Back to articles

ഇതു പഠിക്കാതെ വിവാഹം ചെയ്യരുത് !

April 25, 2024

നിങ്ങളുടെ ജീവിതം സ്വച്ഛമായി മുന്നോട്ട് ഒഴുകണമെങ്കിൽ കുറച്ച് സ്വഭാവ ശാസ്ത്രം കൂടി നിങ്ങള്‍ പഠിക്കണം

വിവാഹം ചെയ്യാന്‍ പേടിയും മടിയും പ്രകടിപ്പിക്കുന്ന മക്കളെക്കുറിച്ച് സങ്കടം പറഞ്ഞു കൊണ്ട്, എന്നെ വിളിക്കുന്ന മാതാപിതാക്കളുടെയും, അവരുടെ വേണ്ടപ്പെട്ടവരുടെയും എണ്ണം ഏതാനും വര്‍ഷങ്ങളായി കൂടിക്കൂടി വരുന്നു.


ഉയര്‍ന്ന വിദ്യാഭ്യാസവും മികച്ച ജോലിയും മാത്രം ലക്ഷ്യം വെച്ചു, യാതൊരു ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അറിയിക്കാതെ മക്കളെ പഠിപ്പിച്ചു.

കുട്ടികള്‍ അവശ്യം പരിശീലിച്ചിരിക്കേണ്ട കാര്യങ്ങള്‍ പലതും, മക്കള്‍ക്കു വേണ്ടി മാതാപിതാക്കള്‍ തന്നെ ചെയ്തു കൊടുത്തു വളര്‍ത്തി.


പക്ഷേ ഈ മക്കള്‍ അവരുടെ വിവാഹം കഴിയുമ്പോള്‍, ചെയ്യേണ്ടതു ചെയ്യാന്‍ പ്രാപ്തിയില്ലാതെ തളര്‍ന്നു പോകുന്നു.


ഏര്‍പ്പെടുന്ന എല്ലാക്കാര്യങ്ങളിലും ഒന്നാം സ്ഥാനത്ത് എത്തണമെന്ന വാശിയോടെ മത്സരിക്കാന്‍ പരിശീലിപ്പിച്ചു വളര്‍ത്തിയ ഈ മക്കള്‍, കുടുംബജീവിതത്തിലും പരസ്പരം മത്സരിച്ചും, കുറ്റപ്പെടുത്തിയും, പരാജയപ്പെട്ടു പോകുന്നു.


ഇത്തരം ധാരാളം സംഭവങ്ങളും, അതേക്കുറിച്ച് പ്രചരിക്കുന്ന, ഏറെ നിറം പിടിപ്പിച്ച കഥകളും ശ്രദ്ധിക്കുന്ന ഇന്നത്തെ ചെറുപ്പക്കാര്‍ക്ക്, വിവാഹം ചെയ്യാന്‍ പേടിയും മടിയും തോന്നുന്നത് വളരെ സ്വാഭാവികമല്ലേ.


പല മാതാപിതാക്കളും ഇതു പുറത്തു പറയാറില്ല, കാരണം, പ്രശ്നങ്ങളും, കഷ്ടപ്പാടുകളും, അഭിപ്രായ വ്യത്യാസങ്ങളും, ശാന്തതയോടെ കൈകാര്യം ചെയ്താല്‍ കുടുംബജീവിതം ആസ്വാദ്യകരമാകുമെന്നു മാതൃക കാണിച്ചു കൊടുക്കാന്‍, തങ്ങള്‍ക്കു കഴിയാതെ പോയല്ലോ എന്ന കുറ്റബോധം തന്നെ.


പരസ്പരം മനസ്സിലാക്കുന്നതിലും, ആശയവിനിമയം നടത്തുന്നതിലും, ഇടപെടലുകളിലും അറിയാതെ സംഭവിച്ചു പോകുന്ന അബദ്ധങ്ങളാണ് പല കുടുംബങ്ങളിലും ബന്ധങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചത്.


ചില കാര്യങ്ങള്‍ പറഞ്ഞു വരുമ്പോള്‍ ഉദ്ദേശിച്ച അര്‍ത്ഥമായിരിക്കില്ല വായില്‍ നിന്നും പുറത്തു വരുന്നത്. പലപ്പോഴും പറയുന്ന ആള്‍ ഉദ്ദേശിച്ച അര്‍ത്ഥത്തിലായിരിക്കില്ല, കേള്‍ക്കുന്ന ആള്‍ കാര്യം മനസ്സിലാക്കുന്നത്.

