ബ്രെയിന്‍ട്യൂമറിന് ഒരു ശസ്ത്രക്രിയ ചെയ്ത് അതു നീക്കം ചെയ്തെങ്കിലും, ഇനി ആയുസ്സ് അധികമില്ല എന്ന് തിരിച്ചറിഞ്ഞ സമയത്ത്, എന്‍റെ ഭാര്യ ഗൗരിക്കുട്ടി എന്നോടു ചോദിച്ചു,
അപ്പാ ഈ മരിക്കുക എന്നു പറഞ്ഞാലെന്താണ്?
ഇന്ത്യന്‍ ആര്‍മിയില്‍, മേജര്‍ റാങ്കില്‍ ഓര്‍ത്തോപീഡിക് നഴ്സായി ജോലി ചെയ്തു വിരമിച്ച ഗൗരിയോട്,
മെഡിക്കല്‍ ഭാഷയില്‍ മരണമെന്തെന്നു വിശദീകരിക്കാന്‍ എനിക്കു സാധിക്കില്ലെന്നറിയാം.
അതു കൊണ്ട് എനിക്കറിയാവുന്ന, ഞാന്‍ പഠിച്ചിരിക്കുന്ന ടെക്നിക്കല്‍ ഭാഷയില്‍ മരണത്തെക്കുറിച്ചു ചിന്തിച്ചു, അപ്പോള്‍ മനസ്സില്‍ വന്ന ആശയം വിശദീകരിക്കാനായി, ഒരു സാധാരണ ഫിലമെന്‍റു ബള്‍ബ് സ്വിച്ചിട്ട്, അതു കാണിച്ചു കൊണ്ട് ഞാന്‍ അവളോടു പറഞ്ഞു,
വൈദ്യുതി എന്നത് ഒരു ഊര്‍ജ്ജമാണ് - Energy.
Energy can neither be created nor be destroyed, but can be transformed from one form to another.
പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കാത്ത ഒന്നാണ് ഊര്‍ജ്ജം. അത് ഒരവസ്ഥയില്‍ നിന്നും
മറ്റൊരവസ്ഥയിലേക്ക് തരം മാറ്റാന്‍ മാത്രമേ സാധിക്കുകയുള്ളു.
നമ്മളീ സ്വിച്ചിട്ടപ്പോള്‍, ഈ ബള്‍ബിലെ ഫിലമെന്‍റില്‍ കൂടി വൈദ്യുതി പ്രവഹിച്ചു, അത് പ്രകാശ ഊര്‍ജ്ജമായി മാറി.
ഈ ബള്‍ബ് ഒരു സെക്കന്‍റില്‍ 50 പ്രാവശ്യം കത്തുകയും അണയുകയും ചെയ്യുന്നുണ്ട്. അണഞ്ഞു എന്നതിന്‍റെ ലക്ഷണം പ്രകടമാകും മുമ്പേ തന്നെ, അതു വീണ്ടും പ്രകാശിക്കും. അതിനാല്‍ നമുക്കിതു ശ്രദ്ധിക്കാന്‍ പോലും സാധിക്കില്ല.
നമ്മുടെ ജീവിതത്തില്‍ സ്വന്തം കണ്ണു കൊണ്ടു കണ്ടതാണ് എന്നു പറയാറുള്ള പലതും, ഇതുപോലുള്ള മായക്കാഴ്ച്ചകളായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മറക്കരുത്.
പ്രകാശം തരംഗങ്ങളായിട്ടാണ് പ്രസരിക്കുന്നതും, പരക്കുന്നതും, നമ്മുടെ കണ്ണില്‍ വന്നെത്തുന്നതും.
കണ്ണില്‍ വന്നെത്തുന്ന കാഴ്ച, തലച്ചോറിലേക്ക് അയച്ച് അതെന്താണെന്നു, നമ്മുടെ തലച്ചോറില്‍ പതിഞ്ഞിട്ടുള്ള അറിവുപയോഗിച്ച് വിവര്‍ത്തനം ചെയ്താണ്, തലച്ചോര്‍ ഓരോ കാഴ്ചകളെക്കുറിച്ച് മനസ്സിലാക്കുന്നതും, അതിനുചിതമായ വിധത്തില്‍ ഓരോന്നു ചെയ്യാന്‍, നമ്മുടെ ശരീരഭാഗങ്ങളോടു നിര്‍ദ്ദേശിക്കുന്നതും.
