ബെത് ലെഹം ശില്പശാലയുടെ കണ്ടെത്തലുകളും ചില പ്രതിവിധികളും!
വിവാഹത്തിന് ഒരു വധുവിനെ ലഭിക്കാത്തതിനാല്‍ പ്രായമേറെ കടന്നിട്ടും, വിവാഹം നടക്കാതെ, പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാര്‍, നമ്മുടെ കുടുംബങ്ങളില്‍ ഇന്ന് അനവധിയാണ്. 2023 ഫെബ്രുവരി മാസത്തില്‍ മാത്രം ഇതേക്കുറിച്ച്, ഒരായിരത്തോളം അമ്മമാരുടെ സങ്കടം പറച്ചില്‍ കേള്‍ക്കാന്‍ എനിക്കിടയായി.
ബെത് ലെഹം പുറത്തിറക്കിയ, കല്യാണപ്രായം എന്ന ഓഡിയോ ബുക്കിന്റെ പരസ്യത്തിനു, അപ്രതീക്ഷിതമായി ലഭിച്ച ഈ വേദനിപ്പിക്കുന്ന പ്രതികരണങ്ങള്‍, ഈ വിഷയത്തില്‍ ഒരു സമൂഹ്യ ഇടപെടലിന് (Social Intervention) എന്നെ പ്രേരിപ്പിച്ചു.
ഫെബ് 12, മാര്‍ച്ച് 5, മാര്‍ച്ച് 11, മാര്‍ച്ച് 28 എന്നീ തിയതികളിലായി ഡിലേയ്ഡ് മാര്യേജ് ശില്പശാലകള്‍ സംഘടിപ്പിച്ച് ഈ പ്രതിസന്ധിയെക്കുറിച്ച് നടത്തിയ ചര്‍ച്ചകളില്‍ നിന്നും, ഒരുപാട് തിരിച്ചറിവുകളും, ചില പരിഹാര മാര്‍ഗ്ഗങ്ങളും കണ്ടെത്താന്‍ ഇടയായി.
പുരുഷന് കരുത്തും (Strength), സ്ത്രീക്ക് ത്രാണിയും (Stamina) ആണ് പ്രകൃതിദത്തമായി ലഭിച്ചിരിക്കുത്. കൂടുതല്‍ ബലം, കുറച്ച് സമയത്തേക്ക് വിനയോഗിക്കാന്‍,പുരുഷന് പ്രാപ്തി കൊടുത്ത പ്രകൃതി, സ്ത്രീയ്ക്ക്, ഉള്ള ബലം, കൂടുതല്‍ സമയത്തേക്ക് വിനിയോഗിക്കാന്‍ പ്രാപ്തി നല്‍കി.
സ്ത്രീ ശാക്തീകരണത്തിന്‍റെ ഫലമായി സ്ത്രീ-പുരുഷ വിവേചനം ഇല്ലാതെ പഠിക്കാനും ജോലിചെയ്യാനും സ്ത്രീകള്‍ക്കും അവസരം ലഭിച്ചതോടെ, പല ജോലി സാഹചര്യങ്ങളിലും പുരുഷനേക്കാള്‍ ഫലപ്രദമായി ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്നത് സ്ത്രീകളാണെന്നും, മടിയും മടുപ്പും ഇല്ലാതെ കൂടുതല്‍ സമയം അദ്ധ്വാനിക്കാനും, ഏറ്റെടുത്ത ദൌത്യം വിടാതെ പിന്തുടരാനും സ്ത്രീക്ക് പുരുഷനേക്കാള്‍ കൂടുതല്‍ നൈപുണ്യം ഉണ്ടെന്നും തൊഴില്‍ ദാതാക്കള്‍ തിരിച്ചറിഞ്ഞു.
കരുത്ത് ആവശ്യമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ യന്ത്രങ്ങളും ഉപകരണങ്ങളും നിലവില്‍ വന്നതോടെ, ഒട്ടു മിക്ക ജോലികളിലും, പുരുഷനു മാത്രമേ ഇതു ചെയ്യാന്‍ കഴിയൂ എന്ന സാഹചര്യവും മാറി. അങ്ങിനെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ അവസരങ്ങളും, ജോലിയില്‍ ഉയര്‍ച്ചയും ലഭിക്കുുന്നു
ഉന്നത വിദ്യാഭ്യാസം നേടുന്നതിലും പുരുഷന്‍മാരേക്കാള്‍ മികവ് പ്രകടിപ്പിക്കുന്നതും ഇന്ന് സ്ത്രീകള്‍ തന്നെയാണ്. വിവാഹം വൈകിപ്പോയ പല പുരുഷന്മാരും ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ ശ്രമിക്കാതെ, എത്രയും വേഗം ഉപജീവന മാര്‍ഗ്ഗം കണ്ടെത്തി, പഠിക്കാന്‍ മിടുക്കരായ, ത്രാണിയുള്ള, തങ്ങളുടെ സഹോദരിമാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനവും അവസരവും ഒരുക്കി കൊടുത്തിട്ടുണ്ട്. പക്ഷേ ഇപ്പോള്‍, വിദ്യാഭ്യാസം കുറവുള്ള ഈ പുരുഷന്മാര്‍ക്ക് വധുവിനെ കണ്ടെത്താനാവുന്നില്ല.
