നിങ്ങൾ വിവാഹിതരായാലും, അവിവാഹിതരായാലും ശരി, ജീവിതത്തിൽ കുറേ സുഖങ്ങളും ദുഃഖങ്ങളും അനുഭവിച്ചേ മതിയാകൂ. ഇതുവരെ നിങ്ങൾ അനുഭവിച്ചിരിക്കുന്ന സുഖദുഃഖങ്ങളുടെ കാരണങ്ങളെന്തെന്നും, അതിലെ ഘടകങ്ങൾ എന്തെല്ലാമായിരുന്നെന്നും ആലോചിച്ചു നോക്കിയിട്ടുണ്ടോ?
വിശ്വാസം, വിശ്വാസ്യത, വിശ്വസ്തതഎന്നമൂന്നു വാക്കുകൾ സൂചിപ്പിക്കുന്ന മൂല്യങ്ങൾ ആയിരുന്നു നിങ്ങളുടെ സുഖദുഃഖങ്ങൾ നിർണ്ണയിച്ച, ഏറ്റവും പ്രധാന ഘടകങ്ങൾ. ഈ മൂല്യങ്ങൾ ആണ് നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നത്. നിങ്ങൾ വിലമതിക്കപ്പെടാതെ പോകുന്നു എന്നു എപ്പോഴെങ്കിലും നിങ്ങൾക്കു തോന്നിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം, നിങ്ങളുടെയും, നിങ്ങളിടപെട്ടവരുടെയും ഇടയിൽ, ഈ മൂല്യങ്ങൾ പ്രകടമായില്ല എന്നതാണ്.
ഈ മൂല്യങ്ങൾ പരിശീലിച്ചു സ്വായത്തമാക്കാത്ത ഒരാൾക്കും, സ്വച്ഛമായ ഒരു ജീവിതം സാദ്ധ്യമാവില്ല. പ്രത്യേകിച്ചും കുടുംബജീവിതം. ഈ മൂല്യങ്ങളില്ലാത്തവർക്ക് ഒരാളെയും വിവാഹം ചെയ്യാനുള്ള ധൈര്യമുണ്ടാവില്ല. അഥവാ മോഹം തോന്നി, എന്തെങ്കിലും സ്വാർത്ഥ പരിഗണനകൾ വെച്ച്, വിവാഹം നടന്നാലും, അതു സന്തോഷത്തിലും സമാധാനത്തിലും മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടും.
അത്തരം സാഹചര്യങ്ങൾ ഫലപ്രദമായി നേരിടണമെങ്കിൽ, ഈ മൂന്നു വാക്കുകൾ കൊണ്ടുദ്ദേശിക്കുന്ന മൂല്യങ്ങൾ എന്തൊക്കെയെന്നു ചിന്തിച്ചു, മനസ്സിലാക്കി, പരിശീലിച്ചു, പെരുമാറിയാൽ മതി. ഈ മൂല്യങ്ങൾ നേടിയാൽ പിന്നെ നിങ്ങളിടപെടുന്നവരുടെയും, ജീവിതപങ്കാളിയുടെയും ഒക്കെ മൂല്യങ്ങൾ വളർത്തിയെടുക്കാൻ, നിങ്ങൾക്കും അനായാസം സാധിക്കും.
വിശ്വാസം - എന്ന വാക്ക് ഇംഗ്ലീഷിൽ faithഅല്ലെങ്കിൽ beliefഎന്നതിനോട് സമാനമായ അർത്ഥം നൽകുന്നു. എന്തെങ്കിലും കാര്യം, തെളിവോ തെളിയിക്കലോ ആവശ്യമില്ലാതെ തന്നെ(Without any evidence or proof), സത്യമാണെന്നോ, യാഥാർത്ഥമാണെന്നോ, സ്വീകാര്യമാണെന്നോ അംഗീകരിക്കുന്ന ഒരു മനസികാവസ്ഥയ്ക്കാണ് വിശ്വാസം എന്നു പറയുന്നത്.
