മകൾക്കൊരു പ്രൊപ്പോസൽ വന്നിട്ടുണ്ട്. തൊണ്ണൂറ്റൊമ്പത് ശതമാനവും ചേരുന്ന ആലോചനയാ. രണ്ടുപേരുടെയും പഠിത്തം, ജോലി, കുടുംബം, വീട്ടുകാർ, സാമ്പത്തികം, സ്റ്റാറ്റസ് എല്ലാം ഒപ്പത്തിനൊപ്പം വരുന്ന പാർട്ടിയാണ്. പക്ഷേ മോൾക്ക് അതങ്ങോട്ട് ബോദ്ധ്യമാകുന്നില്ല. അവൾക്ക് ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ ഇത് വേണ്ടെന്നു വെച്ച് അത് നടത്തികൊടുക്കുവാൻ ഞങ്ങൾ തയ്യാറാണ്. പക്ഷേ അങ്ങിനെയാരും ഇല്ല. പിന്നെ എന്തുകൊണ്ടാണ് ഇത്രേം നല്ല ആലോചന അവളു വേണ്ടെന്നു പറയുന്നതെന്നാ ഞങ്ങൾക്ക് മനസ്സിലാകാത്തത്. സാർ അവളോടൊന്ന് സംസാരിക്കണം. കാര്യങ്ങൾ പറഞ്ഞ് അവളെ ബോദ്ധ്യപ്പെടുത്തണം.
അച്ചായാ, 99 ശതമാനം ചേരും എന്നു പറഞ്ഞില്ലേ, കുറവുള്ള ശതമാനം ഏതു കാര്യത്തിലാണ്?
പെണ്ണും ചെറുക്കനും തമ്മിൽ ഒരടുപ്പം കാണിക്കുന്നില്ല, അതാ ആ ഒരുശതമാനം!
അച്ചായാ, നൂറു കാര്യങ്ങളിൽ 99 ഉം നല്ലതാണെങ്കിൽ പോലും ഹൃദയത്തിന് ഐക്യം തോന്നുന്നില്ല എങ്കിൽ ആ വിവാഹം വേണ്ടെന്നു തന്നെ വയ്ക്കണം.
വിവാഹം തമ്പുരാന്റെ പദ്ധതിയാണ്. അതിനെ സംഖ്യകൾകൊണ്ടും ചിഹ്നങ്ങൾകൊണ്ടും ഹരിച്ച് ഗുണിച്ച് കൂട്ടി കിഴിച്ച് വിശകലനം ചെയ്താൽ ചില ഉത്തരങ്ങൾ കിട്ടുമായിരിക്കും, പക്ഷേ അതിന് യഥാർത്ഥ ജീവിതവുമായി ഒരു താദാത്മ്യം ഉണ്ടായെന്നു വരില്ല.
അയാളോടൊപ്പം ജീവിക്കണോ വേണ്ടയോ എന്നു അന്തിമ തീരുമാനമെടുക്കേണ്ടത് അച്ചായന്റെ മകളാണ്. അവളെങ്ങിനെയാണ് ആ തീരുമാനം എടുക്കുന്നത് എന്ന് നമുക്ക് വിശകലനം ചെയ്തു നോക്കാം.
മനുഷ്യന്, മനസ്സെന്നും ഹൃദയം എന്നും രണ്ട് തലങ്ങളുണ്ട്. മനസ്സ് ഒരു തരം പ്രൊസസ്സറാണ്. അമ്മയുടെ ഗർഭത്തിലിരുന്നപ്പോൾ മുതൽ ഈ നിമിഷം വരെ ജീവിതത്തിൽ നിന്നു കിട്ടിയ കണക്കറ്റ വിവരങ്ങൾ നമ്മുടെ ബുദ്ധിയിൽ ശേഖരിച്ചിരിപ്പുണ്ട്. നമ്മൾ പഠിച്ച ശാസ്ത്രങ്ങളും, വിദ്യകളും ഉപയോഗിച്ച് ബുദ്ധിക്ക് അറിയുന്ന വിവരങ്ങളെ പ്രോസസ്സ് ചെയ്ത്, കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ്, അറിയാൻ പറ്റാത്ത വിവരങ്ങൾ പ്രോബബിലിറ്റി വെച്ച് ഊഹിച്ചെടുത്തുമാണ്, ഏതെങ്കിലും കാര്യം വേണമോ വേണ്ടയോ എന്ന് മനസ്സ് തീരുമാനിക്കുന്നത്.
