ഭാര്യയുടെ ലോജിക്കിന്റെ സ്വിച്ച് എപ്പോഴും ഓഫാണ്, എന്തുകാര്യം സംസാരിച്ചാലും അത് തർക്കത്തിലും വഴക്കിലുമാണ് അവസാനിക്കുക. എന്തെങ്കിലും ചെയ്യുമ്പോൾ, അത് ബുദ്ധിപൂർവ്വം ആലോചിച്ചു ചെയ്യണം എന്നു ഞാൻ പറഞ്ഞാൽ, എനിക്കിത്തിരി ബുദ്ധി കുറവാ, നിങ്ങളുതന്നെ ബുദ്ധിപൂർവ്വം ചെയ്തോളൂ എന്നാണ് ഭാര്യയുടെ പ്രതികരണം.
അത്യാധുനിക വീട്ടുപകരണങ്ങൾ എല്ലാമുണ്ട്. ഇപ്പോൾ അതൊന്നും അവൾ തൊടില്ലെന്നു കട്ടായം പിടിച്ചിരിക്കുകയാണ്. എത്ര പ്രാവശ്യം ഞാൻ പഠിപ്പിച്ചു കൊടുത്തിട്ടുണ്ടെന്നോ? ഇതെക്കുറിച്ച് വാശി പിടിച്ച് ഇപ്പോൾ പരസ്പരം മിണ്ടിയാൽ പൊട്ടിത്തെറി ആകുന്നു. ഏതെങ്കിലും മനശാസ്ത്രജ്ഞനെ കാണിക്കണമെന്നുണ്ട്, സാറിന് ആരെയെങ്കിലും റെക്കമെന്റു ചെയ്യാമോ? എന്നു ചോദിക്കാനാണ് ഒരു ഭർത്താവ് വിളിച്ചിരിക്കുന്നത്.
ഇദ്ദേഹം എം. ടെക് എൻജിനീയറാണ്. ഒരു പ്രമുഖ സോഫ്റ്റ് വെയർ കമ്പനിയിൽ പ്രോജക്ട് തലവനായി ജോലി ചെയ്യുന്നു. സഹപ്രവർത്തകർ ജോലിയിൽ വീഴ്ച വരുത്തുന്നത് മിക്കപ്പോഴും അവരുടെ വീട്ടിലെ തർക്കങ്ങൾ മൂലം ആണെന്ന് ഇദ്ദേഹം മനസ്സിലാക്കി. തർക്കങ്ങൾ മുഖ്യമായും, വീട്, കാറ്, മറ്റ് വിലപിടിപ്പുള്ള വീട്ടു സാധനങ്ങൾ ഇവ, ഏത്? എപ്പോൾ? എങ്ങിനെ? സ്വന്തമാക്കണം എന്നതിനെക്കുറിച്ച് ആയിരുന്നു എന്നും മനസ്സിലാക്കി, ഇദ്ദേഹം ഒരു തീരുമാനം എടുത്തു. സ്വന്തം വീടും, കാറും, എല്ലാ ആധുനിക വീട്ടു സാമഗ്രികളും സ്വന്തമാക്കിയ ശേഷം മാത്രമേ വിവാഹം ചെയ്യു എന്ന്.
അങ്ങിനെ, ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള സ്ഥാവര ജംഗമങ്ങൾ എല്ലാം സ്വന്തമാക്കി, ഇനി വിവാഹം ആലോചിക്കാം എന്ന് വീട്ടിൽ സമ്മതിച്ചു. ജോലിക്ക് സമയസ്ഥിരത ഉള്ള പെണ്ണുമതി എന്ന ഒറ്റ നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളു. സ്വന്തം ജോലി സ്ഥലത്തിനടുത്ത് ജോലി കിട്ടാൻ തക്ക വിദ്യാഭ്യാസം ഉള്ള ഒരു പെണ്ണിനെ കെട്ടി, അടുത്തുള്ള ഒരു സ്കൂളിൽ ടീച്ചർ ആയി ജോലിയും തരപ്പെടുത്തി കൊടുത്തു.
