Back to articles

Id, Ego, Super Ego

May 17, 2024

ജന്തുഭാവം - അഹംഭാവം - മനസ്സാക്ഷി

മനുഷ്യ മനസ്സിന്ന് ഇഡ്, ഈഗോ, സൂപ്പര്‍ ഈഗോ  എന്നിങ്ങനെ മൂന്നു ഭാവങ്ങളുള്ളതായി സിഗ്മണ്ട് ഫ്രോയിഡ് സിദ്ധാന്തിക്കുന്നു.


അടിസ്ഥാനപരമായി മനുഷ്യന്‍ ഒരു ജന്തുവാണ്. ഇഡ് എന്ന ജന്തുഭാവം ആണ് മനുഷ്യന്‍റെ ഉള്ളില്‍ പ്രകൃതി
ദത്തമായി ജന്മനാ തന്നെ ലഭിക്കുന്നത്.


വിശപ്പ്, ദാഹം, മോഹം, കാമം, ഇഷ്ടം, സ്നേഹം, വെറുപ്പ്, വിരക്തി, ഭയം, വിരോധം, പ്രതികാരം, ചൂട്, തണുപ്പ്, വേദന, ക്ഷീണം തുടങ്ങിയവയൊക്കെയാണ് ജന്തുഭാവം അഥവാ Id.


നിസ്സഹായാവസ്ഥയില്‍ കൈകാലിട്ടടിച്ചു കരഞ്ഞു കിടന്ന ഒരു കൊച്ചു കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍, പ്രായത്തിനും കാലത്തിനും കാലാവസ്ഥയ്ക്കും വിധേയമായി, ഈ സാഹചര്യങ്ങള്‍ ഓരോന്നും നേരിടേണ്ടി വന്ന ഓരോ മനുഷ്യരും, അതിനോട് ഓരോരോ വിധത്തില്‍  പ്രതികരിച്ച് അത് കൈകാര്യം ചെയ്തു.


ചിലർ അതില്‍ വിജയിച്ചു, ചിലര്‍ പരാജയപ്പെട്ടെങ്കിലും അതിനെ അതിജീവിച്ചു, മറ്റുള്ളവര്‍ നശിച്ചു പോയി. അത്തരം അനുഭവങ്ങളില്‍ നിന്ന് ഓരോ മനുഷ്യനും, ഓരോരോ വിധത്തിലുള്ള അറിവുകളും, കഴിവുകളും, പ്രാപ്തികളും ലഭിക്കാന്‍ ഇടയായി.

ആ അനുഭവങ്ങള്‍ മാത്രമായിരുന്നു മനുഷ്യന്‍റെ ആദ്യത്തെ ഗുരു.


ഇങ്ങിനെ അനുഭവങ്ങളിലൂടെ സ്വയം കണ്ടെത്തിയ അറിവിന്‍റെയും, കരുത്തിന്‍റെയും, ബലഹീനതകളുടെയും, അടിസ്ഥാനത്തില്‍ ഒരു മനുഷ്യന്‍, ഓരോരോ സാഹചര്യങ്ങളില്‍ എടുക്കുന്ന നിലപാടാണ്, അയാളുടെ ഈഗോ
അഥവാ അഹംഭാവം.


ഈ അഹംഭാവം ആ മനുഷ്യന്‍റെ നിലനില്‍പ്പിന് അത്യാവശ്യം വേണ്ട ഒരു പ്രധാന ഘടകമാണ്.

പക്ഷേ, കയ്യൂക്ക് ഉള്ളവന്‍ കാര്യക്കാരന്‍ എന്ന ശൈലിയില്‍, കരുത്തന്‍ അവനു തോന്നിയതു പോലെ ഓരോന്നും ചെയ്യുന്നത്, മറ്റുള്ളവര്‍ക്ക് ഉപദ്രവമാകുന്ന അവസ്ഥകള്‍ അപ്പോള്‍ പതിവായി. പകരം വീട്ടാനായി കരുത്തു കുറഞ്ഞ പലരും സംഘം ചേര്‍ന്നു
കയ്യൂക്കുള്ളവനെ കൈകാര്യം ചെയ്തു നശിപ്പിക്കുന്നു.