ഉപജീവനം, ലാഭനഷ്ടം, സ്റ്റാറ്റസ്, ഇമേജ്, സുരക്ഷ, സുഖസൗകര്യങ്ങൾ തുടങ്ങീയ ലൌകിക പ്രാധാന്യമുള്ള കാര്യങ്ങളുടെ ഭാവിയാണ് മനസ്സ് കണക്ക് കൂട്ടി കണ്ടുപിടിക്കാൻ ശ്രമിക്കുന്നത്.
ഗണിച്ചെടുത്ത് ഒരു തീരുമാനത്തിൽ എത്താൻ സാധിക്കാതെ വരുമ്പോൾ, "ഒക്കെ ഒരു വിശ്വാസം" എന്ന് കണക്കിലെടുക്കാൻ മനസ്സിനെ ഉപദേശിക്കുന്നത് ഹൃദയമാണ്. ആ ഹൃദയത്തിന്റെ തലത്തെക്കുറിച്ച് ഇനി ചിന്തിക്കാം.
നന്മയും തിന്മയും ഒക്കെ പുറപ്പെടുന്നത് ഹൃദയത്തിൽ നിന്നാണ്. തിന്മ നിറഞ്ഞ ഒരു ഹൃദയമാണെങ്കിൽ പോലും, നന്മ പകരാൻ കഴിവുള്ള മറ്റൊരു ഹൃദയം കണക്ട് ചെയ്യപ്പെട്ടാൽ അവിടെയും നന്മ വിരിയും.
നമ്മൾ എവിടെ, ആരുടെ സാന്നി ദ്ധ്യത്തിൽ ആയിരിക്കുന്നുവോ, ആ ചുറ്റുപാടിൽ വെച്ച് ആ നിമിഷം ഉരുത്തിരിയുന്ന അനുഭവങ്ങൾ ഒപ്പിയെടുക്കുകയാണ് ഹൃദയം ചെയ്യുന്നത്. ഒരു പ്രോസസ്സറല്ല, സെൻസർ ആണ് ഹൃദയം.
ഒരനുഭവം കിട്ടിയാൽ അത് മറ്റൊരു ഹൃദയത്തിന് പകർന്നു കൊടുക്കാൻ വെമ്പൽകൊള്ളുക എന്നത് ഹൃദയത്തിന്റെ ഒരു സ്വഭാവമാണ്.
ഷെയർ ചെയ്യാൻ വേറെ ഹൃദയം ഒന്നും കിട്ടുന്നില്ല എങ്കിൽ, ആ അനുഭവം സ്വന്തം മനസ്സിലേക്ക് പോകും, മനസ്സ് അത് ഡേറ്റ ആക്കി ബുദ്ധിയിൽ രേഖപ്പെടുത്തും. ഓരോരോ സന്ദർഭങ്ങൾ ഭാവിയിൽ ഉണ്ടാകുമ്പോൾ പഴയ ഡേറ്റ എടുത്ത് പല വിധത്തിൽ പ്രോസസ്സ് ചെയ്ത് പുതിയ തിയറികൾ നിർമ്മിക്കുകയും ചെയ്യും.
