പരിപൂര്‍ണ്ണ സോഷ്യലിസം സാധ്യമായ ഒരേ ഒരു ധനം (wealth) മാത്രമേ ഈ ലോകത്തില്‍ ഉള്ളു. അതാണ് സമയം. എല്ലാവര്‍ക്കും ദിവസവും 24 മണിക്കൂര്‍ വെച്ച് തുല്യമായി ലഭിക്കുന്നു. പക്ഷേ ചിലര്‍ക്ക് ഒന്നിനും സമയം തികയുന്നില്ല. മറ്റു ചിലര്‍ക്ക് എന്തെല്ലാം ചെയ്യാനുണ്ടെങ്കിലും, അതു ചെയ്തിട്ട് പിന്നെയും സമയം മിച്ചം വെക്കാന്‍ കഴിയുന്നു.
പ്രൊക്രാസ്റ്റിനേഷന്‍ എന്നറിയപ്പെടുന്ന മാറ്റിവെയ്പ്പു സ്വഭാവവും, കാര്യങ്ങള്‍ ചെയ്തെടുക്കുന്നതിലെ പിടിപ്പ്കേടും, അടുക്കും ചിട്ടയും ഇല്ലാത്തതും, അശ്രദ്ധയും ആയിരിക്കണം സമയമില്ല എന്നു വിഷമിക്കുന്ന മിക്കവരുടെയും പ്രശ്നം.
സമയം ഫലപ്രദമായി കൈകാര്യം ചെയ്യണമെങ്കില്‍, ആദ്യം ഇപ്പോഴത്തെ നമ്മുടെ പ്രവര്‍ത്തികള്‍ ഏതൊക്കെയെന്നും, അതിനു വേണ്ടി ചിലവഴിക്കുന്ന സമയം എത്രയെന്നും കൃത്യമായി കണക്കെടുക്കണം. അതിലെ വേണ്ടതും വേണ്ടാത്തതും തിരിച്ചറിഞ്ഞു, വേണ്ട കാര്യങ്ങള്‍ക്കു മുന്‍ഗണന കൊടുത്ത്, അതോരോന്നും നിശ്ചിത സമയത്തിനു പൂര്‍ത്തിയാക്കാന്‍ ബോധപൂവ്വം ശ്രമിച്ചാല്‍, സമയം എന്ന വിലയേറിയ ധനം നിങ്ങൾക്കും മിച്ചം പിടിക്കാം.
അതിനു സഹായിക്കുന്ന വളരെ ഫലപ്രദമായ ഒരു സൂത്രം- (Tool) ആണ് Eisenhower Matrix
1st Quadrant – Urgent & Important
2nd Quadrant – Not Urgent but Important
3rd Quadrant – Urgent but Maynot be Important
4th Quadrant - Not Urgent & Not Important
ഒന്നാമത്തെ ചതുരം 1 - അടിയന്തിരം & സുപ്രധാനം (Urgent & Important)
ഇന്നു പണം അടക്കണം, ഇന്നു പരീക്ഷ ഉണ്ട്, ഇന്‍റവ്യൂ, ഇന്നു ഭക്ഷണം ഉണ്ടാക്കണം, വീട്ടുസാധനങ്ങള്‍ വാങ്ങണം, ഇന്നു ആശുപത്രിയില്‍ പോകണം....
(ഇതെല്ലാം ഏത്ര വിഷമിച്ചിട്ടാണെങ്കിലും, ധന-നഷ്ടം സഹിച്ചിട്ടാണെങ്കിലും നമ്മള്‍ ഇന്നു തന്നെ ചെയ്തു തീര്‍ക്കേണ്ടി വരും.)
രണ്ടാമത്തെ ചതുരം 2 - അടിയന്തിരമല്ല - സുപ്രധാനം ആണ് (Not Urgent but Important)
നാളെ/ അടുത്ത ആഴ്ച്ച/ ഈ മാസം - ടാക്സ് അടക്കണം, പരീക്ഷ, ഇന്‍റര്‍വ്യൂ, ഭക്ഷണം, വീട്ടുസാധനങ്ങള്‍, ആശുപത്രി.... (ഇതെല്ലാം ഇന്ന് അവഗണിച്ചാല്‍, ക്രമേണ ഒന്നാമത്തെ ചതുരത്തിലെത്തി സമയം തികയാതെ നമ്മളെ വിഷമിപ്പിക്കും.)
