Back to articles

എപ്പോഴാണാവോ കല്യാണം?

November 11, 2022

വിവാഹകാര്യത്തിന് എന്‍റടുത്തു വന്നിട്ടുള്ള യുവാക്കളോടു ഞാൻ ചോദിക്കാറുണ്ട്:

“എന്തിനാ മോനേ നീ വിവാഹം കഴിക്കുന്നത്?”

പഠനം കഴിഞ്ഞു, ജോലി കിട്ടി, ഇനി കഴിക്കാൻ മിച്ചമുള്ളത് ഒരു കല്യാണമാണത്രെ.

കഴിഞ്ഞ ഇരുപത്തിയാറു വർഷമായിട്ട് ഞാൻ ഇത് ചോദിക്കുന്നു, ആൺകുട്ടികളുടെ ഈ ഉത്തരത്തിനു ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല.

ആരെ വിവാഹം ചെയ്യണം എന്നു ഒരു തീരുമാനം എടുക്കണമെങ്കിൽ, എന്തിനാ വിവാഹം ചെയ്യുന്നത് എന്ന് മനസ്സിൽ വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അതു ലഭിക്കണമെങ്കിൽ “എന്തിനാ ജീവിക്കുന്നത്” എന്ന് ഏകദേശ ധാരണ എങ്കിലും മനസ്സിൽ ഉണ്ടായിരിക്കണം. ഈ ധാരണകൾ വ്യക്തമാകാൻ വേണ്ടിയാണ് ഈ ചോദ്യം. മിക്കവാറും യുവാക്കൾ ഇത് ഇങ്ങിനെ വസ്തുനിഷ്ഠമായി ചിന്തിച്ചിട്ടേയില്ല, വീട്ടിലും ഇങ്ങനെ ചർച്ച ചെയ്തിട്ടില്ല എന്ന് ഈ മറുപടി കേൾക്കുമ്പോഴേ മനസ്സിലാകും.

പെണ്‍കുട്ടികളുടെ ഉത്തരം പണ്ട് ഇങ്ങിനെയായിരുന്നു. അങ്കിളേ, എന്‍റെ വീട്ടിലും അടുത്ത വീടുകളിലുമുള്ള ആന്‍റിമാരുടെ ശല്യം കാരണമാ കല്യാണം കഴിച്ചേക്കാം എന്നു വിചാരിച്ചത്.

ഇവളെ കെട്ടിക്കുന്നില്ലേ? ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ? ലൈനുകള്‍ വല്ലതുമുണ്ടോ? തുടങ്ങിയ ചോദ്യശരങ്ങള്‍ കൊണ്ട് സമ്മര്‍ദ്ദത്തിലായിട്ടാണ് പണ്ട് പല പെണ്‍കുട്ടികളും വിവാഹാലോചന ആരംഭിക്കാന്‍ സമ്മതം മൂളിയിരുന്നത്.

എന്നാൽ ഇന്നത് മാറിയിരിക്കുന്നു. ആൺകുട്ടികളുടെ ഉത്തരത്തിനോടു സാമ്യമുള്ള മറുപടിയാണ് ഇന്ന് മിക്ക പെൺകുട്ടികളും ചിന്തിക്കുന്നത്. പഠിച്ചു ജോലി നേടി സ്വന്തം കാലിൽ നിൽക്കാറായ ശേഷം മതി വിവാഹം എന്നാണ് ഭൂരിപക്ഷം പെൺകുട്ടികളും ഇപ്പോൾ ചിന്തിക്കുന്നത്. വിവാഹ കഴിഞ്ഞാലും ഇല്ലെങ്കിലും, ആരെയും ആശ്രയിക്കാതെ ജീവിക്കാൻ, അവൾക്കു സാധിക്കണം എന്ന മുൻകരുതലാണ് ഇവിടെ പ്രകടമാകുന്നത്.

