Back to articles

മക്കളെ, വിവാഹത്തിന് നിർബന്ധിക്കണമോ? . . . .

January 20, 2024

“ഇരുപത്തിയഞ്ചു വയസ്സായപ്പോൾ മുതൽ വീട്ടുകാർ വിവാഹത്തിനു നിർബന്ധിച്ചു തുടങ്ങിയതാണ് ക്രമേണ അതു കുറഞ്ഞുവന്നു, ഇപ്പോഴെനിക്കു മുപ്പതു വയസ്സായി, ആരും എന്നെ ഇപ്പോൾ നിർബന്ധിക്കുന്നില്ല. വിവാഹക്കാര്യം പറയുന്നതുമില്ല. അതു കൊണ്ട് ഞാൻ തന്നെയാണ് ഇപ്പോൾ എന്റെ കല്യാണക്കാര്യം നോക്കുന്നത്”.

ജനുവരി 7ന് കോട്ടയത്തു ഹോട്ടൽ ഐഡയിൽ വെച്ചു നടന്ന 276ാമത് വൈവാഹിക സംഗമത്തിൽ ഒരു വിവാഹാർത്ഥി പറഞ്ഞതാണിത്.

മക്കളുടെ വിവാഹം വൈകുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്ന നിരവധി മാതാപിതാക്കൾ എന്നെ വിളിച്ച് സങ്കടം പറയാറുണ്ട്. ഇപ്പോഴിതു ഇത് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സമസ്യയുടെ വിവിധ വശങ്ങൾ കണ്ടെത്താനാണ് മക്കളുടെ വിവാഹത്തിനു മാതാപിതാക്കൾ അവരെ നിർബന്ധിക്കണമോ? എന്നവിഷയം. ധാരാളം മാതാപിതാക്കളും വിവാഹാർത്ഥികളും പങ്കെടുക്കുന്ന ബെത്-ലെഹം വൈവാഹിക സംഗമത്തിൽ ചർച്ച ചെയ്യാൻ കൊടുത്തത്.

11 മാതാപിതാക്കൾ വീതമുള്ള നാലു ഗ്രൂപ്പുകളും, 15 വിവാഹാർത്ഥികളുടെ ഒരു ഗ്രൂപ്പും ചേർന്ന്, അഞ്ചു ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലും, ചർച്ച നിയന്ത്രിക്കാനും, ഓരോരുത്തർക്കും സ്വയം പരിചയപ്പെടുത്തൽ നടത്താൻ അവസരമൊരുക്കുവാനുമായി, ഓരോ മോഡറേറ്റർമാരെ തിരഞ്ഞെടുത്തു. ആദ്യം ഓരോരുത്തരായി ഗ്രൂപ്പിൽ സ്വയം പരിചയപ്പെടുത്തി. അതു കഴിഞ്ഞ ഉടൻ എല്ലാ ഗ്രൂപ്പുകളും നല്ല ആവേശത്തിൽ ചർച്ച ആരംഭിച്ചു. ഇത്രനാൾ പുറത്തു പറയാതെ അടക്കി വെച്ചിരുന്ന ഏതോ വിഷമങ്ങൾ, തക്കതായ അവസരം കിട്ടിയപ്പോൾ വിങ്ങിപ്പൊട്ടി പുറത്തു വരുന്നതുപോലെ ഹാൾ പെട്ടെന്നു ശബ്ദമുഖരിതമായി.

ചർച്ചക്കായി നീക്കിവെച്ചിരുന്ന സമയം കഴിഞ്ഞിട്ടും, ഒരു ഗ്രൂപ്പിലും ചർച്ച അവസാനിക്കുന്ന ലക്ഷണമില്ല. ഒടുവിൽ ഗ്രൂപ്പിന്റെ പ്രതിനിധികളെ വിളിച്ച് അതതു ഗ്രൂപ്പിലെ പ്രസക്തമായ അഭിപ്രായങ്ങൾ എല്ലാവരുടെയും അറിവിലേക്കായി അവതരിപ്പിക്കുവാൻ ആവശ്യപ്പെട്ടു.
 
സംഗമത്തിന്റെ അഭിപ്രായങ്ങൾ.

മക്കളെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കരുത് എന്നായിരുന്നു എല്ലാ ഗ്രൂപ്പുകളുടെയും അഭിപ്രായം.