സമൂഹത്തിന്‍റെ ചലനം നിലയ്ക്കാതെ നിലനിര്‍ത്തുന്ന തൊഴിലുകളാണ് കണ്‍സ്ട്രക്ഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഡിസ്ട്രിബ്യൂഷന്‍, റിപ്പയര്‍ ആന്‍ഡ് സര്‍വ്വീസിംഗ്, കാര്‍പ്പെന്ററി, പ്ളംബിംഗ്, ഇലക്ട്രിക്കല്‍, ഫാബ്രിക്കേഷന്‍, അഗ്രിക്കള്‍ച്ചര്‍, ഫുഡ് ഇന്‍ഡസ്ട്രി, റീട്ടെയിലര്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ തൊഴിൽ മേഘലകൾ.
ഈ അവശ്യ സേവനങ്ങളില്ലെങ്കില്‍ നാട് നിശ്ചലമാകും. എന്നിരുന്നാലും, ഈ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്മാര്‍ ഇന്ന്, വിദ്യാഭ്യാസത്തിലെ അന്തരം മൂലം, ഇണയെ കിട്ടാതെ പുരനിറഞ്ഞു നില്‍ക്കുന്നു.
കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം വെച്ചു നോക്കുമ്പോള്‍, 1000 പുരുഷന്മാര്‍ പുര നിറഞ്ഞു നില്‍ക്കു
ണ്ടെങ്കില്‍, 1063 സ്ത്രീകളും പുരനിറഞ്ഞ് നില്‍ക്കുന്നുണ്ടാവണം. അവര്‍ക്ക് പക്ഷേ, സ്വന്തം കാലില്‍ നില്‍ക്കാ
നുള്ള പഠിപ്പും ജോലിയും, നാടു വിട്ട് വിദേശത്തേക്ക് ചേക്കാറാനുള്ള സാദ്ധ്യതയും ഉള്ളതു കൊണ്ടായിരിക്കാം, അവരുടെ അവസ്ഥയെക്കുറിച്ച് മാതാപിതാക്കള്‍ ഏറെ വേവലാതി പ്രകടിപ്പിക്കാത്തത്. പല കുടുംബങ്ങളിലും ആ പെണ്‍കുട്ടികളാണ് വീട് നടത്തുന്നതും.
വിദ്യാഭ്യാസം കുറഞ്ഞു പോയതു കൊണ്ടാണ് ഇണയെ കിട്ടാത്തത് എന്നു വിധിയെ പഴിച്ച്, നിരാശപ്പെടാന്‍ വരട്ടെ, ഉയര്‍ന്ന വിദ്യാഭ്യാസവും മുന്തിയ ജോലിയും ഉള്ള പുരുഷന്മാരും ഇന്ന് പ്രതിസന്ധിയിലാണ്.
തുല്യ വിദ്യാഭ്യാസമുള്ള വധുവിനെ അന്വേഷിച്ചു കണ്ടെത്തുമ്പോള്‍, തന്റെ ജോലി മുടക്കി കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവള്‍ക്കും ധാരാളം നിബന്ധനകളുണ്ട്, അതില്‍ പലതും ആ പുരുഷന് സ്വീകാര്യമായിരിക്കില്ല. തന്മൂലം അവള്‍ക്കും ഒരു വരനെ കണ്ടെത്താനാവുന്നില്ല.
അതെ, ഉന്നതവിദ്യാഭ്യാസമുള്ളവരും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇന്ന് പുര നിറഞ്ഞ് നില്‍ക്കുന്നു.
വിവാഹമേ വേണ്ട എന്നു ചിന്തിച്ചു, തൊഴിലിലെ നേട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിച്ച ചില സ്ത്രീകളും പുരുഷന്‍മാരും, ഉന്നത നേട്ടങ്ങള്‍ കൈവരിച്ച ശേഷം, അതൊന്നു പങ്കു വെയ്ക്കാന്‍ ഒരു പങ്കാളി ഇല്ലല്ലോയെന്ന് വളരെ വിഷമത്തോടെ എന്‍റടുത്ത് പറഞ്ഞിട്ടുണ്ട്. സഹാനുഭൂതിയോടെ അതെല്ലാം കേള്‍ക്കാനിരുന്നു കൊടുത്തു എന്നല്ലാതെ, ഒരു പങ്കാളിയെ കണ്ടെത്താനുള്ള സഹായം ചെയ്തു കൊടുക്കാന്‍ എനിക്കു സാധിച്ചത് വളരെ ചുരുക്കം പേര്‍ക്കു വേണ്ടി മാത്രം.
