Back to articles

ഉത്തരവാദിത്വം വരാൻ ഒരു പശു

July 27, 2022

വാഹനങ്ങൾ ഓടിക്കുന്നവർ അവശ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് സുരക്ഷിത അകലം പാലിക്കുക എന്നത് -A safe braking distance. ഒരു നിശ്ചിത വേഗതയിൽ പോകുന്ന വണ്ടി നിർത്തേണ്ടി വന്നാൽ, ബ്രേക്ക് ചവിട്ടി എത്ര ദൂരം കുടി മുന്നോട്ട് ഓടേണ്ടി വരും, അത്രയും ദൂരം മുന്നിൽ വഴി മിച്ചം പിടിച്ചിരിക്കണം എന്ന കണക്ക്. എല്ലാ ഡ്രൈവർമാരും ഇത് പാലിച്ചെങ്കിലേ ഓടിക്കുന്നവർക്കും ചുറ്റും ഉള്ളവർക്കും സുരക്ഷിതരായി യാത്ര ചെയ്യാൻ സാധിക്കൂ.

റിട്ടയർമെന്റ് കഴിഞ്ഞ്, മക്കളെയെല്ലാം കെട്ടിച്ച് വിട്ട്, ഒന്ന് രണ്ട് കൊച്ചുമക്കളും കൂടി ആയിക്കഴിഞ്ഞാൽ എല്ലാ ഓട്ടപ്പാച്ചിലുകളും നിർത്തുമെന്ന പ്രതീക്ഷയാണ് നമ്മിൽ പലർക്കും നമ്മുടെ കാരണവൻമാരെക്കുറിച്ച്. എന്നാൽ പതിവ് ഉത്തരവാദിത്വങ്ങൾ മാറിയിട്ടും വിശ്രമിക്കാൻ ആവാതെ അവർ അസ്വസ്ഥരായിരിക്കുന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. ബ്രേക്കിങ്ങ് ഡിസ്റ്റൻസ് കിട്ടാത്തതിന്റെ പ്രശ്നമായിരിക്കണം ഇവരിൽ പലരും നേരിടുന്നത്.

പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും ഓരോരോ കാരണങ്ങൾ സൃഷ്ടിച്ച് പുറത്തിറങ്ങുന്നതും, മറ്റുള്ളവരുടെ കാര്യങ്ങളിൽ ആവശ്യത്തിലേറെ ശ്രദ്ധിക്കുന്നതും, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതും ഒക്കെ, മറ്റൊന്നും ചെയ്യാനില്ലാതാകുമ്പോൾ നമ്മുടെ മുതിർന്നവർ ചിലപ്പോൾ പ്രയോഗിക്കുന്ന ചില മാർഗ്ഗങ്ങളാണ്. പക്ഷേ, അവരുടെ ആരോഗ്യം ഇതിന് ഒരു തടസ്സമായാൽ അത് മറ്റ് കാര്യങ്ങളിലുള്ള ദേഷ്യമായി പുറത്ത് വരാം. അല്പം യാത്രാ സ്വാതന്ത്ര്യവും ഉണ്ട്, ചോദിക്കൻ മക്കൾ അടുത്തും ഇല്ല എന്നാണ് അവസ്ഥ എങ്കിലോ? കാറും എടുത്തു ലഡാക്കിലേക്ക് പോകാൻ തുനിഞ്ഞ കാരണവന്മാരെ എനിക്കറിയും.

സമയവും ആരോഗ്യവും മിച്ചമുള്ളപ്പോൾ ഏതൊരാളും പുതിയ കാര്യങ്ങൾ ചെയ്യാനും, പുതിയ സ്ഥലങ്ങൾ കാണാനും, അല്ലെങ്കിൽ വിട്ടു പോയ പഴയ ആഗ്രഹങ്ങൾ സാധിക്കാനും, പഴയ ഓർമ്മകൾ അയവിറക്കാനും ഒക്കെ ശ്രമിക്കും. പ്രായം ചെന്ന മാതാപിതാക്കൾ നിയന്ത്രണമില്ലാതെ ഇങ്ങനെ പോയാൽ സ്വാഭാവികമായും മക്കൾക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ചും, പോക്കുകളുടെ സാമ്പത്തികവശത്തെ പറ്റിയും മറ്റും പല വിധ ഉത്കണ്ഠകൾ ഉണ്ടാവും. നമുക്കും നമ്മുടെ അടുത്ത തലമുറയ്ക്കും വരെ വേണ്ടി തങ്ങളുടെ സുഖസൗകര്യങ്ങൾ ഒഴിഞ്ഞു വെച്ചവരുടെ ജീവിതസന്ധ്യയിൽ അവരുടെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് ശരിയല്ല. എന്നാൽ അതാത് സമയം തോന്നുമ്പോൾ തോന്നിയത് പോലെ പലയിടത്തേക്കുള്ള ഓട്ടപ്പാച്ചിലിലും ഇല്ലേ ചില തട്ടുകേടുകൾ?

