മനോഹരമായ വലിയ വീടും, മുന്തിയ വീട്ടു സാധനങ്ങളും, വാഹനങ്ങളും, അതിന്‍റെ Depreciation ഉം,
പിന്നെ വലിയ കടങ്ങളും, അതിന്‍റെ തിരിച്ചടവുകളും കൊണ്ട്, ആസ്തികളേക്കാള്‍ ഏറിയ ബാദ്ധ്യതകളുടെ
മുള്‍മുനയിലാണ്, ഇന്നു ധാരാളം മലയാളി കുടുംബങ്ങള്‍.
ഊതിവീര്‍പ്പിച്ച സാമ്പത്തിക സ്ഥിതിയിലാണത്രെ ഇന്നു നമ്മളൊക്കെ. അതു പുറത്ത് അറിയാതെ മറച്ചു വെയ്ക്കാനാവണം, സാമ്പത്തിക ഭദ്രതയുണ്ടെന്നു കാണിക്കാനായി, വെറുതെ ഷോ-ഓഫ് ചെയ്തു ആര്‍ഭാടം കാണിക്കുന്നത്.
എന്തു ചെയ്താലും അത് ഏറ്റവും മികച്ച രീതിയില്‍ പ്രായോഗികമായി ചെയ്യണം, എന്നു ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണു മലയാളികള്‍.
പക്ഷേ, നമ്മുടെ ആവശ്യങ്ങള്‍ മാന്യമായി നടത്തിയെടുക്കണം എന്ന ചിന്ത, കാടുകയറി നിയന്ത്രണം വിട്ട്, അതു ഏറ്റവും കേമമാകണം, കാണുന്നവരും അറിയുന്നവരും കിടുങ്ങണം, വൈറലാകണം, എന്നൊക്കെ മത്സരബുദ്ധിയോടെ ചിന്തിച്ചു നടപ്പിലാക്കുന്ന ഒരു സമൂഹത്തിലാണ്, നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്.
വിവാഹം എന്നത്, സ്വന്തം കുടുംബം ഔദ്യോഗികമായി നിലവില്‍ വരുന്നതിന്‍റെ ഉത്തരവാദിത്വം, ഏറ്റെടുത്തു പ്രഖ്യാപിക്കുന്ന ചടങ്ങാണ്. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ആ ചടങ്ങിലേക്ക് ബന്ധുമിത്രാദികളെ ക്ഷണിച്ചു വരുത്തി, അവരുടെ പ്രാര്‍ത്ഥനയും, അനുഗ്രഹവും, സഹകരണവും നേരിട്ട് സ്വീകരിക്കാനുള്ള അവസരമാണ് വിവാഹ വിരുന്ന്.
ഇത് എത്ര വിപുലമായാലും, ലളിതമായാലും, ചടങ്ങ് നിയമപരമാണെങ്കില്‍, കുടുംബം നിലവില്‍ വരും.
പക്ഷേ ഇക്കാലത്ത് ഈ ചടങ്ങും, സ്നേഹവിരുന്നുകളും, നമ്മളുടെ പ്രൌഡിയും പൊങ്ങച്ചവും വിളംബരം ചെയ്യാനുള്ള പ്രഹസനമായി മാറിപ്പോകുന്നു.
ഫലമോ?, അനുഗ്രഹിക്കാന്‍ വരുന്ന നമ്മുടെ വേണ്ടപ്പെട്ടവരില്‍ പലരും, ഈ ഭയങ്കര കല്യാണം കണ്ട് അന്തംവിട്ട്, അനുഗ്രഹിക്കാന്‍ പോലും മറന്നു പോകും. മാത്രമല്ല തങ്ങളുടെ വീട്ടിലെ കല്യാണം ഇങ്ങിനെയൊന്നും നടത്താന്‍, ഞങ്ങളെക്കൊണ്ട് സാധിക്കില്ലല്ലോ എന്നു നിരാശപ്പെടുകയും, ഊതിപെരുപ്പിച്ച പൊങ്ങച്ച പ്രകടനങ്ങളോട് മനസ്സില്‍ നീരസം വെയ്ക്കുകയും ചെയ്യുന്നു.
