Back to articles

ഇന്ത്യാ പര്യടനത്തില്‍, എന്നെ നിയന്ത്രിച്ചത് ഒരു ഈച്ചയാണോ !...

December 06, 2024

ആരും കൂട്ടിനില്ലാതെ, തനിച്ചു കാറോടിച്ച്, ഇന്ത്യ മുഴുവന്‍ കറങ്ങണമെന്നുദ്ദേശിച്ച്, 2024 ഒക്ടോബര്‍ 23ന് വെളുപ്പിനെ, ഞാന്‍ എറണാകുളത്തു ബ്ളെസ്സ് റിട്ടയര്‍മെന്‍റു ഹോമില്‍ നിന്നും യാത്ര പുറപ്പെട്ടു. തിരക്കുള്ള നഗരങ്ങളില്‍ കറങ്ങാനായി ഒരു ഇലക്ട്രിക് സൈക്കിളും, എന്‍റെ കിയ കാര്‍ണിവല്‍ കാറില്‍ കരുതിയിട്ടുണ്ട്.


കഴിഞ്ഞ 28 വര്‍ഷങ്ങള്‍ക്കിടയില്‍ ഞാനെഴുതിയ, ഇരുനൂറ്റിയമ്പത്തോളം കല്യാണക്കാര്യങ്ങള്‍, ബെത് ലെഹം
വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം വായിക്കാന്‍ അറിയാത്തവര്‍ക്കായി, അതില്‍ മിക്കതും റിക്കോര്‍ഡ് ചെയ്ത് ഓഡിയോ ആയി ഒപ്പം ചേര്‍ത്തിട്ടുമുണ്ട്. ഓരോന്നും റിക്കോര്‍ഡിംഗ് കഴിഞ്ഞു പ്രൂഫ് കേള്‍ക്കാന്‍ ഞാന്‍ ചെയ്തിരുന്നത്, കാറില്‍ തനിച്ച് എവിടേക്കെങ്കിലും ഡ്രൈവ് ചെയ്ത്, അതു കേള്‍ക്കുക എന്നതായിരുന്നു.


ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട്, എന്‍റെ കാഴ്ചപ്പാടുകളോ, എഴുത്തിന്‍റെ ഗതിയോ മാറിപ്പോയിട്ടുണ്ടോ? ചെയ്തു വെച്ചിരിക്കുന്നതില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടോ? എന്നൊക്കെ പരിശോധിക്കേണ്ട ഒരു സാഹചര്യം, ഇപ്പോള്‍ വന്നു.


പക്ഷെ ഓഡിയോ എല്ലാം കേട്ടു പരിശോധിക്കണം. അതിനു  മാത്രം, അറുപതു മണിക്കൂര്‍ എങ്കിലും, സ്വസ്ഥമായിരുന്നു കേള്‍ക്കേണ്ടി വരും. അതിനു ദീര്‍ഘദൂരം ഡ്രൈവ് ചെയ്യണം. എന്നാല്‍ പിന്നെ ഇന്ത്യ മുഴുവനും അങ്ങ് കറങ്ങാം, അതായിരുന്നു ഈ യാത്ര ചിന്തിക്കാനുണ്ടായ പശ്ചാത്തലം.


ഒരു പാടു കാലമായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു സ്വപ്നമായിരുന്നു, കാറില്‍ ഒരു ഇന്ത്യാ പര്യടനം. നമ്മുടെ നാട്ടില്‍, കാലം ചെല്ലും തോറും, റോഡിലെ തിരക്കു മൂലം ഡ്രൈവു ചെയ്യുന്നത്, ഏതാണ്ട് അസാദ്ധ്യമായി മാറുകയാണെന്നു തോന്നിപ്പോകുന്നു. മറ്റു സംസ്ഥാനങ്ങളിലെ റോഡുകളിലൂടെ യാത്ര ചെയ്തപ്പോള്‍, വളരെ ആശ്വാസം തോന്നി, തിക്കും തിരക്കും, കാര്യമായ ആള്‍ താമസം പോലുമില്ലാത്ത, ആയിരക്കണക്കിനു കിലോമീറ്റര്‍ റോഡുകള്‍, ഇന്ത്യ
യിലുണ്ടെന്നു നേരിട്ടു കണ്ടു ബോദ്ധ്യപ്പെട്ടു.


