Back to articles

ശാസ്ത്രം ജയിക്കട്ടെ; പക്ഷേ, മനുഷ്യന്‍ തോല്‍ക്കരുത് !...

July 19, 2024

നമ്മുടെ സാമൂഹ്യജീവിതം, നിരന്തരമായ മാറ്റങ്ങള്‍ക്കു വിധേയമായിരുന്നു എക്കാലത്തും. ശാസ്ത്രം പുരോഗമിക്കുന്നതിനു ആനുപാതികമായി നമ്മുടെ കാഴ്ചപ്പാടുകള്‍ക്കും മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു.


മനുഷ്യന്‍ എന്നൊരു ജീവി രണ്ടുകാലില്‍ നില്‍ക്കാനാരംഭിച്ചിട്ട് നാലുകോടി വര്‍ഷം ആയെന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്.

ആ ജന്തു, വസ്ത്രം നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട് നാല്പതിനായിരം വര്‍ഷം മാത്രമേ ആയിട്ടുള്ളത്രെ.


മൂന്നുകോടി തൊണ്ണൂറ്റിയൊമ്പതു ലക്ഷത്തിയറുപതിനായിരം (3,99,60,000) വര്‍ഷം, വസ്ത്രം പോലും ധരിക്കാതെ, കാട്ടിലും ഗുഹയിലും മരത്തിലും മറ്റുമാണ്, മനുഷ്യന്‍ കാട്ടുകനികള്‍ ഭക്ഷിച്ചും, നായാടിയും, കൃഷിചെയ്തും, ഇരതേടി ജീവിച്ചു വന്നത്.


ഈ ലോകത്തില്‍ കാറും വൈദ്യുതിയും ഒക്കെ തുടങ്ങിയിട്ട്, നൂറ്റിയമ്പതു വര്‍ഷങ്ങളില്‍ താഴെ മാത്രം. ഇന്നു വൈദ്യുതിയും വണ്ടിയും ഇല്ലാതെ ജീവിക്കുന്ന കാര്യം, മനുഷ്യര്‍ക്കു ചിന്തിക്കാന്‍ പോലും സാധിക്കില്ല.


മൊബൈല്‍ഫോണ്‍ ആരംഭിച്ചത് 1995ല്‍, സ്മാര്‍ട്ട്ഫോണ്‍ വന്നത് 2008ല്‍, 16വര്‍ഷം മുമ്പാണ്. ഇന്നു ചുറ്റുമുള്ള മനുഷ്യരോടും, എത്രയും വേണ്ടപ്പെട്ടവരോടും പോലും ഒരു നല്ലവാക്കു പറയാനോ, അവരെ ഒന്നു ശ്രദ്ധിക്കാനോ, മനസ്സും സമയവുമില്ലാത്ത വിധം സ്മാര്‍ട്ട്ഫോണിലെ ലീലാവിലാസങ്ങളില്‍ മാത്രമായി പല മനുഷ്യരുടെയും ജീവിതം.


എന്നിട്ടു സ്വയം പരാതിപ്പെടും, "എന്നെ ആര്‍ക്കും വേണ്ട, എന്നൊടൊന്നു മിണ്ടാന്‍ പോലും ഈ ലോകത്ത് ആരും ഇല്ല" എന്നൊക്കെ.


ഇക്കാലത്ത് ഏതാണ്ട് എല്ലാ പ്രൊഫഷണല്‍ ജോലിക്കാരും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ അവരുടെ ദൈനംദിന ഓഫീസ് ജോലികള്‍ ചെയ്തെടുക്കാന്‍ ശീലിച്ചു വരികയാണ്.


Artificial Intelligence -  A I, എന്ന നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് ഞാന്‍ കേട്ട ഒരു സാമ്പിള്‍ തമാശ പറയാം.


