നാട്ടിലെ അപചയങ്ങളെക്കുറിച്ച് ധാർമ്മിക രോഷം പൂണ്ട് എന്റടുത്ത് ജ്വലിച്ച് വിറച്ച് സംസാരിച്ച വന്ന ഒരമ്മയെ എന്തു പറഞ്ഞ് സമാധാനിപ്പിക്കണം എന്നറിയാതെ ഞാൻ വിഷമിച്ചു. ആശ്വസിപ്പിക്കാൻ പറ്റിയ ഒരാശയവും മനസ്സിൽ വരാതിരുന്നതിനാൽ അവരു പറയുന്നതെല്ലാം ഞാൻ മൂളി മൂളി കേട്ടു കൊണ്ടിരുന്നു.
ഇല്ലാത്തതൊക്കെ ഉണ്ടെന്നു പറഞ്ഞ് പറ്റിച്ചാണ് അവരീ കല്യാണം നടത്തിച്ചതെന്ന് ബന്ധുവീട്ടുകാരെപ്പറ്റി പരാതി പറയുകയായിരുന്നു ഇവർ. ഒരു മനഃക്കടിയും ഇല്ലാതെ കള്ളത്തിനു മേൽ കള്ളം പറയാൻ ഇപ്പോൾ ആർക്കും ഒരു മടിയും ഇല്ലാതായിരിക്കുന്നു.
സത്യത്തിന് ഇന്നൊരു വിലയും ഇല്ല. ഒരു പരാതി കൊടുത്താൽ കല്ലു വെച്ച നുണകളാണ് അധികാരികൾ പോലും പരിഗണിക്കുന്നതും പറയുന്നതും. നീതി ന്യായ വ്യവസ്ഥയിലും, മതത്തിലും ദൈവത്തിലും ഒന്നും ഇപ്പോളെനിക്ക് ഒരു വിശ്വാസവും ഇല്ലാതെ ആയിരിക്കുന്നു. ഈ ലോകം എന്തേ സാർ ഇത്രക്ക് അധഃപ്പതിച്ചു പോയത്? ഇവിടെ എന്നെങ്കിലും സത്യവും നീതിയും ന്യായവും വിജയം കാണുമോ?
ഇതു കേട്ടപ്പോൾ എന്റെ തലയിലൊരു ബൾബ് കത്തി, ശരിയാണല്ലോ, കള്ളം പറയുന്നത് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടല്ലോ! ദൈനം ദിന ഇടപാടുകൾക്കിടയിൽ, ആരോടെങ്കിലും, ഒരു കള്ളം പോലും പറയാതെ, ഒരു ദിവസമെങ്കിലും ചിലവഴിക്കാൻ സാധിക്കുന്ന എത്ര പേരുണ്ടാകും നമുക്കിടയിൽ?
ആരോടെങ്കിലും ഇതേക്കുറിച്ച് ചർച്ച ചെയ്യണം എന്നെനിക്ക് തോന്നി. ഈ അമ്മയോടു തന്നെ ആദ്യം ചോദിക്കാം.
പെങ്ങളേ, ഒരു കള്ളം പോലും പറയാതെ എത്ര ദിവസം ജീവിക്കാൻ നിങ്ങൾക്കു സാധിക്കും എന്ന് നല്ലപോലെ ഒന്ന് ആലോചിച്ചു പറയാമോ.
നമ്മളു കിടന്നുറങ്ങുന്ന സ്വന്തം വീടിന്റെ ആധാരത്തിലെ ഭൂവില, റേഷൻ കാർഡിലെ വരുമാനം, തുടങ്ങി പല അടിസ്ഥാന രേഖകളിലും അസത്യം എഴുതി വെച്ചിട്ട്, ആ അടിത്തറയിൽ ജീവിക്കുകയും, എന്നിട്ട് ഇതാണ് നാട്ടു നടപ്പ്, എല്ലാരും ഇങ്ങനെയാ ചെയ്യുന്നത് എന്നു പറഞ്ഞ് ആശ്വസിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമല്ലേ നമുക്ക് ഓരോരുത്തർക്കും.
ഞാൻ ചിന്തിച്ച് നോക്കിയിട്ട്, ഇത് പരിഹരിക്കണമെങ്കിൽ ഈ പ്രപഞ്ചം രൂപകല്പന ചെയ്തു പരിപാലിക്കുന്ന സൃഷ്ടാവിനു മാത്രമേ സാധിക്കൂ എന്നാണ് എന്റെ നിഗമനം.