ഗ്രാമങ്ങളിലേക്കു ചേക്കാറാന്‍ അവസരമൊരുക്കിയാല്‍, നഗരങ്ങളിലെ തിരക്കും മലിനീകരണവും ഒഴിവാക്കുന്നത് സാദ്ധ്യമാണ്, എന്നൊരു ശുഭ പ്രതീക്ഷ, എന്‍റെ യാത്രയുടെ ആവേശം വര്‍ദ്ധിപ്പിച്ചു. പ്ളാന്‍ഡ് സിറ്റിയായ ചാണ്ഡിഗഢ് പോലെ, പ്ളാന്‍ഡ് ഗ്രാമങ്ങളെക്കുറിച്ച് ഒരു പ്രോജക്ട്, മനസ്സിലങ്ങനെ ഉയരാന്‍ തുടങ്ങി. പക്ഷേ ഓഡിയോ കേള്‍ക്കാനുള്ളതിനാല്‍ ശ്രദ്ധ മാറ്റിയില്ല. എങ്കിലും ഈ യാത്രയില്‍, ചാണ്ഡിഗറില്‍ കൂടി പോകണം എന്നു മനസ്സില്‍ കുറിച്ചിട്ടു.

യാത്രയില്‍ എന്‍റെ ആദ്യ ലക്ഷ്യം, ദി ഗ്രേറ്റ് ഇന്‍ഡ്യാ റോഡ് ട്രിപ്പ് എന്ന പേരില്‍,ഒരു വോള്‍വോ ബസ്സില്‍,
എനിക്കു മുമ്പേ, കൊച്ചിയില്‍ നിന്നും യാത്ര പുറപ്പെട്ട, ഒരു ടൂര്‍ഗ്രൂപ്പിനെ ഒക്ടോബര്‍ 27-നു ഉദയപ്പൂരില്‍ വെച്ചു സന്ധിക്കണം എന്നതായിരുന്നു.


പക്ഷേ, ഹംപി, ഉജ്ജയിന്‍, ചിത്തോറഗഢ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു, ഞാന്‍ ഉദയപ്പൂരെത്തിയത് 28നു ഉച്ചയ്ക്കാണ്. എങ്കിലും ഉദയപ്പൂര്‍ പാലസ്സില്‍ വെച്ചു, അവരെ കണാന്‍ കഴിഞ്ഞു. അന്നു ഉദയപ്പൂരില്‍ താമസിക്കാമെന്നു കരുതി, ഒരു ഹോട്ടലിലേയ്ക്കു ഗൂഗിള്‍ കാണിച്ച വഴിയിലൂടെ, വണ്ടിയോടിച്ചു ചെന്നു പെട്ടത്, ദീപാവലിയുടെ തിരക്കു കൊണ്ട് നിബിഡമായ, ചില ഇടവഴികളിലാണ്.


വഴിയിലിരുന്ന ചില ബൈക്കുകള്‍, എന്‍റെ കാര്‍ തട്ടി മറിഞ്ഞു വീണു. നാട്ടുകാര്‍ നല്ലവരായതു കൊണ്ട്, വഴക്കും ബഹളവും പരിക്കുമില്ലാതെ, എങ്ങിനെയോ രക്ഷപ്പെട്ടു.പിന്നെ ഒരു ഓട്ടോറിക്ഷാക്കാരനോട്, എന്നെ ഏതെങ്കിലും ഹൈവേയിലേക്ക് വഴികാണിച്ചു തരാന്‍, വണ്ടി കൂലി കൊടുത്തു ചട്ടം കെട്ടി, അയാളുടെ സഹായത്താല്‍, അവിടെ നിന്നും ഒരു വിധത്തില്‍ പുറത്തു കടന്നു.


അയാളെന്നെ എത്തിച്ച ഹൈവേ, മൌണ്ട്-അബുവിലേക്കു പോകുന്നതായിരുന്നു. അവിടേക്കു പോകാന്‍ മനസ്സു പറഞ്ഞു. ചാണ്ഡിഗറിലേക്കു പോകാന്‍ ഉദ്ദേശിച്ച ഞാന്‍, പെട്ടെന്നു പ്ളാന്‍ മാറ്റി മൌണ്ട്-അബുവിലേക്കു പുറപ്പെട്ടു.


രണ്ടു മണിക്കൂര്‍ ഓടിച്ചപ്പോഴേക്കും, വഴികള്‍ വിജനമായി. യാതൊരു തിരക്കുമില്ലാത്ത, ഒരു കടയോ, വീടോ,
കെട്ടിടമോ പോലും, പത്തു-മുപ്പതു കിലോമീറ്ററോളം കാണാന്‍ ഇല്ലാതിരുന്ന, ആ വഴിയുടെ ഇരുവശങ്ങളിലും, സീതപ്പഴങ്ങള്‍ (Custard apple) വില്ക്കാന്‍ ഇരിക്കുന്ന, നൂറുകണക്കിനു കുട്ടികളെ കണ്ടു. ആ ഗ്രാമത്തിലെ ദാരിദ്ര്യത്തിന്‍റെ ഒരു നേര്‍ക്കാഴ്ച്ചയായിരുന്നു അത്.