ഒരു നല്ല കരിയറിൽ കാലുറക്കാനുള്ള കാലതാമസമാണ് പെൺകുട്ടികളുടെ വിവാഹം വൈകിക്കുന്നത്. തന്മൂലം ആൺകുട്ടികൾക്ക് അവരാഗ്രഹിക്കുന്ന പ്രായത്തിൽ ഇണയെ കണ്ടെത്താനും വിഷമിക്കേണ്ടി വരുന്നു. പഠനം കഴിഞ്ഞ് ജോലിയിൽ കയറിയ ഉടൻ വിവാഹം അന്വേഷിക്കുന്ന പെൺകുട്ടികൾക്ക് പറ്റിയ പയ്യനെ കിട്ടാൻ ബുദ്ധിമുട്ടില്ല എന്നാണ് എന്റെ അനുഭവം.എങ്കിലും വിവാഹത്തെക്കുറിച്ച് പലവിധ ഉത്കണ്ഠയും ഭീതിയുമുണ്ട് നമ്മുടെ ചെറുപ്പക്കാർക്ക്. “വിവാഹം എന്തിനീ പൊല്ലാപ്പ്” ഇതെങ്ങിനെ ഒഴിവാക്കാം എന്നൊക്കെ ചിന്തിച്ച് മറുവഴികൾ തേടുന്നവരും ഇന്ന് ധാരാളം.

ദിവസവും എത്രയോ വിമാനങ്ങൾ, പ്രതികൂല കാലാവസ്ഥയെ പോലും മറികടന്ന് അപകട സാഹചര്യങ്ങൾ ബുദ്ധിപൂർവ്വം സംയമനത്തോടെ നേരിട്ട് സുരക്ഷിതമായി പറക്കുന്നു. അതൊന്നും ശ്രദ്ധേയമായ വാർത്തയാകുന്നില്ല. എന്നാൽ ഏതെങ്കിലും വിമാനം അപകടത്തിൽ പെടുന്നതും, തകരുന്നതും ഞെട്ടിപ്പിക്കുന്ന, വലിയ വാർത്തയാകും. ഇത് അറിയുന്ന ഉടൻ വിമാനത്തിൽ യാത്ര ചെയ്യാൻ ഭയം പ്രകടിപ്പിക്കുന്ന എത്രയോ ആൾക്കാരുണ്ട് നമുക്കിടയിൽ. എന്നാലും സീറ്റൊന്നും ബാക്കിയില്ലാതെ നിറയെ യാത്രക്കാരുമായി വിമാനങ്ങൾ പിന്നെയും സർവ്വീസ് തുടരുന്നു.

നന്നായി ജീവിക്കുന്ന ധാരാളം കുടുംബങ്ങളുണ്ട്, തകർന്നു പോകുന്ന കുടുംബ ബന്ധങ്ങളും ഇന്ന് ധാരാളം. ചിലതൊക്കെ വലിയ വാർത്തയും ആകുന്നുണ്ട്. ഈ വാർത്തകൾ കേൾക്കുന്നതു കൊണ്ടായിരിക്കാം, താൻ വിവാഹം ചെയ്താൽ അത് വിജയിക്കുമോ പരാജയപ്പെടുമോ എന്ന ഉത്കണ്ഠയും ഭീതിയും പലരുടെയും മനസ്സിനെ ബാധിക്കുന്നത്.

ഇതൊക്കെ കണക്കിലെടുത്താവാം, എന്താ കല്യാണം ഒന്നും കഴിക്കുന്നില്ലേ എന്ന് ചോദിച്ച് ഒരു ചേടത്തിമാരും ആന്റിമാരും ഇക്കാലത്തു പെൺകുട്ടികളിൽ സമ്മർദ്ദം ചെലുത്താറില്ല. എന്നു മാത്രമല്ല, സ്വന്തം വീട്ടുകാരുടെ പോലും കല്യാണക്കാര്യത്തിൽ ഇടപെടാൻ എല്ലാവർക്കും ലേശം പേടിയും ഉണ്ട്, ഇപ്പോൾ.

കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ എന്നെ വിളിച്ച് നേരിട്ട് സംസാരിക്കണം എന്നാവശ്യപ്പെട്ടു എന്നെ കാണാൻ വന്നു. ഇദ്ദേഹത്തിന് നാല്പതു വയസ്സു കഴിഞ്ഞു. വിവാഹം ഇത്രയും വൈകിപ്പോയല്ലോ, ഇനിയെങ്ങിനെയാണ് ബെത്-ലെഹമിൽ ഇതു പരസ്യപ്പെടുത്തുന്നത് എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന വിഷമം. ഞങ്ങൾ ഏതാനും മണിക്കൂറുകൾ സംസാരിച്ചിരുന്നു.