വാക്കിലെ അര്‍ത്ഥം മാത്രമല്ല, സ്വരത്തിലും ഭാവത്തിലും വ്യത്യസ്തങ്ങളായ അര്‍ത്ഥവും അനര്‍ത്ഥങ്ങളും ഒളിഞ്ഞിരിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല.


നല്ല ഉദ്ദേശത്തോടെ ചെയ്ത പലതും, വിപരീത ഫലം ഉണ്ടാക്കിയത്, ഭവിഷ്യത്തുകളെ കുറിച്ച് മനസ്സിലാക്കാതെ പ്രവര്‍ത്തിച്ചതു കൊണ്ടാണ്.


കുടുംബത്തില്‍ മാത്രമല്ല, തൊഴില്‍ സ്ഥലത്തും, മറ്റുള്ളവരുമായി ശാന്തതയോടെ ഇടപെടാനും, സഹകരിച്ച് പ്രവര്‍ത്തിച്ചു എല്ലാവരുടെയും ലക്ഷ്യം സാധ്യമാക്കാനാവും വിധം  സ്വച്ഛമായി ജീവിക്കണമെങ്കില്‍, സാമൂഹ്യജീവിയായ മനുഷ്യനു തന്റെയും, തന്റെ സഹജീവികളുടെയും സ്വഭാവ രീതികള്‍ മനസ്സിലാക്കി പഠിച്ചേ മതിയാകൂ.


അതിനുതകുന്ന ഏതാനും മനഃശാസ്ത്ര മേഖലകളെക്കുറിച്ച് പരിചയപ്പെടുത്താനാണ് എന്റെ ഈ കുറിപ്പുകള്‍.

നിങ്ങള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും ഈ വിഷയങ്ങളേക്കുറിച്ചു കൂടുതല്‍ ആഴത്തില്‍ അറിവു നേടണം.

 

1. I am OK – You are OK

Thomas A Harris എഴുതിയ “I am OK - You are OK”എന്ന പുസ്തകം ആണ് എന്റെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് മാറി ചിന്തിക്കാന്‍ എനിക്ക് പ്രചോദനം തന്നിട്ടുള്ളത്.

Self Esteem എന്ന വിഷയത്തില്‍ പ്രൊഫ. മേരി മററില്‍ഡയുടെ ഒരു ക്ളാസ്സില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ഈ പുസ്തകത്തെക്കുറിച്ച് കേള്‍ക്കുന്നത്.


ഒരു കഥ പറഞ്ഞു കൊണ്ടാണ് മാഡം അന്ന് വിഷയം അവതരിപ്പിച്ചത്;


നാല് കൂട്ടുകാര്‍ ഒരു ദിവസം വൈകുന്നേരം കാപ്പി കുടിക്കാനായി ഒരു കോഫിഹൗസില്‍ ചെന്നിരുന്നു. വെയിറ്റര്‍ വന്നു ചോദിച്ചു - എന്താ എടുക്കേണ്ടത്?


ഒരാള്‍ പറഞ്ഞു - എനിക്ക് ഒരു ചായയും നെയ് റോസ്റ്റും


രണ്ടാമത്തെ ആള്‍ - എന്തെങ്കിലും മതി, എല്ലാരും കഴി
ക്കുന്നത് എനിക്കും.


മൂന്നാമത്തെ ആള്‍ - എനിക്കൊന്നും കഴിക്കാന്‍ മേലാ, ഷുഗറും പ്രഷറും. എന്തു കഴിച്ചിട്ടും ഒരു കാര്യവുമില്ല.

ഇവിടെ ഒക്കെ എന്തു വൃത്തികേടാ, . . .


നാലാമത്തെ ആള്‍ - കോഫിഹൗസില്‍ വന്നത് കാപ്പി കുടിക്കാനല്ലേ, എല്ലാവര്‍ക്കും കാപ്പിയും മസാലദോശയും മതി.


"നാല് കാപ്പി ! നാല് മസാല ദോശ"!?


ഒന്നാമത്തെ ആള്‍ അപ്പോള്‍ പറഞ്ഞു - ക്ഷമിക്കണം, എനിക്ക് മസാല ഇഷ്ടമല്ല, കാപ്പി ശീലമില്ല, അതുകൊണ്ട്
നെയ് റോസ്റ്റും ചായയും തന്നെ മതി.