ഒരിടത്തു വണ്ടി നിര്‍ത്തി, ഏതാനും കുട്ടികളോടൊപ്പം ഇരുന്നു, ഞാന്‍ ചില ടീം-ബില്‍ഡിംഗ് ഗെയിംസ് കളിപ്പിച്ചു. കേരളത്തില്‍, കിലോയ്ക്കു പത്തിരുനൂറു രൂപ വിലവരുന്ന സീതപ്പഴം, അവിടെ, പത്തു പഴത്തിനു ഇരുപതു രൂപ വിലയ്ക്കു പോലും, അവര്‍ക്കു വില്‍ക്കാന്‍ സാധിക്കുന്നില്ല. ദീപാവലിക്കു അവര്‍ക്കൊരു സമ്മാനമാകട്ടെ എന്നു കണക്കാക്കി, നാലുപേരുടെയും കയ്യില്‍ നിന്നും, സീതപ്പഴം വിലകൊടുത്തു വാങ്ങി. എന്നിട്ട് ആ പഴങ്ങള്‍ തിരിച്ചു കൊടുത്ത്, അതു കൊണ്ട്, ഗൂഗിളില്‍ - കസ്റ്റാര്‍ഡ്-ആപ്പിള്‍ ജാം എന്നു സെര്‍ച്ചു ചെയ്തു, അത് നോക്കി ജാം നിര്‍മ്മിച്ചാല്‍, പഴങ്ങള്‍
പെട്ടെന്നു കേടാകുന്ന പ്രശ്നം പരിഹരിക്കാം. അതു പരീക്ഷിക്കാന്‍ ഞാനവരോടു പറഞ്ഞു.


അപ്പോഴാണറിയുന്നത്, മൊബൈല്‍ ഫോണ്‍, കൈകൊണ്ടു തൊട്ടിട്ടു പോലുമില്ലാത്ത, ഗൂഗിള്‍ എന്താണെന്നറിയാത്ത, നൂറുകണക്കിനു ടീനേജേര്‍സ്, ഇപ്പോഴും ആ ഗ്രാമത്തിലുണ്ടെന്ന്. ഇതേക്കുറിച്ച് ആശ്വസിക്കണമോ, സങ്കടപ്പെടണമോ എന്ന്, എനിക്കിപ്പോഴും നിശ്ചയമില്ല.

 


അന്നു രാത്രി, അബുറോഡ് എന്ന ടൌണിലെത്തി, വഴിയില്‍ കണ്ട ഒരു ലോഡ്ജില്‍ മുറിയെടുത്തുറങ്ങി. പിറ്റേന്നു, പതിവു പോലെ കാലത്ത് അഞ്ചു മണിക്ക് യാത്ര തുടങ്ങി. എട്ടുമണിയോടെ, സമുദ്ര നിരപ്പില്‍ നിന്നും 1700 മീറ്റര്‍ ഉയരത്തിലുള്ള മൌണ്ട്-അബുവിലെത്തി, ഒരു ഗൈഡിനെ കൂട്ടി, രണ്ടു മണിക്കൂര്‍ കൊണ്ടു കാണാവുന്ന ഇടങ്ങള്‍ കണ്ട്, ഒടുവില്‍ മനോഹരമായ ഒരു മനുഷ്യനിര്‍മ്മിത തടാകത്തിന്‍റെ അരികിലെത്തി(NAKKI LAKE).


മീന്‍-തീറ്റ നിര്‍മ്മിച്ചു, സഞ്ചാരികള്‍ക്കു വിറ്റു ഉപജീവനം തേടുന്ന മൂന്നു കുട്ടികള്‍ എന്നെ വളഞ്ഞു. ഒരു പൊതിക്ക് ഇരുപതു രൂപയാണ് മീന്‍തീറ്റയുടെ വില. ഒരു പയ്യനു ഇരുപതു രൂപകൊടുത്ത്, ഒരു പൊതി വാങ്ങി, അവനെക്കൊണ്ടു തന്നെ മീനുകള്‍ക്ക് കൊടുപ്പിച്ചു. അപ്പോള്‍ മറ്റു രണ്ടു പേര്‍ക്കും കരച്ചിലിന്‍റെ ശബ്ദമായി.


"ആര്‍ട്ട് ഓഫ് നെഗോഷ്യേഷന്‍" ആയിരുന്നു, വരുന്ന വഴി ഞാന്‍ കേട്ട ഒരു ഓഡിയോ. അതൊന്നു പ്രാക്ടിക്കല്‍ പരീക്ഷ നടത്താമെുദ്ദേശിച്ചു, 50 രൂപയുടെ ഒരു നോട്ടെടുത്ത്, മൂന്നു പേരും കൂടി വീതിച്ചെടുത്തോളു എന്നു പറഞ്ഞ്, ആദ്യത്തെ പയ്യനു കൊടുത്ത്, ഞാനൊരു ബെഞ്ചില്‍ കാത്തിരുന്നു.