 "കൊച്ചിനെ നോക്കാനും, ഭക്ഷണം വെയ്ക്കാനും, പാത്രം കഴുകാനും ഒക്കെ, ഏതെങ്കിലും A I ഉണ്ടായിരുന്നെങ്കില്‍, എനിക്ക് സ്വസ്ഥമായിട്ടിരുന്ന് വല്ല കഥയോ കവിതയോ എഴുതാമായിരുന്നു"


അഭ്യസ്തവിദ്യയായ ഒരു ആധുനിക വീട്ടമ്മയുടെ, അല്പം തമാശയും, അല്പം കാര്യവും കലര്‍ന്ന ആത്മഗതമാണിത്.


മനുഷ്യപ്രയത്നം കുറയ്ക്കാനുള്ള പുതിയ സംവിധാനങ്ങളെ, പ്രതീക്ഷയോടെ കാത്തിരിക്കുകയും, സഹര്‍ഷം സ്വാഗതം ചെയ്യുകയും, അതെല്ലാം ഏതു വിധവും സ്വന്തമാക്കണമെന്ന്, ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍.


നമ്മുടെ മക്കള്‍ക്കു ആവശ്യമായ മിക്ക കാര്യങ്ങളും, ഏറ്റവും വേഗത്തിലും എളുപ്പത്തിലും ചെയ്തു കൊടുത്തും, ചെയ്യിപ്പിച്ചു കൊടുത്തും ആണ്, ആധുനിക തലമുറയിലെ മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയതും, സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിച്ചതും.


പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയതോടെ, അദ്ധ്വാനിക്കാനും മിനക്കെടാനും നമുക്കു മടിയായി തുടങ്ങി.

കഷ്ടപ്പാടുള്ള കാര്യങ്ങള്‍ ഒഴിവാക്കി, കമ്പ്യൂട്ടറിലോ മൊബൈലിലോ ഏതാനും ക്ളിക്കുകള്‍ കൊടുത്താല്‍ നടത്തിയെടുക്കാവുന്ന കാര്യങ്ങള്‍ മാത്രംമതി തങ്ങള്‍ക്ക്, എന്ന് ചിന്തിക്കും വിധം, തലമുറ വ്യത്യാസമില്ലാതെ നമ്മുടെ എല്ലാം കാഴ്ചപ്പാടുകള്‍ മാറിപ്പോയിരിക്കുന്നു.


ലോകം വിരല്‍തുമ്പിലാക്കി അതിവേഗം ആവശ്യങ്ങള്‍ നടത്തിയെടുക്കാനായി, ശാസ്ത്ര-സാങ്കേതിക വിദ്യകളെ
അമിതമായി ആശ്രയിക്കുമ്പോള്‍, മനുഷ്യന്‍റെ സ്വാഭാവിക കഴിവുകളും, നൈസര്‍ഗ്ഗിക സിദ്ധികളും ക്ഷയിച്ചു പോകുന്നു എന്നത്, ഒരു സ്വാഭാവിക പ്രത്യാഘാതമാണ്.

ഇത് നമ്മള്‍ പ്രത്യേകം മനസ്സിലാക്കിയിരിക്കണം.


Artificial Intelligence  -

ചില തീരുമാനങ്ങളെടുക്കാന്‍ നിരവധി വിവരങ്ങള്‍, നമുക്കു വിശകലനം ചെയ്തു  പരിഗണിക്കേണ്ടി വരും.നിര്‍മ്മിത ബുദ്ധിയുടെ സഹായമുണ്ടെങ്കില്‍ ഈ വിശകലനം നമുക്ക് അതിവേഗം ചെയ്യിച്ചെടുക്കാം.

പക്ഷേ ഓര്‍മ്മവേണം, നിര്‍മ്മിത ബുദ്ധിയെ അമിതമായി ആശ്രയിക്കുമ്പോള്‍, നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാനുള്ള സ്വന്തം ബുദ്ധിയാണ് മന്ദഗതിയിലാകുന്നത്. സ്വന്തം മൂല്യങ്ങളാണ് നാമറിയാതെ മാഞ്ഞുപോകുന്നത്.