മക്കൾക്കു പ്രായപൂർത്തി ആയാൽ ഇരുപത്തിയഞ്ചു വയസ്സിനു മുമ്പായി മക്കളോട് അവരുടെ വിവാഹ കാര്യം മാതാപിതാക്കൾ സംസാരിക്കണം. പഠനം കഴിഞ്ഞ് ഒരു ജോലി ആയിക്കഴിഞ്ഞാൽ വിവാഹത്തേക്കുറിച്ച് വ്യക്തമായ ഒരു നിലപാടെടുക്കാൻ മക്കളോട് നിർബന്ധപൂർവ്വം തന്നെ ആവശ്യപ്പെടണം.

വീട്ടിലെ അന്തരീക്ഷവും, മാതാപിതാക്കളുടെ കുടുംബ ജീവിത മാതൃകയും, കുട്ടികളെ സ്വാധീനിക്കും. അതിനാൽ മാതാപിതാക്കൾ നല്ല രീതിയിൽ ജീവിച്ചു മാതൃക കാണിക്കണം.

വിവാഹത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ സഹായിക്കണം, അതെക്കുറിച്ച് മക്കളോട് പറഞ്ഞ് അവരിൽ താല്പര്യം വളർത്തണം. കരിയർ മാത്രം നോക്കിയിരിക്കരുത് എന്നുപദേശിക്കണം.

മക്കളോട് നിരന്തര സമ്പർക്കത്തിലിരിക്കണം, അവർക്ക് അസ്വസ്ഥത തോന്നാത്ത രീതിയിൽ വിവാഹ കാര്യവും പതിവായി സംസാരിക്കണം. അവരുടെ അഭിപ്രായം അനുകുലമല്ലായെങ്കിൽ പോലും, ശക്തമായ എതിർപ്പില്ലായെങ്കിൽ ഇടക്ക് ഓരോ വിവാഹാലോചനകളും ആരംഭിക്കണം. പക്ഷേ വിവാഹം, അവരുടെ സ്വന്തം തീരുമാനത്തിന് വിട്ടു കൊടുക്കണം.

വിവാഹത്തിനു താല്പര്യം ഇല്ലാത്ത കുട്ടികളെ സമ്മർദ്ദത്തിലാക്കരുത്, പക്ഷേ താല്പര്യ കുറവിന്റെ കാരണം കണ്ടെത്തണം. ഒറ്റക്കുള്ള ജീവിതത്തിന്റെ ഭവിഷ്യത്തുകളും, ഏകാന്തതയുടെ ബുദ്ധിമുട്ടുകളും, കുറവുകളും, മറ്റും മനസ്സിലാക്കി കൊടുക്കണം. കൌൺസിലിംഗോ മറ്റോ ആവശ്യമെങ്കിൽ അതിനും മക്കളെ സന്നദ്ധരാക്കണം, സഹായിക്കണം.

***

 നമ്മുടെ മിക്ക വീടുകളിലും തുറന്നു സംസാരിക്കാൻ മടി വിചാരിക്കുന്ന ഈ വിഷയം ഇത്രയും വസ്തുനിഷ്ഠമായും സ്വതന്ത്രമായും തുറന്നു ചർച്ച ചെയ്തു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നും എന്തോ ഒരു വലിയ ഭാരം അലിഞ്ഞ് ഒഴുകിപ്പോയ പോലെ അനുഭവപ്പെട്ടു, എന്ന് സംഗമത്തിൽ പങ്കെടുത്ത പലരും എന്നോട് പറയുകയുണ്ടായി.

പ്രിയപ്പെട്ടവരേ, മക്കളുടെ വിവാഹം വൈകുന്നതിനു നാലു പ്രധാന ഘടകങ്ങളാണ് ഞാൻ ശ്രദ്ധിച്ചിരിക്കുന്നത്.

1. ജീവിതത്തേക്കാൾ പ്രധാനം തൊഴിലിലെ നേട്ടങ്ങൾ ആണെന്ന തെറ്റിദ്ധാരണ.

2. അവരുടെ മാതാപിതാക്കളുടേതുൾപ്പടെ അവരു കണ്ടിരിക്കുന്ന കുടുംബജീവിത മാതൃകകളിൽ പരസ്പര സ്നേഹമോ സന്തോഷമോ അർത്ഥപൂർണ്ണമായ ലക്ഷ്യമോ കാണാനില്ല.

3. സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുമോ, മറ്റൊരാളുടെ നിയന്ത്രണമോ, ഉത്തരവാദിത്വമോ തന്റെ മേലാകുമോ എന്ന ഭയം.

4. ഇണയെ ആകർഷിക്കാനോ, തൃപ്തിപ്പെടുത്താനോ, ഒരു നല്ല പങ്കാളിയാകാനോ തനിക്കു സാധിക്കാതെ വരുമോ എന്ന പേടിയും ആത്മവിശ്വാസക്കുറവും.