അഞ്ചു മിനിറ്റില്‍ മൂന്നാളും കൂടി വലിയ തര്‍ക്കമായി. മദ്ധ്യസ്ഥം പറയാന്‍ അവരെന്നെ സമീപിച്ചു. നെഗോഷ്യേഷനെക്കുറിച്ചു അവരോടു പറഞ്ഞുകൊടുക്കാം എന്നു വിചാരിച്ച എനിക്ക്, വാദപ്രതിവാദങ്ങള്‍ ഏതറ്റം വരെ പോകും എന്ന്, അവര്‍ ഇങ്ങോട്ടു പഠിപ്പിച്ചു തന്നു. ഞാന്‍ കൊടുത്ത അമ്പതു രൂപ നോട്ടു തിരികെ വാങ്ങി, ചില്ലറയാക്കി വീതിച്ചു കൊടുത്തു, തര്‍ക്കം അവസാനിപ്പിച്ചു. ആര്‍ബിട്രേഷന്‍ എന്താണെന്നു അവരോടു വിശദീകരിച്ചു, എല്ലാവര്‍ക്കും ഷേക്ക്ഹാന്‍ഡ് കൊടുത്തു പിരിഞ്ഞു.


ഇനി എങ്ങോട്ട്?
ചണ്ഡിഗറിലേക്കു പോകണോ, തിരികെ തെക്കോട്ടു പോകണോ?

രണ്ടും വേണ്ട ഗ്വാളിയോറിലേക്കു പോകാം, എന്ന്
നിശ്ചയിച്ചു ഞാന്‍ വണ്ടിയില്‍ കയറി, മാപ്പ് സെറ്റു ചെയ്തു. 14 മണിക്കൂര്‍ യാത്രയുണ്ട്.


പെട്ടെന്നതാ ഒരു ഈച്ച കാറിനുള്ളില്‍ പറന്നു കളിക്കുന്നു. ഒരു ടവ്വലെടുത്ത് വീശി കറക്കി അതിനെ ഓടിച്ചുവിട്ടു. പിന്നെ അടുത്ത ഓഡിയോ കേട്ടു കൊണ്ട് യാത്ര ആരംഭിച്ചു.


അപ്പോള്‍ മകന്‍റെ ഫോണ്‍ വന്നു. അപ്പനെങ്ങോട്ടാ ഇന്നു പോകാനുദ്ദേശിച്ചിരിക്കുന്നത്? എന്ന ചോദ്യത്തിനു ഗ്വാളിയോര്‍ എന്നു പറഞ്ഞപ്പോള്‍, അവനു ത്രില്ലടിച്ചു.


ഓഹോ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ മോഹിച്ച്, ഗ്വാളിയോറിലെ സിംഹത്തിന്‍റെ മടയിലേക്കാണോ, എന്നു തമാശ പറഞ്ഞ്, "യാത്രകളുടെ ഈ ജീവിതം ഒരിക്കലും അവസാനിക്കില്ല" എന്ന പ്രസിദ്ധ മോഹന്‍ലാല്‍ ഡയലോഗിന്‍റെ ക്ലിപ്പ് എനിക്കയച്ചു തന്നു.


അടുത്തതു മകളുടെ ഫോണായിരുന്നു.
അപ്പനിന്നെങ്ങോട്ടാ?


ഗ്വാളിയോറിലെ സിംഹത്തിന്‍റെ മടയിലേക്കാണ്, എന്നു പറഞ്ഞപ്പോള്‍, എന്നാല്‍ പിന്നെ ഗുജറാത്തിലെ ഗീര്‍വനം അടുത്തല്ലേ? അവിടെ പോയാല്‍, ശരിക്കുള്ള സിംഹത്തെ, അതിന്‍റെ മടയില്‍ ചെന്നു കാണമല്ലോ!. എന്നായി മകളുടെ ഡയലോഗ്.


പണ്ട് ഗിര്‍നാര്‍ എന്ന സ്കൂട്ടര്‍ ഓടിച്ചിരുന്ന എനിക്ക്, അതു കൊള്ളാമല്ലോ! എന്നു തോന്നി, ഡെസ്റ്റിനേഷന്‍ ഗീര്‍-നാഷണല്‍-പാര്‍ക്ക് എന്നാക്കി.