സ്വന്തം ജീവിതമാണ്, മനുഷ്യസഹജമായ പലതും അനുഭവിക്കാതെ അസ്തമിച്ചു പോകുന്നത്.


Decision Making -

മനുഷ്യബുദ്ധിക്ക് സാധിക്കുന്നതിലും വളരെ വേഗത്തില്‍ ധാരാളം വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ നിര്‍മ്മിതബുദ്ധിക്കു സാധിക്കും.

എന്നാല്‍ നിര്‍മ്മിതബുദ്ധി അതിന്‍റെ നിര്‍ണ്ണയങ്ങള്‍ പ്രസ്താവിക്കുന്നത്, ആ ബുദ്ധി നിര്‍മ്മിച്ചവരും അതുപയോഗിക്കുന്നവരും, പ്രോഗ്രാം  വഴി  അതില്‍ കൊടുത്തിരിക്കുന്ന, മൂല്യങ്ങള്‍ അനുസരിച്ചായിരിക്കും.

അതിനാല്‍ ആ നിര്‍ണ്ണയങ്ങള്‍, നമ്മുടെ മൂല്യങ്ങള്‍ക്കും, ധര്‍മ്മ നീതികള്‍ക്കും, നിരക്കുന്നതാണോ?

എന്നു കൂടി വിലയിരുത്തി വേണം നമ്മുടെ തീരുമാനങ്ങളെടുക്കാന്‍.


ഗര്‍ഭധാരണത്തിന്‍റെയും, പ്രസവത്തിന്‍റെയും കഷ്ടപ്പാടുകള്‍ കൂടാതെ, നമ്മുടെ ഡി.എന്‍.എ കൊടുത്താല്‍, ഇങ്കുബേറ്ററില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ, നമ്മളാഗ്രഹിക്കുന്ന കഴിവുകളും സിദ്ധികളും കൂടി ചേര്‍ത്തു, പ്രോഗ്രാം ചെയ്തു സൃഷ്ടിക്കാന്‍, ഇപ്പോള്‍ ശാസ്ത്രത്തിനു സാധിക്കുമല്ലോ!

അതുകൊണ്ട് തൊഴിലില്‍ പരമാവധി നേട്ടങ്ങളുണ്ടാക്കിയ ശേഷം മതി, സ്വന്തം കുടുംബം എന്ന ഭാരം, എന്നു വരെ ചിന്തിക്കുന്ന കാഴ്ചപ്പാടുകളാണ് ഇന്നത്തെ തലമുറയില്‍ ചിലര്‍ക്കെങ്കിലും.


മുന്‍ തലമുറകളെ അപേക്ഷിച്ച് നമുക്കു സംഭവിച്ച പ്രധാന മാറ്റം, ശരീരത്തിനും മനസ്സിനും ആയാസം വരുന്ന പ്രവര്‍ത്തികളോടുള്ള വിമുഖതയാണ്. അത്തരം ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധവെച്ചു ദീര്‍ഘനേരം മിനക്കെട്ടു പ്രവര്‍ത്തിക്കുന്ന കാര്യം, ആലോചിക്കാന്‍ പോലും കഴിയാത്ത വിധം, നമ്മുടെ സ്വഭാവം മാറിപ്പോയിരിക്കുന്നു.


പക്ഷേ, തക്കതായ ലാഭമോ, മെച്ചമോ, നേട്ടങ്ങളോ ലഭിക്കും എന്നു ബോദ്ധ്യമാകുന്നവര്‍, എത്ര കഷ്ടപ്പാടുകളുണ്ടെങ്കിലും, ആ നേട്ടത്തിനു വേണ്ടി ദീര്‍ഘനേരം, ക്ഷമയോടെ,  മിനക്കെട്ടു പ്രവര്‍ത്തിക്കാന്‍ തയ്യാറാകും.