കഥയിലെ ഒന്നാമത്തെ ആളുടെ വ്യക്തിത്വഭാവം"അസ്സര്‍ട്ടീവ്" (Assertive Personality) ആണത്രെ.ഓരോ സന്ദര്‍ഭത്തിലും അവനവന് വേണ്ടതെന്താണന്ന് വിലയിരുത്തി നിശ്ചയിക്കാനും, അത് മറ്റുള്ളവര്‍ക്ക് ദ്രോഹമാകാത്ത വിധം പ്രകടിപ്പിക്കാനും, സ്വന്തം തീരുമാനങ്ങളുടെ ഭവിഷ്യത്ത് ഏറ്റെടുക്കാനും ഇവര്‍ സദ്ധരായിരിക്കും.അഥവാ അവര്‍ക്ക് ലഭിക്കണമെന്നുദ്ദേശിച്ച് പരിശ്രമിച്ചിട്ട് കിട്ടിയില്ലെങ്കിലും അതെക്കുറിച്ച് അതിരുകടന്ന് അസ്വസ്ഥരാകില്ല. സ്വന്തം ബോദ്ധ്യത്തിനു വേണ്ടി നില കൊള്ളുകയും, അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്തു എന്നത്, അവര്‍ക്ക് ആത്മസംതൃപ്തി നല്‍കുന്നു. “I am OK - You are OK” എന്നെയും കൊള്ളാം, നിങ്ങളെയും കൊള്ളാം എന്നാണ് അവരുടെ നിലപാട്.


രണ്ടാമത്തെ ആളുടെ വ്യക്തിത്വ ഭാവം "പാസ്സീവ്" (Passive Personality) ആണത്രെ.മറ്റുള്ളവരുടെ അപ്രീതി നേരിടേണ്ടി വരുമോ എന്നു കരുതി, സ്വന്തം ഇഷ്ടങ്ങള്‍ ത്യജിക്കും, ഒടുവില്‍ സ്വന്തം ഇഷ്ടം എന്താണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത മാനസികാവസ്ഥയില്‍ എത്തും. വേണ്ട എന്നു പറയേണ്ടിടത്ത് അത് പറയാന്‍ മടിക്കും. വേണം എന്നു പറയേണ്ടിടത്തും മടി വിചാരിക്കും. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ ചെയ്യും.


നല്ല അടുപ്പമുള്ള വീടുകളില്‍ പോയാലും, ആതിഥേയര്‍, ചായ വേണോ കാപ്പി വേണോ എന്നു ചോദിച്ചാല്‍, "എന്തെങ്കിലും",  "ഏതെങ്കിലും", "ഒന്നും വേണ്ടെന്നേ,  എന്നൊക്കെയായിരിക്കും പ്രതികരിക്കുക. പ്രശംസ കിട്ടിയാല്‍ അല്പം സന്തോഷിക്കുകയും, വിമര്‍ശനം വന്നാല്‍ അസ്വസ്ഥരാകുകയും ചെയ്യും.  “I am Not OK – You are OK” എന്നെ കൊള്ളില്ല, നിങ്ങളെ കൊള്ളാം എന്നാണ് ഇവരുടെ നിലപാട്.


മൂന്നാമത്തെ ആളുടെ വ്യക്തിത്വ ഭാവം "പാസ്സീവ്"- അഗ്രസ്സീവ് (Passive-Aggressive Personality) ആണത്രെ. പരോക്ഷമായ നിഷേധ ഭാവവും പെരുമാറ്റവും. കാര്യങ്ങള്‍ വെച്ചു താമസിപ്പിക്കുക, വേണം അല്ലെങ്കില്‍ വേണ്ട എന്ന് രണ്ടിലൊന്ന് തീരുമാനം പറയാതിരിക്കുക, മറ്റുള്ളവര്‍ ചെയതതിനെ എല്ലാം പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യും. പക്ഷേ ഒരു ഏറ്റുമുട്ടലില്‍ വിജയിക്കാനോ, അതിന്‍റെ ഭവിഷ്യത്ത് നേരിടാനോ ഉള്ള കഴിവും കരുത്തും തനിക്കില്ല എന്ന് സ്വയം വിചാരിക്കുന്നു.