സഹപാഠികളോടു മത്സരിച്ച്, അവരേക്കാള്‍ കേമനും കേമിയും ആകണമെന്ന്, വാശികയറ്റി പഠിപ്പിച്ച കുഞ്ഞുങ്ങളില്‍ ചിലരെങ്കിലും, ഭാവിയില്‍ സ്വന്തം കല്യാണം, ഈ നാട്ടില്‍ ആരും ഇതു വരെ ചെയ്തിട്ടില്ലാത്ത വിധം കേമമാക്കണം, എന്നു ചിന്തിച്ചേക്കാം.
ചില മാതാപിതാക്കളും ഇതു പോലെ ചിന്തിക്കുകയും മക്കളുടെ വിവാഹം, അത്യാര്‍ഭാടമായി നടത്തുകയും ചെയ്യാറുണ്ട്.
പക്ഷേ, ഇന്നു നല്ലൊരു ഭാഗം ചെറുപ്പക്കാരും, കൂട്ടുകാരുടെ കല്യാണം പോലെ, അത്രയും ആര്‍ഭാടമായി, സ്വന്തം വിവാഹ ചടങ്ങ് ചെയ്യിച്ചെടുക്കാനും, വേഷം കെട്ടി അഭിനയിക്കാനും തങ്ങളെക്കൊണ്ടു പറ്റിയില്ലെങ്കിലോ, ആര്‍ഭാട മത്സരത്തില്‍ തോറ്റു പോകുമല്ലോ, എന്നൊക്കെ ഭയപ്പെട്ട്, വിവാഹവും, കുടുംബ ജീവിതവും ഒഴിവാക്കാന്‍ നിരവധി ന്യായങ്ങള്‍ പറയുന്നു.
എന്നോടിതു പറഞ്ഞ കുട്ടികളോടു, നിനക്കു കല്യാണം കഴിക്കാന്‍ പേടിയുണ്ടോ? എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്.
കുടുംബ ജീവിതത്തെയല്ല, വിവാഹത്തിന്‍റെ ചിലവേറിയ ചടങ്ങുകളെയും, ആര്‍ഭാടം കാണിക്കാന്‍ നടത്തുന്ന അഭിനയങ്ങളെയും ഭയപ്പെടുന്നതായി, ചിലരൊക്കെ എന്നോടു തുറന്നു സമ്മതിച്ചു.
വിവാഹത്തിനു മാത്രമല്ല, വിവാഹം കഴിഞ്ഞാലുമുണ്ട് ആര്‍ഭാടവും, അമിതചിലവുകളും, അതിന്‍റെ സാമ്പത്തിക ഞെരുക്കങ്ങളും.
ഹണിമൂണ്‍ - കൂട്ടുകാര്‍ ആരും പോയിട്ടില്ലാത്തിടത്ത്, അല്ലെങ്കില്‍ അവരെ കൊതിപ്പിക്കുന്നിടത്ത് പോകണം.
വീടും വീട്ടു സാധനങ്ങളും - ഏറ്റവും മുന്തിയത് അല്ലെങ്കില്‍, കൂട്ടുകാരുടേതിനേക്കാള്‍ കൂടിയത് വേണം.
പ്രസവം - ഗര്‍ഭധാരണം മുതല്‍ ഏറ്റവും മികച്ച ആശുപത്രി സേവനം വേണം.
വിദ്യാഭ്യാസം - നഴ്സറി മുതല്‍, മുന്തിയ സ്ഥാപനങ്ങളില്‍, മുന്തിയ ഡൊണേഷനും, ഫീസും കൊടുത്ത്, മക്കള്‍ക്ക് മുന്തിയ വീടുകളിലെ കൂട്ടുകാരെ കിട്ടാനിടയാക്കണം.
ഇങ്ങിനെ എന്തിലും ഏതിലും, ചുറ്റുമുള്ളവരോടു മത്സരിച്ച്, അവരെ തോല്പിച്ച്, എന്തോ വലിയ കാര്യം ഞങ്ങളു നേടിയെടുത്തു, എന്നു കാട്ടിക്കൂട്ടുന്ന സ്വഭാവം, നമുക്കിപ്പോള്‍ കൂടിക്കൂടി വരികയുമാണ്.