പരാജയങ്ങള്‍ നേരിട്ടാലും പിന്തിരിയാതെ, പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടു പിടിച്ച് സ്ഥിര പരിശ്രമം കൊണ്ട് തങ്ങളുടെ ലക്ഷ്യം അവരു നേടിയെടുക്കാറുമുണ്ട്.


കുടുംബ ജീവിതം എന്നു പറയുമ്പോള്‍, പ്രത്യക്ഷത്തില്‍ ലാഭം ഒന്നും കാണാനില്ലാത്ത ഏര്‍പ്പാട്, എന്നാണ് പലരും കണക്കാക്കുന്നത്.

വിവാഹം ചെയ്തു സ്വന്തമായി ഒരു കുടുബം ആരംഭിച്ചാല്‍ പിന്നെ, അതു കൊണ്ടു നടത്താന്‍, ഒരുപാടു കാര്യങ്ങളില്‍ ഒരേ സമയം ശ്രദ്ധവെച്ചു, ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആയാസങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുത്ത്, സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും, കുടുംബത്തിലുള്ളവരെ എല്ലാം ബോദ്ധ്യപ്പെടുത്തും വിധം, പെരുമാറുകയും ചെയ്യേണ്ടി വരുമല്ലോ, എന്നൊക്കെ പരിഗണിച്ച്, കുടുംബ ജീവിതത്തോടു വിമുഖത പ്രകടിപ്പിക്കുന്ന നിരവധി ആളുകളുണ്ട്.


കുടുംബ ജീവിതത്തിന്‍റെ നേട്ടങ്ങള്‍ എന്തൊക്കെ എന്നു കൂടി ശ്രദ്ധിച്ച ശേഷം, നിങ്ങള്‍ക്കു യോജിച്ച തീരുമാനം എടുക്കൂ, എന്നേ എനിക്കു പറയാനുള്ളു.


ഭൌതികമായ നേട്ടങ്ങളും സമ്പത്തും, മരിക്കുമ്പോള്‍ നിങ്ങളുടെ കൂടെ വരില്ല. അതെല്ലാം അവകാശത്തിന്‍റെ നിയമവും, കണക്കും, ചിലപ്പോള്‍ കേസും പറഞ്ഞ്, ഓരോരുത്തര്‍ കൊണ്ടു പൊയ്ക്കൊള്ളും.

ജീവിച്ചിരിക്കുമ്പോള്‍ നമ്മളു സൃഷ്ടിച്ചിട്ടുള്ള അനുഭവങ്ങള്‍ മാത്രമായിരിക്കും, അവസാനം സ്വന്തമായി നമ്മുടെ കൂടെയുണ്ടാവുക.


നമ്മള്‍ ആര്‍ക്കെങ്കിലും, എന്തെങ്കിലും, നല്ല അനുഭവങ്ങള്‍ കൊടുത്തിട്ടുണ്ടെങ്കില്‍, നമ്മുടെ മരണശേഷം, അവരുടെ മാത്രം മനസ്സില്‍ അതു നിലനിന്നേക്കും. അങ്ങിനെയെങ്കിൽ, നമ്മുടെ മരണശേഷവും, നമ്മുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ ജീവിക്കാന്‍ നമുക്ക് സാധിക്കും.


പങ്കാളിയും മക്കളും ചേര്‍ന്നു ഒരു കുടുംബമായി, ധാരാളം നല്ല അനുഭവങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ്, ഒരു വ്യക്തിക്ക്, സന്തോഷം, തൃപ്തി, ശാന്തി, സ്നേഹം തുടങ്ങിയ മൃദല വികാരങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുന്നത്.

സങ്കടം, അതൃപ്തി, കോപം, വെറുപ്പ് തുടങ്ങിയ നിഷേധ വികാരങ്ങളെ ഫലപ്രദമായി  നിയന്ത്രിക്കാനും സ്വന്തം കുടുംബം എന്ന ചിന്ത സഹായിക്കും.