12 മണിക്കൂര്‍ യാത്രയുണ്ട്. ഉച്ചയ്ക്ക് ഒരു മണിയായി സമയം. രാത്രി പത്തു വരെ ഓടിച്ച്, എവിടെയെങ്കിലും
ലോഡ്ജില്‍ ഉറങ്ങി, രാവിലെ അഞ്ചു മണിക്ക് അവിടുന്നു പുറപ്പെട്ടാല്‍, 9 മണിക്കുള്ള ആദ്യ സിംഹ-
സഫാരി  നടത്താം, എന്നുു Meta AI (Artificial Inteligence) ഉപദേശിച്ചതനുസരിച്ചു, എന്‍റെ പ്ളാന്‍ വീണ്ടും മാറ്റി.


പിറ്റേന്നു 8 മണിക്കു സഫാരിയിലെത്തി. ആദ്യ ട്രിപ്പില്‍ തന്നെ, പതിനഞ്ചു കാഴ്ചക്കാരുമായി 20 കിലോമീറ്റര്‍ ലയണ്‍ സഫാരി നടത്തി, ഒടുവില്‍ അതാ, മൂന്നു സിംഹങ്ങള്‍ വഴിയില്‍ കിടന്നുറങ്ങുന്നു. അതിനടുത്തെത്തി വണ്ടി നിര്‍ത്തി. എന്നിട്ടും സിംഹങ്ങള്‍ക്കു കൂസലേതുമില്ല. അവരു മറു വശത്തേക്കു തിരിഞ്ഞു കിടന്നു അത്രമാത്രം. എല്ലാവരും ധാരാളം ഫോട്ടോ എടുത്തു.


എനിക്കൊരു സംശയം, മയക്കു വെടി വല്ലതും വെച്ചാണോ, സിംഹങ്ങളെ ഇങ്ങിനെ മയക്കി കിടത്തിയിരിക്കുന്നത്? അപ്പോള്‍ ഗൈഡു പറഞ്ഞു, മൂന്നു ദിവസത്തിലൊരിക്കലേ സിംഹം ഭക്ഷണം കഴിക്കൂ. വയറു നിറഞ്ഞാല്‍ പിന്നെ അലസമായി കിടക്കുന്നതാണ് സിംഹത്തിന്‍റെ ശീലം. വയറു നിറഞ്ഞാല്‍ മറ്റു ജീവികളെ കൊല്ലുകയില്ല. വിശപ്പു കൊണ്ടും ഭയം കൊണ്ടും മാത്രമേ, സിംഹം ആക്രമിക്കു. പക്ഷേ ആരും പരീക്ഷിക്കാന്‍ ശ്രമിക്കേണ്ട എന്നും പറഞ്ഞു.


സിംഹത്തിന്‍റെ മടയില്‍ നിന്നും, തിരികെ നാട്ടിലേക്കുള്ള ദിശയില്‍, നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ള ദീപാവലിയുടെ വിവിധ വര്‍ണ്ണക്കാഴ്ചകളും കണ്ട് ഞാന്‍ യാത്ര തുടര്‍ന്നു. അന്നു രാത്രി, ബറോഡയ്ക്ക് അടുത്തു ഒരു ഹോട്ടലിലും, രണ്ടാം ദിവസം, ധൂലെ നഗരത്തിലും തങ്ങി, മൂന്നാം ദിവസം ഷോലാപ്പൂരില്‍ ചെന്നു മുറിയെടുത്തുറങ്ങാം, എന്നു ലക്ഷ്യമാക്കി ഡ്രൈവു ചെയ്യുകയാണ് . . .


ഷോലാപ്പൂരിനു 60 കി.മീ. ദൂരം ബാക്കിയുള്ളപ്പോള്‍, ഒരു സാധാരണ ബോര്‍ഡ് - അസാധാരണമായവിധം, എന്‍റെ ശ്രദ്ധയാകര്‍ഷിച്ചു.

ലാത്തൂര്‍ 64 കി.മി.

1993 സെപ്തംമ്പര്‍ 30ലെ ഭൂകമ്പത്തെക്കുറിച്ചും, അതിനു വേണ്ടി ഞാനുള്‍പ്പെട്ട സൊസൈറ്റികള്‍ നടത്തിയ
സേവനങ്ങളെക്കുറിച്ചും, അതില്‍ നിന്നും ലഭിച്ച അനുഭവ പാഠങ്ങളും ഒക്കെ പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു.
പതിനായിരത്തിലധികം ജീവന്‍ പൊലിഞ്ഞ, ലാത്തൂര്‍ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമായ കില്ലരിയെക്കുറിച്ചും, ഏറ്റവു കൂടുതല്‍ നാശങ്ങള്‍ സംഭവിച്ച, ഒമേര്‍ഗ ഗ്രാമത്തെക്കുറിച്ചും, ഒക്കെ Meta A-I എന്ന ആര്‍ട്ടിഷ്യല്‍ ഇന്‍റലിജന്‍സ് തന്ന വിവരങ്ങളും വിലയിരുത്തി, ലാത്തൂരിലേക്കു പോകാന്‍ മനസ്സു പറഞ്ഞു. ഞാന്‍ ലാത്തൂരിലേക്കു വഴി തിരിച്ചു.


