടികൾക്കും സൃഷ്ടാവു തന്നെ നൽകിയിട്ടുമുണ്ട്. നമ്മളതു ശ്രദ്ധിക്കാതെ നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നത്. അതു കൊണ്ടായിരിക്കാം ഒരു പ്രൊപ്പോസൽ വന്നാൽ, അതിലെ ബാഹ്യഘടകങ്ങൾ മാത്രം നോക്കി ആകർഷകമല്ല എന്നു ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതും.

കടലാസ്സിലെ വിവരങ്ങളും, ഫോട്ടോയിലെ ചന്തവും മാത്രം നോക്കി തീരുമാനങ്ങൾ എടുക്കുന്നതു കൊണ്ടാകാം, ഒരു പക്ഷേ ശരിക്കും ആകർഷകമായ ഇണയെ കണ്ടെത്താനാകാതെ വിഷമിക്കേണ്ടി വരുന്നത്.

പ്രിയപ്പെട്ടവരെ, നമ്മുടെ കുട്ടികൾക്കു വിവാഹം അന്വേഷിക്കുമ്പോൾ പെണ്ണു കാണലിന്റെ ഔപചാരികത ഒന്നുമില്ലാതെ തമ്മിൽ കണാനും സംസാരിക്കാനും പരസ്പരം വിലയിരുത്താനും അവസരം ലഭിച്ചാൽ മാറാനുള്ള വിഷമം മാത്രമല്ലേ  ഇതിലുള്ളത്. അതിനുവേണ്ടിയാണ് ബെത്-ലെഹം വൈവാഹിക സംഗമങ്ങൾ പതിവായി നടത്തി വരുന്നത്.

വിവാഹാർത്ഥികൾക്ക് സഹജീവികളുടെ സ്വഭാവ-വിശേഷങ്ങൾ മനസ്സിലാക്കുവാനും, പരസ്പരമുള്ള ഇടപെടലുകളിലെ അത്ഥങ്ങളും - അനർത്ഥങ്ങളും തിരിച്ചറിഞ്ഞ്, സ്വന്തം പെരുമാറ്റത്തിൽ സംയമനം ശീലിക്കുവാനും, അതു വഴി ജോലിസ്ഥലത്തും കുടുംബത്തിലും സംഭവിക്കാറുള്ള അസ്വസ്ഥതകൾ പലതും ഒഴിവാക്കുവാനും, ബെത്-ലെഹം നടത്തിവരുന്ന ട്രാൻസാക്ഷണൽ അനാലിസിസ്സ് ശില്പശാലകൾ വളരെ സഹായകരമാണ്.

ഈ സൌകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

സസ്നേഹം

ജോർജ്ജ് കാടങ്കാവിൽ.

 

What is Profile ID?
CHAT WITH US !
+91 9747493248