ഒരു മാൻകൂട്ടത്തിൽ കാണാൻ നല്ല മിടുക്കനായ, യുവത്വത്തിലേക്ക് കടക്കുന്ന മാൻകുട്ടിയുണ്ടായിരുന്നു. അവൻ ഒരു പെൺമാനിന്റെ അടുത്തു ചെന്ന് ഓരോ പ്രേമ ചേഷ്ടകൾ കാട്ടി ഇഷ്ടം കൂടാൻ ശ്രമിച്ചു. പക്ഷേ, അവൾ അവനെ ആകെ ഒന്നു മണത്തു നോക്കിയിട്ട് വിരട്ടി ഓടിച്ചു. അവനെ കസ്തൂരി മണക്കുന്നില്ലത്രെ.
ഇണയെ ആകർഷിക്കാൻ വേണ്ട കസ്തൂരി ഗന്ധം തനിക്കില്ലല്ലോ എന്നോർത്ത് അവൻ വിഷാദം കൊണ്ട് ഉത്സാഹം നഷ്ടപ്പെട്ട് അലഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങി. ഒടുവിൽ അവനിക്കാര്യം അവന്റെ മുത്തച്ഛനോട് പറഞ്ഞു.
മുത്തച്ഛനൊന്നു ചിരിച്ചു. ഇത്രേ ഉള്ളോ കാര്യം. കസ്തൂരി ഇരിക്കുന്ന സ്ഥലം എനിക്കറിയാം. എന്റെ കൂടെ വാ, ഞാൻ കാണിച്ചു തരാം. പക്ഷേ നീ തന്നെ അത് പുറത്തെടുക്കണം.
എന്തു വേണമെങ്കിലും ചെയ്യാം എന്നു പറഞ്ഞ് അവൻ മുത്തച്ഛന്റെ കൂടെ കസ്തൂരി തേടി പുറപ്പെട്ടു. കാട്ടിൽ ഒരു പാറക്കെട്ടിന്റെ അടുത്തു ചെന്ന് അതിലൊരു പാറക്കല്ല് കാണിച്ചു മുത്തച്ഛൻ പറഞ്ഞു, മോനേ ഈ കല്ലിനടിയിൽ കസ്തൂരി ഇരിപ്പുണ്ട്. നീ കൊമ്പു കൊണ്ട് ഈ കല്ല് ഇളക്കി മറിച്ചിട്ടാൽ നിനക്ക് ആ കസ്തൂരി എടുക്കാം.
കേട്ടപാടെ മാൻ പയ്യൻ, പാറ മറിക്കാൻ ശ്രമം തുടങ്ങി. കൊമ്പു കുത്തി പാറ ഇളക്കാൻ നോക്കിയിട്ട് അത് അനങ്ങുന്നു പോലുമില്ല. അവൻ നിന്ന് വിയർത്തു കുളിച്ചു. പെട്ടെന്നതാ കസ്തൂരിയുടെ ഗന്ധം അവിടെ പരന്നു.
ഇണയുടെ ഇഷ്ടം നേടിയെടുക്കണം എന്ന് ദൃഢ നിശ്ചയത്തോടെ, അതിനു വേണ്ടി അത്യദ്ധ്വാനം ചെയ്ത് ശരീരം വിയർത്തപ്പോഴാണ് തന്റെ ശരീരത്തിന് ഈ ഗന്ധം ലഭിച്ചത് എന്ന സത്യം ആ കസ്തൂരി മാൻ തിരിച്ചറിഞ്ഞു.
ഒരു ചെറുപ്പക്കാരൻ, അമേരിക്ക യിൽ നിന്നും എന്നെ ഫോണിൽ വിളിച്ച് സങ്കടം പറയുകയാണ്. ഭാര്യയുടെ Dependant Visa യിലാണ് ഇദ്ദേഹം അമേരിക്കയിൽ എത്തിയത്. ഇപ്പോൾ ഭാര്യക്ക് ഇദ്ദേഹത്തെ ഒരു വിലയുമില്ലത്രെ. ഒരു ദിവസം രാത്രി ഇദ്ദേഹത്തെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. ചെറുത്തു നിന്നപ്പോൾ അമേരിക്കൻ പോലീസിനെ വിളിച്ച് പീഡനത്തിന് പരാതി കൊടുത്തു.
ഭാര്യയുടെ അടുത്ത് പോകാൻ പാടില്ല, 200 മീറ്റർ എങ്കിലും അകലം പാലിച്ചിരിക്കണം എന്നൊക്കെ അമേരിക്കൻ കോടതി വിധി പറഞ്ഞു.
