അങ്കിളേ എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. എന്റെ കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നലെ എന്റെ അക്കൌണ്ടിൽ
ക്രെഡിറ്റ് ആയി വന്നിട്ടുണ്ടെന്ന് ഞാൻ ഭർത്താവിനോട് പറഞ്ഞു. ഉടനെ അദ്ദേഹം ഒരു അക്കൌണ്ട് നമ്പർ കുറിച്ചു തന്നിട്ടു പറയുകയാണ്, അത് മുഴുവൻ ഈ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തേക്കെന്ന്. കേട്ടിട്ട് എനിക്കെന്തോ അസ്വസ്ഥത തോന്നി, ഞാൻ എന്റെ അമ്മയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. പൈസ മുഴുവനും അങ്ങനെ ട്രാൻസ്ഫർ ചെയ്ത് കൊടുക്കേണ്ട എന്നാണ് അമ്മ പറയുന്നത്. പിന്നെ എന്തു ചെയ്യണം എന്നു ചോദിച്ചപ്പോൾ അമ്മയാണ് പറഞ്ഞത് ജോർജ്ജ് സാറിനെ വിളിച്ച് സംസാരിക്കാൻ.
ഞാൻ എന്തു ചെയ്യണം അങ്കിളേ ?
മോളേ നിന്റെ അമ്മയെ വിളിച്ച് അഭിപ്രായം ചോദിച്ചതിനു ഞാൻ തെറ്റു പറയുന്നില്ല, പക്ഷേ ഇടക്കിടക്ക് ഭർത്താവ് പറയുന്ന ഓരോ കാര്യത്തെക്കുറിച്ചും അമ്മയെ വിളിച്ച് ഇങ്ങിനെ ചോദിക്കരുത്.
അമ്മ എത്ര നല്ല ഉപദേശം തരുമെങ്കിലും, നിന്റെ ഭർത്താവിനെക്കുറിച്ച് ധൈര്യക്കുറവും, ആശങ്കകളും അമ്മയുടെ മനസ്സിൽ രൂപപ്പെടാൻ ഇത് ഇടയാക്കും. നമ്മൾ ഒരാളെക്കുറിച്ച് എന്തെങ്കിലും സംശയിക്കാൻ തുടങ്ങിയാൽ അയാൾ അങ്ങിനെ തന്നെ ആയിത്തീരാനാണ് സാദ്ധ്യത. മാത്രമല്ല, ഭാവിയിൽ ഓരോ കാര്യത്തിനും നിനക്ക് അമ്മയെക്കൂടി ബോദ്ധ്യപ്പെടുത്തി തീരുമാന മെടുക്കേണ്ട സ്ഥിതി വരും.
പണം മുഴുവൻ തന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം എന്ന ഭർത്താവിന്റെ നിർദ്ദേശം തീർത്തും ഏകപക്ഷീയമായി നിനക്ക് അനുഭവപ്പെട്ടതായാരിക്കണം നിന്റെ അസ്വസ്ഥതയുടെ കാരണം. അല്ലാതെ നിന്റെ പണം കൊണ്ട് ഭർത്താവറിയാതെ എന്തെങ്കിലും ചെയ്യാൻ നിനക്ക് ഉദ്ദേശമുണ്ടായിരുന്നോ ?
"ഇല്ലങ്കിൾ, എന്നെ വിശ്വാസമില്ലാത്തതു പോലെയും, നിയന്ത്രിക്കാൻ ശ്രമിക്കുന്നതു പോലെയും, അദ്ദേഹം എന്തോ ഒളിക്കുന്നതു പോലെയും ഒക്കെ യാണ് എനിക്കു തോന്നിയത്.
എന്റെ വീട്ടിൽ അപ്പച്ചനും അമ്മയ്ക്കും ജോലിയുണ്ട്. അപ്പച്ചനു കിട്ടുന്ന ശമ്പളം അമ്മയെ ഏല്പ്പിക്കുകയാണ് വീട്ടിൽ പതിവ്. അമ്മയാണ് കാഷ്യറും ബാങ്കറും. അപ്പച്ചന് ആവശ്യമുള്ള പൈസ അമ്മ പേഴ്സിൽ വെച്ചു കൊടുക്കും, പൈസ തികയാതെ വന്നാൽ അപ്പച്ചൻ എ ടി എം കാർഡ് ഉപയോഗിക്കും, എന്നിട്ട് വീട്ടിൽ വരുമ്പോൾ എ ടി എംൽ നിന്ന് ഇത്ര പണം എടുത്തിട്ടുണ്ട് എന്ന് അമ്മയോട് പറയും.
അമ്മയും തിരികെ അങ്ങിനെ തന്നെ. പൈസക്ക് ബുദ്ധിമുട്ട് ഉള്ളപ്പോൾ രണ്ടുപേരും കൂടി മുണ്ട് മുറുക്കി ഉടുക്കുമായിരുന്നു എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ ഞങ്ങൾ അത് അനുഭവിച്ചിട്ടില്ല".