ഇങ്ങിനെ ഊതിപെരുപ്പിച്ച ഷോഓഫ് മത്സരം കണ്ട് ഭയന്നു, എനിക്കേതായാലും വിവാഹവും വേണ്ട, കുടുംബവും വേണ്ട എന്നു വാശിപിടിക്കുന്ന മക്കളോട് എന്തു പറയണം എന്നു, ചില മാതാപിതാക്കള്‍ എന്നോടു
ചോദിച്ചിട്ടുള്ളതാണ്.
ആ മക്കളെ വിവാഹത്തിനു നിര്‍ബന്ധിക്കേണ്ട! എന്നാണ് ഞാന്‍ അവരോട് പറയാറുള്ളത്.
നാട്ടുകാരെ എന്തു കാണിക്കണമെന്നു ചിന്തിച്ചു വിഷമിക്കാതെ, സ്വന്തം ആവശ്യങ്ങള്‍ ന്യായമായി നടത്തിയെടുക്കണം എന്നും,
വിവാഹം അവനവന്‍റെ ആവശ്യമാണ് എന്നും, ചിന്തിക്കാനുള്ള പക്വത അവര്‍ക്കു സ്വയം ഉണ്ടായെങ്കില്‍ മാത്രം, അവരു വിവാഹം ചെയ്താല്‍ മതി, എന്നു നിങ്ങളുടെ മക്കളോടു നിങ്ങള്‍ തുറന്നു സമ്മതിക്കണം.
അവനവന്‍റെ നിലയും വിലയും എന്താണെന്നു, സ്വന്തം ഹൃദയത്തിനും, സ്വന്തം മനസ്സിനുമാണ് ബോദ്ധ്യപ്പെടേണ്ടത്.
ആ ബോദ്ധ്യത്തില്‍ ഉത്തരവാദിത്വത്തോടെ നിങ്ങള്‍ നടത്തുന്ന ന്യായവും, സത്യസന്ധവും, ധാര്‍മ്മികവുമായ ഇടപാടുകള്‍ ആണ് നിങ്ങളുടെ വിശ്വാസ്യതയും, ഭാവിയും, ആത്മസംതൃപ്തിയും, ജീവിതവിജയവും നിര്‍ണ്ണയിക്കുന്നത്.
ഭാവിയില്‍, നിങ്ങളുടെ മക്കള്‍ക്കു വിവാഹം ആലോചിക്കുമ്പോള്‍, മറു കൂട്ടര്‍ക്കു നിങ്ങളെക്കുറിച്ചു ഉറച്ച വിശ്വാസം ഉളവാകുന്നത്, നിങ്ങളുടെ ധര്‍മ്മനിഷ്ഠയുള്ള ജീവിതരീതി മനസ്സിലാകുമ്പോഴാണ്.
ആര്‍ഭാട പ്രകടനങ്ങള്‍ കൊണ്ട് കൃത്രിമമായി സൃഷ്ടിക്കുന്ന ഇമേജ് സത്യമല്ലെന്ന്, മറ്റാരും അറിഞ്ഞില്ലെങ്കിലും, നിങ്ങളുടെ ആത്മാവിനു വ്യക്തമായി അറിയാം.
അസത്യത്തില്‍ നിന്നും ആര്‍ക്കും ഒരിക്കലും ആത്മസംതൃപ്തി ലഭിക്കില്ല.
കപടനാട്യങ്ങള്‍ നടത്താതെ സത്യസന്ധമായി ചെയ്യാവുന്ന കാര്യങ്ങളില്‍, ശ്രദ്ധയോടെ, ഉത്സാഹത്തോടെ, ആത്മാര്‍ത്ഥമായി പരിശ്രമിച്ചു കൊണ്ടിരിക്കുവര്‍ക്ക് ,തക്കതായ പ്രതിഫലം ലഭിക്കണം എന്നത് പ്രപഞ്ച നീതിയാണ്.
