Back to articles

വിവാഹാഘോഷം ഒരു മത്സരമാക്കുമ്പോൾ ? ! . . .

December 06, 2023

എന്റെ മകളോടു സാറൊന്നു സംസാരിക്കണം, എന്നാവശ്യപ്പെട്ടു ഒരു പഴയകാല സുഹൃത്ത് അദ്ദേഹത്തിന്റെ മകളെയും കൂട്ടി എന്നെ കാണാൻ വന്നു.

അവളുടെ ഒപ്പം സ്കൂളിലും കോളേജിലും ഒന്നിച്ചു പഠിച്ചു വളർന്ന ഒരു കൂട്ടുകാരിയുടെ കല്യാണം അതിഗംഭീരമായി നടന്നു, ഭർത്താവിന്റെ വീട്ടുകാർക്ക് ഈ കല്യാണം നടത്തിയ വകയിൽ ഒരുകോടി രൂപയിലധികം കടം വന്നു അത്രെ. ഭർത്താവിന്റെ അപ്പച്ചന്റെ വക രണ്ടേക്കർ സ്ഥലം വിൽക്കാനിട്ടിരുന്നത് കണക്കാക്കിയാണ് ഇത്രയും ചിലവഴിച്ചത്. പക്ഷേ ഉദ്ദേശിച്ച വിലയ്ക്ക് ആ സ്ഥലം വാങ്ങാൻ ആരും വരുന്നില്ല. സാമ്പത്തിക ബാദ്ധ്യത പുറത്ത് അറിയാതിരിക്കാനായിരിക്കണം, വലിയ ഷോഓഫും ജാടകാണിക്കലും ആണ് ആ വിട്ടിലുള്ളവർക്ക്. അതിന്റെ കുത്തു വാക്കുകളും സമ്മർദ്ദവുമായി പൊരുത്തപ്പെട്ടു പോകാൻ അവൾക്കു ഒരു വിധത്തിലും സാധിക്കാതെ വന്നു.

വീട്ടുകാരെയും നാട്ടുകാരെയും സഹപ്രവർത്തകരെയും എല്ലാം വിളിച്ചുവരുത്തി, ഇത്ര വല്യ കല്യാണം നടത്തി പൊങ്ങച്ചം കാണിച്ചിട്ട് ഇനി ഇതൊട്ട് ഒഴിയാനും പറ്റുന്നില്ലല്ലോ എന്നൊക്കെ ടെൻഷനടിച്ച് ഒരു വർഷം കൊണ്ട് ഈ കൂട്ടുകാരി മാനസികരോഗിയായി അത്രെ.

എന്റെ അങ്കിളേ, എനിക്കിപ്പോൾ ഏതെങ്കിലും വിവാഹാഘോഷം കാണുമ്പോൾ തന്നെ പേടിയാകുന്നു. ഇങ്ങിനെ ജാടയും പൊങ്ങച്ചവും കാണിക്കാതെ സിമ്പിളായിട്ട് കല്യാണം നടത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ അങ്കിൾ. . .

മോളേ, സ്വന്തംകുടുംബം എന്ന പുതിയ ഒരു പാർട്നർഷിപ് സ്ഥാപനമാണ് വിവാഹം വഴി നിങ്ങളാരംഭിക്കുന്നത്. അതിലെ പാർട്നർമാരാണ് നവദമ്പതികൾ. ആ സ്ഥാപനത്തിൽ ഉത്തരവാദിത്വത്തോടെ നിങ്ങൾ നടത്തുന്ന മാന്യവും സത്യസന്ധവുമായ ഇടപാടുകൾ ആണ് നിങ്ങളുടെ സ്ഥാപനത്തിന്റെ വിശ്വാസ്യതയും, ഭാവിയും നിർണ്ണയിക്കുന്നത്.

ഇങ്ങനെയൊരു സ്ഥാപനത്തിന്റെ ഉദ്ഘാടനമാണ് വിവാഹ ആഘോഷം. അത് കേമമായിട്ടു നടത്തിയാലും സിമ്പിളായിട്ടു നടത്തിയാലും, നിയമപരമാണെങ്കിൽ, സ്ഥാപനം ഔദ്യോഗികമായി നിലവിൽ വരും.

പക്ഷേ ആരോടെങ്കിലും മത്സരിച്ചു അവരെ തോല്പിക്കണമെന്നോ, വെല്ലുവിളിക്കണം എന്നോ മറ്റോ എന്തെങ്കിലും ഗൂഡലക്ഷ്യം ഉള്ളിലുണ്ടെങ്കിൽ, ആഘോഷം എങ്ങിനെ നടത്തിയാലും കുഴപ്പങ്ങൾ ഉറവെടുക്കും.