ഇത്തരം സ്ഥിതി സമൂഹത്തിനാകെ  സ്ഥിരം ശല്യമായി തീര്‍ന്നു. ഇതിനെന്തു പ്രതിവിധി ചെയ്യാന്‍ കഴിയും എന്നു ചിന്തിച്ച, വിശേഷബുദ്ധി ഉണര്‍ന്ന, അനുഭവസമ്പത്തുള്ള ചില മനുഷ്യര്‍, കൂടെയുള്ളവര്‍ക്ക് അവരുടെ ഓരോരോ
ചെയ്തികളുടെ വരും വരായ്കകള്‍ മനസ്സിലാക്കി കൊടുക്കാന്‍ തുടങ്ങി.


അങ്ങിനെ നന്മയും തിന്മയും, ഗുണവും ദോഷവും, ഏതേതെന്നു മനസ്സിലാക്കാന്‍ അവസരം ലഭിച്ചതോടെ പ്രാകൃത മനുഷ്യന് പുതിയ ഒരു ഭാവം കൂടി ലഭിച്ചു  അതാണ് സൂപ്പര്‍ ഈഗോ അഥവാ മനഃസ്സാക്ഷി (വിശിഷ്ടാന്തഃകരണം).


പ്രാകൃത മനുഷ്യന്‍റെ മനസ്സാക്ഷി ഉണര്‍ന്നതോടെ, കാര്യങ്ങളുടെ ഗുണവും ദോഷവും വിലയിരുത്തി മറ്റു മനുഷ്യരുമായി സംഘര്‍ഷം ഒഴിവാക്കി, രമ്യതയില്‍ ഇടപെടാനും, അങ്ങനെ പരസ്പരം സഹകരിച്ച് കൊടുക്കല്‍ വാങ്ങല്‍ വഴി ആവശ്യങ്ങള്‍ നടത്തിയെടുക്കാനും മനുഷ്യന്‍ പരിചയിച്ചു തുടങ്ങി.


ഈ പ്രാകൃത മനുഷ്യര്‍ ക്രമേണ ജന്തുക്കളെയും, മറ്റു മനുഷ്യരെയും, അവനവനെ തന്നെയും നിയന്ത്രിക്കാനുള്ള സൂത്രങ്ങള്‍ കണ്ടുപിടിച്ചു. അതോടെ അവര്‍ പരിഷ്കൃത മനുഷ്യരായി മാറി.


ആ സൂത്രങ്ങളുടെ കാതലാണ് - കാരറ്റ് & സ്റ്റിക്.


Carrot & Stick - Principle

മനുഷ്യന്‍ ഉള്‍പ്പടെ ഏതൊരു ജന്തുവും,  എന്തെങ്കിലും ഒരു പ്രവര്‍ത്തി ചെയ്യണമെങ്കില്‍,
അതിനു പിന്നില്‍ രണ്ടേ രണ്ടു ഉദ്ദേശങ്ങളേ ഉള്ളു - 

ഒന്ന് - നല്ല അനുഭവം ലഭിക്കും എന്ന മോഹം.

രണ്ട് - മോശം അനുഭവം ഒഴിവാക്കണം എന്ന മുന്‍കരുതല്‍.
 
You can make another person to behave in a way that you desire, by providing a Carrot or by Implying a threat of Stick.


മാനേജ്-മെന്‍റ് തത്വങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന മന്ത്രമാണ് കാരറ്റ് & സ്റ്റിക്.

നമ്മളൊക്കെ ജോലി ചെയ്യുന്നത് ഇതുപ്രകാരമാണ്.

ചെയ്യാന്‍ ഏല്പിച്ച കാര്യങ്ങള്‍ ചെയ്യേണ്ടതു പോലെ സമയത്തിനു ചെയ്താല്‍, പറഞ്ഞിരിക്കുന്ന ശമ്പളം ലഭിക്കും (Carrot).