ജോലി സ്ഥലത്ത് പങ്കാളിയും ഒരുമിച്ചുള്ള താമസം തുടങ്ങിയപ്പോൾ എന്നും കളിയും ചിരിയും ഒക്കെ ആയിരുന്നു. പക്ഷേ ഭർത്താവ് ജോലിക്കു പോയി തുടങ്ങിയപ്പോൾ മുതൽ എന്നും ഓരോരോ സാങ്കേതിക തടസ്സങ്ങളായി. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിലെ അപാകതകൾ അത്താഴം മുടക്കാൻ വരെ തുടങ്ങി. ഭാര്യയും ജോലിക്കു പോയി തുടങ്ങിയതോടെ, എന്നും പ്രശ്നങ്ങളായി. ഒടുവിൽ ഭാര്യ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇദ്ദേഹം എത്ര പരിശ്രമിച്ചിട്ടും ഭാര്യ ഉടക്കിൽ തന്നെയാണ്. ഒരു കൌൺസിലിംഗിന് കൊണ്ടു പോകാനാണ് മനശാസ്ത്രജ്ഞനെ അന്വേഷിക്കുന്നത്.
മോനേ, അവളെന്നെ വിളിക്കുമെങ്കിൽ, ഞാനവളോടു സംസാരിച്ചു നോക്കാം. അവളുടെ ഭാഗം കൂടി കേൾക്കാതെ ഒരു പരിഹാരം നിർദ്ദേശിക്കാൻ സാധിക്കില്ല. പക്ഷേ എന്നെ വിളിക്കണമെന്ന് നിങ്ങൾ പറഞ്ഞാൽ അവൾ തർക്കം കൂടാതെ അനുസരിക്കുമോ?
എനിക്കറിയില്ല അങ്കിൾ, ഞാൻ ശ്രമിച്ചു നോക്കാം.
തർക്കം ഒഴിവാക്കി, നിങ്ങൾക്ക് പരസ്പരം സംസാരിക്കാൻ സഹായിച്ചേക്കാവുന്ന ഒരു കഥ ഞാൻ പറയാം. ഒരു എം. ടെക് എൻജിനീയറുടെ കഥയാണ്, എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് മനപ്പൂർവ്വം ആണ്. എന്നോട് പിണക്കം തോന്നുമോ?
ഇല്ല, അങ്കിൾ പറഞ്ഞോളൂ;
എല്ലാ പരീക്ഷകളിലും റാങ്ക് നേടി എം. ടെക് പാസ്സായ ഒരു കംപ്യൂട്ടർ എൻജിനിയർ, ജോലി തേടി ഇന്റർവ്യൂവിന് ചെന്നത്, സിലിക്കോൺ വാലിയിലെ ഒരു സി.ഇ.ഒ സിംഹത്തിന്റെ മുന്നിലാണ്. സിംഹം പറഞ്ഞു, ഈ ജോലിക്ക് നല്ല യുക്തിയും, വകതിരിവും (Logic and Common sense) വേണം. അതുണ്ടോ നിങ്ങൾക്ക്?
തീർച്ചയായും, ഞാൻ ഒരു എം.ടെക് റാങ്ക് ഹോൾഡർ ആണ് സാർ, എന്റെ ലോജിക് താങ്കൾക്ക് പരീക്ഷിച്ചു നോക്കാം.
സിംഹം രണ്ട് വിരൽ നിവർത്തി കാണിച്ചു കൊണ്ട് പറഞ്ഞു, രണ്ടുപേർ ഒരു ചിമ്മിനി വഴി ഇറങ്ങി വരുന്നു, ഒരാളുടെ മുഖത്ത് കരിപുരണ്ടിരിക്കുന്നു, മറ്റെയാളുടെ മുഖം വൃത്തി ആയിട്ടിരിക്കുന്നു. ഇതിലാരാണ് മുഖം കഴുകുക?
റാങ്ക് ഹോൾഡർ പറഞ്ഞു, സിംപിൾ ലോജിക്, മുഖത്ത് കരിപുരണ്ടിരിക്കുന്ന ആൾ മുഖം കഴുകും.