ഇദ്ദേഹം പറഞ്ഞു: മാതാപിതാക്കൾ ആദ്യം കല്യാണക്കാര്യം പറഞ്ഞപ്പോൾ ഞാനവരോട് കഠിനമായി ദേഷ്യപ്പെട്ടു. എനിക്ക് കല്യാണം കഴിക്കാറാകുമ്പോൾ ഞാൻ പറയാം, അതു വരെ ഇക്കാര്യം പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്. 

അവരു പിന്നെ ഇദ്ദേഹത്തോടു കല്യാണക്കാര്യം പറഞ്ഞിട്ടേയില്ല.

സ്വന്തം ബിസിനസ്സ് മെച്ചപ്പെടുത്തി, വീട്ടിൽ സകല സൌകര്യങ്ങളും സാധനങ്ങളും വാങ്ങിവെച്ച്, ഓഫീസിലെ കാര്യങ്ങൾ മാനേജർമാർക്ക് ഡലിഗേറ്റ് ചെയ്തു കൊടുത്തിട്ട്, എത്ര ദിവസം വേണമെങ്കിലും ഓഫീസിൽ പോകാതെ, ഭാര്യയോടൊപ്പം സമയം ചിലവഴിച്ചു ജീവിക്കാവുന്ന സാഹചര്യം ഉണ്ടായിട്ടു മതി വിവാഹം എന്നു ചിന്തിച്ച്, കഠിനാദ്ധ്വാനം ചെയ്ത ഇദ്ദേഹം വർഷങ്ങൾ കടന്നു പോയതറിഞ്ഞില്ല. ഇപ്പോൾ തോന്നുന്നു, കുറച്ചു വർഷം മുമ്പ് ആരെങ്കിലും ഒന്നു നിർബന്ധിച്ചിരുന്നെങ്കിൽ വിവാഹം ഇത്രയും വൈകിപ്പോകില്ലായിരുന്നു എന്ന്.

എനിക്കും നല്ല സങ്കടം തോന്നി, പോയത് പോട്ടെ മോനെ, ഇനി എന്തു ചെയ്യാം എന്ന് നമുക്ക് ചിന്തിക്കാം. നിങ്ങളെപ്പോലുള്ള സ്ത്രീ പുരുഷൻമാർക്കു വേണ്ടി 12 വർഷങ്ങൾക്കു മുമ്പ് ഞാനൊരു ശില്പശാല നടത്തിയിരുന്നു. പങ്കെടുത്ത എല്ലാവർക്കും വലിയ സമാധാനവും സന്തോഷവുമായിരുന്നു. ചിലരൊക്കെ തമ്മിൽ നല്ല കൂട്ടകാരായി. പക്ഷേ, ഒരു വിവാഹം പോലും അതു വഴി ശരിയായില്ല. അതു കൊണ്ട് ആ പ്രോഗ്രാം പിന്നെ തുടർന്നില്ല. ഏതായാലും കാലം ഇത്രയും മാറിയല്ലോ, അതുപോലെ ഒരു ശില്പശാല ഞാൻ പ്ളാൻ ചെയ്ത് അറിയിക്കാം, എന്നു പറഞ്ഞ് അദ്ദേഹത്തെ യാത്രയാക്കി.


പല പ്രായത്തിലുള്ള അവിവാഹിതരുടെ ഉള്ളിൽ അവരുടെ വിവാഹത്തെക്കുറിച്ചുള്ള ആത്മഗതങ്ങൾ കേൾക്കണമോ?

·        എന്തിനാണാവോ കല്യാണം കഴിക്കുന്നത്?

·        എപ്പോഴാണാവോ ഞാൻ കല്യാണം കഴിക്കുക?

·        ആരെയാണാവോ ഞാൻ കല്യാണം കഴിക്കുക?

·        ആരെങ്കിലും ഇനി എന്നെ കല്യാണം കഴിക്കുമോ?

ഒന്നു സൂക്ഷിച്ചുനോക്കിയാൽ ഈ ചോദ്യങ്ങൾക്കു പിന്നിൽ കുറച്ചു പ്രായ വ്യത്യാസം കാണുവാൻ കഴിയും. അത് അവരുടെ മനസ്സിന്റെ  പ്രായമാണ്. ഇതിൽ ഏതു പ്രായത്തിൽ വേണമെങ്കിലും കെട്ടാം. പ്രായപൂർത്തി ആയിരിക്കണം.