മൂന്നാമത്തെ ചതുരം 3 - അടിയന്തിരം - സുപ്രധാനം ആയിരിക്കില്ല (Urgent but Maynot be Important)
കോളിംഗ് ബെല്‍ / ടെലിഫോല്‍ ബെല്‍ അടിക്കുന്നു, വഴിയില്‍ ബഹളം കേള്‍ക്കുന്നു, വാട്സ്ആപ്പില്‍ മെസ്സേജ് ശബ്ദം. (ഇതൊക്കെ ശ്രദ്ധിക്കേണ്ടി വരും, പക്ഷേ പ്രധാനപ്പെട്ടതല്ല എന്നു മനസ്സിലായാല്‍ പിന്നെ കൂടുതല്‍ സമയം
അതിനു വേണ്ടി ചിലവഴിക്കാതിരിക്കുക.
നാലാമത്തെ ചതുരം 4 - അടിയന്തിരമല്ല - സുപ്രധാനവും അല്ല. (Not Urgent & Not Important)
മൊബൈല്‍, സോഷ്യല്‍ മീഡിയ, സീരിയല്‍, സിനിമ, വാചകമടി, പുളു-പരദൂഷണം, ചുറ്റികറങ്ങല്‍. (സമയം മിച്ചമുണ്ട് എന്നുറപ്പാക്കിയ ശേഷം മാത്രം ചെയ്യുക.)
ഇവയില്‍ നിന്നും കുറെ സമയം മിച്ചം ലഭിക്കണമെങ്കില്‍, അത് ഉപകാരമില്ലാതെ നഷ്ടപ്പെടുന്നത് എവിടൊക്കെയാണ്, അറിയാതെ ചോര്‍ന്നു പോകുന്നത് ഏതു വഴിയിലൂടെ ആണ് എന്ന് കണ്ടു പിടിക്കണം.
അതിന് ഇപ്പോള്‍ ഒരു ദിവസം ചെയ്യുന്ന കാര്യങ്ങള്‍ ഓരോന്നായി ഒരു നോട്ട്ബുക്കില്‍ എഴുതുക, ഓരോന്നിനും എത്ര സമയം ചിലവഴിക്കുന്നു എന്നും എഴുതണം. ഇതാണ് ടൈം ഓഡിറ്റ് ഷീറ്റ്. ഷീറ്റിലെ ഓരോ ഐറ്റവും പ്രധാനപ്പെട്ടതാണോ, അല്ലയോ എന്ന് അടയാളപ്പെടുത്തുക. പ്രധാനപ്പെട്ട ഐറ്റംസ് ഓരോന്നും, അടിയന്തിരമായി ചെയ്യേണ്ടതാണോ, സാവകാശമുള്ളതാണോ, സാവകാശം ഉണ്ടെങ്കില്‍ എന്നു വരെ ഉണ്ട് എന്നും അടയാളപ്പെടുത്തണം. നിശ്ചിത സമയത്തിന് ചെയ്തില്ലെങ്കില്‍ എന്തെങ്കിലും പെനാല്‍റ്റി ഉണ്ടെങ്കില്‍ അതും എഴുതി വെക്കണം.
അടുത്തതായി, പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്നടയാളപ്പെടുത്തിയ ഓരോന്നും ഒരു ഡയറി സംഘടിപ്പിച്ച്, ഇവ ഓരോന്നും, ചെയ്തു പൂര്‍ത്തിയാക്കേണ്ട അവസാന തിയതി എന്നാണോ, ഡയറിയിലെ ആ തിയതിയിലുള്ള പേജുകളിലായി എഴുതണം. നിങ്ങളുടെ ഡയറി റെഡി.
ഇനി പുതുതായി വരുന്ന ഓരോ ആവശ്യങ്ങളും പണികളും, അപ്പപ്പോള്‍ അതാതു തിയതികളില്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടുമിരിക്കണം. ഓരോ ദിവസവും ഉറങ്ങും മുമ്പ് ഡയറി നോക്കി അടുത്ത ദിവസത്തേയ്ക്കു എഴുതിയിരിക്കുന്ന അത്യാവശ്യ കാര്യങ്ങള്‍ അവലോകനം ചെയ്യുക. നാളത്തെ ദിവസം മനസ്സില്‍ പ്ളാന്‍ ചെയ്യുക. രാവിലെ വീണ്ടും ഡയറി നോക്കി, ഓരോന്നായി ചെയ്തു വെയ്ക്കുക.
ഈ മാര്‍ഗ്ഗം ശീലിച്ചു പതിവാക്കിയാല്‍ സമയത്തെക്കുറിച്ചുള്ള നമ്മുടെ ഒട്ടു മിക്ക വിഷമങ്ങളും മാറും.