നമ്മുടെ ശരീരത്തില്‍, ഭക്ഷണം ദഹിപ്പിച്ചു തരം മാറ്റം വരുത്തി ശേഖരിക്കുന്ന ഊര്‍ജ്ജം, തലച്ചോറിനെ പ്രവര്‍ത്തിപ്പിച്ചു സൃഷ്ടിക്കുന്ന തരംഗങ്ങളില്‍ ഒന്നാണ്, നമ്മുടെ ചിന്തകള്‍. നമ്മുടെ ഓരോ ചിന്തയും തരംഗങ്ങളായി പ്രപഞ്ചത്തില്‍ ആലേഖനം ചെയ്യപ്പെടുന്നുണ്ട്.
ചിന്തകള്‍ മാത്രമല്ല, നമ്മള്‍ പറയുന്ന ഓരോ വാക്കും, ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും, അതിന്റേതായ തരംഗങ്ങള്‍ സൃഷ്ടിക്കുകയും, അത് പ്രപഞ്ചത്തില്‍ നിലനില്‍ക്കുകയും ചെയ്യും. നമ്മുടെ ചിന്തകളും, വാക്കുകളും, പ്രവര്‍ത്തികളും, തമ്മില്‍തമ്മില്‍ ഐക്യം ഉള്ളതാണെങ്കില്‍, അവ സൃഷ്ടിക്കുന്ന തരംഗങ്ങള്‍ പരസ്പരം ഇഴുകി ചേർന്ന്, നമ്മുടെ മനസ്സു അസ്വസ്ഥതകളില്ലാതെ ശാന്തമായിരിക്കും.
നമ്മുടെ അന്തരംഗം സ്വര്‍ഗ്ഗതുല്യമായ അവസ്ഥയില്‍ ആയിരിക്കും.
നമ്മുടെ ചിന്തകളും, വാക്കുകളും, പ്രവര്‍ത്തികളും, തമ്മില്‍തമ്മില്‍ പൊരുത്തപ്പെടാത്തതോ, നീതിക്കു നിരക്കാത്തതോ, പ്രകൃതിവിരുദ്ധമോ, കൃത്രിമമോ, അസത്യമോ, അന്യായമോ ആണെങ്കില്‍, അവ സൃഷ്ടിക്കുന്ന തരംഗങ്ങള്‍ പരസ്പരം വിഘടിച്ചും, വിരോധിച്ചും, വിഷമിച്ചും, പ്രപഞ്ച തരംഗങ്ങളോടു വരെ സമ്മര്‍ദ്ദത്തില്‍ നിലകൊള്ളും.
മനസ്സ് എപ്പോഴും ഒരു സമരഭൂമി പോലെ അസ്വസ്ഥമായിരിക്കും.
അങ്ങിനെ നമ്മുടെ അന്തരംഗം നരകതുല്യമായ അവസ്ഥകളിലെത്തും.
ഇനി നമുക്ക് ഈ സ്വിച്ച് ഓഫ് ചെയ്തു നോക്കാം. ഇപ്പോള്‍ ഫിലമെന്‍റിലൂടെ ഒഴുകിയിരുന്ന വൈദ്യുതി നിലച്ചു. അതാ, കണ്ണടയുന്നതുപോലെ, ആ ഫിലമെന്‍റ് പുറപ്പെടുവിച്ചിരുന്ന പ്രകാശം അണയുന്നു.
ശരീരത്തിലെ വൈദ്യുതി നിലയ്ക്കുമ്പോഴും ഇതുപോലെയാണ്. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും നിലയ്ക്കും, തലച്ചോര്‍ ഒരു അവസാന തരംഗം പുറപ്പെടുവിക്കും, എന്നിട്ട് ശരീരം ഉപേക്ഷിച്ച്, ആ തരംഗം പുറത്തു കടക്കും.
തലച്ചോര്‍ പുറപ്പെടുവിക്കുന്ന ആ അവസാന തരംഗം, ഒരുപക്ഷേ, നമ്മള്‍ ഇതുവരെ പുറപ്പെടുവിച്ച്, ഈ പ്രപഞ്ചത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന, നമ്മുടെ സ്വന്തം തരംഗങ്ങളെ എല്ലാം വിളിച്ചു കൂട്ടാനുള്ള അന്തിമ നിര്‍ദ്ദേശം ആയിരിക്കാം.
നമ്മുടെ ചെയ്തികള്‍ പ്രകാശമുള്ളതും, അവ ജീവിത കാലത്തുടനീളം പുറപ്പെടുവിച്ചിട്ടുള്ള തരംഗങ്ങള്‍ ഐക്യമുള്ളതും ആയിരുന്നു എങ്കിൽ, അവസാന തരംഗം, മുന്‍കാല തരംഗങ്ങളെ സംയോജിപ്പിച്ച്, ഈ ലോകത്തിന്‍റെ പ്രാരാബ്ദങ്ങള്‍ക്കെല്ലാം അതീതമായി മാറും.