ഇതിലെ Evidenceഉം,Proofഉം, തമ്മിലുള്ള വ്യത്യാസം കൂടി ശ്രദ്ധിക്കണം.
Evidence - എന്നാൽ തെളിവ്. ഏതെങ്കിലും ഒരു കാര്യം വസ്തുതയാണെന്നു ഉറപ്പിക്കാൻ സഹായിക്കുന്ന സാദ്ധ്യതകളുടെ അടയാളങ്ങളാണ് - Evidence.
Proof - എന്നാൽ തെളിയിക്കൽ. ലഭ്യമായ അടയാളങ്ങളും, സാദ്ധ്യതകളും പരിശോധിച്ചു, അതു സത്യമാണെന്നു നിസ്സംശയം ഉറപ്പിക്കലാണ് - Proof.
ഏതെങ്കിലും കാര്യത്തെക്കുറിച്ചോ, വ്യക്തിയെക്കുറിച്ചോ സംശയിച്ചു Evidence ശേഖരിക്കാൻ തുടങ്ങുമ്പോൾ, പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് – നമ്മൾ സംശയിച്ചത് സത്യമാണെന്നു വരുത്തിത്തീർക്കണം എന്നായിരിക്കും നമ്മുടെ മനസ്സിന്റെ, ഈഗോയുടെ, ആഗ്രഹം. വിവാഹശേഷം ജീവിത പങ്കാളിയെക്കുറിച്ചു സംശയിക്കാൻ തുടങ്ങിയാൽ, അതു പരോക്ഷമായി പ്രകടമാകും, അതു മറ്റേയാളിൽ പ്രതിരോധം ഉളവാക്കും. അതു ക്രമേണ വളർന്നു, സംശയിച്ചതു സത്യമല്ലെങ്കിലും, പരസ്പരമുള്ള ഇഷ്ടക്കേടുകളും തർക്കങ്ങളും വഴക്കുകളുമായി മാറിപ്പോയേക്കാം.
കിട്ടിയ ജീവിതപങ്കാളിയെ, കൂടുതൽ തെളിവും തെളിയിക്കലും ആവശ്യമില്ലാതെ, സകല കുറവുകളോടും കൂടി അംഗീകരിക്കാനും സ്വീകരിക്കാനും പെരുമാറാനും തയ്യാറാകുന്ന മാനസികാവസ്ഥയാണ് പരസ്പര വിശ്വാസം.
അങ്ങിനെയൊരാളെ സ്വീകരിച്ചശേഷം അയാളിൽ നിന്നും അഥവാ ഏതെങ്കിലും വിശ്വാസവഞ്ചന നേരിടേണ്ടി വന്നാലും,സ്വന്തംഇന്റഗ്രിറ്റിക്കു കളങ്കം ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ, ആ വിശ്വാസവഞ്ചനകൾ ഫലപ്രദമായി നേരിടാനും, നഷ്ടപ്പെട്ടതിലും മെച്ചപ്പെട്ട അനുഭവങ്ങൾ തിരികെ ലഭിക്കാനും, നിങ്ങളുടെ വിശ്വാസ-ദൃഢത മൂലം സാധിക്കും എന്നതാണ് ലോകത്തിന്റെ അനുഭവം.
വിശ്വാസ്യത –എന്നാൽ trustworthiness, reliability, dependabilityഎന്നൊക്കെ പറയപ്പെടുന്ന ഒരു സൽഗുണമാണ്. വിശ്വസനീയമായത്, വിശ്വസിക്കാവുന്നത്, ഏതെങ്കിലും ആവശ്യത്തിനു നമുക്കു ധൈര്യമായിആശ്രയിക്കാവുന്നത് എന്നൊക്കെയാണ് വിശ്വാസ്യത എന്ന ഗുണം കൊണ്ട് അർത്ഥമാക്കുന്നത്.