“I am Not OK – You are Not OK” എന്നെയും കൊള്ളില്ല - നിങ്ങളെയും കൊള്ളില്ല, എന്ന നിലപാട് ആണ് ഉള്ളില്‍. അത് പുറമേയ്ക്ക് പ്രകടമാകാതിരിക്കാന്‍ വേണ്ടി കാര്യമില്ലാത്ത കാര്യങ്ങള്‍ക്ക് പോലും വഴക്കും ബഹളവും വെച്ചു കൊണ്ടിരിക്കും.


നാലാമത്തെ ആളുടെ വ്യക്തിത്വ ഭാവം അഗ്രസ്സീവ് (Agressive Personality) ആണത്രെ. എനിക്ക് മാത്രമേ
കാര്യങ്ങള്‍ അറിയുകയുള്ളു, നിങ്ങള്‍ക്ക് ഇതൊന്നും അറിയില്ല എന്ന ചിന്താഗതിയിലാണ് ഇക്കൂട്ടര്‍ സംസാരിക്കുന്നതും, പെരുമാറുന്നതും. ഇടപെടുന്നവരെ എല്ലാം വെറുപ്പിക്കുന്ന സ്വഭാവം. എപ്പോഴും ഒരേറ്റുമുട്ടലിന് വെമ്പല്‍ കൊണ്ടിരിക്കും.


“I am OK – You   are   Not   OK” എന്നെ കൊള്ളാം, നിങ്ങളെ കൊള്ളില്ല എന്നാണ് ഇക്കൂട്ടരുടെ നിലപാട്.


ഈ ക്ളാസ്സ് കേട്ടപ്പോള്‍ മുതല്‍ ഞാനിടപെടു ആളുകളുടെ പ്രസ്താവനകള്‍ ഏതു ഭാവത്തില്‍ നിന്നാണ് പുറപ്പെടുത് എന്ന് വെറുതെ ഒരു രസത്തിന് ചിന്തിക്കാന്‍ തുടങ്ങി. ശരിയാണല്ലോ, നമ്മള്‍ക്കൊക്കെ ഓരോ സമയത്തും ഓരോരോ ഭാവങ്ങളാണല്ലോ!. നമ്മളിലെല്ലാം ഈ പറഞ്ഞ നാലു തരമോ, ഒരു പക്ഷേ അതില്‍ കൂടുതലോ പെഴ്സണാലിറ്റികള്‍ നിറഞ്ഞിരിപ്പുണ്ട്. ഓരോ വ്യക്തിക്കും ഒരു സ്ഥിരം ഭാവം ഉണ്ടെങ്കിലും, സന്ദര്‍ഭം അനുസരിച്ച് മറ്റു ഭാവങ്ങളും പ്രകടമാകാറുണ്ട്.


നിങ്ങളുടെ ആവശ്യങ്ങള്‍ ശാന്തമായി നടത്തിയെടുക്കാന്‍, നിങ്ങള്‍ സ്വയം അസ്സര്‍ട്ടീവ് ആയി മാറണം. ഈ വിഷയം കൂടുതല്‍ പഠിക്കണം. ഇനിമുതല്‍ നിങ്ങള്‍ ഇടപെടുവരുടെ ഭാവങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കണം.

 

2. Transactional Analysis - ട്രാന്‍സാക്ഷണല്‍ അനാലിസിസ്സ്

എറിക്-ബേണ്‍ എന്ന മനശ്ശാസ്ത്രജ്ഞന്‍ രൂപപ്പെടുത്തിയ മറ്റൊരു മനശ്ശാസ്ത്ര രീതിയാണ് ട്രാന്‍സാക്ഷണല്‍ അനാലിസിസ്സ് അഥവാ T.A.

ആശയവിനിമയത്തിലൂടെ പരസ്പരം നടത്തുന്ന ഇടപെടലുകള്‍ വഴിയാണ് എല്ലാ മനുഷ്യരുടെയും ജീവിതം മുന്നോട്ടു നീങ്ങുന്നത്. ഈ ഇടപെടലുകള്‍ അഥവാ "ട്രാന്‍സാക്ഷന്‍സ്" (Transactions) വിശകലനം ചെയ്ത് വ്യക്തികളുടെ അഹം-ഭാവങ്ങള്‍ നിര്‍ണ്ണയിക്കാനും അതനുസരിച്ച് ഉചിതമായ ഇടപെടല്‍ രീതികള്‍ നിശ്ചയിക്കാനും, കൂടെയുള്ളവരെ മനസ്സിലാക്കാനും അവരുമായുള്ള ബന്ധങ്ങള്‍ ഫലപ്രദമാക്കുവാനും T.A. സഹായിക്കും,  