പിന്നെ ഞാൻ പഠിച്ചതിന്റെ എഡ്യൂക്കേഷൻ ലോൺ അടച്ചു തീർക്കാനുണ്ട്. അത് അപ്പച്ചൻ അടച്ചോളാം എന്നാണ് പറഞ്ഞി ട്ടുള്ളത്. പക്ഷേ അതെനിക്ക് ഉള്ളിൽ ഒരു വിഷമമായി തോന്നുന്നുണ്ട്.
നീ പഠിച്ചതിന്റെ കടം അപ്പച്ചൻ വീട്ടിക്കൊള്ളാം എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ, അപ്പച്ചന് അതിനുള്ള സാമ്പത്തിക ശേഷി ഇല്ല എങ്കിൽ മാത്രം നീ വിഷമിച്ചാൽ പോരെ. അവർക്ക് രണ്ട് പേർക്കും ജോലിയുണ്ട്, അവർ ഏറ്റെടുത്തിരിക്കുന്നത് അവർ ചെയ്തുകൊള്ളും എന്ന് നീ വിശ്വസിക്കണം.
പിതൃസ്വത്തിൽ പെൺമക്കളുടെ വിഹിതം വിവാഹ സമയത്ത് കൊടുക്കുന്ന രീതിയാണ് കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളിലേത്. അപ്പച്ചന്റെ ആസ്തിയും നിന്റെ ലോണടക്കമുള്ള ബാദ്ധ്യകളും ഒക്കെ കണക്കാക്കി ആയിരിക്കണം അപ്പച്ചൻ സ്വത്ത് വിഹിതം നിശ്ചയിച്ചതും, ലോൺ അവരടച്ചുകൊള്ളാം എന്ന് പറഞ്ഞിരിക്കുന്നതും. നിങ്ങൾ സമാധാനമായി ഒരുമയോടെ ജീവിക്കുന്നതു കാണാൻ വേണ്ടിയാണ് അവർ ഇതൊക്കെ ചെയ്തിരിക്കുന്നത്.
ഇതിന്റെ പേരിൽ ഭർത്താവിനോട് കലഹിച്ച് ബന്ധം വഷളാക്കിയാൽ ആ ബാദ്ധ്യത ആർക്കാണ് തീർക്കാൻ കഴിയുക.
മോളെ നിന്റെ വിഷമങ്ങൾ പറയാനും, പങ്കുവെയ്ക്കാനും വേണ്ടിയാണ് നീയൊരാളെ വിവാഹം ചെയ്ത് ജീവിതപങ്കാളിയാക്കിയത്. നിന്റെ ഉള്ളിൽ മാത്രമല്ല, നിന്റെ ഭർത്താവിന്റെ ഉള്ളിലും ഇതുപോലെ പല വിഷമങ്ങളും ഉണ്ടായിരിക്കാം. ഉള്ളു തുറന്നു സംസാരിച്ചെങ്കിലല്ലേ ഇതൊക്കെ പരസ്പരം മനസ്സിലാവു കയുള്ളൂ.
കുടുംബത്തിലെ ദൈനം ദിന കാര്യങ്ങൾ എങ്ങിനെ കൊണ്ടുപോകണം എന്ന് നിന്റെ ഭർത്താവുമായി ഇരുന്നു ചർച്ച ചെയ്യണം. വരവു ചിലവു കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ഉള്ള അവസരമാണ് ഇത്. ഒട്ടും സമയം കളയാതെ ഭർത്താവിനോട് നീ പറയുക നമ്മൾക്ക് ഒന്ന് സംസാരിക്കണം എന്ന്. ആദ്യം നിങ്ങളുടെ കുടുംബം തടസ്സമില്ലാതെ ഒഴുകുവാൻ വേണ്ട സാമ്പത്തിക ആവശ്യങ്ങൾ ക്ക്, നിങ്ങൾ രണ്ടുപേരുടെയും കൂടി ശമ്പളം തികയുമോ?
ഇല്ലെങ്കിൽ കുറെ ചിലവ് വെട്ടിക്കുറക്കണം. കുറെ പർച്ചേസുകൾ നീട്ടി വെക്കണം.
ചിലവുകൾ കഴിഞ്ഞ് മിച്ചമുണ്ടെങ്കിൽ രണ്ടാളും കൂടി ഒരു ജോയിന്റ് അക്കൌണ്ട് തുടങ്ങി നീക്കിയിരുപ്പ് പണം അതിൽ നിക്ഷേപിക്കാം. പ്ലാൻ ചെയ്യാത്ത എന്തെങ്കിലും ആവശ്യത്തിനു നീക്കിയിരുപ്പ് പണം ചിലവഴിക്കണമെങ്കിൽ രണ്ടാളും കൂടി സംസാരിച്ച് ഏറ്റവും ഉചിതം എന്ന് ബോദ്ധ്യപ്പെട്ടശേഷം ചിലവഴിക്കുക.