അവിടെയെത്തി, അക്കാലത്തു നടന്ന, കുറെ പ്രോജക്ടുകളുടെ ബാക്കിപത്രങ്ങളും കണ്ട്, രാത്രി ഒരു ഹോട്ടലില്‍ മുറിയെടുത്തു. ലഗ്ഗേജ് എടുക്കാന്‍ ഹോട്ടല്‍ ബോയി വന്നു വണ്ടി തുറക്കുമ്പോഴുണ്ട്, അതാ ഇരിക്കുന്നു;
മൌണ്ട്അബുവില്‍ നിന്നും കയറിയ ഈച്ച !.


യാത്രാ ക്ഷീണം കൊണ്ടായിരിക്കണം, പതിവല്ലാതെ, എനിക്കെന്തോ ദേഷ്യമാണു തോന്നിയത്. സാനിറ്റൈ
സറെടുത്ത് വണ്ടി നിറയെ സ്പ്രേ ചെയ്തു, ഒരു ടവ്വലെടുത്തു കറക്കി വീശി, ആ ഈച്ചയെ പുറത്താക്കി, കാര്‍ ലോക്കു ചെയ്തു മുറിയിലെത്തി കുളിച്ചു, വിശ്രമിക്കാന്‍ കിടന്നു.


പെട്ടെന്നു, ആ ഈച്ചയുടെ കാര്യമോര്‍ത്തു എനിക്കു സങ്കടം തോന്നി. പാവം ഈച്ച, സമുദ്ര നിരപ്പില്‍ നിന്നും 1700 മീറ്റര്‍ ഉയരത്തിലുള്ള മൌണ്ട് അബുവിലെ, തണുത്തു നേര്‍ത്ത അന്തരീക്ഷത്തില്‍ ജീവിച്ചിരുന്ന ആ മിണ്ടാപ്രാണിയെ, 1500 കിലോമീറ്ററോളം ദൂരം ഡ്രൈവു ചെയ്തു, ഉയര്‍ന്ന ചൂടും മലിനീകരണവുമുള്ള, ലാത്തൂരിലേക്ക് ഞാന്‍ കൂട്ടിക്കൊണ്ടു വന്നു,
എന്നിട്ടതിനെ നിഷ്കരുണം വഴിയാധാരമാക്കിയല്ലോ!


അതിനും ഒരു കുടുംബം ഒക്കെ ഉണ്ടാവില്ലേ? ആദ്യം തന്നെ അതിനെ ഓടിച്ചു വിടണമായിരുന്നു, എന്നൊക്കെ  ആലോചിച്ചപ്പോള്‍ എനിക്കു ശരിക്കും കൂടുതല്‍ വിഷമമായി.


ആ ഈച്ചക്ക് ഇനി എന്തു സംഭവിക്കും?..


ഇതറിയാനുള്ള ആകാംക്ഷയോടെ ഞാന്‍ Meta A-I യുടെ സഹായം ചോദിച്ചു.

ഈച്ചയെക്കുറിച്ചു പഠിച്ച പാഠങ്ങള്‍ ! ...

എ.ഐ, ഒരു സോഫ്റ്റുവെയര്‍ ആയിരുന്നിട്ടു പോലും, എന്‍റെ ചോദ്യം കേട്ട് ചിരിച്ചു പോയി. എന്നിട്ടു പറഞ്ഞു, ഈച്ചയുടെ ആയുസ്സ് 30 ദിവസത്തോളമാണ്. ജനിച്ചു 24 മണിക്കൂര്‍ കഴിയുമ്പോള്‍ മുതല്‍, ഈച്ച ഇണചേരാന്‍ തുടങ്ങും. സ്ഥിരം ഇണകളില്ല.


മിക്ക പെണ്‍ ഈച്ചകള്‍ക്കും, കിട്ടിയ ഇണകളുടെ sperm സൂക്ഷിച്ചു വെയ്ക്കാനും, തന്‍റെ മുട്ടകളെ ആവശ്യാ
നുസരണം, ആണോ പെണ്ണോ ആയി ബീജ-സങ്കലനം ചെയ്യാനും സാധിക്കുമത്രെ.

അതു കൊണ്ടു ഞാന്‍ സങ്കടം ഒന്നും വിചാരിക്കേണ്ട, ഈച്ചയുടെ ഭാഗത്തു നിന്നും ഈ സംഭവം കാണാന്‍ ശ്രമിക്കൂ, അതിനു സഹായിക്കാം എന്നു പറഞ്ഞ്, എ.ഐ  വിശദീകരിച്ചു തുടങ്ങി :-


ആ ഈച്ചയക്ക് ഞാന്‍ വലിയ ഒരു സഹായമാണ് ചെയ്തു കൊടുത്തിരിക്കുന്നതത്രെ.