പരാജയങ്ങളും നഷ്ടങ്ങളും വരുമ്പോള്‍ അതിനെ അതിജീവിക്കുവാന്‍, മനസ്സിനു ഊര്‍ജ്ജം തരുന്നതും, തളരുമ്പോള്‍ താങ്ങാവുന്നതും, സ്വന്തം  കുടുംബത്തില്‍ നിന്നു ലഭിക്കുന്ന അനുഭൂതികള്‍ വഴിയാണ്.


കുടുംബ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതു തന്നെ, സംശയമില്ല. എന്നാല്‍ ആ കഷ്ടപ്പാടുകളാണ്, യഥാര്‍ത്ഥ സന്തോഷത്തിന്‍റെയും, മനുഷ്യവംശത്തിന്‍റെ തന്നെയും, ഈറ്റില്ലം.

ആ കഷ്ടപ്പാടുകളാണ് മനുഷ്യനില്‍ കരുത്തും, കാര്യ പ്രാപ്തിയും വളര്‍ത്തുന്നത്.

അതുകൊണ്ടാണ് അതിനെ അനുഭവ സമ്പത്തെു പറയുന്നത്.


മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. ഇടപെടാന്‍ മറ്റൊരു മനുഷ്യജീവികൂടി ഇല്ലെങ്കില്‍, അധികനാള്‍ സുബോധത്തോടെ ജീവിച്ചിരിക്കാന്‍ സാധിക്കാത്ത ഒരു ജീവിയാണ് മനുഷ്യന്‍.


എത്ര വിജ്ഞാനം നേടിയാലും അതിന്‍റെ ഫലങ്ങള്‍ വിലമതിക്കുകയോ, പ്രയോജനപ്പെടുത്തുകയോ, ഗുണങ്ങള്‍
പങ്കു വെയ്ക്കുകയോ ചെയ്തെങ്കിലല്ലേ, അതൊക്കെ ശരിക്കും നേട്ടമാവുകയുള്ള.

നേടിയ വിജ്ഞാനത്തിന്‍റെ ദോഷങ്ങള്‍ പരിഹരിക്കാനും, പരസഹായം അത്യാവശ്യമാണ്.

അങ്ങിനെ പങ്കു വെക്കാനും, പരിഹാരം തേടാനും, നമുക്കു ചുറ്റും, മറ്റു മനുഷ്യരും കൂടി ഉണ്ടായിരിക്കേണ്ടത്, നമ്മുടെ നിലനില്‍പ്പിന്‍റെ തന്നെ ആവശ്യമാണ്.


സ്ത്രീയും പുരുഷനും കൂടി പങ്കാളികളായി ചേര്‍ന്നാണ്, മറ്റു മനുഷ്യരെ സൃഷ്ടിക്കുന്നത്.

അതിനു പകരം "എന്‍റെ വിജ്ഞാനം പരീക്ഷിക്കാന്‍ ആവശ്യമുള്ള അത്രയും മനുഷ്യരെ, ഞാന്‍ യന്ത്രത്തില്‍ സൃഷ്ടിച്ചു കൊള്ളാം" എന്നൊക്കെ ചിന്തിക്കാന്‍ തോന്നും വിധം, നമ്മുടെ ശാസ്ത്രവിധേയത്വം വളര്‍ന്നു വഷളാകാന്‍ അനുവദിക്കരുതേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന.


വിജ്ഞാനത്തിന്‍റെ കണ്ടുപിടുത്തങ്ങള്‍ ഗംഭീരം!

പക്ഷേ യന്ത്രത്തില്‍ സൃഷ്ടിച്ച മനുഷ്യന്‍റെ പെരുമാറ്റം, മാനുഷികമോ? യാന്ത്രികമോ? ഏതായിരിക്കും എന്നു കൂടി ചിന്തിക്കുന്ന ശീലത്തിനാണ്, വിവേകം അഥവാ ജ്ഞാനം
എന്നു പറയുന്നത്.