ഇങ്ങിനെയൊക്കെയാണ് കുടുംബത്തിലെ ധന വിനിയോഗ ത്തെക്കുറിച്ച് ഞാൻ കാണുന്നത്.
മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകളും അറിയണമല്ലോ. ഈ പ്രശ്നത്തിന്റെ ഒരു ഭാഗം ഇക്കഴിഞ്ഞ വൈവാഹിക സംഗമത്തിൽ ചർച്ച ചെയ്യാൻ കൊടുത്തു.
ഭാര്യയും ഭർത്താവും തമ്മിൽ തർക്കം - ഭാര്യയുടെ ശമ്പളം ഭർത്താവിനെ ഏൽപ്പിക്കണമോ ?
സംഗമത്തിന്റെ അഭിപ്രായങ്ങൾ
രണ്ടുപേരുടെയും വരുമാനം ഒന്നിച്ച് ചേർത്ത് പരസ്പര ധാരണയിൽ പിലവഴിക്കണം.
ജോയിന്റ് അക്കൌണ്ടിൽ പണം സൂക്ഷിക്കണം. രണ്ടുപേരിൽ ആർക്കുവേണമെങ്കിലും പിൻവലിക്കാൻ കഴിയണം.
ഭർത്താവിന്റെ വരുമാനം കൊണ്ട് ചിലവുകൾ നടത്താൻ കഴിയുമെങ്കിൽ ഭാര്യയുടെ ശമ്പളം സേവിംഗ്സ് ആക്കണം.
പണം കൈകാര്യം ചെയ്യാൻ കൂടുതൽ കൈപുണ്യം ആർക്കോ അവർ പണം സൂക്ഷിക്കട്ടെ, പക്ഷേ മറ്റേ ആളുടെ കൈയ്യിലും പണം
ഉണ്ടായിരിക്കണം. പങ്കാളികളിൽ ഒരാൾ പണം മുഴുവൻ കൈവശം വെയ്ക്കുന്ന രീതി സമാധാനപരമായ ഒരു കുടുംബബന്ധത്തിന് തടസ്സം സൃഷ്ടിക്കും.
ഭാര്യയുടെ ശമ്പളം ഭർത്താവിന്റെ ശമ്പളം എന്ന വേർതിരിവ് അനാവശ്യമാണ്. മൊത്തം രണ്ടു പേരുടെയും ശമ്പളത്തിൽനിന്നും
അതതു മാസത്തെ ചിലവു കഴിഞ്ഞ് മിച്ചം ഉണ്ടെങ്കിൽ ജോയിന്റ് അക്കൗണ്ടിൽ സൂക്ഷിക്കുക.
ഭാര്യയുടെ ആവശ്യങ്ങളും മക്കളുടെ ആവശ്യങ്ങളും അറിഞ്ഞ് നിറ വേറ്റുന്ന ഭർത്താവാണെങ്കിൽ ശമ്പളം ഭർത്താവിന്റെ കൈയ്യിൽ കൊടുക്കണം. അല്ലെങ്കിൽ വീട്ടാവശ്യത്തിനുള്ള പണം കയ്യിൽ വെച്ച് ബാക്കി പണം മാത്രമെ ഭർത്താവിന്റെ കയ്യിൽ ഏൽപ്പിക്കാവൂ.
ഒരാളുടെ പിടിപ്പുകേടു കൊണ്ട് ധന നഷ്ടമോ, അനാവശ്യ ചിലവുകളോ തുടർച്ചയായി സംഭവിക്കുന്നെങ്കിൽ പണത്തിന്റെ ചുമതല മറ്റെയാൾ നിർബന്ധപൂർവ്വം ഏറ്റെടുക്കണം.
Once married there should not be "wife's money" or "husband's money". It will be family income. They should consult each other and plan the expenses according to total income and required savings.
One of the reasons for trouble in a family starts with the feeling of "My income" and "Your income"
If the wife is so particular, let her keep the money. In the marital relationship, Her peace of mind is far more valuable to the husband than her money.
ധനവിനിയോഗത്തിൽ ഓരോരുത്തരുടെയും സമീപനം വ്യത്യസ്തമാണ്. ഭാര്യയുടെ ശമ്പളം ഭർത്താവിനെ തന്നെ ഏൽപ്പിക്കണം എന്നോ, മറിച്ചോ നിയമങ്ങൾ ഒന്നുമില്ല.
അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പരസ്പര ധാരണ വളർത്തി എടുത്ത് അവസരോചിത മായി യോജിച്ച് പ്രവർത്തിച്ച്, സ്വന്തം കുടുംബത്തിന് അഭിവൃദ്ധി ഉണ്ടാക്കുക എന്നതാണ് ദമ്പതിമാരുടെ പ്രഥമ കർത്തവ്യം.
George Kadankavil