സി.ഇ.ഒ പറഞ്ഞു, ക്ലീൻ മുഖമുള്ള ആൾ മുഖം കഴുകും, കാരണം, ക്ലീൻ മുഖമുള്ള ആൾ മറ്റേ ആളുടെ മുഖത്ത് കരി പുരണ്ടിരിക്കുന്നത് കണ്ട്, തന്റെ മുഖത്തും കരിയുണ്ട് എന്നു കരുതി, സ്വന്തം മുഖം കഴുകും.
ഇങ്ങിനെയും ഒരു വശമുണ്ടായിരുന്നു എന്ന് ഞാൻ ചിന്തിച്ചില്ല. ഒരു ചാൻസ് കൂടി തരുമോ സർ?
സി.ഇ.ഒ ശരി എന്നു പറഞ്ഞു കൊണ്ട് രണ്ട് വിരൽ നിവർത്തി അതേ ചോദ്യം ആവർത്തിച്ചു.
റാങ്കർ പറഞ്ഞു, ഇത് നമ്മൾ തീരുമാനിച്ചതാണല്ലോ, ക്ലീൻ മുഖമുള്ള ആൾ!
സി.ഇ.ഒ പറഞ്ഞു, തെറ്റ്, രണ്ടു പേരും മുഖം കഴുകും. കാരണം, ക്ലീൻ മുഖമുള്ള ആൾ മുഖം കഴുകുന്നത് കാണുമ്പോൾ കരിപുരണ്ട ആളും മുഖം കഴുകും.
റാങ്കർക്ക് കാറ്റ് പോയി, ഇത് ഇത്ര സങ്കീർണ്ണമാണെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഒരു ചാൻസ് കൂടി തരുമോ സർ?
സി.ഇ.ഒ ശരി എന്നു പറഞ്ഞ്, രണ്ട് വിരൽ നിവർത്തി അതേ ചോദ്യം ആവർത്തിച്ചു.
റാങ്കർ പറഞ്ഞു, രണ്ടാളും മുഖം കഴുകും, എനിക്ക് അങ്ങയുടെ ലോജിക്ക് മനസ്സിലായി.
സി.ഇ.ഒ പറഞ്ഞു, തെറ്റ്, രണ്ടു പേരും മുഖം കഴുകില്ല. യുക്തിപൂർവ്വം ചിന്തിക്കൂ, കരിപുരണ്ട മുഖമുള്ള ആൾ മറ്റേ ആളിനെ നോക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും കാണുന്നില്ല, അതുകൊണ്ട് മുഖം കഴുകാൻ ആലോചിക്കുക പോലുമില്ല. പക്ഷേ, ക്ലീൻ മുഖമുള്ള ആൾ നോക്കുമ്പോൾ മറ്റേ ആളുടെ മുഖത്ത് കരി പുരണ്ടിട്ടും അയാൾ മുഖം കഴുകുന്നില്ലല്ലോ എന്നു ചിന്തിച്ച് സ്വന്തം മുഖവും കഴുകാൻ പോകില്ല.
റാങ്കർക്ക് കരച്ചിൽ വരാൻ തുടങ്ങി, അയാൾ അപേക്ഷിച്ചു, സർ, ഞാൻ ഇത്രയും പരീക്ഷകളെല്ലാം റാങ്കോടെ പാസ്സായ ആളാണ്, ഒരു ചാൻസ് കൂടി തരുമോ സാർ?
ഒ.കെ എന്നു പറഞ്ഞ് സി.ഇ.ഒ പിന്നെയും രണ്ട് വിരൽ നിവർത്തി അതേ ചോദ്യം ആവർത്തിച്ചു.
റാങ്കർ പറഞ്ഞു, ഞാൻ പഠിച്ചു സാർ, രണ്ടാളും മുഖം കഴുകില്ല...