ഉഴപ്പിയാല്‍ ശിക്ഷണ നടപടികള്‍ (Stick). എല്ലാ ബിസിനസ്സ് കോണ്‍ട്രാക്ടുകളും, കച്ചവടങ്ങളും ഈ തത്വം പ്രകാരമാണ് നടക്കുന്നത്.


ഭൂമുഖത്തെ ഏതൊരു ജീവിയെ കൊണ്ടും, എന്തെങ്കിലും ഒരു പ്രവര്‍ത്തി ചെയ്യിപ്പിക്കാന്‍ ഈ ഒറ്റ മാര്‍ഗ്ഗം മാത്രമേയുള്ളു.

അതു മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം സത്യസന്ധമായി പെരുമാറിയാല്‍ തൊഴില്‍ സ്ഥലത്തു മാത്രമല്ല, കുടുംബത്തിലും നിങ്ങള്‍ വിലമതിക്കപ്പെടും. നിങ്ങളുടെ ആവശ്യങ്ങള്‍ വേണ്ടവിധം നടത്തിയെടുക്കാനും നിങ്ങള്‍ക്കു സാധിക്കും.


കാരറ്റ് & സ്റ്റിക് കുടുംബത്തില്‍

കുടുംബ ജീവിതത്തിൽ സ്റ്റിക്ക് എന്ന ഭീഷണി ഉപയോഗിച്ചാൽ ബന്ധം വഷളാകുകയേ ഉള്ളു.

ഉചിതമായ കാരറ്റ് ഏതെന്നു മനസ്സിലാക്കി, ആത്മാർത്ഥമായി പെരുമാറിയാൽ, കുടുംബാംഗങ്ങളെ നല്ല രീതിയിൽ സ്വാധീനിക്കാം എന്നു മറക്കരുത്.

നിങ്ങളുടെ ജീവിത പങ്കാളിക്ക് കൊടുക്കാവുന്ന ഏറ്റവും ഉചിതമായ കാരറ്റാണ് - നല്ല അനുഭവങ്ങളും, അതിന്റെ അനുഭൂതികളും.

Genuine Respect and Earnest Appreciation

are the best Carrots you must give to your life partner.

 
എന്താണ് ഈ അനുഭവങ്ങളും അനുഭൂതികളും?

എന്തിനാ നമ്മള്‍ ഇവിടെ ഇങ്ങനെ ജീവിക്കുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ?

യുക്തിപരമായി  പറഞ്ഞാല്‍ ജനിച്ചു പോയതു കൊണ്ടാണ് നമ്മളെല്ലാവരും അങ്ങു ജീവിച്ചു പോകുന്നത്.

ഇത്രനാളും ജീവിച്ചിട്ട് എന്തു കിട്ടി എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? 

ജനനത്തിനും മരണത്തിനും ഇടയിലുള്ള കാലത്തിനുള്ളില്‍ ഒരു മനുഷ്യന്‍ എന്തെല്ലാം, നേടിയാലും, അതൊന്നും, എല്ലാകാലവും അവന്‍റേതു
മാത്രമായി നിലനില്‍ക്കില്ല. കാലക്രമത്തില്‍ അതൊക്കെ മറ്റാരുടെയെങ്കിലും സ്വന്തമായി മാറും.


തന്‍റെ സ്വന്തം എന്ന് അക്ഷരാര്‍ഥത്തില്‍ അവകാശപ്പെടാവുന്ന ഒരേ ഒരു കാര്യം മാത്രമേ മനുഷ്യനു ജീവിതത്തില്‍ ലഭിക്കുന്നുള്ളു, അതാണ് അവനവന്‍റെ അനുഭവങ്ങള്‍. 

ജീവിതത്തില്‍ ലഭിക്കുന്ന ധനവും സ്ഥാനമാനങ്ങളും മറ്റ് നേട്ടങ്ങളും എല്ലാം ആത്യന്തികമായി കുറേ അനുഭവങ്ങള്‍ മാത്രമാണ് മനുഷ്യനു നല്‍കുന്നത്.