ഇനി വിവാഹമോചന കേസിന്റെ അവധി കാത്തിരിക്കു കയാണ്.
ഇയാളെ ആശ്വസിപ്പിക്കാൻ ഇങ്ങനൊരു കഥയാണ് എനിക്ക് അപ്പോൾ മനസ്സിൽ വന്നത്.
അനിയാ ആണായാലും പെണ്ണായാലും, കാര്യപ്രാപ്തി ഇല്ലെങ്കിൽ, പങ്കാളിക്ക് മതിപ്പ് നഷ്ടപ്പെടും. അത് സ്വാഭാവികമാണ്. നിങ്ങളുടെ പിടിപ്പ്കേടു കൊണ്ട് ആണോ ഭാര്യ നിങ്ങളെ വില മതിക്കാത്തത്?
എനിക്ക് കാര്യപ്രാപ്തി ഉണ്ട് സാർ. പക്ഷേ, ഇവിടെ ഒരു അന്യ രാജ്യത്ത്, ഭാഷപോലും ശരിക്ക് വശമില്ലാതെ, വന്നു പെട്ടു പോയതല്ലേ! എന്നിട്ടും ഞാൻ പിടിച്ചു നിന്നു സാർ. രാത്രി തണുപ്പത്ത് പെട്ടിയുമെടുത്ത് ഭാര്യയുടെ വീട്ടിൽ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നപ്പോൾ ഞാനൊന്നു പകച്ചു. പക്ഷേ, എന്റെ വീട്ടിൽ വിളിച്ച് അമേരിക്കയിലുള്ള ഒരു പരിചയ ക്കാരനെ കണ്ടുപിടിച്ച്, തൽക്കാലം താമസത്തിന് ഒരിടം സംഘടിപ്പിച്ചു. ഒരു മലയാളി നടത്തുന്ന കേരള ഫുഡ്സിൽ ഹെൽപ്പറായി ദിവസക്കൂലിക്ക് ഒരു ജോലിയും തരപ്പെടുത്തി.
ഞാൻ നേഴ്സിംഗ് പഠിച്ചതാണ്. ഇവിടത്തെ Qualifying Exam പാസ്സാകുന്നതു വരെ സ്ഥിര ജോലി ഒന്നും കിട്ടില്ല എന്നേയുള്ളു. പക്ഷേ ഞാൻ അതു നേടി, എന്റെ കാര്യ പ്രാപ്തി കാണിച്ചു കൊടുക്കുക തന്നെ ചെയ്യും.
കൊള്ളാം അനിയാ വളരെ നല്ലത്. നിങ്ങൾക്ക് കസ്തൂരി കണ്ടെത്താൻ വേണ്ട ഒരു യോഗ്യത ആയി - ''ദൃഢനിശ്ചയം''.
ഇനി ബുദ്ധിപൂർവ്വം കഠിനാദ്ധ്വാനം ചെയ്ത് കസ്തൂരി കണ്ടെത്താൻ പ്രയത്നിക്കണം.
പരീക്ഷ പാസ്സാകും വരെയുള്ള ഉപജീവനം മാത്രമായിരിക്കരുത് ഇപ്പോഴത്തെ ലക്ഷ്യം. വിവിധ കാര്യങ്ങളിൽ അറിവും, പ്രാഗൽഭ്യവും, പല തുറകളിൽ പരിചയക്കാരെ നേടാനും സമയം ചിലവഴിക്കണം.ഭാഷയിൽ പ്രാവീണ്യം നേടിയെടുക്കണം. പുതിയ ഏതെങ്കിലും ഭാഷ കൂടി പഠിക്കാൻ പറ്റുമോ എന്ന് ശ്രമിക്കണം. ഓരോ ഭാഷ പഠിക്കുമ്പോഴും നിങ്ങളുടെ സേവന മേഖല വിപുലമാകും.
മലയാളം അറിയാത്തവരുടെ കൂടെ ജോലി ചെയ്യാൻ അവസരം കിട്ടുമെങ്കിൽ അത് കൂടുതൽ ഉപകാരപ്രദമായിരിക്കും. ഏതെങ്കിലും വോളന്ററി സർവ്വീസിൽ ചേർന്ന് കൂടുതൽ പരിചയ ക്കാരെയും, ഫ്രീ ആയി ലഭിക്കുന്ന പരിശീലനങ്ങളും, പ്രവർത്തി പരിചയവും നേടിയെടുക്കുക.