നമ്മുടെ കാഴ്ച്ചപ്പാടുകള്‍ മാറ്റിയെങ്കില്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കൂ.
കുടുംബം നടത്താന്‍ പുരുഷനും സാധിക്കും എന്നു മാറി ചിന്തിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാനാവില്ലേ?
നേട്ടങ്ങള്‍ തനിച്ച് നേടുതിലും ആസ്വാദ്യകരം, അത് സ്വന്തം പങ്കാളിയോടൊപ്പം ചേര്‍ന്ന് നേടുന്നതല്ലേ?
കിട്ടിയ പങ്കാളിയെ അത്തരം ഒരു പങ്കാളിയാക്കി പാകപ്പെടുത്തി എടുക്കുതല്ലേ ഒരു വ്യക്തിയുടെ ജീവിത
ത്തിലെ ഏറ്റവും വലിയ നേട്ടം?
മക്കള്‍ സ്വയം പര്യാപ്തരാകുതു വരെ അവര്‍ക്കു വേണ്ടി ഓടിനടക്കാന്‍ തങ്ങള്‍ക്ക് ആരോഗ്യം ഉണ്ടായിരിക്കുന്ന പ്രായം കണക്കാക്കി വേണ്ടേ സ്വന്തം വിവാഹ പ്രായം തീരുമാനിക്കാന്‍?
എന്നിങ്ങനെ നമ്മുടെ കാഴ്ചപ്പാടുകളില്‍ സാഹചര്യത്തിനൊത്ത മാറ്റങ്ങൾ വരുത്തിയാല്‍ പല പ്രതിസന്ധികളും നേരിടാന്‍ എളുപ്പമാകും.
ഒരു ജീവിതപങ്കാളിയുടെ അഥവാ ഇണയുടെ ആവശ്യകത പ്രകൃതി ദത്തമാണ്. അത് അപ്പാടെ ഒഴിവാക്കിയുള്ള ഒരു ജീവിതം ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കും അസാദ്ധ്യമാണ്. എല്ലാ ജീവികള്‍ക്കും പ്രകൃതി ധാരാളം സിദ്ധികള്‍ കൊടുത്തിട്ടുണ്ട്. ആ കൂട്ടത്തില്‍ ഇണയെ ആകര്‍ഷിക്കാനുള്ള കഴിവും അടങ്ങിയിരിക്കുന്നു.
ഒരു മാന്‍കൂട്ടത്തില്‍ കാണാന്‍ നല്ല മിടുക്കനായ, യുവത്വത്തിലേക്ക് കടക്കുന്ന മാന്‍കുട്ടിയുണ്ടായിരുന്നു. അവന്‍ ഒരു പെണ്‍മാനിന്റെ അടുത്തു ചെന്ന് ഓരോരോ പ്രേമ ചേഷ്ടകള്‍ കാട്ടി അവളോട് ഇഷ്ടം കൂടാന്‍ ശ്രമിച്ചു. പക്ഷേ, അവള്‍ അവനെ ആകെ ഒന്നു മണത്തു നോക്കിയിട്ട് വിരട്ടി ഓടിച്ചു.
അവനെ കസ്തൂരി മണക്കുന്നില്ലത്രെ. ഇണയെ ആകര്‍ഷിക്കാന്‍ വേണ്ട കസ്തൂരി ഗന്ധം തനിക്കില്ലല്ലോ എന്നോര്‍േത്ത് അവന്‍ വിഷാദം കൊണ്ട് ഉത്സാഹം നഷ്ടപ്പെട്ട് അലഞ്ഞ് തിരിഞ്ഞ് നടക്കാന്‍ തുടങ്ങി. ഒടുവില്‍ അവനിക്കാര്യം അവന്റെ മുത്തച്ഛനോട് പറഞ്ഞു.
മുത്തച്ഛനൊന്നു ചിരിച്ചു. ഇത്രേ ഉള്ളോ കാര്യം. കസ്തൂരി ഇരിക്കു സ്ഥലം എനിക്കറിയാം. എന്റെ കൂടെ വാ, ഞാന്‍ കാണിച്ചു തരാം. പക്ഷേ നീ തന്നെ അത് പുറത്തെടുക്കണം.