ആ പ്രപഞ്ച നീതിയില്‍ നിങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍ അതു ലഭിക്കുക തന്നെ ചെയ്യും.
That is the Power of Faith and your Integrity.
നമുക്കുണ്ടാവുന്ന ഓരോ സംഭവത്തിന്‍റെയും അനുഭവങ്ങള്‍ വിവര്‍ത്തനം ചെയ്തു, അതിലെ, തൃപ്തിയും അതൃപ്തിയും ഒക്കെ മനസ്സിലാക്കി തരുന്നത്, നമ്മുടെ മനോഭാവങ്ങളാണ്.
എന്‍റെ മനോഭാവം രൂപപ്പെടാന്‍, എന്നെ സഹായിച്ച ഒരു തത്വചിന്ത പറയാം :-
സൃഷ്ടാവിനു എന്നെക്കെണ്ടു ഏതൊക്കെയോ ആവശയമുള്ളതു കൊണ്ടാണ്, ഞാന്‍ സൃഷ്ടിക്കപ്പെട്ടത്.
അതു നടത്താന്‍ വേണ്ട കഴിവും സിദ്ധികളും ആണ്, എനിക്കു സൃഷ്ടാവ് തന്നിരിക്കുതും, എനിക്കു പഠിച്ചെടുക്കാന്‍ സാധിച്ചതും.
സൃഷ്ടാവിന്‍റെ ആവശ്യത്തിനു വേണ്ട, എല്ലാ സാധന സാമഗ്രികളും ഈ പ്രപഞ്ചത്തിലുണ്ട്.
അതില്‍ നിന്നും എനിക്ക് ഉപയോഗിക്കാന്‍ ലഭിക്കുന്നവ കൊണ്ട്, ഞാനെന്‍റെ സൃഷ്ടാവ് എന്നെ ഏല്പിച്ച ദൌത്യം നിര്‍വ്വഹിച്ചു കൊണ്ടേയിരിക്കും.
ഇതിങ്ങിനെ ഉറച്ചു വിശ്വസിക്കാന്‍ കഴിഞ്ഞാല്‍, നിങ്ങളുടെ മനോഭാവം, ഫലപ്രദവും ക്രിയാത്മകവും ആകും. പിന്നെ ഏതെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും, ഏറ്റവും ഉത്സാഹത്തിലും സന്തോഷത്തിലും പ്രവര്‍ത്തിക്കാനും, ജീവിതം ആസ്വദിക്കാനും നിങ്ങള്‍ക്കു അനായാസം സാധിക്കും.
"എനിക്ക് ഇത്രയുമേ ഉള്ളല്ലോ"
എന്നു ചിന്തിച്ചാല്‍ നിരാശയാണു തോന്നുക.
പകരം, "ഇത്രയുമാണ് എനിക്കുള്ളത്"
എന്നു വിലയിരുത്തിയാല്‍, ആ ഉള്ളതുപയോഗിച്ച് സാധിക്കുന്ന രീതിയില്‍, എന്‍റെ അപ്പപ്പോഴത്തെ ആവശ്യങ്ങള്‍, എനിക്ക് നടത്തിയെടുക്കാം.
ഇത്തരം ക്രിയാത്മകമായ മനോഭാവം കൊണ്ട്, അതൃപ്തികളെ മായിച്ചു കളഞ്ഞ് തൃപ്തി അനുഭവിക്കാന്‍, ഏതൊരാള്‍ക്കും സാധിക്കും എന്നാണ് എന്‍റെ അനുഭവം.
അന്യരുടെ ആര്‍ഭാടം കണ്ട് നിങ്ങള്‍ക്ക് അസൂയയോ, ഭയമോ, നിരാശയോ തോന്നേണ്ടതില്ല.
അവരുടെ ബാദ്ധ്യതകളും, ഭാരവും, സംഘര്‍ഷങ്ങളും എന്തൊക്കെയാണെന്നു നിങ്ങള്‍ക്കറിയില്ലല്ലോ.
Have Faith in You.
Have Faith in Your Creator.
Never pretend to be someone You are not.
സസ്നേഹം
ജോര്‍ജ്ജ് കാടന്‍കാവില്‍