ഹായ് സാര്‍, ഞാന്‍ പ്രെയിസ്-മോളാണ്, "വിവാഹജീവിതം ഒരു ഞാണിന്മേല്‍കളി" ആണെന്നു ഭയപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടുകള്‍ വിവരിച്ച്, ഞാനയച്ച എഴുത്തിന് സാര്‍ നല്‍കിയ മറുപടിയും, അനുബന്ധലേഖനങ്ങളും, ഞാന്‍ സശ്രദ്ധം വായിച്ചു. എന്‍റെ കാഴ്ച്ചപ്പാടുകള്‍ അപ്പാടെ മാറ്റി ചിന്തിക്കാനും, കുറേ ആശ്വാസം കണ്ടെത്താനും ആ കുറിപ്പുകള്‍ എന്നെ വളരെ സഹായിച്ചു. Thank you so much.
ആരേയും ആശ്രയിക്കാതെ, ഇഷ്ടംപോലെ അടിച്ചു പൊളിക്കാനുള്ള സ്വാതന്ത്ര്യവും, ലാഭനഷ്ടങ്ങളും മാത്രമായിരുന്നു ഞാനപ്പോള്‍ പരിഗണിച്ചത്.
എന്നാലും ഒരാളെ കണ്ണും പൂട്ടി വിശ്വസിച്ച്, അയാളുടെ കൂടെ, ആജീവനാന്തം ജീവിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന കാര്യം, ഏതൊരു പെണ്‍കുട്ടിക്കും കുറെ ടെന്‍ഷന്‍ തന്നെ ആയിരിക്കും.
എന്‍റെ ആന്‍റിയുടെ മകനെപ്പറ്റിയാണ് ഞാനിതെഴുതുന്നത്. അവന്‍ ഇലക്ട്രീഷ്യന്‍ കോഴ്സ് പഠിച്ചതാണ് ഗള്‍ഫില്‍ നല്ല ജോലി ലഭിച്ചപ്പോള്‍ അവന്‍ അങ്ങോട്ടു പോയി. ഒത്തിരി സമ്പാദിച്ചു, സ്വന്തമായി വീടൊക്കെ വെച്ചു. എന്നാല്‍ കൊറോണ സമയത്ത് അവന്‍ നാട്ടില്‍ വന്നു, പിന്നീട് തിരിച്ചു വിദേശത്തേക്ക് പോയതുമില്ല. മൂന്നുനാല് വര്‍ഷങ്ങളായി അവന് വിവാഹം നോക്കുന്നു, പക്ഷേ ഒന്നും ശരിയാവുന്നില്ല.
ആന്‍റി പറയുന്നു, അവന് എന്നും പണിയുണ്ട് മോളെ, കൈ നിറച്ച് കാശും കിട്ടുന്നുണ്ട്, പക്ഷേ ഇലക്ട്രീഷ്യന്‍ ആണെന്നു കേള്‍ക്കുമ്പോള്‍, പെണ്ണുങ്ങള്‍ക്കൊക്കെ, ഒരുതരം മനം മടുപ്പിക്കുന്ന പ്രതികരണമാണെന്ന്. നമ്മുടെ നാട്ടില്‍ ആണുങ്ങള്‍ സ്ത്രീധനം ചോദിക്കുന്നു വാങ്ങുന്നു, എന്നൊക്കെ വലിയ വിഷയവും പ്രശ്നവും ആയിരുല്ലോ അങ്കിള്‍, എന്നാല്‍ ഇവര്‍, "ഒരു സ്വത്തും ഇങ്ങോട്ട് തരേണ്ട, പെണ്ണിനെ മാത്രം മതി" എന്ന് പറഞ്ഞിട്ട് പോലും, ആരും ഇവനു പെണ്ണ് കൊടുക്കുന്നില്ല.
അവന്‍റെ വിവാഹ അന്വേഷണത്തില്‍ ഉണ്ടായിരുന്ന എല്ലാ താല്‍പര്യവും, അവനിപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ആന്‍റി ആണേല്‍ ഏതുനേരവും ഇതൊക്കെ ആലോചിച്ചുകൂട്ടി ടെന്‍ഷനായി, അടുപ്പത്തിരുന്ന ചായ പാത്രം തട്ടിമറിച്ചു, അതു വയറില്‍ വീണ്, വയറൊക്കെ പൊള്ളി ആശുപത്രിയിലാണ്. ആന്‍റിയെ കാണാന്‍ ചെന്നപ്പോഴാണ് ഇതൊക്കെ എാന്നോട് തുറന്നു പറയുന്നത് ഇവന് മാത്രമല്ല ഇവന്‍റെ കൂടെ പഠിച്ച മിക്കവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.