 
T.A പ്രകാരം നോക്കുമ്പോള്‍, മനുഷ്യര്‍ തമ്മില്‍ ആശയവിനിമയം ചെയ്യുന്നത് പ്രധാനമായും മൂന്നു ഭാവത്തില്‍ നിന്നാണ്.
1-    Parent    പിതൃഭാവം.
2 -   Adult     യുക്തിഭാവം.
3 -   Child      ശിശുഭാവം.

അറിവും ധാരണയും തമ്മില്‍ എന്താ വ്യത്യാസം എന്നറിയാമോ?

സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരീക്ഷിച്ച് ബോദ്ധ്യപ്പെട്ടിട്ടുള്ള വസ്തുതകളാണ് അറിവ്. എന്നാല്‍, വ്യക്തമായ അനുഭവങ്ങളോ സ്ഥിതി വിവരങ്ങളോ ഇല്ലാതെ, കണ്ടും, കേട്ടും, വായിച്ചും, ഊഹിച്ചും നമ്മുടെ ഉള്ളില്‍ കടന്നിരിക്കുന്ന കാഴ്ചപ്പാടുകള്‍ ആണ് ധാരണ.

ആകാശത്ത് മഴക്കാറ് കണ്ടാല്‍ മഴപെയ്യും എന്നു പറയുന്നത് ധാരണയില്‍ നിന്നാണ്. അന്തരീക്ഷ മര്‍ദ്ദത്തിലെ വ്യതിയാനവും, കാറ്റിന്‍റെ വേഗതയും അളന്ന്,  കണക്കുകൂട്ടി ഒരു പ്രദേശത്ത് മഴപെയ്യാനിടയുണ്ട് എന്ന് പ്രവചിക്കുന്നത് അറിവില്‍ നിന്നാണ്.

ഇപ്പോള്‍ സമയം മൂന്നുമണി എന്നു പറയുന്നത് ധാരണ ആണ്. എന്നാല്‍, വാച്ചില്‍ നോക്കി എന്റെ വാച്ചില്‍ ഇപ്പോള്‍ കൃത്യം മൂന്നുമണി ആയി എന്നു പറയുന്നത് അറിവ് ആണ്.


എല്ലാ ധാരണകളും തെറ്റാകണമെില്ല അതുപോലെ എല്ലാ അറിവും ശരിയും ആകണം എന്ന് നിര്‍ബന്ധമില്ല. പക്ഷെ ധാരണകള്‍ ചോദ്യം ചെയ്യപ്പെടാനും, തര്‍ക്കത്തിന് വിഷയമാക്കാനും ഇടയുണ്ട്. അറിവിന് വസ്തുതകളുടെ പിന്‍ബലമുണ്ട്. തര്‍ക്കത്തിന് പ്രസക്തിയില്ലാത്ത വിധം പക്വതയോടെ അത് പ്രസ്താവിക്കാന്‍ എളുപ്പമാണ്.


പുറമെ നിന്നും നമ്മുടെ ഉള്ളില്‍ കടന്നിരിക്കുന്ന ധാരണകളുടെ പശ്ചാത്തലത്തില്‍, ഓരോ സാഹചര്യത്തിലും നമ്മള്‍ ഭാവിക്കുന്ന നിലപാടിന്, പിതൃഭാവം - Parent Ego എന്നാണ് ട്രാന്‍സാക്ഷണല്‍ അനലിസിസ്സില്‍ പറയുന്നത്.


പിതൃഭാവത്തിന് Critical Parent, Nurturing Parent  എന്ന് രണ്ട് വശങ്ങള്‍ ഉണ്ട്

അറിവിന്‍റെ തലത്തില്‍ നിന്ന് ഒരു വ്യക്തി പ്രതിഫലിപ്പിക്കുന്ന ഭാവത്തിന് യുക്തിഭാവം Adult Ego  എന്ന് പറയും.