ഹൃദയത്തിന്റെ പരിധിക്കുള്ളിൽ വേവ് ലെങ്തും ഫ്രീക്വൻസിയും മാച്ച് ചെയ്യുന്ന വേറൊരു ഹൃദയം കണ്ടെത്തിയാൽ ആ അനുഭവം ഷെയർ ചെയ്യപ്പെടും. അത് പുതിയൊരു അനുഭവം സൃഷ്ടിച്ചേക്കാം, എങ്കിൽ തുടർന്നു പരസ്പര അനുഭവങ്ങളുടെ ശൃംഖല തന്നെ ഉരുത്തിരിഞ്ഞേക്കാം. കാരണം അനുഭവങ്ങൾ പങ്കു വെയ്ക്കുമ്പോൾ ഹൃദയം ആർദ്രമാവുകയോ ഊഷ്മള മാവുകയോ ഒക്കെ ചെയ്യും. ഇതിനാണ് അനുഭൂതികൾ എന്നു പറയുന്നത്. ഈ അനുഭൂതികൾ ആണ് മനുഷ്യന്റെ നിലനില്പിന്റെ ആധാരം.
മനുഷ്യന്റെ നിലനില്പിനാവശ്യമായ അനുഭൂതികൾ നിരന്തരം സൃഷ്ടിക്കാനുള്ള ഉത്കൃഷ്ടമായ ഒരു സംവിധാനം ആണ് കുടുംബം.
ഒരനുഭൂതിയും ലഭിക്കാത്ത മനുഷ്യൻ വെറുതെ ദ്രവിച്ച് മരിച്ച് പോവുകയേ ഉള്ളു. ഷെയർ ചെയ്യാൻ ആരുടെയെങ്കിലും ഒക്കെ ഹൃദയങ്ങൾ ലഭിക്കുമെങ്കിൽ ഏതെങ്കിലുമൊക്കെ അനുഭൂതികൾ കിട്ടി മനുഷ്യനു നിലനിൽക്കാൻ സാധിക്കും. എന്നാൽ സൃഷ്ടാവ് മനുഷ്യനെ സൃഷ്ടിച്ചത് ആണും പെണ്ണും എന്ന് രണ്ട് അവസ്ഥകളിലാണ്. ഒന്നിന്റെ അഭാവത്തിൽ മറ്റേത് അപൂർണ്ണമാണ്.
അനുഭൂതികൾക്ക് പൂർണ്ണത ലഭിക്കണമെങ്കിൽ, ആണും പെണ്ണും പങ്കാളികളായി ചേർന്ന് ഒന്നിച്ച് കുടുംബമായി ജീവിക്കണം. അതിനുദ്ദേശിക്കുന്ന ആണിന്റെയും പെണ്ണിന്റെയും ഹൃദയങ്ങൾ തമ്മിൽ കണക്റ്റിവിറ്റി ഉണ്ടാകണം. അവ തമ്മിൽ ഷെയറിംഗ് നടക്കണം.
ഒരുപാട് പെണ്ണുകാണലുകളുടെ വിശദാംശങ്ങളും അന്തർധാരകളും അറിയാൻ എനിക്ക് ഇടയായിട്ടുണ്ട്. ആ ചടങ്ങിലോ, അതിനോട് ചേർന്നോ, അവരുടെ ഹൃദയങ്ങൾ തമ്മിൽ ഒരു ഹാർമണി ഉരുത്തിരിഞ്ഞാൽ ഇതാണെന്റെ പങ്കാളി എന്ന് അവർക്ക് ഉൾവിളി ലഭിക്കും.
ഇങ്ങനെ അനുഭവപ്പെട്ടവർക്ക് വിവാഹത്തിന് സമ്മതം മൂളാൻ എളുപ്പമായിരിക്കും.അല്ലാത്തവരാണ് വേണമോ വേണ്ടയോ എന്ന് ശങ്കിച്ചു വിഷമിക്കുന്നത്.
മനസ്സിന്റെ കണക്കുകൂട്ടലുകൾ പ്രകാരം ശതമാനം നോക്കി തീരുമാനം എടുക്കുന്നവരുണ്ട്. പക്ഷേ, മനസ്സ് പരിഗണിച്ച ഏതെങ്കിലും ഘടകത്തിന് പിന്നീട് എപ്പോഴെങ്കിലും മാറ്റം സംഭവിച്ചാൽ അവർ സ്വന്തം തീരുമാനത്തെ തള്ളിപ്പറയുവാൻ വഴിതേടും.