വ്യക്തിപരമായി പറഞ്ഞാൽ "അധികമായാൽ അമൃതും വിഷം" എന്ന തത്വമാണ് ഞാൻ പിന്തുടരുന്നത്. ആരുടെയും സ്വാതന്ത്ര്യവും ഇച്ഛകളും തടസ്സപ്പെടുത്തണം എന്ന് അല്ല എന്റെ ഉദ്ദേശം. അതിപ്പോ മാതാപിതാക്കളുടേതായാലും ശരി മക്കളുടേതായാലും ശരി.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു സിനിമയിൽ ജയറാം തന്റെ അച്ഛനായി അദിനയിക്കുന്ന ഇന്നസെന്റിന് ഉത്തരവാദിത്വം വരാൻ ഒരു പശുവിനെ വാങ്ങിച്ച് കൊടുക്കുന്ന രംഗം വീണ്ടും കാണാൻ ഇടയായി. ഇത് ഒരു നല്ല മാർഗ്ഗമാണ് എന്നെനിക്ക് തോന്നി.

ഏതെങ്കിലും ഒരു പശുവിനെ കാരണവരുടെ തലയിൽ കെട്ടി വെക്കാനല്ല നോക്കേണ്ടത്. അവർക്ക് ചെയ്യാൻ ഇഷ്ടമുള്ളതും എന്നാൽ അവരുടെ ആരോഗ്യം അനുവദിക്കുന്ന പാകത്തിലുള്ള എന്തെങ്കിലും ഒരു "ചുമതല" വേണം അവരെ ഭരമേൽപിക്കാൻ. അത് വഴി അവർക്ക് ഒരു sense of purpose ഉണ്ടാവും. ശാരീരികമായോ മാനസികമായോ ഓളത്തിൽ ഒഴുകി പോകുന്ന അവസ്ഥയും മാറും. ചെയ്യുന്ന പ്രവർത്തികൾക്ക് ദിശാ ബോധം ഉണ്ടാവുകയും ചെയ്യും.

ഈ ചുമതലകൾ സമൂഹത്തിലോ സംഘടനകളിലോ പ്രവർത്തിക്കുന്നതാവാം, വീട്ടിൽ ഒരു തോട്ടം നോക്കുന്നതാവാം, കൊച്ചുമക്കളുടെ കൂടെ കളിക്കുന്നതാവാം (കളി മാത്രമേ ഞാൻ ഉദ്ദേശമാക്കുന്നുള്ളൂ; വളർത്തുന്ന ചുമതല കുട്ടിയുടെ അച്ഛനമ്മമാർ തന്നെ വേണം നോക്കാൻ), അല്ലെങ്കിൽ സ്വന്തം കൂട്ടുകാരുടെ കൂടെ സമയം ചിലവിടുന്നതാവാം. അത് മനസ്സിലാക്കി വേണം അവർക്ക് അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ.

പക്ഷേ, ദിവസങ്ങളായി സംസാരിച്ചിട്ടില്ലാത്ത കാരണവരോട് പെട്ടെന്ന് പോയി അവരുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് ചോദിച്ചാൽ മക്കൾക്ക് എന്തോ കുഴപ്പമുണ്ട് എന്ന് അവർ കരുതും. കൗമാരപ്രായം മുതലേ നമ്മൾ അച്ഛനമ്മമാരോടൊത്ത് സമയം ചിലവാക്കുകയും അവരെ മനസ്സിലാക്കാൻ പ്രയത്നിക്കുകയും വേണം. "തന്നോളം പോന്ന മക്കളെ താൻ എന്ന് വിളിക്കാൻ" അച്ഛനമ്മമാരോട് പറയുമ്പോൾ, ആ വിളി കേൾക്കാൻ മക്കളും ഉണ്ടാവണം അവിടെ.

ആ പ്രായത്തിൽ അങ്ങനെ ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിൽ ഇനിയും വൈകിയിട്ടില്ല. ഫോൺ എടുത്ത് അപ്പനേയും അമ്മയേയും ഒന്ന് വിളിക്കൂ. ഇന്ന് അവരെന്താണ് ചെയ്തത് എന്ന് അന്വേഷിക്കൂ. നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു എന്ന് അവരോടും പറയുക. ഇങ്ങനെയുള്ള വിളികൾക്ക് വേണ്ടി പതിവായി സമയം മാറ്റി വെക്കുക.

ഈ ലോകത്തിൽ നമ്മുടെ നല്ലത് മാത്രം ആഗ്രഹിക്കുന്ന നമ്മുടെ അച്ഛനമ്മമാരുമായി ഒരു നല്ല സുഹൃത്ബന്ധം എല്ലാവർക്കും ആശംസിക്കുന്നു.

അലക്സാണ്ടർ ജോർജ്ജ് കാടൻകാവിൽ

What is Profile ID?
CHAT WITH US !
+91 9747493248