അറിവും ധാരണകളും ഒന്നു മാറ്റിനിര്‍ത്തിയാല്‍ പച്ചയായ  മനുഷ്യനെക്കിട്ടും. വികാരങ്ങള്‍ക്കാണ്  ഇവിടെ പ്രസക്തി. നമ്മള്‍ പറയാറില്ലേ എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഒരു ശിശു ഉണ്ടെന്ന്. വികാരങ്ങളുടെ തലത്തില്‍ നിന്ന് മനുഷ്യന്‍ പ്രതിഫലിപ്പിക്കുന്ന ഈ ശിശുഭാവമാണ്  Child Ego.

ശിശുഭാവത്തിന്  Compliant Child, Rebellious Child, Natural Child എന്നി ഉപ ഭാവങ്ങളുമുണ്ട്. നമ്മുടെ പിതൃഭാവം Critical Parent ആണെങ്കില്‍ നമ്മള്‍ ഇടപെടുന്ന വ്യക്തിയുടെ ശിശു ഭാവത്തെയാണ് സ്പര്‍ശിക്കുന്നത്. അയാള്‍ സാധാരണഗതിയില്‍ Compliant Child ആയി സാമാന്യമര്യാദ കാണിച്ചേക്കാം, പക്ഷെ ഉള്ളില്‍ Rebellious Child  ന്റെ ഭാവം തന്നെയാണ്. അതു ചിലപ്പോള്‍ പുറത്തു കാണിച്ചെന്നും വരാം.


ഒരു Nurturing Parent ന്‍റെ ഭാവത്തില്‍ പെരുമാറിയാല്‍ Natural Child ന്റെ  പ്രതികരണം മറ്റെ ആളില്‍ നിന്നും
ലഭിക്കും. Nurturing Parent ആകാന്‍ സാധിക്കാത്തപ്പോഴും, ഗൌരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴും യുക്തിഭാവം Adult Ego എടുക്കുക.


ഈ ഭാവങ്ങളോരോന്നും എല്ലാ മനുഷ്യരുടെയും  ഉള്ളില്‍ ഉണ്ട്. സാഹചര്യവും സന്ദര്‍ഭവും പ്രതികരണങ്ങളും അനുസരിച്ച് ഓരോരുത്തരും ഓരോ ഭാവങ്ങള്‍ മാറി മാറി ധരിച്ചുകൊണ്ടിരിക്കും.


മനുഷ്യന്‍ പരസ്പരം ഇടപെടുമ്പോള്‍, അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതും ബന്ധങ്ങള്‍ വഷളാക്കുന്നതും, ഓരോരുത്തര്‍ എടുക്കുന്ന ഈ ഭാവങ്ങളാണ് (Ego Status).. മനുഷ്യരുടെ ഭാവങ്ങളും അവയുടെ പ്രത്യേകതകളും പഠിക്കുകയും, ശ്രദ്ധിക്കുകയും, പരിശീലിക്കുകയും ചെയ്താല്‍ മതി, എത്ര സഹിക്കാന്‍ വയ്യാത്ത ഭാവം കാട്ടുന്നവരോടും  ഇടപെടാനും, അത്യാവശ്യം വേണ്ട കാര്യങ്ങള്‍ സാധിച്ചെടുക്കാനുമുള്ള കഴിവുനേടാം.

 

3. കൗണ്‍സിലിംഗ്  തിയറി
ശരീരത്തിന് അസുഖം വന്നാല്‍ നമ്മള്‍ ആശുപത്രിയില്‍  പോകും. അതുപോലെ, ആരുടെയെങ്കിലും പെരുമാറ്റം അസ്വസ്ഥത സൃഷ്ടിക്കാന്‍ തുടങ്ങുമ്പോള്‍, ഒരു കൗണ്‍സിലിംഗിന് പോകുന്നത് ഇക്കാലത്ത് സര്‍വ്വസാധാരണമായിരിക്കുന്നു.


പക്ഷേ എന്താണ് കൗണ്‍സിലിംഗ് എന്ന് നമ്മളില്‍ എത്രപേര്‍ക്ക് വ്യക്തമായ അറിയാം?. കൗണ്‍സിലിംഗ് എന്തെന്ന് ഏറ്റവും ലളിതമായി വിശദീകരിക്കുന്ന  ഒരു മാര്‍ഗ്ഗമാണ് -