സ്വന്തം അനുഭവങ്ങളില്‍ നിന്നും ലഭിക്കുന്ന അനുഭൂതികളാണ് ഓരോ മനുഷ്യന്‍റെയും ജീവിതത്തിന്‍റെ യഥാര്‍ത്ഥ അളവുകോല്‍. ഇതു ആര്‍ക്കും കാണാനും തൊടാനും കിട്ടുന്നതല്ല.

It is Non Tangible.


ഓരോ അനുഭവങ്ങളില്‍ നിന്നും അവനവന്‍റെ കാഴ്ചപ്പാടുകള്‍ വെച്ച് അവരവര്‍ തന്നെ പ്രോസസ്സ് ചെയ്ത് എടുക്കുന്ന സത്തയാണ് അനുഭൂതികള്‍.

ഈ അനുഭൂതികള്‍ എത്ര നല്ലത് എത്ര മോശം എതിനെ ആശ്രയിച്ചാണ്, നമ്മുടെ ഉള്ളില്‍ സന്തോഷമോ സങ്കടമോ കോപമോ നിരാശയോ തൃപ്തിയോ ഒക്കെ ഉളവാകുന്നത്.


അങ്ങനെയെങ്കില്‍ സന്തോഷം കിട്ടാന്‍ നല്ല അനുഭൂതികളല്ലേ ആവശ്യം?


നല്ല അനുഭൂതികള്‍ കിട്ടണമെങ്കില്‍ ഒന്നുകില്‍ നല്ല അനുഭവങ്ങള്‍ ലഭിക്കണം, അല്ലെങ്കില്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റി, മോശം അനുഭവത്തില്‍ അടങ്ങിയിരിക്കുന്ന നന്മ കാണാന്‍ കഴിവ് നേടണം.


എന്തെങ്കിലും അനുഭവങ്ങള്‍ നമുക്ക് ലഭിക്കണമെങ്കില്‍ നമ്മള്‍ മറ്റ് മനുഷ്യരോട് ഇടപഴകണം. ഉള്‍വലിഞ്ഞ് മറ്റുള്ളവരെ ഒഴിവാക്കരുത്. ഇടപെടുമ്പോള്‍, നല്ല അനുഭവങ്ങള്‍ നമുക്ക് ലഭിക്കണമെങ്കില്‍, ഇടപഴകുന്നവര്‍ക്ക് ധാരാളം നല്ല അനുഭവങ്ങള്‍ നമ്മള്‍ അങ്ങോട്ട് കൊടുക്കണം.

സ്നേഹം എന്ന വികാരം അനുഭവങ്ങളെ കൂടുതല്‍ നല്ലതാക്കും. നല്ല അനുഭൂതികള്‍ സൃഷ്ടിക്കാന്‍ സ്നേഹത്തിനു സാധിക്കും.


മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ ശ്രദ്ധയും കരുതലും, സ്നേഹത്തിന്‍റെ ഭാഷയില്‍ ആത്മാര്‍ത്ഥമായി പ്രകടിപ്പിക്കുന്നതിലൂടെ ആണ് നമ്മള്‍ നല്ല അനുഭവങ്ങള്‍ അങ്ങോട്ടു പകര്‍ന്നു കൊടുക്കുന്നത്.

അവര്‍ അതേ അളവിലോ ആത്മാര്‍ത്ഥതയിലോ അതു തിരികെ നല്‍കണം എന്ന് ഒരിക്കലും നിര്‍ബന്ധം പിടിക്കരുത്.