എന്തു വേണമെങ്കിലും ചെയ്യാം എന്നു പറഞ്ഞ് അവന്‍ മുത്തച്ഛന്റെ കൂടെ കസ്തൂരി തേടി പുറപ്പെട്ടു. കാട്ടില്‍ ഒരു പാറക്കെട്ടിന്‍റെ അടുത്തു ചെന്ന് അതിലൊരു പാറക്കല്ല് കാണിച്ചു മുത്തച്ഛന്‍ പറഞ്ഞു, മോനേ ഈ കല്ലിനടിയില്‍ കസ്തൂരി ഇരിപ്പുണ്ട്. നീ കൊമ്പു കൊണ്ട് ഈ കല്ല് ഇളക്കി മറിച്ചിട്ടാല്‍ നിനക്ക് ആ കസ്തൂരി എടുക്കാം.
കേട്ടപാടെ മാന്‍ പയ്യന്‍, പാറ മറിക്കാന്‍ ശ്രമം തുടങ്ങി. കൊമ്പു കുത്തി പാറ ഇളക്കാന്‍ നോക്കിയിട്ട് അത് അനങ്ങുന്നു പോലുമില്ല. അവന്‍ നിന്നു വിയര്‍ത്തു കുളിച്ചു. പെട്ടെന്നതാ കസ്തൂരിയുടെ ഗന്ധം അവിടെ പടരുന്നു.
ഇണയുടെ ഇഷ്ടം നേടിയെടുക്കണം എന്ന് ദൃഢ നിശ്ചയത്തോടെ, അതിനു വേണ്ടി അത്യദ്ധ്വാനം ചെയ്ത് ശരീരം വിയര്‍ത്തപ്പോഴാണ് തന്റെ ശരീരത്തിന് ഈ ഗന്ധം ലഭിച്ചത് എന്ന സത്യം ആ കസ്തൂരി മാന്‍ തിരിച്ചറിഞ്ഞു.
സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്തി ഉത്സാഹ പൂര്‍വ്വം സന്തോഷത്തോടെ നിസ്വാര്‍ത്ഥമായി പെരുമാറുമ്പോഴാണ് മറ്റുള്ളവര്‍ക്ക് നമ്മളോട് ആകര്‍ഷണം തോന്നുത്. മറ്റുള്ളവരെ നമ്മള്‍ ബഹുമാനിക്കുതായി അവര്‍ക്കു ബോദ്ധ്യപ്പെടുമ്പോഴാണ്, അവര്‍ക്കു നമ്മളോടും ബഹുമാനം ഉളവാകുന്നത്.
ഭാര്യയോട് ബഹുമാനം വേണം, മാത്രമല്ല അത് പ്രകടിപ്പിക്കുകയും വേണമെന്ന് പല പുരുഷന്മാര്‍ക്കും അറിഞ്ഞുകൂട. പങ്കാളിയെ സ്നേഹിക്കുക മാത്രമല്ല വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. അങ്ങോട്ടു കൊടുത്തെങ്കിലേ തിരികെയും ലഭിക്കുകയുള്ളു.
ഇതെല്ലാം മനസ്സില്‍ വെച്ച് പരിശ്രമിച്ചാല്‍, ഉചിതമായി സംസാരിക്കുവാനും, പെരുമാറുവാനും, അതുവഴി മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള കഴിവ്, (കസ്തൂരി ഗന്ധം) നിങ്ങള്‍ക്കും നേടിയെടുക്കാം. അത്തരം കഴിവുകള്‍ നേടിയാല്‍ പിന്നെ സ്വന്തം ഇണയെ ആകര്‍ഷിക്കാനും, ഇണയുടെ ഒപ്പം ചേര്‍ന്ന് ജീവതാനുഭവങ്ങള്‍ ആസ്വദിച്ച്, പ്രതിസന്ധികള്‍ ആത്മവിശ്വാസത്തോടെ തരണം ചെയ്ത്, അസ്വസ്ഥരാകാതെ ജീവിതത്തില്‍ മുന്നേറാന്‍ എളുപ്പമാകും.
“Yes, You need to Acquire the skills to attract people around you,
Then your Partner will be attracted to YOU”
സസ്നേഹം
ജോര്‍ജ്ജ് കാടന്‍കാവില്‍
ഈ അനുബന്ധ ലേഖനങ്ങൾകൂടി വായിക്കണം!
2. ശാപ്പാട്ടുരാമൻ വിദ്യക്കു റൊമ്പ മോശം !
3. കഴിവും പ്രാപ്തിയും കണ്ടെത്തുവാന്‍ !
4. എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?
5. ഇണയെ ആകര്‍ഷിക്കാന്‍ എന്തു വേണം !