 
Johari Window

ഒരു കടലാസ്സും പേനയും എടുത്ത്, അതില്‍ സാമാന്യം വലിയ ഒരു  ചതുരം വരക്കണം. ഇനി വശങ്ങളുടെ മദ്ധ്യത്തില്‍ നിന്നും നെടുകെയും കുറുകെയും രണ്ട് വരകള്‍ വരച്ച് നാല് തുല്യ ചതുരങ്ങള്‍ ആയി വിഭജിക്കുക. ഇടതുവശത്ത് മുകളിലുള്ള ചതുരത്തില്‍ അരങ്ങ് - Arena എഴെുതുക. വലതുവശത്ത് മുകളിലുള്ള ചതുരത്തില്‍ മറവ്  Blindഎഴെുതുക. ഇടത്ത് താഴത്തെ ചതുരത്തില്‍ കര്‍ട്ടന്‍ Curtain എന്നും. നാലാമത്തെ ചതുരത്തില്‍ ഇരുട്ട് - Dark എന്നും എഴുതണം. ഈ ചതുരങ്ങള്‍ നമ്മുടെ വ്യക്തിത്വത്തിന്‍റെ നാലു ഭാഗങ്ങള്‍ ആയി കണക്കാക്കാം.


അരങ്ങ് - നമ്മളെപ്പറ്റി, നമുക്കും മറ്റുള്ളവര്‍ക്കും അറിയാവുന്ന, കാര്യങ്ങള്‍ ആണ് അരങ്ങിലുള്ളത്. നമ്മള്‍
ഷൈന്‍ ചെയ്യുന്നത് ഈ അരങ്ങ് തെളിഞ്ഞ് വിശാലമാകുമ്പോഴാണ്.


മറവ് - നമ്മളെപ്പറ്റി, നമുക്കറിയാത്തതും, എന്നാല്‍ മറ്റുള്ളവര്‍ക്ക് അറിയാവുന്നതുമായ, കാര്യങ്ങള്‍ ആണ് മറവ് ചതുരത്തില്‍. നമ്മളുടെ ശ്രമങ്ങള്‍ പലതും വിലമതിക്കപ്പെടാതെ പോകുന്നതിന്റെ കാരണങ്ങള്‍ ഈ മറവ് ഭാഗത്ത് ഒളിച്ചിരിപ്പുണ്ട്.


കര്‍ട്ടന്‍ - മറ്റാരും അറിയാതെ, നമ്മള്‍ ഒളിപ്പിച്ചു മൂടിവെച്ചിരിക്കുന്ന കാര്യങ്ങള്‍ ആണ് കര്‍ട്ടനു പിറകില്‍. മനസ്സിന്റെ ഭാരത്തില്‍ വലിയ ഒരുഭാഗം ഈ കര്‍ട്ടന്‍ കൊണ്ട് സംഭവിക്കുതാണ്. ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പുറത്തു വരാതിരിക്കാന്‍ നമ്മള്‍ എപ്പോഴും കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരിക്കും അങ്ങനെ നമ്മുടെ പെരുമാറ്റം മറ്റുള്ള
വരില്‍ സംശയം ഉളവാക്കും.


ഇരുട്ട് - നമുക്കും മറ്റുള്ളവര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ആണ് ഇവിടെ. എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത് എന്ന് എനിക്കു തന്നെ അറിഞ്ഞുകൂടാ എന്ന പതിവു പല്ലവിക്കു കാരണം ഈ ഇരുട്ടാണ്.


വ്യക്തിത്വം ശോഭിക്കണമെങ്കില്‍ ഈ ഇരുട്ട് മാറണം. അതിന് മറവ് നീങ്ങണം. കര്‍ട്ടന്‍ മാറ്റണം.


മറവിനുള്ളില്‍ നമുക്കറിയാത്തതും മറ്റുള്ളവര്‍ക്ക് അറിയാവുന്നതുമായ കാര്യങ്ങളാണ്, അതറിയാന്‍ നമ്മള്‍ മറ്റുള്ളവരോട് ചോദിക്കണം. അവരെ കേള്‍ക്കണം. നല്ല ചങ്ങാതിമാരുണ്ടാകണം അപ്പോള്‍ കണ്ണാടി വേണ്ട എന്നു പഴമക്കാര്‍ പറഞ്ഞിരുന്നത് ഇതിനുവേണ്ടിയാണ്. കൗണ്‍സിലിംഗിന്റെ ഒരു ഉദ്ദേശവും ഇതാണ്, നിങ്ങള്‍ കാണാത്ത ചില വശങ്ങള്‍ കണ്ടുപിടിച്ചു കാണിച്ചു തരിക.