അപ്പോഴാണ് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലല്ലോ, എന്ന് എനിക്ക് തോന്നിയത്. അവശ്യ സേവനങ്ങള്‍ ആയ Distribution, Repairing, Carpentry, Electrical, Plumbing, Fabrication, Agriculture, Food Industry, Retailer തുടങ്ങിയവ, സമൂഹത്തില്‍ എപ്പോഴും ആവശ്യം വരുന്ന, സ്ഥിരം തൊഴിലും വരുമാനവും ലഭിക്കുന്ന മേഖലകളാണ്, എന്നിരുന്നാലും ഇവര്‍ക്കു 'Standard' പോരാ എന്ന്, മിഥ്യാഭിമാനം കാണിക്കുന്ന അപൂര്‍വ്വം ചില മനുഷ്യരാല്‍ മുദ്രകുത്തപ്പെട്ടു പോയി.
പക്ഷേ, ഇവര്‍ക്കും വേണ്ടേ ഒരു വിവാഹവും കുടുംബവുമൊക്കെ?
ഇവര്‍ക്ക് മാത്രമല്ലാട്ടോ അങ്കിള്‍, ഉയര്‍ന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള ആണുങ്ങള്‍ക്കും, വിവാഹം ഇപ്പോള്‍ ഒരു വലിയ കീറാമുട്ടിയാണ്. എന്‍റെ ഒരു സുഹൃത്ത്, അവന്‍റെ വിദ്യാഭ്യാസത്തിന് അനുസൃതമായ, പെണ്‍കുട്ടിയെ നോക്കുമ്പോള്‍ അവളുടെ ജോലിത്തിരക്കു കഴിഞ്ഞു, കുടുംബത്തിന്‍റെ ചുമതല ഏറ്റെടുക്കാന്‍, അവള്‍ക്കു സമയം കിട്ടില്ലത്രെ.
എന്നാല്‍ പിന്നെ അവള്‍ക്കു, കുടുംബം നോക്കാന്‍ പ്രാപ്തിയുള്ള ഒരു പയ്യനെ, അവന്‍റെ വിദ്യാഭ്യാസത്തിന്‍റെയോ, ജോലിയുടെയോ, ഗമനോക്കാതെ, അയാളുടെ സ്വഭാവഗുണം പരിഗണിച്ച്, കല്യാണം കഴിച്ചു കൂടെ.
പക്ഷേ അവളങ്ങിനെ ചെയ്യാനിടയില്ല, തുല്യ വിദ്യാഭ്യാസവും അവളേക്കാള്‍ ശമ്പളക്കൂടുതലുമുള്ള ഒരു ഭര്‍ത്താവിനെ മാത്രം മതി അവള്‍ക്ക്. അല്ലെങ്കില്‍ ഈഗോ ക്ളാഷു വരുമത്രെ.
പക്ഷേ അങ്ങിനെ നല്ല ജോലിയും ക്വാളിഫിക്കേഷനുമുള്ള പുരുഷന്‍മാര്‍ക്കു, അയാളുടെ വീട്ടുകാര്യം നോക്കാന്‍ നേരവും, മനസ്സും, തുല്യ വിദ്യാഭ്യാസവും ഉള്ള ഒരു ഭാര്യയെയാണ് വേണ്ടത്. കരിയറിലും വിദ്യാഭ്യാസത്തിലും തുല്യത കളഞ്ഞിട്ടു കോംപ്രമൈസ് ചെയ്യാന്‍ ഇക്കാലത്തു ആരും ഒരുക്കമല്ലത്രെ.
ഈ വിഷയം സാറൊന്നു പൊതുവായി അവതരിപ്പിച്ചാല്‍, ഇക്കാര്യത്തില്‍ ഭാരപ്പെട്ടിരിക്കുന്ന ഒത്തിരി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും, ഉപകാരപ്പെട്ടേക്കും എന്നു കരുതിയാണ് ഞാനിതെഴുതുത്.
Dear Prisemol,
ഗുരുതരമായ ഒരു സാമൂഹ്യ പ്രതിസന്ധിയാണ് നിങ്ങളുടെ കത്തില്‍ വിവരിച്ചിരിക്കുന്നത്.
വിവാഹം വൈകുന്നതിന്‍റെ വിവിധ വശങ്ങളെക്കുറിച്ചും, പരിഹാര മാര്‍ഗ്ഗങ്ങളെക്കുറിച്ചും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ബെത്-ലെഹം നിരവധി സെമിനാറുകള്‍ സംഘടിപ്പിക്കുകയും, അതിലെ ഉള്‍ക്കാഴ്ചകള്‍, ലേഖനങ്ങളായി ബെത്-ലെഹം മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു.
അതില്‍ നിന്നും, ഏറ്റവും പ്രസക്തമായവ തിരഞ്ഞെടുത്ത്, ബെത്-ലെഹമിന്‍റെ മൂന്നാമത്തെ ഹാന്‍ഡ് ബുക്ക് പ്രസിദ്ധീകരിക്കാന്‍, പ്രെയിസ്സ്-മോളുടെ ഈ കത്തും, ഒരു നിമിത്തമായി.
ഇതു ഫലപ്രദമാകണേ, വായിക്കുന്നവര്‍ക്ക് ആശ്വാസകരമാകണമേ എന്ന പ്രാര്‍ത്ഥനയോടെ നമുക്കു കാത്തിരിക്കാം.
സസ്നേഹം
ജോര്‍ജ്ജ് കാടന്‍കാവില്‍