ഒരു ഭാവമാറ്റവും ഇല്ലാതെ സി.ഇ.ഒ പറഞ്ഞു, തെറ്റ്, ഒരേ ചിമ്മിനി വഴി ഇറങ്ങി വന്ന രണ്ടു പേരിൽ ഒരാളുടെ മാത്രം മുഖത്ത് എങ്ങിനെ കരി പുരളും? ആ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എന്തോ പ്രശ്നമില്ലേ?
റാങ്കർ ആവിയായി പുകയായ് പ്ലിംഗ് എന്നായി.
ഞാൻ ഒരു ട്രെയിനിംഗിൽ പങ്കെടുത്തപ്പോൾ കേട്ടതാണ് ഈ കഥ. മുഖം കഴുകുന്നത് ആര് എന്ന് ചോദ്യത്തിനാണ് ഉത്തരം തേടുന്നത്. ആ വ്യഗ്രതയിൽ പശ്ചാത്തലം മറക്കുന്നു എന്നാണ് ഈ കഥ കാണിച്ചു തരുന്നത്.
പശ്ചാത്തലത്തിന് എന്തായിരുന്നു പ്രശ്നം? രണ്ടു പേരും തമ്മിൽ ഡയലോഗ് അഥവാ ധാരണ ഇല്ലാതെ പെരുമാറുന്നു എന്നത് തന്നെ പ്രധാന പ്രശ്നം. സഹപ്രവർത്തകരുടെ വീട്ടിലെ തർക്കം, പൊരുത്തപ്പെടൽ എന്ന പ്രോസസ്സിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാതെ, ആ പ്രോസസ്സ് പാടെ ഒഴിവാക്കുകയല്ലേ നിങ്ങൾ ചെയ്തത്?
ഭാര്യയുടെ താല്പര്യം, അഭിരുചി, സൌകര്യം ഇവ ചോദിച്ചു മനസ്സിലാക്കാനോ, വേണ്ടത് തിരഞ്ഞെടുക്കാനോ അവസരം കൊടുക്കാതെ, ലോജിക് വെച്ച് ഊഹിച്ചെടുത്ത എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ട്, ഒരു ഭാര്യയെ കൊണ്ടു വന്ന് വീട്ടിൽ ഇൻസ്റ്റാൾ ചെയ്തു. ഇവിടെ പങ്കാളിക്ക് എന്തു പങ്കാളിത്തം?.
എന്റെ മുഖം വൃത്തിയാണല്ലോ, പിന്നെങ്ങിനാ നിന്റെ മുഖത്ത് കരിപുരണ്ടത് എന്ന രീതിയിൽ ചോദ്യം ചെയ്യാതെ, നിന്റെ മുഖത്ത് കരി പറ്റിയാൽ ഞാൻ അത് കഴുകി തരും, എത്ര പ്രാവശ്യം വേണമെങ്കിലും, എന്ന് ചിന്തിക്കാൻ കഴിയുന്നതാണ് നല്ല ദാമ്പത്യത്തിനു വേണ്ട മനോഭാവം. ലോജിക് അല്ല, നിബന്ധനകളില്ലാത്ത പരിഗണന (Unconditional Consideration) മാത്രമേ കുടുംബ ജീവിതത്തിൽ എപ്പോഴും വിജയിക്കൂ.
നിബന്ധനകൾ ഒന്നുമില്ലാതെ, നിങ്ങളുടെ ഭാര്യക്ക് പറയാനുള്ളത് കേൾക്കുക. അവൾക്ക് തൃപ്തിയുള്ള കാര്യങ്ങൾ അവളുടേതായ രീതിയിൽ ചെയ്യാൻ അനുവദിക്കുക. ക്രമേണ അവൾ നിങ്ങളെയും കേൾക്കാൻ തയ്യാറായേക്കും. അവൾ എന്നെ വിളിക്കുമെങ്കിൽ, ഞാൻ സംസാരിക്കാം. കുറച്ച് കാര്യങ്ങൾ അവളോടും എനിക്ക് പറയാനുണ്ട്.
Unlike machine programming, Allow Undefined Variables and Unconditional Considerations in your family Life.
George Kadankavil - September 2023