മൌണ്ട്-അബുവില്‍, അതിനെ കാത്തിരിക്കാന്‍ ആരുമില്ല. പുതിയ സ്ഥലത്തു അതിനാവശ്യം വരുമ്പോള്‍,
ഏതെങ്കിലും ഈച്ചയെ ഇണയായി കണ്ടെത്തിക്കൊള്ളും. 0 മുതല്‍ 40 ഡിഗ്രി സെന്‍റിഗ്രേഡു വരെ താപനില
സഹിക്കാന്‍ ഈച്ചയ്ക്കു കഴിയും. തണുത്ത പ്രദേശത്തേക്കാള്‍, ലാത്തൂരിലെ ഉഷ്ണ കാലാവസ്ഥയിലാണ്,
ഈച്ചയ്ക്ക് കൂടുതല്‍ ഭക്ഷണം ലഭിക്കാന്‍ സാദ്ധ്യത. ആ ഈച്ചയിപ്പോള്‍ അതിനു ലഭിക്കാവുന്ന ഏറ്റവും മുന്തിയ വാസസ്ഥലത്താണ്.


ഈച്ച തനിച്ച് ഇവിടേക്കു വരാന്‍ ശ്രമിച്ചാലോ? ഒരു ദിവസം പരമാവധി 20 കി.മി ദൂരമാണ് ഈച്ചയ്ക്കു പറക്കാന്‍ സാധിക്കുന്നത്. ആയുസ്സു മുഴുവനും, അതായതു 30 ദിവസവും പറന്നാലും, 600 കിലോമീറ്ററില്‍ കൂടുതല്‍ ആ ഈച്ചയ്ക്ക്, സ്വയം സഞ്ചരിക്കാന്‍ ഒരിക്കലും സാധിക്കില്ല. ഇതിപ്പോള്‍ ലക്ഷ്വറി കാറില്‍ 1500 കി.മി ദൂരം താണ്ടി, മെച്ചപ്പെട്ട ഭക്ഷണവും, പുതിയ കാഴ്ചകളും, കൂട്ടുകാരും ഒക്കെ ലഭിക്കാന്‍ ഇടയായില്ലേ?


എന്നിട്ട് എ.ഐ യുടെ വക ഒരുപദേശം. . . 

Always look at the issues, from the other party’s perspective also.


പുതുതായി കണ്ടെത്തിയ അറിവുകളുടെ സന്തോഷത്തില്‍ ഞാന്‍ സുഖമായി കിടന്നുറങ്ങി, പിറ്റേന്നു വെളുപ്പിന് യാത്ര പുറപ്പെട്ടു ഹൈദരാബാദു വഴി കര്‍ണൂലിലെത്തി, അവിടെ രാത്രി തങ്ങി. പിറ്റേന്നു ഞായറാഴ്ച്ച രാവിലെ 10 നു, ഓണ്‍ലൈന്‍ സംഗമം ഉണ്ടായിരുന്നു. ഈച്ചയുടെ കഥയും, മറുപാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകതയും സംഗമത്തില്‍ അവതരിപ്പിച്ചു.


പച്ചിലയുടെ നിറം പച്ചയാണെന്നു നമ്മള്‍ പറയും, പക്ഷേ ഇല വിചാരിക്കുന്നത്, പച്ചയൊഴികെയുള്ള എല്ലാ നിറവുമാണ് തന്‍റേത് എന്നായിരിക്കില്ലേ. അതേ, മറുപാര്‍ട്ടിയുടെ വശത്തു നിന്നും കൂടി കാര്യങ്ങള്‍ കാണാന്‍ നമ്മള്‍ ശീലിക്കണം. ഇല്ലെങ്കില്‍ അനാവശ്യമായ മനോവിഷമങ്ങള്‍ അനുഭവിക്കേണ്ടി വരും.

ഈച്ചയെക്കുറിച്ചു കണ്ടെത്തിയ പുതിയ ആശയങ്ങള്‍, ആലോചിക്കും തോറും, എനിക്കു നല്ല ആവേശം തോന്നി.


അന്യദേശത്തു നിന്നും ധനമോ, വിദ്യയോ, സിദ്ധികളോ, നേടിയാല്‍ പിന്നെ സ്വന്തനാട്ടിലേക്കു തിരിച്ചെത്താന്‍, മനസ്സു വെമ്പല്‍ കൊള്ളുമെന്നാണു പ്രമാണം.