ആദ്യം നമുക്ക് തൊഴിലിനേക്കുറിച്ച് ചിന്തിക്കാം. പുരുഷനു കരുത്തും സ്ത്രീയ്ക്ക് ത്രാണിയും ആണ് പ്രകൃതി ദത്തമായി ലഭിച്ചിരിക്കുന്ന പ്രത്യേകതകൾ. കാലം പുരോഗമിച്ചപ്പോൾ കരുത്ത് ആവശ്യമായ പ്രവർത്തികൾ ചെയ്യാൻ യന്ത്രങ്ങൾ നിലവിൽ വന്നു. അപ്പോൾ തൊഴിൽ സ്ഥലങ്ങളിൽ കരുത്തിനേക്കാൾ അധികമായി, ത്രാണിയ്ക്ക് പ്രാധാന്യം വർദ്ധിച്ചു. തന്മൂലം, തൊഴിൽദാതാക്കൾ പുരുഷനേക്കാൾ ഉപരിയായി, സ്ത്രീകളെ ജോലിക്കു പരിഗണിക്കാൻ തുടങ്ങി. അങ്ങിനെ സ്ത്രീയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമായി.

എങ്കിലും തൊഴിലുടമയെയും, അവരുടെ മാനേജർമാരെയും സംബന്ധിച്ചു, സ്ത്രീയുടെ വിവാഹം, ഗർഭധാരണം, കുട്ടികളെ പരിചരിക്കൽ തുടങ്ങിയ കടമകൾ, തൊഴിലിൽ ഇടവേളകളില്ലാതെ തുടരുന്നതിനുള്ള പരിമിതിയായി അനുഭവപ്പെടുന്നു. അതുകൊണ്ടായിരിക്കണം, മിക്ക തൊഴിലിടങ്ങളിലും, വിവാഹത്തെയും, കുടുംബ ജീവിതത്തെയും നിരുത്സാഹപ്പെടുത്തുന്ന സംഭാഷണങ്ങളും, സംഭവങ്ങളും നടക്കുന്നത്. വിവാഹമേ വേണ്ടെന്നു വെച്ചിരിക്കുന്ന സ്ത്രീകൾക്കു, ജോലിയിലും, വരുമാനത്തിലും, മറ്റ് ആനുകൂല്യങ്ങളിലും കൂടുതൽ നേട്ടങ്ങൾക്കു സാദ്ധ്യതയുണ്ടത്രെ.

 

പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഒരു പെൺകുട്ടി, തൊഴിലിൽ കാലുറച്ചശേഷം മതി വിവാഹം എന്നു ചിന്തിക്കുന്നത് സ്വാഭാവികം, പക്ഷേ തനിക്കു വിവാഹമേ വേണ്ട എന്ന നിലപാടെടുക്കുന്നത്, തൊഴിൽ സ്ഥലത്തുള്ള ഇത്തരം വിവിധ പരിഗണനകൾ മൂലമാണ്.

പഠന സ്ഥലത്തും തൊഴിൽ സ്ഥലത്തും പെൺകുട്ടികൾക്കു പ്രാധാന്യം വർദ്ധിച്ചപ്പോൾ, ആൺകുട്ടികൾ, തന്റെ തലയിൽ നിന്നും ഭാരിച്ച ഉത്തരവാദിത്വങ്ങൾ മാറിക്കിട്ടിയല്ലോ എന്ന ഭാവത്തിലുള്ള നിസ്സംഗതയാണ് പലപ്പോഴും പ്രകടിപ്പിക്കുന്നത്. കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഈ നിസ്സംഗത മൂലമുള്ള ഉൾവലിയൽ ആൺകുട്ടികൾക്കും തടസ്സമാകുന്നു, തന്മൂലം വിവാഹം കുറച്ചുകൂടെ കഴിയട്ടെ എന്ന തണുപ്പൻ നിലപാടാണ് ഭൂരിപക്ഷം ആൺകുട്ടികൾക്കും.ഇനി അഥവാ ആരെങ്കിലും നല്ല പ്രായത്തിൽ തന്നെ വിവാഹത്തിനു താൽപ്പര്യം എടുത്താലും, ആ പ്രായത്തിലുള്ള ഒരു പെൺകുട്ടിയെ ഒട്ടു ലഭിക്കാനുമില്ല. ഇതിനൊരു നല്ല വശം ഞാൻ ശ്രദ്ധിച്ചിരിക്കുന്നത്, ഒരു ഇരുപത്തിയഞ്ചു വയസ്സിൽ വിവാഹത്തിനു തയ്യാറാവുന്ന പെൺകുട്ടികൾക്ക് വരനെ കണ്ടെത്താൻ കൂടുതൽ എളുപ്പമാകുന്നു എന്നതാണ്.