Reliabilityഉം Dependabilityഉം തമ്മിലുള്ള വ്യത്യാസം കൂടി ശ്രദ്ധിക്കുക.
ഒരു വ്യക്തിയോ, സാധനമോ, സംവിധാനമോ, അതിനെക്കൊണ്ടു ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ, അർഹതയുള്ളവർ ആവശ്യപ്പെടുമ്പോഴൊക്കെ, വീഴ്ചകൾ വരാതെ, കൃത്യമായി, അതിന്റെ സമയത്തിനു, എല്ലായ്പ്പോഴും ചെയ്തു തരുന്നതായി നമുക്കു അനുഭവം ഉണ്ടെങ്കിൽ, അതിനു Reliabilityഎന്ന ഗുണം ഉള്ളതായി നമ്മൾ കണക്കാക്കും. ഇതിന്റെ പരിമിതി എന്തെന്നാൽ നിശ്ചിത സാഹചര്യങ്ങളിലാണ് Reliabilityപ്രവർത്തിക്കുന്നത്. അതുകൊണ്ട് ഇതിനെ നിശ്ചിതത്വം എന്നും വിളിക്കാം.
എന്നാൽ Dependabilityഎന്നത്, ആശ്രയിക്കാൻ എത്രമാത്രം യോഗ്യമായത് എന്നതിന്റെ അളവുകോലാണ്. ആവശ്യമുള്ളപ്പോഴെല്ലാം പരിമിതികൾ വകവെയ്ക്കാതെ, നമുക്കുവേണ്ടി പരമാവധി പ്രവർത്തിക്കാൻ, എത്രമാത്രം കൂടെയുണ്ടാകും, എന്ന മുൻ അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വിലയിരുത്തലാണ് Dependability.
ReliabilityഉംDependabilityഉം എത്രമാത്രമുണ്ടെന്നു വിലയിരുത്തി സൂചിപ്പിക്കുന്നതാണ് trustworthiness. ഇത് അളന്നു തിട്ടപ്പെടുത്താനുള്ള ഉപകരണങ്ങളൊന്നും ഇല്ല. ജീവിതത്തിലെ ഓരോ അനുഭവങ്ങളിലുടെയാണ് ഓരോ കാര്യത്തിന്റെയും വിശ്വാസ്യത മനസ്സിലാകുന്നത്.
സ്വന്തം വിശ്വാസയോഗ്യത (trustworthiness) സ്വയം ബോദ്ധ്യപ്പെടണം, അതു സ്ഥിരോത്സാഹത്തോടെ തുടർച്ചയായി മെച്ചപ്പെടുത്തുകയും ചെയ്യണം. അതു ജീവിതപങ്കാളിക്കു ബോദ്ധ്യപ്പെടാൻ സമയമെടുക്കും. അതിനാൽ, പരസ്പരം വിട്ടുവീഴ്ച്ചകൾ ചെയ്തു കാലക്രമത്തിൽ വളർത്തിയെടുക്കേണ്ട ഒരു കാര്യമാണിതെന്ന് എപ്പോഴും ഓർമ്മവേണം.
വിശ്വസ്തത –എന്നത് faithfulness, loyaltyഎന്നർത്ഥമാക്കുന്നു. ഏതെങ്കിലും കാര്യത്തിൽ, ഒരു വ്യക്തിയോടോ, സംഘത്തിനോടോ, അല്ലെങ്കിൽ ഏതെങ്കിലും സിദ്ധാന്തത്തിനോടോ സമർപ്പിതമായി,സ്വന്തം ഉള്ളിൽ ഉറച്ച വിശ്വാസത്തോടെ, പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന സ്വഭാവഗുണമാണ് വിശ്വസ്തത.
Having faith (വിശ്വാസം)in someone or something leads to trustworthiness (വിശ്വാസ്യത), which in turn fosters faithfulness (വിശ്വസ്തത).