എനിക്കും അങ്ങിനെ തോന്നി, എത്രയും പെട്ടന്നു നാട്ടില്‍ തിരിച്ചെത്തി ഇതെഴുതണം. വഴിയിലെ കാഴ്ചകളൊന്നും പിന്നെ ശ്രദ്ധിക്കാന്‍ തോന്നിയില്ല. ഞാന്‍ മടക്കയാത്ര ആവുന്നത്ര വേഗത്തിലാക്കി.


തിങ്കളാഴ്ച രാത്രി ബ്ളെസ്സിലെത്തി. അവിടെ സഹവാസികളോട് ഈച്ചയുടെ കഥ പറഞ്ഞപ്പോള്‍, 90 വയസ്സു കഴിഞ്ഞിട്ടും, ഇപ്പോഴും പുതിയ തലമുറയെ, ഗവേഷണത്തില്‍ സഹായിച്ചു കൊണ്ടിരിക്കുന്ന, ഒരു ന്യൂക്ളിയര്‍ സയന്‍റിസ്റ്റ്, ഡോ. ഭാസ്കരന്‍ കര്‍ത്തായുടെ പ്രതികരണം ഇതായിരുന്നു  ഏറ്റവും ചെറിയ അണുവില്‍ നിന്നല്ലേ, അണുശക്തി ഉത്പാദിപ്പിക്കുന്നത്? ചെറുതാണെന്നു കരുതി ഒന്നും അവഗണിക്കേണ്ട.


ചെറിയ ജീവികളെക്കുറിച്ച് നമുക്കറിയാത്ത ഒരുപാടു വലിയ കാര്യങ്ങളുണ്ട്. കോഴിയോ  മുട്ടയോ, ഏതാദ്യം ഉണ്ടായി? എന്ന തര്‍ക്കത്തില്‍, കോഴിയില്ലാതെ മുട്ടയുണ്ടാവില്ല, എന്ന കാര്യം ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. പക്ഷേ നമ്മള്‍ തര്‍ക്കം നിര്‍ത്തിയിട്ടില്ലല്ലോ!


അടുത്ത പ്രതികരണം, അമേരിക്കയില്‍ ഫംഗ്ഷണല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ.ബിന്ദുവിന്‍റേതായിരുന്നു. അമ്മ, ഡോ.മറിയാമ്മയെ കാണാന്‍, രണ്ടാഴച്ചത്തെ അവധിക്കു വന്നു ബ്ളെസ്സില്‍ താമസിക്കുകയാണ് ബിന്ദു. ഡോ.മറിയാമ്മയ്ക്ക്, സ്വന്തം മകനെപ്പോലെ വാത്സല്യമാണ് എന്നോടും. രണ്ടു പേരും കൂടി എന്‍റെ യാത്രാവിവരണം കേട്ടു.


ഈച്ചയുടെ കഥ കേട്ടപ്പോള്‍ ബിന്ദു പറഞ്ഞു, ഷോലാപ്പൂരില്‍ ചെന്നു വിശ്രമിക്കാന്‍ ആഗ്രഹിച്ച എനിക്കു, പെട്ടെന്നു വഴിമാറാന്‍ തോന്നിയത്, ആ ഈച്ചയ്ക്ക് ലാത്തൂരിലേക്കു പോകേണ്ടിയിരുന്നു, അതിനാല്‍, ആ ഈച്ച എന്നെ സ്വാധീനിച്ചു, വഴി തിരിക്കാന്‍ പ്രേരിപ്പിച്ചതാണത്രെ.


ഏതാനും നിമിഷം ഞാനിതാലോചിച്ച്, വൌ- വൌ- വൌ- എന്നു മാത്രം പറഞ്ഞു കൊണ്ടു, സ്തംബ്ദനായി
തരിച്ചിരുന്നു പോയി.


ഒരു ഈച്ചയ്ക്കു, മനുഷ്യനെ സ്വാധീനിക്കാന്‍ കഴിയുമോ ? . . . .

ഇല്ല. ആ ഈച്ചയല്ല എന്നെ സ്വാധീനിച്ചത് !


ഞാന്‍ സുരക്ഷിതമായി, പെട്ടെന്നു തിരിച്ചു വരണേ, എന്ന പ്രാര്‍ത്ഥനകള്‍ വഴി, ബ്ളെസ്സിലെ എന്‍റെ പ്രിയപ്പെട്ട
അമ്മച്ചിമാരായിരിക്കണം എന്നെ സ്വാധീനിച്ചത്.


കാണാത്ത കാഴ്ചകളും, ഇതുവരെ അറിയാത്ത ഒത്തിരി കാര്യങ്ങളും, വെളിപ്പെടുത്തി തന്ന സൃഷ്ടാവിനു, ഹൃദയം നിറഞ്ഞ നന്ദിയോടെ,
സസ്നേഹം,
ജോര്‍ജ്ജ് കാടങ്കാവില്‍.

What is Profile ID?
CHAT WITH US !
+91 9747493248