·       Why should I Marry,

·       When will I Marry,

·       Whom will I marry,

·       Who will Marry Me

ഇതിലൊന്നുപോലും മനസ്സിൽ തോന്നിയിട്ടില്ലായെങ്കിൽ മനസ്സിന് കല്യാണപ്രായം ആയിട്ടില്ല. ശരീരത്തിന് പ്രായം ശരിയായിട്ടും മനസ്സിന് കല്യാണപ്രായം ആകാത്തവരെ അതിനുവേണ്ടി പാകപ്പെടുത്തിയെടുക്കാനാണ് അപ്പനമ്മമാരു പണ്ട് മക്കളെ കല്യാണത്തിന് നിർബന്ധിച്ചിരുന്നത്. ഇന്ന് മക്കളുടെ നിർബന്ധത്തിനു വഴങ്ങികൊടുക്കാനെ മാതാപിതാക്കൾക്ക് സാധിക്കുന്നുള്ളു.

പ്രായക്കുറവുള്ള ഒരു പെൺകുട്ടിക്ക് കല്യാണം കഴിച്ചു വരുന്ന വീട്ടിലെ മകളായി മാറുവാൻ പെട്ടെന്ന് കഴിയും. മറിച്ചാണെങ്കിൽ, പ്രായം കൂടുന്നതനുസരിച്ച് ഉറച്ച അഭിപ്രായങ്ങളും ശക്തമായ ധാരണകളും മനസ്സിൽ രൂപപ്പെടുന്നതിനാൽ ഇടപെടലുകൾക്ക് ഔപചാരികത കൂടും. ഫോർമാലിറ്റിയും പ്രോട്ടോക്കോളും മറ്റുമായി ജീവിതത്തിന്റെ രസച്ചരട് നഷ്ടപ്പെടാനിടയുണ്ട്.

വെൽ സെറ്റിൽഡ് ആയിട്ട് മതി വിവാഹം എന്നു ചിന്തിക്കുന്നവരുണ്ട്. ജീവിതത്തിലെ നേട്ടങ്ങളെല്ലാം തനിച്ച് ഉണ്ടാക്കിയാൽ, അവിടെ പിന്നെ നിങ്ങളുടെ പങ്കാളിക്ക് എന്തു പങ്കാളിത്തം? കഷ്ടപ്പെട്ട് എല്ലാ സൌകര്യങ്ങളും ഒരുക്കി ആ സ്വർണക്കൂട്ടിലേക്ക് ഒരു കിളിയായി പങ്കാളിയെയും മക്കളെയും കൊണ്ട് വരുന്നതിനേക്കാൾ ഹൃദ്യം, അടിസ്ഥാന  സൌകര്യങ്ങൾ ആകുമ്പോൾ തന്നെ വിവാഹം ചെയ്ത്, രണ്ടുപേരുംകൂടി കഷ്ടപ്പാടുകളും നേട്ടങ്ങളും പങ്കുവെച്ച് ആസ്വദിക്കുന്നതല്ലേ.

വളരെ വൈകി വിവാഹം ചെയ്താൽ, നിങ്ങളുടെ വയസ്സാം കാലത്ത് കാര്യമായ പൊതുസമ്പർക്കവും, സ്വാധീനവും, പിടിപാടുകളും, സഹപ്രവർത്തകരുടെ സപ്പോർട്ടും   ഇല്ലാത്ത അവസ്ഥയിൽ നിങ്ങളെത്തുമ്പോഴേക്കും, നിങ്ങളുടെ മക്കളുടെ പഠനം തന്നെ തീർന്നിട്ടില്ല എങ്കിൽ? ആ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ.

അതു കൊണ്ട് വിവാഹം ചെയ്യുന്നെങ്കിൽ അത് നിങ്ങൾക്ക് ആരോഗ്യമുള്ള പ്രായത്തിൽ നടക്കുന്നതാണ് ഉചിതം എന്നാണ് എന്റെ അഭിപ്രായം.

സസ്നേഹം

ജോർജ്ജ് കാടൻകാവിൽ.

What is Profile ID?
CHAT WITH US !
+91 9747493248