അഥവാ മറുന്നില്ല എങ്കില്‍ സമയം വര്‍ദ്ധിപ്പിക്കാനുള്ള സൂത്രങ്ങള്‍ നടപ്പിലാക്കുക.
സമയം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
1. ടൈംടേബിള്‍ / ഡയറി - ചെയ്യേണ്ട കാര്യങ്ങള്‍ക്ക് സമയക്രമ പട്ടികയുണ്ടാക്കി അതു കൃത്യമായി പാലിക്കുക.
ഡയറി നോക്കി മുന്‍കൂട്ടി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുന്ന ശീലം ആരംഭിക്കുക.
2. പ്രോക്രാസ്റ്റിനേഷന്‍ - മാറ്റിവെപ്പ് സ്വഭാവം ഉപേക്ഷിക്കണം. "ഓ പിന്നെ ചെയ്യാം" എന്ന ചിന്ത മനസ്സില്‍ വന്നാല്‍ ഉടന്‍ അതു തള്ളിക്കളയണം. ഉത്സാഹത്തോടെ ഉടന്‍ പ്രവര്‍ത്തിക്കണം.
3. ഡലിഗേറ്റിംഗ് & ടീം വര്‍ക്ക് - കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ മറ്റൊരാളുടെ സഹായം തേടുക. ധാരാളം പണികളുണ്ടെങ്കില്‍ ജോലിക്ക് ഒരാളെ വെച്ച് കുറെക്കാര്യങ്ങള്‍ ചെയ്യാൻ അയാളെ ചുമതലപ്പെടുത്തുക.
നയപരമായി പെരുമാറിയാല്‍ കുടുംബാംഗങ്ങളുടെ സഹകരണം കൊണ്ടും കുറെ സമയനഷ്ടങ്ങള്‍ ഒഴിവാക്കിയെടുക്കാം.
4. സ്മാര്‍ട്ട് വര്‍ക്ക് - ഹാര്‍ഡ് വര്‍ക്ക് - മെഷീന്‍ വര്‍ക്ക് -
ഓരോ പ്രവര്‍ത്തിയും ചെയ്യുന്നതിന് ഇപ്പോഴുപയോഗിക്കുന്ന മാര്‍ഗ്ഗം വിശകലനം ചെയ്ത് സമയം ലാഭിക്കാന്‍ സാധിക്കുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.
ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക. കറിക്കരിയുന്ന കത്തിയോ, മരം വെട്ടുന്ന കോടാലിയോ ആകട്ടെ, അതൊന്നു തേച്ചു മൂര്‍ച്ചകൂട്ടിയാല്‍ പെട്ടെന്നു മുറിഞ്ഞു കിട്ടില്ലേ?
-----
വീട്ടിലായാലും തൊഴില്‍ സ്ഥലത്ത് ആയാലും, ചെയ്യേണ്ടതു ചെയ്യാന്‍ സാധിക്കാതെ വരുന്നത് തീര്‍ച്ചയായും പ്രശ്നങ്ങളുണ്ടാക്കും. അതേറ്റവും ദോഷകരമായി ബാധിക്കുന്നത് നമ്മുടെ കുടുംബ ബന്ധങ്ങളെയാണ്.
കുടുംബജീവിതവും - ഉപജീവനവും ക്രമപ്പെടുത്തി സന്തോഷം അനുഭവിക്കണമെങ്കില്‍ സമയം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ പഠിച്ചെടുത്തേ മതിയാകൂ. ഒരിക്കല്‍ പരിശീലിച്ചെടുത്താല്‍ പിന്നെ ഇത് സൈക്കിള്‍ ബാലന്‍സു പോലെ സ്ഥിരമായിരിക്കും.
ഒരു മനുഷ്യന് അയാള്‍ മരിച്ചുകഴിഞ്ഞാലും, അയാളുടെ സ്വന്തമായി നിലനില്‍ക്കുന്ന ഒരേ ഒരു നേട്ടം, അയാള്‍ക്കു ജീവിതത്തില്‍ ലഭിച്ചിരിക്കുന്ന അനുഭവങ്ങളും, അയാള്‍ അവശേഷിപ്പിക്കുന്ന കുറേ ഓര്‍മ്മകളും മാത്രമാണ്.
അതു കുറെ നല്ല അനുഭൂതികളായിരിക്കണം എന്നു നിങ്ങള്‍ക്കു ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളോടും, വേണ്ടപ്പെട്ടവരോടും, പ്രത്യേകിച്ച് ജീവിത പങ്കാളിയോടും മക്കളോടും ഒപ്പം, കഴിയുന്നത്ര അധികം സമയം, നല്ല രീതിയില്‍ ചിലവഴിക്കണം. അതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തി.