ഗൗരീ, നിന്‍റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളുമൊക്കെ, തമ്മില്‍ തമ്മില്‍ ഐക്യമുള്ളതായിരുന്നു. മാത്രമല്ല, നിന്‍റെ ചുറ്റുമുള്ളവരുടെ തരംഗങ്ങളോടും ഐക്യമുള്ളതായിരുന്നു. അതിനാല്‍ നിന്‍റെ തരംഗങ്ങള്‍ ഇവിടെ നിന്‍റെ കുടുംബത്തില്‍, ഞങ്ങളോടൊപ്പം നിലനില്‍ക്കും.
നിന്‍റെ വൈദ്യുതി നിലച്ചാലും, ശരീരം മാത്രമേ നീ ഉപേക്ഷിക്കുന്നുള്ളു. അതൊരു നഷ്ടമല്ല, ഭാരം ഉപേക്ഷിക്കലാണ്.
നമ്മുടെ ചിന്തകളുടെയും ഓര്‍മ്മകളുടെയും തരംഗങ്ങളല്ലാതെ, ഈ ലോകത്തിലെ യാതൊരു വസ്തുവും, മരണശേഷം നിനക്ക് ആവശ്യമില്ല.
അതിനാല്‍ ഈ ലോകത്ത് ആരോടെങ്കിലുമോ, എന്തിനോടെങ്കിലുമോ, നിനക്ക് ദേഷ്യമോ വിരോധമോ പിണക്കമോ ഉണ്ടെണ്ടങ്കില്‍, അതു മുഴുവനും ഇപ്പോള്‍തന്നെ നിരുപാധികം നിന്‍റെ മനസ്സില്‍ നിന്നും സന്മനസ്സോടെ വിട്ടുകളയുക.
നീ ആരോടെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ എനിക്കാവും വിധം ഞാനതിനു പ്രായശ്ചിത്തം ചെയ്തു കൊള്ളാം.
അതിനും കൂടെ വേണ്ടിയാണ് നീ അദ്ധ്വാനിച്ചതും, കഷ്ടപ്പെട്ടതും, നിന്‍റെ കുടുംബം സ്നേഹത്തില്‍ വളര്‍ത്തിയെടുത്തതും.
ഗൗരി അതു പൂര്‍ണ്ണമായി അംഗീകരിച്ചു എന്നു ഞാന്‍ കരുതുന്നു. വളരെ ശാന്തതയില്‍ ഏതാനും ആഴ്ചകള്‍ കൂടി, പലവിധ തമാശകള്‍ പോലും കാണിച്ച്, ഒടുവില്‍ ബള്‍ബിന്‍റെ ഫിലമെന്‍റ് അണയും പോലെ, കണ്ണുകളടച്ചു ശരീരം ഉപേക്ഷിച്ചു തരംഗങ്ങളായി, ഈ പ്രപത്തില്‍ അവള്‍ ആലേഖനം ചെയ്യപ്പെട്ടു.
2016ല്‍ നടന്ന കാര്യമാണ്, ഇതിപ്പോള്‍ വീണ്ടും ചികഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ടായി. ഞാന്‍ തമസിക്കുന്ന റിട്ടയര്‍മെന്‍റു ഹോമില്‍, എനിക്ക് അമ്മയുടെ സ്ഥാനത്തുള്ള ഒരുപാട് അമ്മച്ചിമാരുണ്ട്. അതില്‍ ഒരമ്മയോടു, നമുക്ക് ദിവാകരനെ കാണാന്‍ പോകണ്ടേണ്ട? എന്നു ചോദിച്ചു അവരെയും കൂട്ടി, മിക്ക ദിവസവും വൈകുന്നേരം, ഞങ്ങള്‍ നടക്കാന്‍ പോകും. ബ്ളെസ്സിലെ മെയിന്‍ റിസപ്ഷനു മുന്നിലുള്ള സണ്‍സെറ്റ് പോയിന്‍റിലിരുന്ന്, സൂര്യാസ്തമയം വരെ പാട്ടും തമാശകളുമായി ഞങ്ങള്‍ നേരംപോക്കും.
