Back to articles

''കരിയർ'' ഒരു മാർഗ്ഗമോ? ലക്ഷ്യമോ?

February 25, 2022

''സാറൊന്നു സംസാരിക്കണം'' എന്നാവശ്യപ്പെട്ട് എന്റടുത്തേക്ക് മക്കളെപറഞ്ഞു വിടുകയും, കൂട്ടികൊണ്ട് വരികയും ചെയ്യുന്ന നിരവധിമാതാപിതാക്കളുണ്ട്. വരുന്ന ആൺകുട്ടികളോടും പെൺകുട്ടികളോടും, ഞാൻചോദിക്കാറുണ്ട്, എന്തിനാ നിങ്ങള് കല്യാണം കഴിക്കുന്നത് എന്ന്.

മിക്കവാറും പിള്ളേർ വ്യക്തമായ ഒരുത്തരം തരാറില്ല. ''പഠിത്തം കഴിഞ്ഞു, ജോലിയായി, ഇനി കഴിക്കാൻ മിച്ചമുള്ളത് കല്യാണമാ'' എന്ന മട്ടിൽ ഒരുചിരിയിലൊതുങ്ങും.

''അപ്പനും അമ്മയും നിർബന്ധിച്ചിട്ടാണ് ''

''ഉള്ളിൽ ശൂന്യത തോന്നിയിട്ടാണ് ''

''എനിക്കും ഒരു കുടുംബം ഉണ്ടാക്കാനാണ്''

''കല്യാണം  ഒന്നും ആയില്ലേ? ഈ ചോദ്യം കേട്ടു മടുത്തിട്ടാ''

ഇങ്ങനെ രസകരവും, ചിലപ്പോൾ കാതലായതുമായ ഉത്തരങ്ങൾ കിട്ടുന്ന ഒരു ചോദ്യമാണിത്.

നല്ലൊരു സ്ഥാപനത്തിൽ നല്ല പൊസിഷനിൽ ജോലി കിട്ടിയ ഒരു മിടുക്കി പെൺകുട്ടിയും അമ്മയും കൂടി എന്നെ കാണാൻ വന്നപ്പോൾ അവളോടും ചോദിച്ചു 

''എന്തിനാ മോളേ കല്യാണം?''

''എന്റെ അങ്കിളേ; ഈ മമ്മീടെ നിർബന്ധം കാരണമാ ഞാൻ ഇപ്പോൾ കല്യാണത്തിന്സമ്മതിച്ചത്. പഠിച്ചിറങ്ങിയ ഉടനേ ജോലി കിട്ടി, ഒരു വർഷം തികഞ്ഞിട്ടില്ല, നല്ല ഭാവിയും ഉയർച്ചയും ലഭിക്കാവുന്ന ഒരു കരിയറാണ് ഇപ്പോൾ എനിക്കുള്ളത്.പക്ഷേ ഇപ്പോൾ തന്നെ എന്നെ കെട്ടിച്ചു വിടണം എന്നാ ഇവർക്ക്, ഇവരെവിഷമിപ്പിക്കാൻ എനിക്ക്  ഒരിക്കലും കഴിയില്ല, അതുകൊണ്ട് കരിയർ പോട്ടെ എന്നുവെക്കുകയാണ് !''

കരിയറാണോ വിവാഹമാണോ പ്രധാനം, ഇതാണ് മോളുടെ ഇപ്പോഴത്തെ പ്രശ്നം. ആദ്യംനിന്റെ തൊഴിൽ എന്നത് നിന്നെ സംബന്ധിച്ച് എന്താണ് എന്ന് നിനക്ക്ബോദ്ധ്യമുണ്ടാക്കുക.

ഉപജീവനത്തിനു വേണ്ടി തൊഴിൽ ചെയ്യുന്നവരാണ്  ഭൂരിഭാഗം മനുഷ്യരും. ചിലആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടി അതിനു പറ്റിയ തൊഴിൽ ചെയ്യുന്നവരുണ്ട്.ഇഷ്ടമുള്ള പ്രവർത്തിയിൽ ഏർപ്പെടുന്നതിന്റെ സുഖത്തിനു വേണ്ടി ആ പ്രത്യേകതൊഴിൽ ചെയ്യുന്നവരുണ്ട്. അന്തസ്സിനും, ജീവിതക്രമത്തിനും, ചിട്ടക്കും വേണ്ടിതൊഴിൽ ചെയ്യുന്നവരുണ്ട്.