നിങ്ങളുടെ മുന്നിൽ വന്നുപെടുന്ന അമിത വണ്ണം, പ്രായക്കൂടുതൽ മുതലായ വിഷമം ഉള്ളവരെ, ഏതെങ്കിലും ആവശ്യത്തിന് എന്തെങ്കിലും ശാരീരിക സഹായം വാഗ് ദാനം ചെയ്ത് നോക്കിക്കേ? നിങ്ങളുടെ പരിചയക്കാരുടെ എണ്ണം കൂടുന്നതു കാണാം.
ഇനി വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറഞ്ഞതുപോലെ ആയാലും, നിങ്ങളുടെ എക്സ്പീരിയൻസും, എക്സ്പോഷറും വർദ്ധിക്കും തീർച്ച.
പാറ ഇളക്കാനുള്ള പരിശ്രമങ്ങൾക്ക് ധാരാളം തടസ്സങ്ങൾ നേരിടേണ്ടി വരും. പക്ഷേ തടസ്സം കാണുമ്പോൾ മനം മടുത്ത് പരിശ്രമം നിർത്തു ന്നവർക്ക് ഒരിക്കലും കസ്തൂരി ഗന്ധം കിട്ടില്ല. ഭാര്യയോടോ, മറ്റാരോടെങ്കിലുമോ, പകയോ വിദ്വേഷമോ മനസ്സിൽ കൊണ്ടു നടക്കാതിരുന്നാൽ നിങ്ങളുടെ പരിശ്രമങ്ങൾക്ക് ഉചിതമായ നേട്ടങ്ങൾ നിങ്ങളെ തേടി വരും.
പക്ഷേ ഉള്ളിൽ വിദ്വേഷമുണ്ടെങ്കിൽ നിങ്ങളുടെ കർമ്മ ഫലവും വിദ്വേഷം ജനിപ്പിക്കുന്നതായിപ്പോകും.
വിഷലിപ്തമായ ഹൃദയം സ്ഥാപിച്ചെടുക്കുന്ന ബന്ധങ്ങളും, വിഷം പുരണ്ടതായിരിക്കും.
പകയും വാശിയും കൊണ്ട് വലിയ നേട്ടങ്ങൾ സൃഷ്ടിച്ചെടുത്തവർ അതൊന്നും ആസ്വദിക്കാനാവാതെ ആ നേട്ടങ്ങളുടെ അടിമയായി ജീവിക്കുന്നത് കാണാൻ കണ്ണു തുറന്ന് ചുറ്റുമൊന്ന് നീരീക്ഷിച്ചാൽ മതി. അനിയൻ അങ്ങനെ ആയിപ്പോകരുത്.
എന്റെ കാഴ്ച്ചപ്പാടിൽ, അനിയൻ്റെ ഇപ്പോഴത്തെ അവസ്ഥ, ഒരു അസാധാരണ വ്യക്തിയായി മാറാൻ സഹായിക്കുന്ന സാഹചര്യമാണ് അനിയന് സമ്മാനിച്ചിരിക്കുന്നത്. അത് പരമാവധി ഉപയോഗപ്പെടുത്തുക.
നിങ്ങളെക്കൊണ്ട് ധാരാളം ആളുകൾക്ക് ഉപകാരമുണ്ടാകണം. ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും പ്രതിഫലം പണമായിട്ടല്ല ലഭിക്കുന്നതെന്ന് അനിയൻ മനസ്സിലാക്കണം.
നിങ്ങളുടെ ഒരു പരിശ്രമവും, ഭാര്യയെ തോല്പിക്കാൻ വേണ്ടി ആയിരിക്കരുത്, മറിച്ച് സമർത്ഥനായ ഒരു പുരുഷനെയാണ് അവൾ വിവാഹം കഴിച്ചത് എന്ന് അവൾക്കു കൂടി അഭിമാനം തോന്നും വിധം ആയിരിക്കണം.
എങ്ങിനെയെങ്കിലും ഒരു ക്വാളിഫൈഡ് നേഴ്സ് ആവുക എന്നത് മാത്രമല്ല ഇനി നിങ്ങളുടെ ലക്ഷ്യം. സമർത്ഥനായ, Extra Ordinary Professional എന്ന് സ്വയം ബോദ്ധ്യപ്പെട്ട, ഒരു നല്ല മനുഷ്യൻ ആവുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.
ഉത്തമ ലക്ഷ്യത്തോടെ കർമ്മം ചെയ്യുന്നവന് ഉചിതമായ ഫലം ലഭിക്കുമെന്നതിൽ അല്പംപോലും സംശയിക്കേണ്ട.