ഇത്രയും ഇവിടെ പറയുന്നത് നിര്‍മ്മിതബുദ്ധിയെ നിഷേധിക്കാനോ, ആക്ഷേപിക്കുന്നതിനോ വേണ്ടിയല്ല.

നേരേ മറിച്ച്, മനുഷ്യബുദ്ധി സൃഷ്ടിച്ച ശാസ്ത്രത്തെ, നമ്മുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തി, മനുഷ്യന്‍റെ ഭൌതിക ആവശ്യങ്ങള്‍ നത്തിയെടുക്കാന്‍ സഹായകരമാക്കണം. പക്ഷേ, ആ നിര്‍മ്മിതബുദ്ധിക്കു കീഴടങ്ങി, നമ്മുടെ മനുഷ്യത്വവും, മാനുഷിക മൂല്യങ്ങളും കൈമോശം വരാതെ, മനുഷ്യബുദ്ധി തന്നെ ജയിച്ചു നില്‍ക്കണം, എന്നോര്‍മ്മിപ്പിക്കാനാണ്.


ചുരുക്കത്തില്‍, ഒരു മനുഷ്യജീവിതം സമ്പൂര്‍ണ്ണമാകുന്നത്, ജനനത്തില്‍ തുടങ്ങി, വിദ്യാഭ്യാസം, ജ്ഞാനസമ്പാദനം, സ്വകര്‍മ്മാനുഷ്ഠാനം മുതലായവയില്‍ കൂടി വളര്‍ന്ന്, അന്യോന്യസ്നേഹം, പരിപൂര്‍ണ്ണ പരസ്പര വിശ്വാസം, ബഹുമാനം ഇവയെല്ലാം അടങ്ങിയ ഒരു കുടുംബ ജീവിതത്തില്‍ കൂടി, ഒരു പുതിയ തലമുറയെ സൃഷ്ടിച്ച്, അവര്‍ക്കു തങ്ങളുടെ കഴിവുകള്‍ പകര്‍ന്നു കൊടുത്ത്, അവര്‍ സ്വയംപര്യാപ്തരാകുന്നതു കണ്ട്, സമ്പൂര്‍ണ്ണ സംതൃപ്തിയോടു കൂടി ജീവിതം
അവസാനിക്കുമ്പോഴാണ്.


ഇതാണ് മനുഷ്യ ജീവിതത്തിന്‍റെ സുപ്രധാന ലക്ഷ്യം. ഈ വീഥി മനസ്സിലാക്കി ഇതു വഴി പോകുവാന്‍ മടിക്കുന്നവര്‍, മറ്റു മനുഷ്യരെ വിശ്വസിക്കാന്‍ ഭയപ്പെടുന്നവരാണ്.

വിശ്വാസവഞ്ചനകള്‍ നേരിടേണ്ടി വന്നാലും ഭയപ്പെടരുത്. അത്തരം അനുഭവങ്ങള്‍ സത്യത്തില്‍ നമ്മുടെ കരുത്തു വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു എന്നു മറക്കരുത്.


ഇതല്ലാതെ മറ്റേതെങ്കിലും വിഥികളില്‍ കൂടി അലഞ്ഞ് തിരിഞ്ഞ്, അവസാനം നിരാശരും, നിസംഗരും ആയി, കാണാന്‍ നല്ല സ്റ്റൈലും സൗകര്യങ്ങളും ഉണ്ടെങ്കിലും, ആര്‍ക്കും വേണ്ടാത്തവരായി, ജീവിതം അവസാനിക്കാന്‍
ഇടയാക്കരുതേ.

വിജ്ഞാനം, വിവേക ശൂന്യമായി ഉപയോഗിക്കുമ്പോള്‍ - ശാസ്ത്രം ജയിച്ചേക്കാം; പക്ഷേ, മനുഷ്യന്‍ തോല്‍ക്കും.


സസ്നേഹം 
ജോര്‍ജ്ജ് കാടന്‍കാവില്‍

What is Profile ID?
CHAT WITH US !
+91 9747493248