ഉദാഹരണത്തിന് സുമുഖൻ എന്ന കാരണത്താൽ ഒരു പയ്യനെ വിവാഹം കഴിക്കാൻ തീരുമാനിച്ച പെണ്ണ്, വിവാഹശേഷം ചെക്കൻ ബൈക്കിൽ നിന്നു മൂക്കും കുത്തി വീണു വിരൂപനായാൽ എന്തു ചെയ്യും?
സ്വന്തം തീരുമാനത്തെ തള്ളിപ്പറയാൻ ശ്രമിക്കില്ലേ?
അതിനായി പല വളഞ്ഞ മാർഗ്ഗങ്ങളും സ്വീകരിച്ചെന്നിരിക്കും.
മനസ്സ് കണക്ക് കൂട്ടിയത് തെറ്റി എന്നറിയുന്ന നിമിഷം ആണ് ദാമ്പത്യ ബന്ധത്തിൽ അസ്വസ്ഥതകൾ ആരംഭിക്കുന്നത്.
സ്വന്തം ഹൃദയം കൊണ്ട് തിരഞ്ഞെടുത്ത പങ്കാളിയാണെങ്കിൽ മറ്റേ ആളുടെ ഹൃദയത്തിന്റെ എെക്യം ഒഴികെ, മറ്റെന്തൊക്കെ അഹിതം സംഭവിച്ചാലും അവരുടെ ഹൃദയ ബന്ധത്തിന് ഒരിളക്കവും വരില്ല.
അതിനാൽ, ചേരാത്തതിനെ തള്ളിക്കളയാൻ മനസ്സിന്റെ പ്രോസസ്സർ ഉപയോഗിക്കുക. ചേരും എന്നു തീരുമാനിക്കാൻ ഹൃദയത്തെ ആശ്രയിക്കുക.
ഹൃദയം കൊണ്ടെടുത്ത തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ അശക്തർക്കുപോലും അസാധാരണ ശക്തി ലഭിക്കുന്ന വിധമാണ് സൃഷ്ടാവ് നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്.
മറ്റൊരാളിന്റെ ഹൃദയം സെൻസ് ചെയ്യണമെങ്കിൽ ആദ്യം സ്വന്തം ഹൃദയത്തെ ശ്രവിക്കണം.
സ്വന്തം ഹൃദയത്തെ കേൾക്കണമെങ്കിൽ, നമ്മൾ സൃഷ്ടിക്കപ്പെട്ടതിന്റെ ഉദ്ദേശം വെളിപ്പെടണം. സൃഷ്ടിയും, പരിപാലനവും, ചിലപ്പോൾ സംഹാരം പോലും, ഓരോരോ സമയത്ത് സൃഷ്ടാവ് തന്റെ സൃഷ്ടികളെ ഏല്പിക്കുന്ന ചുമതലകളാണ്.
അത് ബോദ്ധ്യപ്പെടാൻ ആദ്യം സൃഷ്ടാവിന്റെ ഹൃദയവുമായി എെക്യപ്പെടണം. ഏറ്റവും പൂർണ്ണതയുള്ള അനുഭൂതിയും അതുതന്നെ.
99 ശതമാനം ചേർച്ച എന്നത് ഏതോ കംപ്യൂട്ടറിലോ, അച്ചായന്റെ മനസ്സിന്റെ പ്രോസസ്സറിലോ കിട്ടിയ ഒരുത്തരം മാത്രമാണ്. അവളുടെ ഹൃദയത്തിന് കണക്ടിവിറ്റി തോന്നാത്തതു കൊണ്ടായിരിക്കും ഈ ആലോചന ഇഷ്ടപ്പെടാതെ വന്നത്.
ഇഷ്ടമില്ലാത്തത് സമ്മതിക്കാൻ അവളെ നിർബന്ധിക്കേണ്ട. ഞാനവളോട് സംസാരിക്കാം അവളുടെ മനസ്സിന്റെ ഉത്തരവും ഹൃദയത്തിനു കിട്ടിയ അനുഭൂതിയും വേർതിരിച്ച് ഒരു നല്ല തീരുമാനത്തിലെത്താൻ അതവൾക്ക് സഹായകരമാകും.
ജോർജ് കാടൻകാവിൽ