അമ്മയൊരു പ്രശസ്ത ഡോക്ടറാണ്, 84 വയസ്സായി. ആ പ്രായത്തിന്റേതായ പലവിധ അവശതകളുമുണ്ട് ഇപ്പോള്‍.
കഴിഞ്ഞ ദിവസം നടക്കാന്‍ ഇറങ്ങിയപ്പോള്‍ കുറച്ചു ക്ഷീണവും തലകറക്കവും തോന്നി. അപ്പോള്‍ അമ്മ പറഞ്ഞു, "മര്യാദക്ക് ഒന്നെണീറ്റു നടക്കാന്‍ പോലും വയ്യാതെ, എന്തിനാ ഞാന്‍ ഇങ്ങിനെ ജീവിച്ചിരിക്കുന്നത്? എന്താണാവോ മരിക്കാത്തത്!"
അമ്മയോടെന്തു പറയണമെന്നു ഒരുനിമിഷം ഞാന്‍ സംശയിച്ചു, പെട്ടെന്നു ഞാന്‍ ചോദിച്ചു
അമ്മയൊരു ഡോക്ടറല്ലേ, മരിക്കുക എന്നു പറഞ്ഞാല്‍ എന്താണ്?
അമ്മ ഉടന്‍ തന്നെ നിസംശയം പറഞ്ഞു, "ഒരാളുടെ ശ്വാസകോശവും, ഹൃദയവും, പ്രവര്‍ത്തനം നിര്‍ത്തിയ അവസ്ഥയാണ് മരണം."
മെഡിക്കല്‍ ഭാഷയില്‍ ഒരു ഡോക്ടറുടെ മറുപടി കേട്ടപ്പോഴാണ്, പണ്ട് ടെക്ക്നിക്കല്‍ ഭാഷയില്‍ ഞാന്‍ ഗൗരിയോടു പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിച്ചത്. പിന്നെ അമ്മയോടു ഞാന്‍ അതെല്ലാം വിവരിച്ചു കൊടുത്തു.
എല്ലാം കാതുകൂര്‍പ്പിച്ചു ശ്രദ്ധയോടെ കേട്ടശേഷം, എന്തോ തമാശ കേട്ടതുപോലെ ചിരിച്ചുകൊണ്ടു അമ്മ പറഞ്ഞു, "ഈ ഫിലോസഫിയൊക്കെ കേള്‍ക്കാന്‍ രസമാണ്. പക്ഷേ കോടാനുകോടി ജീവികളുടെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും സൂക്ഷിച്ചു വെയ്ക്കാന്‍ എന്തുമാത്രം സൗകര്യം വേണം.
എനിക്കാണെങ്കില്‍ ഈ ഫോണില്‍ വരുന്ന മെസ്സേജുകള്‍ സൂക്ഷിക്കാന്‍ പോലും ഇതില്‍ സ്ഥലമില്ല."
അമ്മേ, ഫോണ്‍ മനുഷ്യന്‍ നിര്‍മ്മിച്ചതല്ലേ? മനുഷ്യനു സാധിക്കുന്നതു പോലെ, അപ്പപ്പോഴത്തെ ആവശ്യം നടത്താന്‍ സാധിക്കുന്ന, പരിമിത കാലത്തേക്കു ഉപയോഗിക്കാന്‍ വേണ്ടി, ലാഭകരമായി നിര്‍മ്മിക്കാവുന്ന സാധനങ്ങളായിരിക്കും, മനുഷ്യന്‍ നിര്‍മ്മിക്കുന്നത്.
പക്ഷേ മനുഷ്യനെ നിര്‍മ്മിച്ചത്, പ്രപഞ്ച സൃഷ്ടാവാണ്. സ്വാര്‍ത്ഥനായ മനുഷ്യനെ മാത്രമല്ല, സകല ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന, പരമാണു പൊരുളിലും സ്ഫുരണമായ് കുടികൊള്ളുന്ന പ്രപഞ്ച സൃഷ്ടാവിന്‍റെ പദ്ധതികള്‍, മനുഷ്യനു സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണമ്മേ.
മനുഷ്യന്‍റെ അറിവിനും കഴിവിനും ധാരാളം പരിമിതികളുണ്ട്. ഉദാഹരണത്തിനു, ഒരു മനുഷ്യന്‍റെ തലയില്‍ എത്ര ലക്ഷം മുടിയിഴകളുണ്ട്? ശരീരത്തില്‍ എത്ര ലക്ഷം രോമങ്ങളുണ്ട്? അമ്മയുടെ ഈ തലമുടിനാര് ഇഴകീറി പരിശോധിച്ചാല്‍, എന്തു കാണാമെന്നാണ് മനുഷ്യന് ഇപ്പോള്‍ അറിയാവുന്ന ശാസ്ത്രം പറയുന്നത്?