കര്‍ട്ടന്‍ നീക്കണമെങ്കില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് നിങ്ങള്‍ ആരോടെങ്കിലും പറയണം. അതിന് നിങ്ങള്‍ക്ക് വിശ്വാസമുള്ളവരെ കണ്ടെത്തണം. ഒരു കൗണ്‍സിലറുടെ ജോലി അതാണ്, നിങ്ങള്‍ പറയുന്നത് ശ്രദ്ധയോടെ മുന്‍വിധി ഇല്ലാതെ കേള്‍ക്കുകയും അത് വിശ്വസ്തതയോടെ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുക. പരിഹാരങ്ങള്‍ നിങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ആശയങ്ങള്‍ തരാനേ കൗണ്‍സിലര്‍ക്ക് കടമയുള്ളു. നമുക്ക് സംഭവിക്കുന്ന ചില കാര്യങ്ങള്‍, നാണക്കേടാകും എന്നു കരുതി വിശകലനം ചെയ്യാനും അംഗീകരിക്കാനും ശ്രമിക്കാതെ, വേഗത്തില്‍ ഒളിപ്പിക്കാനല്ല ശ്രമിക്കേണ്ടത്, അതില്‍കൂടി കടന്നു പോകുകയാണ് വേണ്ടത്.


 ഇനി ഒരു ചതുരം കൂടി വരക്കണം, നെടുകെയും കുറുകെയുമുള്ള വരകള്‍ മദ്ധ്യത്തില്‍ നിന്നും കുറെകൂടി വലത്തോട്ടും താഴേക്കും മാറ്റി വരക്കുക. ഇരുട്ടിന്‍റെ ചതുരം എത്ര ചെറുതായി എന്നു കണ്ടോ. അരങ്ങ് എത്ര വിശാലമായി.


പരസ്പരം നിരന്തരം കൗണ്‍സലിംഗ് നടക്കേണ്ട ഇടമാണ് കുടുംബം, അതിനു പറ്റിയ ജീവിത പങ്കാളിയെയും, മാതാപിതാക്കളെയും ലഭിക്കുന്നത് ഒരനുഗ്രഹമാണ്. ആവശ്യമെങ്കില്‍ അവരുടെ അറിവോടെ വിദഗ്ദരുടെ സേവനം തേടാം.


ജീവിതം ഒരു വലിയ അരങ്ങായി മാറ്റണേ എന്നു തമ്പുരാനോട് പ്രാര്‍ത്ഥിച്ചോളൂ. അപ്പോള്‍ നിങ്ങള്‍ ഷൈന്‍ ചെയ്യും. നിങ്ങളിടപെടുവര്‍ക്ക് നിങ്ങളോട് ഇഷ്ടവും താല്പര്യവും തോന്നും, നിങ്ങള്‍ക്ക് അനുകൂലമായി അവരും പെരുമാറാന്‍ തുടങ്ങും.


ഇതൊന്നു പ്രത്യേകം ശ്രദ്ധിക്കണേ!


നമ്മളെല്ലാം അവശ്യം അറിഞ്ഞിരിക്കേണ്ട, നിത്യവും ഉപയോഗിക്കേണ്ടി വരുന്ന, നമ്മുടെ ജീവിതത്തില്‍ നിരതരം ആവശ്യം വരുന്ന അറിവുകളാണ് കൗണ്‍സിലിംഗിന്‍റെ അടിസ്ഥാന തത്വങ്ങള്‍.


നിങ്ങള്‍ ഇതു തീര്‍ച്ചയായും പഠിച്ചെടുക്കണം, നിത്യവും പരിശീലിക്കണം.

പ്രിയപ്പെട്ടവരേ,


ഇവിടെ പരിചയപ്പെടുത്തിയ ഈ മനശ്ശാസ്ത്ര സിദ്ധാന്തങ്ങള്‍ പരിശീലിച്ചെടുത്താല്‍ നിങ്ങള്‍ക്ക് അനായാസം മറ്റുള്ളവരെ മനസ്സിലാക്കാം. എന്നാല്‍ നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് നിങ്ങളെ മനസ്സിലാകണമെങ്കില്‍ അവരെയും
നിങ്ങള്‍ ഇതു പഠിപ്പിക്കണം.


സസ്നേഹം, ജോര്‍ജ്ജ് കാടന്‍കാവില്‍
May-2024

What is Profile ID?
CHAT WITH US !
+91 9747493248