നവദമ്പതികളുടെ ഹൃദയങ്ങൾ തമ്മിൽ ഐക്യമുണ്ടാകുവാനും, അവരുടെ പുതിയ കുടുംബത്തിന് വേണ്ടപ്പെട്ടവരുടെ പ്രാർത്ഥനയും, അനുഗ്രഹവും, സഹകരണവും ലഭിക്കുവാനും വേണ്ടിയാണ് ബന്ധുമിത്രാദികളെ വിളിച്ചു വരുത്തി സൽക്കരിക്കുന്നത്.

വിഭവങ്ങളുടെ സമൃദ്ധി അതിഥികളെ സന്തോഷിപ്പിക്കും, എന്നാൽ നിങ്ങളുടെ ഹൃദ്യമായ പെരുമാറ്റം അവരെ അതിൽ കൂടുതൽ സന്തോഷിപ്പിക്കും. പക്ഷേ, ഇക്കാലത്ത് മിക്കപ്പോഴും ആൾക്കൂട്ടം മൂലം അതിഥികളിൽ ബഹുഭൂരിപക്ഷത്തെയും നവദമ്പതികൾക്കു കാണാൻ പോലും കഴിയാറില്ലല്ലോ.

ഇഷ്ടവിഭവങ്ങളുടെ നീണ്ടനിര കാണുമ്പോൾ അതെല്ലാം ആസ്വദിക്കാൻ പറ്റിയില്ലല്ലോ, വയറു നിറഞ്ഞുപോയല്ലോ, എന്ന ഇച്ഛാഭംഗമായിരിക്കും, ഭൂരിപക്ഷം അതിഥികൾക്കും തോന്നുക. മിച്ചം വന്ന ഭക്ഷണം കളയുന്നതു കൂടി കാണാനിടയാകുമ്പോൾ, കടുത്ത മനോവിഷമമാണ് അതു സൃഷ്ടിക്കുക. വെളുക്കാൻ തേച്ചത് പാണ്ടാകും.

എത്ര കേമമായി നടത്തിയാലും പൊങ്ങച്ച സ്വഭാവമുള്ളവർ അതും കഴിച്ച് എന്തെങ്കിലും പോരായ്മയും കണ്ടു പിടിച്ച് വിമർശിച്ചു കൊള്ളും. എത്ര ലളിതമായി നടത്തിയാലും വിമർശനക്കാരുടെ മനസ്സും കുറ്റംപറച്ചിലും മാറില്ല.

പക്ഷേ, നിങ്ങളോട് ആത്മാർത്ഥതയുള്ളവർ അവരുടെ മനസ്സു നിറഞ്ഞ് നിങ്ങളെ അനുഗ്രഹിക്കും, അനുമോദിക്കും. ഇതിൽ ഏതാണ് നിങ്ങൾക്കു വിലപ്പെട്ടത് എന്നും ചിന്തിക്കണം.

വിവാഹം ഒരു ആഘോഷമാക്കുന്നത് നാട്ടുനടപ്പാണ്. ഒരുപാടു മനുഷ്യരുടെ ഉപജീവനമാർഗ്ഗം കൂടിയാണ് വിവാഹാഘോഷങ്ങൾ എന്നത് മറക്കേണ്ട. ഇതിനെ ആശ്രയിച്ചു നിലകൊള്ളുന്ന ചെറുതും വലുതുമായ നിരവധി ബിസിനസ്സുകളുണ്ട്. വിവാഹം വലിയ ആഘോഷമാക്കാൻ പ്രോത്സാഹിപ്പിക്കുന്ന ധാരാളം പരസ്യങ്ങൾ നമുക്കു ചുറ്റും എവിടെയും കാണാമല്ലോ. പരസ്യങ്ങളിൽ കാണുന്നതെല്ലാം എല്ലാവരും ചെയ്യാറില്ലല്ലോ, അവനവന് ആവശ്യമുള്ളത്, അവനവന് താങ്ങാവുന്ന വിധത്തിൽ ചെയ്യുക എന്നതാണ് എന്റെ പക്ഷം.

അതു കൊണ്ട് മോളേ, നിനക്കും നിന്റെ കുടുംബത്തിനും താങ്ങാവുന്ന വിധത്തിൽ നിന്റെ വിവാഹം ആഘോഷിച്ചാൽ മതി.

ആഘോഷം ലളിതമായി പോയതു കൊണ്ട് അനർത്ഥം ഒന്നും സംഭവിക്കില്ല എന്നതിന് എന്റെ വിവാഹം ഒരു തെളിവാണ്.