ശരീരത്തില്‍ അഞ്ചുലക്ഷത്തോളം മുടികള്‍ വരെയുണ്ടണ്ടാവാം എന്നാണ് ശാസ്ത്രത്തിന്‍റെ ഏകദേശ കണക്ക്.
വളരെ നേര്‍ത്തതും അതിലോലവുമായ ഒരു മുടിയിഴക്കുള്ളില്‍ സങ്കീര്‍ണ്ണമായ ഒരു വലിയ ലോകമുണ്ട്. ഓരോ രോമകൂപത്തിലും ഒരോ ന്യൂക്ലിയസ് അടങ്ങിയ അനേക കോശങ്ങളുണ്ട്.
ന്യൂക്ലിയസിനുള്ളില്‍, ക്രോമാറ്റിന്‍ ക്രോമസോമുകളായി വികസിക്കുന്നു, ആ ക്രോമസോമുകളുടെ ഹൃദയഭാഗത്താണ് ഡി.എന്‍.എ എന്ന ജീവന്‍റെ ബ്ലൂപ്രിന്‍റ്. ഇവിടെയാണ്, ഡിഎന്‍എയില്‍, നമ്മുടെ ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവയുടെ കഥകള്‍ എന്‍കോഡ് ചെയ്തിരിക്കുന്നതത്രെ.
സ്വന്തം ശരീരത്തില്‍ എത്ര മുടിയിഴകളുണ്ട് എന്നു പോലും കൃത്യമായി കണ്ടുപിടിക്കാൻ ആവാത്ത മനുഷ്യന്‍, ലോകം കീഴടക്കി എന്നും, ദേ ഇപ്പോള്‍ കീഴടക്കാന്‍ പോകുന്നു, എന്നും ഒക്കെ വീമ്പിളക്കി നടക്കാറില്ലേ. ഉപജീവനത്തിനോ, എന്തെങ്കിലും ലാഭം ഉദ്ദേശിച്ചോ ഒക്കെയാണ് ഇത്തരം പ്രകടനങ്ങള്‍.
പക്ഷേ, നമ്മള്‍ എത്ര പ്രഗത്ഭരായിരുന്നാലും, എന്തെല്ലാം നേടിയാലും ശരി, അതു തമ്മില്‍തമ്മില്‍ പൊരുത്തപ്പെടാത്ത ചിന്തകളും, വാക്കുകളും, പ്രവര്‍ത്തികളും വഴി ആയിരുന്നെങ്കില്‍, നമ്മുടെ തരംഗങ്ങള്‍ പരസ്പരം വിഘടിച്ചും, വിരോധിച്ചും നിലകൊള്ളും.
അത്തരമൊരു മനുഷ്യന്‍ മരിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന അവസാന തരംഗം, പരസ്പര വിരോധത്തില്‍ ആലേഖനം ചെയ്യപ്പെട്ടു പോയിരിക്കുന്ന, അയാളുടെ മുന്‍കാല തരംഗങ്ങളെ തേടി അലഞ്ഞലഞ്ഞ്, അവയെ ഐക്യത്തില്‍ എത്തിക്കാനാവാതെ, നരകതുല്യമായ അവസ്ഥയിലാകും.
നമുക്ക് ഈ പ്രപഞ്ചത്തില്‍ ഒരു വീടും കുടുംബവും പ്രിയപ്പെട്ടവരെയും, കാലക്രമത്തില്‍ ഒരു ജീവിതപങ്കാളിയെയും നേടി, അവരോടൊപ്പം ആസ്വദിച്ചു ജീവിക്കാന്‍ കിട്ടിയ "ഒരു മനുഷ്യായുസ്സെന്ന അല്പനേരം", ഇങ്ങിനെ
ഞാന്‍, ഞാന്‍ മാത്രം,
എന്‍റെത്, എന്‍റെതു മാത്രം,
എന്ന സ്വാര്‍ത്ഥതയില്‍ ചിന്തിച്ചും, അഹങ്കരിച്ചും കോപിച്ചും കരഞ്ഞും സങ്കടപ്പെട്ടും ഒക്കെയായി, വെറുതെ പാഴാക്കി കളയാന്‍ ആര്‍ക്കും ഇടയാവരുതേ എന്ന പ്രാര്‍ത്ഥനയോടെ,
ജോര്‍ജ്ജ് കാടങ്കാവില്‍
15 January 2025