ജീവിക്കാൻ വേണ്ടിയല്ലേ ജോലി ചെയ്യുന്നത്? അല്ലാതെ, ജോലി ചെയ്യാൻ വേണ്ടിയാണോ ജീവിക്കുന്നത്? പഠിക്കുമ്പോൾ പ്രോഗ്രസ്സ് കാർഡിലെ മാർക്കുകളും, ജോലി ചെയ്യുമ്പോൾ ശമ്പള സ്കെയിലും, ആനുകൂല്യങ്ങളും നോക്കി ജീവിതവിജയം വിലയിരുത്തുന്ന നമ്മുടെ സ്വഭാവമാണ് ഇവിടെ വില്ലൻ.

എന്തിനാ ജീവിക്കുന്നത് എന്ന വ്യക്തമായ ധാരണ നിങ്ങളുടെ കുടുംബത്തിൽ ഉണ്ടായെങ്കിലേ,  എങ്ങിനെ ജീവിക്കണം, എപ്പോൾ വിവാഹം ചെയ്യണം, ആരെ വിവാഹം ചെയ്യണം, എന്നൊക്കെ തീരുമാനിക്കാൻ നിങ്ങൾക്കു സാധിക്കൂ. ഇതിനു സഹായിക്കുന്ന നിരവധി പ്രായോഗിക അനുഭവ കഥകൾ ബെത്-ലെഹം വെബ്സൈറ്റിലുണ്ട്.

ആണും പെണ്ണും ആയിട്ടാണ് സൃഷ്ടാവ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഒരു സ്ത്രീയും പുരുഷനും ചേർന്നാണ് നിങ്ങൾക്ക് ജന്മം നൽകിയത്. ആണോ, പെണ്ണോ, ആയിട്ടാണ് നിങ്ങൾ ജനിച്ചത്. ആണും പെണ്ണും കൂടി ചേർന്ന് എല്ലാ വിധ അനുഭവങ്ങളും ആസ്വദിച്ച് ജീവിച്ച് കുഞ്ഞുങ്ങളെ സൃഷ്ടിച്ച് വംശം നിലനിർത്തി രംഗം ഒഴിയുകയാണ് മനുഷ്യ ജീവിതചക്രം. ഒരു വ്യക്തിയ്ക്ക്, അയാളുടെ ജനനം മുതൽ മരണം വരെ, ഈ ഭൂമിയിൽ ലഭിക്കുന്ന സമയം, ഒരു തുണയോടോ ഇണയോടോ ഒപ്പം ആസ്വദിക്കുന്നതാണ് കുടുംബജീവിതം. തൊഴിൽ എന്നത് ആ ജീവിതത്തിനാവശ്യമായ സാധന സാമഗ്രികൾ സംഘടിപ്പിക്കാനുള്ള ഉപജീവന മാർഗ്ഗം മാത്രമാണ്.

ഇത് വിലയിരുത്തി, കരിയറിനും കുടുംബത്തിനും എത്ര പ്രാധാന്യം കൊടുക്കണമെന്നു, നിങ്ങൾക്കു തീരുമാനിക്കാം. നിങ്ങളുടെ ജീവിതം കൊണ്ട് എന്തെല്ലാം അനുഭവങ്ങൾ സൃഷ്ടിക്കണം, ഇപ്പോൾ ചെയ്യുന്ന പ്രവർത്തികൾ ഭാവിയിൽ എങ്ങിനെ പ്രതിഫലിക്കും എന്ന് ചിന്തിച്ച് സ്വന്തം ജീവിതത്തിൽ നിന്നും ഭാവിയിൽ ലഭിക്കേണ്ട അനുഭവങ്ങളെക്കുറിച്ച് നിങ്ങൾ സ്വപ്നം കാണണം.