ഞാൻ എയർഫോഴ്സ് സ്റ്റേഷൻ ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന കാലത്താണ് ആർമി നേഴ്സ് ആയ ഗൌരിയെ പരിചയപ്പെടുന്നതും, വിവാഹം കഴിക്കാൻ തീരുമാനിച്ചതും. രണ്ടുപേരുടെയും ജോലിയുടെ പരിമിതികൾ മൂലം നാട്ടിൽ വന്ന് വിവാഹം നടത്തുന്നത് പ്രായോഗികമല്ലാതെ വന്നു. ക്യാമ്പിനടുത്തുള്ള പള്ളിയിലെ അച്ചനെക്കണ്ടു ഞങ്ങളുടെ സാഹചര്യവും പരിമിതികളും വിശദീകരിച്ചു, വളരെ ലളിതമായി എന്റെ വിവാഹം നടക്കാൻ വേണ്ടത് ചെയ്തു തരണം എന്ന് അപേക്ഷിച്ചു. അദ്ദേഹം ആവശ്യമായ നടപടികളെല്ലാം ലളിതമാക്കി, വിവാഹത്തിനു 1986 ഫെബ്രുവരി 26 എന്ന് ഒരു തിയതി നിശ്ചയിച്ചു തന്നു.

എയർഫോഴ്സ് മെസ്സിൽ നിന്നും നൂറു ചായയും നൂറു സമൂസയും മതി വിവാഹ വിരുന്നിന് എന്നായിരുന്നു എന്റെ പ്ളാൻ, അതിനു വേണ്ടി വിവാഹ സമയം വൈകിട്ട് 4 മണിയാക്കി. പക്ഷേ ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ ഗൌരിയുടെ സഹോദരൻ പറഞ്ഞു, അദ്ദേഹം അടുത്തുള്ള പല വീടുകളിലെയും വിവാഹ സദ്യയ്ക്കു പോയിട്ടുള്ളതാണ്, അവർക്കൊക്കെ ഒരു ഊണു കൊടുത്തില്ലെങ്കിൽ അദ്ദേഹത്തിന് വിഷമമാകും എന്ന്. അതുകൊണ്ട്, അദ്ദേഹത്തിന്റെ വീടിന്റെ ടെറസ്സിൽ ഷാമിയാന പന്തൽ കെട്ടി, നൂറു പേർക്ക് അത്താഴം വിളമ്പി ഞങ്ങളുടെ വിവാഹ സദ്യ കഴിച്ചു.

പട്ടാളക്കാർക്കു ഏതെങ്കിലും മാസത്തിന്റെ അവസാനം രണ്ടു മാസത്തെ ലീവെടുത്താൽ മൂന്നു മാസത്തെ ശമ്പളം ഒന്നിച്ചു കയ്യിൽ കിട്ടും. ഞങ്ങൾ രണ്ടാൾക്കും അങ്ങിനെ കിട്ടിയ ശമ്പള അഡ്വാൻസു കൊണ്ട് ഞങ്ങളുടെ കല്യാണം നടന്നു. സദ്യ അളിയന്റെ വക.

ആ അളിയനും ഞാനും പിന്നീട് വർഷങ്ങൾക്കു ശേഷം നാട്ടിൽ വന്നു അടുത്തടുത്ത് വീടുകൾ വെച്ച് താമസിച്ചു വരുന്നു.

പറഞ്ഞു വരുന്നത് ഇതാണ്, നമ്മുടെ ആവശ്യം നടത്താൻ നമുക്ക് താങ്ങാവുന്ന മാർഗ്ഗങ്ങൾ തിരഞ്ഞെടുത്ത് പ്രവർത്തിച്ചാൽ ആവശ്യങ്ങൾ നടന്നു കിട്ടും. മിഥ്യാഭിമാനം കാണിക്കാൻ ശ്രമിക്കുമ്പോഴാണ് അസ്വസ്ഥത ഉണ്ടാകുന്നത്. അവനവന്റെ ബോദ്ധ്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവണം. സർവ്വോപരി, നിന്നെ മനസ്സിലാകുന്ന ഒരു പങ്കാളിയെ ലഭിച്ചെങ്കിൽ മതി നിന്റെ വിവാഹം എന്നു നീ മനസ്സിൽ ഉറപ്പിക്കുക. അതിനു വേണ്ടി നീ ഉത്സാഹത്തോടെ പരിശ്രമിച്ചുകൊണ്ടുമിരിക്കുക.

ഉത്സാഹം എന്നത് പ്രത്യേകം ശ്രദ്ധിക്കണം, പ്രസരിപ്പും, ഉത്സാഹവും, ഉണ്ടെങ്കിലേ മറ്റൊരാൾക്ക് നിങ്ങളോട് ആകർഷണം തോന്നുകയുള്ളു. കടുംപിടുത്തങ്ങൾ ഒഴിവാക്കി, ഉചിതവും പ്രായോഗികവുമായ തീരുമാനങ്ങളെടുക്കാനും, അത് നടപ്പിലാക്കാനും ഉത്സാഹമുള്ളവർക്ക് അനായാസം സാധിക്കും.