പെങ്ങള് പിനോക്യോയുടെ കഥ കേട്ടിട്ടുണ്ടോ? ഒരിക്കൽ ഒരു ദേവത പിനോക്യോക്ക് ഒരുഎട്ടിന്റെ പണി കൊടുത്തു. ( 8 means an endless loop) കള്ളം പറയുമ്പോൾ മൂക്ക് നീണ്ടു പോകും, സത്യം പറയുമ്പോൾ മൂക്ക് പഴയതു പോലെയാകും. മൂക്കിന്റെ അസ്വസ്ഥത സഹിക്കാൻ വയ്യാതെ പിനോക്യോ കള്ളം പറയുന്നത് നിർത്തി നല്ല കുട്ടി ആയത്രെ!
പെങ്ങളു ചോദിച്ചില്ലേ, ഇവിടെ എന്നെങ്കിലും സത്യവും നീതിയും ന്യായവും വിജയം കാണുമോ എന്ന്! ഏതെങ്കിലും ഒരു അവതാരം വന്ന് മനുഷ്യ വംശത്തിനു മുഴുവൻ പിനോക്യോയക്ക് കൊടുത്തതു മാതിരി ഒരു മൂക്ക് വിപ്ളവം അഥവാ പിനോക്യോ റവലൂഷൻ തുടങ്ങിയാൽ, ഈ ലോകം നീതിയും ന്യായവും വിജയിക്കുന്ന ഒരു സ്വർഗ്ഗഭൂമി ആയി മാറിയേക്കാം.
അത്തരമൊരു അവസ്ഥ നമുക്കൊന്നു മനസ്സിൽ കണ്ടു നോക്കാം.
സ്ഥാനമാന വലുപ്പചെറുപ്പമില്ലാതെ ഭൂമിയിലെ ഏതൊരു മനുഷ്യനും, അറിഞ്ഞോ അറിയാതെയോ ഒരു കള്ളം പറഞ്ഞാൽ അയാളുടെ മൂക്ക് ഒരിഞ്ച് നീളം കൂടും, ഒപ്പം 5 ശതമാനം ശ്വാസതടസ്സം വരുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഒന്നു സങ്കല്പിച്ചു നോക്കൂ. ഓരോ കള്ളത്തിനു ഇത് സംഭവിച്ചു കൊണ്ടിരുന്നാൽ 20 കള്ളം പറയുമ്പോഴേക്കും ശ്വാസതടസ്സം നൂറു ശതമാനമായി ആള് മരിച്ചു പോകും എന്നു വന്നാൽ എന്തായിരിക്കും നമ്മുടെ ചുറ്റുമുള്ള കാഴ്ച.
അപകടം തിരിച്ചറിഞ്ഞ് ഞാനും നിങ്ങളും നമ്മുടെ അധികാരികളും നേതാക്കളും ഒക്കെ സ്വന്തം മൂക്കും ശ്വാസവും നേരെയാക്കാൻ വേണ്ടിയെങ്കിലും സത്യസന്ധരാകുമോ?
ഇതു വായിച്ച് ചിന്തിക്കാം, ചിരിക്കാം, പക്ഷേ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്നു പറഞ്ഞ് ചിരിച്ച് തള്ളരുതേ. അസാദ്ധ്യമായതിനെ സാദ്ധ്യമാക്കാനാണല്ലോ മനുഷ്യന് വിശേഷബുദ്ധിയും വീറും വാശിയും ഒക്കെ തമ്പുരാൻ തന്നിരിക്കുന്നത്.
കള്ളം പറയുന്നത് കണ്ടുപിടിക്കാനും, തിരിച്ചറിയാനും, തിരുത്താനും സാധിക്കുന്ന സംവിധാനം മനുഷ്യൻ സ്വയം ശ്രമിച്ചാലും ചിലപ്പോൾ നടപ്പിലായേക്കും.
ഞാൻ ഇനിഒരിക്കലും കള്ളം പറയില്ലെന്നും, അതിന്റെ നേട്ടങ്ങൾ അനുഭവിക്കില്ല എന്നും, കള്ളം പറയുന്നവരോടുള്ള ഇടപാടുകൾ എത്ര നഷ്ടം സഹിച്ചും അവസാനിപ്പിക്കും എന്നും ഉറച്ച തീരുമാനമെടുക്കാൻ നമ്മൾ ഓരോരുത്തരും തയാറായാൽ ഇന്നത്തെ അപചയങ്ങൾക്ക് ക്രമേണ മാറ്റം സംഭവിക്കും.