ഈ ഗുണങ്ങളെല്ലാം മറ്റുള്ളവർക്ക് ഉണ്ടായിരിക്കണം എന്നാണ് നമ്മുടെ ആഗ്രഹം. കല്യാണം അന്വേഷിക്കുമ്പോൾ മറ്റേ പാർട്ടിയെ എത്രമാത്രം വിശ്വസിക്കാൻ കൊള്ളും എന്നാണ് എല്ലാവരുടെയും അന്വേഷണം. സ്വയം ഇതുള്ളവർക്കു മാത്രമേ, മറ്റുള്ളവരുടെ ഗുണങ്ങൾ കണ്ടെത്താൻ കഴിയുകയുള്ളു എന്നതാണ് സത്യം. നമ്മൾ അളക്കുന്ന അളവുകൊണ്ടാണ്, തിരികെയും അളക്കപ്പെടുന്നത് എന്ന് ഓർമ്മയുണ്ടായിരിക്കണം.
ആരെയും കണ്ണും പൂട്ടി വിശ്വസിക്കരുത് എന്ന ഉപദേശം നിത്യേന കേട്ടാണ് നമ്മൾ കുട്ടിക്കാലം മുതൽ വളർന്നു വന്നിരിക്കുന്നത്. എന്നെ വിശ്വസിക്കാമോ? എനിക്കു ആരോടെങ്കിലും വിശ്വസ്തതയുണ്ടോ? എന്റെ വിശ്വാസ്യത എത്രയുണ്ട്? എന്നെല്ലാം സ്വയം വിലയിരുത്തണം.
സ്വന്തം സൃഷ്ടാവിൽ എനിക്കു ഉറച്ച വിശ്വാസം ഉണ്ടായിരിക്കണം, സൃഷ്ടാവിന്റെ പദ്ധതികളിലും വിശ്വസിക്കണം, അപ്പോൾ എനിക്കു ലഭിക്കുന്ന പങ്കാളിയുടെ വിശ്വാസയോഗ്യത മെച്ചപ്പെടുത്താനും, നല്ല പങ്കാളിത്തം ആസ്വദിക്കാനും എന്റെ സൃഷ്ടാവ് എനിക്കവസരം നൽകും. ഇതാണ് എന്റെ വിശ്വാസം.
തുല്യ പങ്കാളികളായ സ്ത്രീയ്ക്കും പുരുഷനും, തന്റെ പങ്കാളിയിൽ ഈ മൂന്നു ഗുണങ്ങളും ഉണ്ടെന്നു ബോദ്ധ്യപ്പെടുമ്പോഴാണ്, ഒരു കുടുംബജീവിതം സംപൂർണ്ണമാകുന്നത്, അതിനാൽ ഈ ഗുണങ്ങൾ പ്രകടമാക്കാൻ ലഭിക്കുന്ന അവസരങ്ങൾ ദമ്പതികൾ നഷ്ടപ്പെടുത്തരുത്. എന്റെ പങ്കാളിയാണ് എനിക്ക് ഏറ്റവും വിശ്വസിക്കാവുന്ന, എന്നോടു ഏറ്റവും വിശ്വസ്ഥതയുള്ള, എന്റെ വിശ്വസനീയമായ ആൾ, എന്ന സത്യം പരസ്പരം വെളിപ്പെടുത്താൻ രണ്ടുപേരും പരിശ്രമിച്ചുകൊണ്ടിരിക്കണം.
നിങ്ങളെ എനിക്കു വിശ്വാസമാണെന്നും, എന്നെ നിങ്ങൾക്കു വിശ്വസിക്കാമെന്നും, വെളിപ്പെടുത്താൻ രണ്ടുപേരും തയാറാകുമ്പോഴാണ് ഒരു പരിപൂർണ്ണ കുടുംബജീവിതം സാദ്ധ്യമാകുന്നത്.
--> Marriage is a leap of faith.
--> Trust gives the confidence.
--> Love is the springboard.