കല്യാണം നടന്നാലും ഇല്ലെങ്കിലും, നിങ്ങളുടെ പ്രസരിപ്പും ഉത്സാഹവും കൈമോശം വരുത്തരുത്.

കുടുംബം എന്ന സ്ഥാപനത്തിലെ Ownerഉം, Client ഉം, Product ഉം, നിങ്ങളും മക്കളുമാണ്. ദൈനംദിന ജീവിതത്തിലെ പരസ്പരമുള്ള ഇടപെടലുകളിൽ നിന്നു ലഭിക്കുന്ന ചെറുതും വലുതുമായ സന്തോഷങ്ങളാണ് സ്ഥാപനത്തിന്റെ ലാഭം. സംഭവിക്കുന്ന നീരസങ്ങളും, നിരാശകളും, അസ്വസ്ഥതകളുമാണ് സ്ഥാപനത്തിന്റെ നഷ്ടം. നിങ്ങളുടെ സ്ഥാപനം നഷ്ടങ്ങൾ കുറച്ച്, ലാഭത്തിൽ നടത്തിക്കൊണ്ടു പോകാൻ അദ്ധ്വാനം മാത്രം പോരാ, ദൈവാനുഗ്രഹവും കൂടിയേ തീരൂ എന്നു ഒരിക്കലും മറക്കരുത്.

. . .

പ്രിയപ്പെട്ടവരേ, മക്കളുടെ കല്യാണം കേമമായിട്ടു നടത്തണം എന്നത് ഒട്ടുമിക്ക മാതാപിതാക്കളുടെയും ഒരു മോഹന സ്വപ്നമാണ്. പലരും അത് മക്കളോട് പലവട്ടം പലവിധത്തിൽ ആവർത്തിച്ചു പറഞ്ഞിട്ടും ഉണ്ടാകും.

നിന്റെ കല്യാണം ഞാൻ അടിപൊളിയായി നടത്തും

ഇനി ഈ വീട്ടിൽ വേറേ കല്യാണം ഇല്ലല്ലോ, അതു കൊണ്ട് ഈ കല്യാണം ഒരു ഭയങ്കര സംഭവം തന്നെ ആക്കണം.

ഭയങ്കരം എന്ന വാക്കിന്റെ അർത്ഥം, ഭയം ഉളവാക്കുന്നത് എന്നാണെന്നതു പോലും ശ്രദ്ധിക്കാതെയാണ്, പലരും ആഘോഷം ഭയങ്കരം ആക്കാൻ വെമ്പൽ കൊള്ളുന്നത്.

അങ്ങേ വീട്ടിലെ കല്യാണത്തിന്റെ പത്രാസു കാരണം എന്തൊരു ഗമയാണവരു കാണിക്കുന്നത്, അതു പൊളിയ്ക്കണമെങ്കിൽ നമ്മുടെ വീട്ടിലെ കല്യാണം, അതിനേക്കാൾ ഭയങ്കര സംഭവം ആക്കണം

ഇങ്ങിനെ ഓരോരോ വാശികളുടെ പേരിൽ, ഓരോരുത്തരു കാട്ടികൂട്ടുന്ന ഭയങ്കര വിവാഹാഘോഷങ്ങൾ കണ്ടു ഭയപ്പെട്ട് കല്യാണമേ വേണ്ട എന്നു ചിന്തിക്കുന്ന ധാരാളം യുവതീ യുവാക്കൾ ഇക്കാലത്തുണ്ട്.

പത്താംക്ളാസ്സുകാരുടെ പരീക്ഷാപ്പേടി കൈകാര്യം ചെയ്യുന്നപോലെ, ഈ വിവാഹപ്പേടിയും ഇനി മാതാപിതാക്കൾ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

സത്യത്തിൽ പരാജയഭീതി ശരിക്കുള്ള പരാജയത്തേക്കാൾ ഭയങ്കരമാണ്.വലിയ ആഘോഷം പ്ളാൻ ചെയ്തിട്ട്, ആഘോഷം പരാജയപ്പെടുമോ എന്ന ഭയപ്പാടിൽ, വിവാഹം തന്നെ പരാജയപ്പെടാൻ ഇടയാക്കുന്ന പെരുമാറ്റം ചിലപ്പോഴെങ്കിലും സംഭവിക്കാറില്ലേ?

Fear offailure is worse than the failure.

Fear of failure could eventually lead to Actual Failure.

What is Profile ID?
CHAT WITH US !
+91 9747493248