പഠനകാലത്ത്  പ്രോഗ്രസ് റിപ്പോർട്ട് നോക്കിയും, ജോലി ചെയ്യുമ്പോൾ ശമ്പളസ്കെയിൽ നോക്കിയും വളർച്ചയും ഉയർച്ചയും അളന്നു കൊണ്ടിരിക്കുന്നവരുമുണ്ട്.

എന്നാൽ എല്ലാവർക്കും പൊതുവായിരിക്കുന്ന ഒരു ഘടകമുണ്ട്, ചില ആവശ്യങ്ങൾ സാധിച്ചെടുക്കാനുള്ള ഒരു മാർഗ്ഗമാണ് തൊഴിൽ.

മറ്റു വിഷമങ്ങൾ ഓർമ്മിക്കാതിരിക്കാൻ തൊഴിലിൽ മാത്രമായി മുഴുകിയിരിക്കുന്നവരും, തൊഴിൽ തന്നെ ജീവിതമാക്കിയവരും ഉണ്ട്.

ഇവർക്ക് അവരുടെ സ്ഥാപനങ്ങളിൽ പ്രത്യേക പരിഗണനയും, ജോലിക്കയറ്റവും, ആനുകൂല്യങ്ങളും ലഭിക്കാറുണ്ട്. പ്രധാന പ്രോജക്ടുകളിൽ ഇവരെയായിരിക്കും ലീഡറായി നിയമിക്കുന്നത്. കാരണം, സ്വന്തം വിവാഹം, പ്രസവം, മക്കളുടെ അസുഖം തുടങ്ങിയ കുടുംബ പ്രശ്നങ്ങൾക്കു വേണ്ടി പ്രോജക്ടിൽ നിന്നും മാറിനിൽക്കേണ്ടി വരുന്നില്ല എന്നതു തന്നെ. പ്രോജക്ട് നിശ്ചിത സമയത്തിന് തീർക്കേണ്ടതിനാൽ ടീമിലുള്ള അവിവാഹിതരെ, വിവാഹകാര്യത്തിൽ നിരുത്സാഹപ്പെടുത്തുന്നതോ, ഭയപ്പെടുത്തുന്നതോ ആയ സംഭാഷണങ്ങൾ ഇവിടെ സ്വാഭാവികം.

അതിനാൽ ഇനി വേണ്ടത്, നിന്റെ ജീവിതത്തിന്റെ ലക്ഷ്യവും, ആവശ്യങ്ങളുംനിർവചിക്കുകയാണ്. നിനക്കും ഒരു കുടുംബം ഉണ്ടാക്കണമെന്നും, ആ ബന്ധങ്ങളുംബന്ധനങ്ങളും ആസ്വദിച്ച് ജീവിതയാത്ര പൂർത്തിയാക്കണമെന്നും നിനക്ക്ഒരാവശ്യമായി തോന്നുന്നുണ്ടെങ്കിൽ വിവാഹത്തിന് പ്രാധാന്യം കൊടുക്കുക, കുടുംബം മെച്ചപ്പെടുത്താനുള്ള മാർഗ്ഗമായി നിന്റെ തൊഴിലിനെ കാണുക.

അതല്ല ഇതിലും മുഖ്യമായ എന്തെങ്കിലും പ്രവർത്തിയിലേർപ്പെടേണ്ടസാഹചര്യമാണ് മോൾക്ക് ഉള്ളതെങ്കിൽ ആ സാഹചര്യം മാറുമ്പോൾ മതിവിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. അല്ലെങ്കിൽ ആ സാഹചര്യംമെച്ചപ്പെടുത്താൻ പറ്റിയ ഒരു പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കണം.

അപ്പനും അമ്മയും നിർബന്ധിക്കുന്നത് വിവാഹത്തെക്കുറിച്ച് മകളെക്കൊണ്ട്ഗൌരവമായി ചിന്തിപ്പിക്കാനാണ്. അത് അവരുടെ അവകാശവും കടമയുമാണ്. മോള് ആഗൌരവത്തിൽ തന്നെ അതേക്കുറിച്ച് ചിന്തിക്കുകയും, നിന്റെ അഭിപ്രായം കാര്യകാരണ സഹിതം അവരെ അറിയിക്കുകയും  വേണം.

പക്ഷെ, വിവാഹത്തിന് സമ്മതിക്കുന്നത്, ആരെങ്കിലും നിർബന്ധിക്കുന്നതുകൊണ്ടാകരുത്. ആത്യന്തികമായി ആ വിവാഹം നിനക്ക് ഗുണകരമായിത്തീരും എന്നബോദ്ധ്യം കൊണ്ട് മാത്രമായിരിക്കണം.

What is Profile ID?
CHAT WITH US !
+91 9747493248