- - -


തനിച്ച് ജീവിക്കാന്‍ സാദ്ധ്യമല്ലാത്ത ഒരു ജീവിയാണ്  മനുഷ്യന്‍.  മറ്റ് മനുഷ്യര്‍ കൂടി ഉള്ളതിനാലാണ് നമ്മള്‍ ജീവിച്ചിരിക്കുന്നത്. ആണും പെണ്ണും ആയിട്ടാണ് തമ്പുരാന്‍ നമ്മളെ സൃഷ്ടിച്ചത്. അതുകൊണ്ട് മിക്ക മനുഷ്യരും
എതിര്‍ ലിംഗത്തില്‍ പെട്ട ഒരാളെ കണ്ടുപിടിച്ച്, സ്വന്തം കുടുംബം ഉണ്ടാക്കി, സന്താനങ്ങളെ സൃഷ്ടിച്ച്, കുടുംബം വളര്‍ത്തി, അവര്‍ക്കുവേണ്ടി ജീവിക്കുകയാണ് ചെയ്യുന്നത്. അവരുടെ ജീവിതഫലം ആ കുടുംബത്തില്‍
തന്നെ പ്രകടവുമാണ്.

അതിന്‍റെ ഒക്കെ കുറെ തൃപ്തിയിലും, കുറെ അതൃപ്തിയിലും ഇഹലോകവാസം വെടിഞ്ഞ് അരങ്ങൊഴിയുകയാണ് തലമുറ തലമുറകളായി മനുഷ്യര്‍ ചെയ്തു വരുന്നത്.


ബഹു ഭൂരിപക്ഷം മനുഷ്യര്‍ക്കും ഏറ്റവും ഉചിതമെന്ന്, കാലം തെളിയിച്ചിരിക്കുന്ന, ഒരു ജീവനശൈലി ആണ് കുടുംബ ജീവിതം.

തൊഴില്‍ എന്നത് ആ ജീവനം പരിപാലിക്കാനുള്ള ഉപജീവന മാര്‍ഗ്ഗം മാത്രമാണ്.


ഉപജീവനം മുന്തിയതാക്കാനുള്ള വ്യഗ്രതയില്‍ ജീവനത്തിന്‍റെ കാര്യം അവഗണിക്കരുത്.

നിങ്ങളുടെ ജീവിതം മുന്തിയ വസതിയിലോ, ചെറ്റക്കുടിലിലോ ആയിക്കൊള്ളട്ടേ, ഭാര്യയും ഭര്‍ത്താവും, കാലക്രമത്തില്‍ മക്കളും ചേര്‍ന്ന് അദ്ധ്വാനിച്ച് അന്നന്നയപ്പം  പങ്കിട്ട് ഒത്തൊരുമയില്‍ കഴിയുതാണ് ജീവിതത്തിന്‍റെ യഥാര്‍ത്ഥ തൃപ്തി.

ജീവിതസുഖമെന്നാല്‍, അദ്ധ്വാനവും, അന്നന്നത്തെ അപ്പവും, പങ്കിടലും, ഒത്തൊരുമയുമാണ്.


മറക്കരുത്! നല്ല അനുഭവങ്ങളാണ് ലോപമില്ലാതെ കൊടുക്കാന്‍ നമുക്കു സൃഷ്ടിക്കാവുന്ന കാരറ്റ്.

നിങ്ങള്‍ക്കു ലഭിക്കുന്ന പങ്കാളിയോടൊപ്പം, നല്ല അനുഭൂതികള്‍ സൃഷ്ടിക്കാനും, മോശം അനുഭവങ്ങള്‍ ഒഴിവാക്കാനും പരിശ്രമിക്കുന്ന ഒരാളായി നിങ്ങള്‍ മാറണം.

ധാരാളം കാരറ്റുകള്‍ സൃഷ്ടിക്കാന്‍ പഠിക്കണം.


അതിന് മനുഷ്യന്‍റെ സ്വഭാവശാസ്ത്രവും, സ്നേഹത്തിന്‍റെ ഭാഷയും നിങ്ങള്‍ മനസ്സിലാക്കിയേ മതിയാകൂ.

അതിനാണ് എന്‍റെ ഈ പരിശ്രമം.

സസ്നേഹം,  
ജോര്‍ജ്ജ് കാടന്‍കാവില്‍

What is Profile ID?
CHAT WITH US !
+91 9747493248