ഉദാഹരണത്തിനു, നിങ്ങളും നിങ്ങളുടെ സഹോദരങ്ങളും തീരെ കുട്ടികളായിരുന്നപ്പോൾ മുതൽ കളിച്ചും ചിരിച്ചും, കഥകൾ പറഞ്ഞും സന്തോഷിച്ച അവസരങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ എത്ര മാത്രം സന്തോഷിപ്പിച്ചിരുന്നിരിക്കണം. ഒരു കുഞ്ഞിന്റെ ജീവിതത്തിൽ ഗുണകരമായ ഒരു മാറ്റത്തിനു നിമിത്തമാകുന്നതാണ് ഏതൊരു മനുഷ്യന്റെയും ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്. നിങ്ങളുടെ മാതാപിതാക്കൾക്കു ലഭിച്ച ആ സന്തോഷം നിങ്ങൾക്കു ലഭിക്കണം എന്ന മോഹം കൊണ്ടാണ്, അവരു മക്കൾക്കും സ്വന്തം കുടുംബം ഉണ്ടായി കാണണം എന്നാഗ്രഹിക്കുന്നത്.

***

മക്കളു കണ്ടിരിക്കുന്ന കുടുംബജീവിത മാതൃകകളിൽ ഏറ്റവും പ്രധാനം സ്വന്തം വീട്ടിലെ അന്തരീക്ഷവും, മാതാപിതാക്കളുടെ മാതൃകയുമാണ്. ഈ പരാമർശം കേട്ട് നല്ല മാതൃകയാവാൻ കഴിയാതെ പോയ മാതാപിതാക്കൾ വിഷമിക്കേണ്ട. ജീവിതം ആസ്വദിക്കാൻ നിങ്ങൾക്ക് ഇനിയും അവസരമുണ്ട്.

മക്കളുടെ കല്യാണം നടന്നില്ലെങ്കിലും, അവരു സ്വന്തം കാലിൽ നിൽക്കാറായില്ലേ? ഇനി നിങ്ങൾ അപ്പനും അമ്മയും കൂടി നിങ്ങളുടെ ജീവിതം ഒന്ന് ആസ്വദിച്ച് കാണിക്കൂ. നിങ്ങളുടെ ഇണയോടുള്ള ആത്മബന്ധം എത്ര തീക്ഷ്ണമാണെന്നും, എത്ര ഊഷ്മളമാണെന്നും നിങ്ങളുടെ മക്കൾ മനസ്സിലാക്കട്ടെ. വൈകിയാണെങ്കിലും മാതൃകാദമ്പതികളായി ജീവിതം ആസ്വദിക്കാൻ നിങ്ങൾക്കായെങ്കിൽ മാത്രം മതി, ഇനി മക്കളോട് കല്യാണക്കാര്യം സംസാരിക്കുന്നത്. അതും നിർബന്ധിക്കലല്ല, വല്ലപ്പോഴും ഓരോ പ്രൊപ്പോസൽ ചൂണ്ടിക്കാണിച്ച് ഇവരോട് എന്താ മറുപടി കൊടുക്കേണ്ടത് എന്നൊക്കെ സംസാരിച്ചാൽ മതി.

പ്രിയ മാതാപിതാക്കളേ മക്കളുടെ വിവാഹം വൈകുന്നത് നിങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ, അതിനു മക്കളെ നർബന്ധിക്കാനല്ല നിങ്ങൾ ശ്രമിക്കേണ്ടത്. പകരം നിങ്ങൾ രണ്ടു പേരുടെയും ജീവിത രീതി ആകെ മാറ്റുകയാണ് വേണ്ടത്. മക്കളെ കെട്ടിക്കാനുള്ള നിങ്ങളുടെ പരാക്രമം അവസാനിപ്പിക്കണം. എന്നിട്ടു മക്കളോട്, “നിങ്ങൾക്ക് നേരവും കാലവും സൌകര്യങ്ങളും ശരിയാകുമ്പോൾ വിവാഹം ചെയ്തോളൂ, ഞങ്ങൾ കൂടെയുണ്ടാവും” എന്നു പറഞ്ഞ്, നിങ്ങൾ രണ്ടാളും കൂടി നിങ്ങളുടെ ജീവിതം ആസ്വദിക്കാനുള്ള പ്ളാനും പ്രവർത്തികളുമായി സന്തോഷിച്ച്, തമ്പുരാനെ ആശ്രയിച്ചു ജീവിക്കാൻ തുടങ്ങുക.

നിങ്ങളുടെ സന്തോഷം മക്കളുടെ ജീവിതത്തെയും ഗുണകരമായി സ്വാധീനിക്കും, തീർച്ച.

“Yes, you should start your second innings – NOW.”

വിവാഹം വൈകിപ്പിക്കുന്ന മറ്റു ഘടകങ്ങളും, അതു കൈകാര്യം ചെയ്യാനുള്ള സൂത്രങ്ങളും അടുത്ത ലക്കത്തിൽ.

സസ്നേഹം ജോർജ്ജ് കാടൻകാവിൽ.

What is Profile ID?
CHAT WITH US !
+91 9747493248